25 April Thursday

തെക്കുപടിഞ്ഞാറൻ കാലർഷത്തിന് പിന്നിൽ

ഡോ. ശംഭു കുടുക്കശ്ശേരിUpdated: Sunday Jun 5, 2022

തുള്ളിക്കൊരു കുടമായി പെയ്‌തിറങ്ങിയില്ല. ഇക്കുറി ആരവങ്ങളില്ലാതെയാണ്‌ ഇടവപ്പാതിക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌. ഇന്ത്യയിൽ ആകെ മഴയുടെ 75 ശതമനവും  ലഭിക്കുന്നത്‌ ഈ തെക്കുപടിഞ്ഞാറൻ കാലവർഷക്കാ (South west monsoon) ലത്താണ്‌. കേരളത്തിൽ ജൂണിൽ തുടങ്ങി സെപ്‌തംബർ വരെയുള്ള മഴക്കാലമാണ് ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ മൺസൂൺ. ഇന്ത്യയിൽ ശരാശരി 88 സെന്റീമീറ്റർ  മഴയും കേരളത്തിൽ ജൂൺ, ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ യഥാക്രമം 56, 66, 43, 25 സെന്റീമീറ്റർ മഴയും ഇക്കാലത്ത് ലഭ്യമാകുന്നു. ‘കാർഷികവൃത്തി ഇടവപ്പാതിയുമായുള്ള ഒരു ചൂതാട്ടമാണെ’ന്ന്‌ പറയാറുണ്ട്‌. ഇത്‌ ഈ മഴക്കാലത്തിന്റെ പ്രാധാന്യമാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥയുടെയും കാർഷിക കലണ്ടറിനെയും സ്വാധീനിക്കുന്ന പ്രതിഭാസമാണിത്‌. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്‌ രണ്ട്‌ കൈവഴിയുണ്ട്‌. അറബിക്കടലിൽനിന്ന് പശ്ചിമഘട്ടം വഴിയുള്ളതും ബംഗാൾ ഉൾക്കടലിലൂടെ നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടി വടക്കുഭാഗത്തായി എത്തിച്ചേരുന്നതും.

സ്വാധീന ഘടകങ്ങൾ

ഇടവപ്പാതിയുടെ തുടക്കം, മുന്നേറ്റം, പിൻവാങ്ങൽ, വടക്കേ ഇന്ത്യൻ മൺസൂൺ ന്യൂനമർദപ്പാത്തി, ന്യൂന–--നിമ്‌ന മർദപ്പാത്തികൾ, ചക്ര–--പ്രതിചക്രവാതങ്ങൾ, തുടങ്ങിയ പ്രക്രിയകളെ അടിസ്ഥാനമാക്കിയാണ്‌ കാലവർഷക്കാലത്ത് ഉണ്ടാകുന്ന മഴയളവുകൾ വ്യത്യാസപ്പെടുന്നത്‌. ഈ പ്രക്രിയകളുമായി ബന്ധപ്പെട്ട് മഴമേഖലകളുടെ ചാഞ്ചാട്ടം വ്യത്യസ്‌ത സമയക്രമങ്ങളിൽ കാണുന്നു. മൺസൂൺ ന്യൂനമർദപ്പാത്തിയുടെ 24 മണിക്കൂറിനുള്ളിലെ തെക്കോട്ടോ വടക്കോട്ടോ ഉള്ള സഞ്ചാരം, ഭൂമധ്യരേഖയിലുള്ള അതിതീവ്ര മഴ മേഘങ്ങളുടെ 30 ഡിഗ്രി വടക്കേ അക്ഷാംശംവരെയുള്ള യാത്ര(ദിവസേന), 14 ദിവസ കാലയാളവിലെ ന്യൂനമർദപ്പാത്തി, -ന്യൂനമർദമേഖല, നിമ്‌നമർദപ്പാത്തി, -നിമ്‌നമർദ മേഖലാപ്രദേശങ്ങളുടെ പടിഞ്ഞാറേക്കുള്ള ചലനം, ഇന്ത്യൻ–- -ശാന്തസമുദ്ര ഭാഗങ്ങളിൽ ചാക്രികമായി 30–--60 ദിവസക്കാലയളവിൽ ഉണ്ടാകുന്ന  മഴമേഖലയിലുള്ള ചാഞ്ചാട്ടം (Madden -Julian Oscillation), സമുദ്രതല ഊഷ്മാവ്, മേഘാവരണം എന്നിവയാണവ. ഇടവപ്പാതി മഴയുടെ അസ്ഥിരതയെ സ്വാധീനിക്കുന്ന ഭൗതിക പ്രതിഭാസങ്ങളാണ് എൽനിനോ- തെക്കൻ ആന്ദോളനം, ലാനിനാ, ഇന്ത്യൻ സമുദ്ര ദ്വൈധ്രുവികത(The Indian Ocean Dipole), വടക്കൻ മധ്യധരണ്യാഴി ആന്ദോളനം, ശാന്തസമുദ്ര ദശാബ്‌ദ‌ ആന്ദോളനം എന്നിവ.

നിരീക്ഷണ അളവുകോലുകൾ

മൺസൂണിനെ നിരീക്ഷിക്കാനും വിവരശേഖരണത്തിനുമായി വിവിധ ഭൗമാന്തരീക്ഷമാപന കേന്ദ്രങ്ങളും ബലൂൺ, ഉപഗ്രഹ, റഡാർ അധിഷ്ഠിത സംവിധാനങ്ങളുമുണ്ട്‌. വിവരശേഖരശേഷം ദിനാവസ്ഥാ അപഗ്രഥന പട്ടികകളും ദേശീയവും അന്തർദേശീയവുമായ ഗണിത-ഭൗതിക-സ്ഥിതി വിവരശാസ്ത്ര മാതൃകകളുടെ സഹായവുംവഴിയാണ്‌ കാലവർഷത്തിന്റെ വരവിനെയും പുരോഗതിയെയും വിലയിരുത്തുന്നത്‌. ഇടവപ്പാതി പ്രവചനങ്ങൾക്കായി ദീർഘകാല (30 ദിവസം മുതൽ മൺസൂൺകാലം മുഴുവൻ), നീണ്ട കാല (10–--30 ദിവസംവരെ), മധ്യകാല (3-–-10 ദിനംവരെ), ഹ്രസ്വകാല (3-–-4 ദിനംവരെ) രീതികൾ അവലംബിച്ചുവരുന്നു. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ പ്രഖ്യാപിക്കുന്ന ദീർഘകാല പ്രവചനങ്ങളിൽ എട്ട്‌ അളവുകളാണ്‌  ഉപയോഗിക്കാറ്. അവ യൂറോപ്പിലെ ഭൗമോഷ്മാവ് (ജനുവരി), ശാന്തസമുദ്ര ഉഷ്ണജല വ്യാപ്‌തി (ഫെബ്രുവരി,  മാർച്ച്‌), വടക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിലെയും വടക്കുപടിഞ്ഞാറൻ മധ്യധരണ്യാഴിയിലെയും സമുദ്രജല ഊഷ്മാവിന്റെ വ്യത്യാസത്തോത് (ഡിസംബർ, ജനുവരി), ഭൂമധ്യരേഖാ തെക്കുകിഴക്കൻ ഇന്ത്യൻ സമുദ്രതല ഊഷ്‌മാവ് (ഫെബ്രുവരി), കിഴക്കൻ ഏഷ്യയിലെ ശരാശരി സമുദ്രതല അന്തരീക്ഷമർദം (ഫെബ്രുവരി, മാർച്ച്), മധ്യമേഖലാ ശാന്തസമുദ്രതല അന്തരീക്ഷ ഊഷ്‌‌മാവും (മാർച്ച്, ഏപ്രിൽ, മെയ്) അതിലുള്ള വ്യതിയാന പ്രവണതകളും (ഡിസംബർ, ജനുവരി, ഫെബ്രുവരി), വടക്കൻ മധ്യധരണ്യാഴി പ്രദേശ ശരാശരി സമുദ്രതല അന്തരീക്ഷമർദം (മെയ്), 1.5 കിലോമീറ്റർ ഉയരത്തിലുള്ള ശാന്തസമുദ്ര കിഴക്കു-പടിഞ്ഞാറൻ ദിശാക്കാറ്റിലുള്ള വ്യത്യാസം (മെയ്) എന്നിവയാണ്.

പ്രവചന മാനദണ്ഡം

കേരളത്തിൽ  ഇടവപ്പാതി എത്തിയതായുള്ള പ്രഖ്യാപനത്തിന്‌   കൃത്യമായ മാനദണ്ഡങ്ങളുണ്ട്‌.  മെയ്‌ 10നു ശേഷം വ്യക്തമായി നിർണയിച്ച 14 മഴമാപിനികളിലെ മഴയളവ്, കാറ്റിന്റെ മണ്ഡലം, ദീർഘതരംഗ വികിരണവ്യയം (Outgoing Longwave Radiation) എന്നീ ഘടകങ്ങളാണ് മാനദണ്ഡങ്ങളിലുള്ളത്. 14 മഴമാപിനികളിൽ 60 ശതമാനം മാപിനികളിലെങ്കിലും 2.5 മില്ലീമീറ്ററോ അതിലുപരിയോ അടുത്തുള്ള രണ്ടു ദിനം ലഭ്യമാകണം. ഒപ്പം അറബിക്കടൽ–- ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഏതാണ്ട് 4.5 കിലോമീറ്റർ  ഉയരംവരെ പടിഞ്ഞാറൻ കാറ്റും 750 മീറ്റർ ഉയരത്തിൽ  മണിക്കൂറിൽ 28-–-38 കിലോമീറ്റർ വരെ   പടിഞ്ഞാറു നിന്ന്‌ കൃത്യമായി  കാറ്റ്‌ വീശുകയും വേണം. ഇവയ്‌ക്കൊപ്പം മേഘങ്ങൾ മൂലമുള്ള വികിരണ തോത്‌ നിശ്‌ചിത രീതിയിലാവുകയും കൂടി ചെയ്‌താൽ കാലവർഷം എത്തിയതായി പ്രഖ്യാപിക്കും.

പടിഞ്ഞാറൻ കാറ്റിന്റെ വരവ്‌

ദക്ഷിണാർധഗോളത്തിൽനിന്ന്‌ വടക്കുപടിഞ്ഞാറൻ ദിശയിൽ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമധ്യരേഖ കടക്കുമ്പോൾ വടക്കുകിഴക്കൻ ദിശയിലേക്ക് തിരിയുന്നു. ഈ ദിശാഭ്രംശം ഭൂമിയുടെ ഭ്രമണംമൂലമാണ്‌  ഉണ്ടാകുന്നത്. തുടർന്ന്‌  അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുള്ള സംവഹനപ്രക്രിയ ത്വരിതപ്പെടുകയും കാലവർഷമഴ ലഭിക്കുകയും ചെയ്യുന്നു. മാർച്ച്–- ഏപ്രിൽ മാസങ്ങളിൽ കരയിലെ അന്തരീക്ഷം ചൂടുപിടിച്ച് വായു മുകളിലേക്കുയരുകയും കടലിൽനിന്നുള്ള നീരാവി നിറഞ്ഞ വായു  ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇടവപ്പാതി മഴ ലഭ്യതയിൽ സഹ്യപർവത മലനിരകളുടെ സ്ഥാനവും പ്രധാനം.

ഈ വർഷം

തെക്കുപടിഞ്ഞാറൻ കാലവർഷം രൂപപ്പെടുന്നതിനുള്ള സാഹചര്യങ്ങൾ ഇക്കുറി മെയ്‌ ആദ്യവാരത്തോടെ കണ്ടുതുടങ്ങി. മെയ്‌ ആദ്യവാരം ദക്ഷിണാർധഗോളത്തിൽനിന്നും ഉത്തരാർധഗോളത്തിൽ പ്രവേശിച്ച  കാറ്റിന്റെ പ്രവാഹത്തെ, മെയ്‌ 11 വരെ നിലകൊണ്ടിരുന്ന അസാനി ചുഴലിക്കാറ്റിന്റെ തീവ്ര അന്തരീക്ഷച്ചുഴിക്കേന്ദ്രത്തിലേക്ക്‌ വലിച്ചെടുത്തു. തുടർന്ന്‌ ഇന്ത്യൻ ഉപദ്വീപിൽത്തന്നെ നിലയുറപ്പിച്ച  അന്തരീക്ഷച്ചുഴിയുടെ സാന്നിധ്യംമൂലം മൺസൂൺ കാറ്റ് തെക്കേ ഇന്ത്യൻ ഭാഗങ്ങളിൽ നിലകൊണ്ടു. മെയ് 16ന് തെക്കൻ ശ്രീലങ്ക വഴി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച മൺസൂൺ കാറ്റ് ആന്തമാനിൽ മൺസൂൺ വരവ് അറിയിക്കുകയും ചെയ്‌തു.

മെയ് 20ന് തെക്കേ ഇന്ത്യൻ ഉപദ്വീപിൽ നിലകൊണ്ടിരുന്ന അന്തരീക്ഷച്ചുഴി പൂർണമായി നിർവീര്യമായി. മെയ് 23നും 24നും കേരളത്തിൽ കാലവർഷത്തിന്‌ സമാനമായ കനത്തമഴ ലഭിക്കുകയും ചെയ്‌തു. എന്നാൽ, മാനദണ്ഡം കണക്കിലെടുത്ത്‌ മെയ്‌ 29 നാണ്‌ കാലവർഷം ഇന്ത്യൻ ഉപഭൂഖണ്ഡം തൊട്ടതായ പ്രഖ്യാപനമുണ്ടായത്‌. കാല വർഷം തുടക്കത്തിൽ തന്നെ കേരളത്തിൽ ദുർബലമായിരിക്കുകയാണ്‌. ആദ്യ ദിവസം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്‌ ആലപ്പുഴയിൽ മാത്രമാണ്‌. അഞ്ച്‌ സെന്റീമീറ്റർ. ഈ ആഴ്‌ച മധ്യത്തോടെ കാലവർഷം ശക്തിപ്പെടുമെന്നാണ്‌ പ്രതീക്ഷ. അതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്ക്‌ പടിഞ്ഞാറ്‌ ഗോവക്കടുത്തും വടക്ക്‌ കിഴക്ക്‌ പശ്‌ചിമ ബംഗാൾ–- സിക്കിം വരെ എത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top