20 April Saturday

വാനര വസൂരി
 ; പ്രതിരോധം മുമ്പേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2022

തിരുവനന്തപുരം
യൂറോപ്പിലും അമേരിക്കയിലും വാനരവസൂരി സ്ഥിരീകരിച്ച മേയിൽത്തന്നെ സംസ്ഥാന ആരോഗ്യവകുപ്പ്‌ ജില്ലകൾക്ക്‌ ജാഗ്രതാ നിർദേശം നൽകി. പ്രത്യേക യോഗം വിളിച്ചു. പ്രവാസികൾ കൂടുതൽ ഉള്ളതിനാലാണ്‌ ഇക്കാര്യത്തിൽ ജാഗ്രത കാണിച്ചത്‌. രാജ്യത്ത്‌ കോവിഡും ആദ്യമായി സ്ഥിരീകരിച്ചത്‌ കേരളത്തിലായിരുന്നു.
 

പ്രകടമാകാൻ 21 ദിവസം
അഞ്ചുമുതൽ 21 ദിവസംകൊണ്ടാണ്‌ ലക്ഷണം പ്രകടമാകുക. നാലാഴ്ചവരെ നീണ്ടുനിൽക്കും. പനി,തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിള കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണിന്റെ ഉൾഭാഗം എന്നിവിടങ്ങളിൽ കുമിളയുണ്ടാകും. രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണത എന്നിവ രോഗതീവ്രതയിൽ വ്യത്യാസമുണ്ടാക്കും. കുട്ടികളിൽ രോഗം ഗുരുതരമാകും. ചിലരിൽ കാഴ്ച നഷ്ടപ്പെടാറുണ്ട്‌.

ചികിത്സ 
ലക്ഷണത്തിന്
വൈറസ്‌ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സയില്ല.  പ്രകടമായ ലക്ഷണങ്ങൾക്ക്‌ ചികിത്സ (സിംപ്ടമാറ്റിക്‌ ട്രീറ്റ്‌മെന്റ്‌) നൽകും. പനിയുണ്ടെങ്കിൽ അതിനുള്ള മരുന്ന്‌, ശരീരവേദനയുണ്ടെങ്കിൽ അതിന്‌ ചികിത്സ –-അതാണ്‌ രീതി. സാധാരണ വസൂരിക്ക്‌ നൽകുന്ന വാക്‌സിൻ കുരങ്ങുവസൂരി രോഗികളിൽ 85 ശതമാനം ഫലപ്രദമാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്‌ ലോകാരോഗ്യസംഘടന പറയുന്നു. എന്നാൽ, നിലവിൽ ഈ വാക്സിൻ ലഭ്യമല്ല. വസൂരിക്കെതിരായ കുത്തിവയ്‌പ്‌ നേരത്തേയെടുത്തവരിൽ രോഗതീവ്രത കുറയും. വാനരവസൂരി തടയുന്നതിന്‌ 2019-ൽ  തയ്യാറാക്കിയ പുതിയൊരു വാക്‌സിൻ അംഗീകരിച്ചിരുന്നു. രണ്ട് ഡോസുള്ള ഈ വാക്‌സിന്റെ ലഭ്യത പരിമിതമാണെന്നും ലോകാരോഗ്യസംഘടന  പറയുന്നു.

സംശയം 
ഉണ്ടായിരുന്നുവെന്ന്‌ 
രോഗി
ദുബായിൽ സുഹൃത്തിന്‌ രോഗം സ്ഥിരീകരിച്ചതിനാൽ തനിക്കും രോഗമുണ്ടായേക്കാമെന്ന സംശയം ഉണ്ടായിരുന്നുവെന്ന്‌ യുവാവ്‌ പറഞ്ഞു.  കേരളത്തിലേക്കുള്ള യാത്രയിൽ ശരീരഭാഗങ്ങൾ പൂർണമായി മറച്ചിരുന്നു.  വിമാനത്തിന്റെ ക്യാബിൻ ക്രൂവിനെയും വിവരമറിയിച്ചു.

പകരാതെ നോക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി
മറ്റൊരാൾക്കുകൂടി രോഗം വരാതെ നോക്കുകയാണ്‌ ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ ആരോഗ്യവകുപ്പ്‌ നടത്തിയതായും മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ്‌ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്‌.  രോഗലക്ഷണങ്ങൾ കണ്ട്‌ രക്തസാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. വ്യാഴാഴ്ച വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചു.  അച്ഛനമ്മമാരെയും സമ്പർക്കവിലക്കിൽ പ്രവേശിപ്പിച്ചു. ഇവർക്കു പുറമെ തിരുവനന്തപുരത്തുനിന്ന്‌ കൊല്ലത്തേക്ക്‌ രോഗിയെ കൊണ്ടുപോയ ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിൽ അടുത്ത സമ്പർക്കത്തിൽ വന്ന 11 പേർ, സ്വകാര്യആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ തുടങ്ങി വളരെക്കുറച്ചുപേരാണ്‌ രോഗിയുടെ ഏറ്റവും അടുത്ത സമ്പർക്കപ്പട്ടികയിൽ ഉള്ളത്‌. ഇവരെയെല്ലാം വിവരം അറിയിക്കുകയും സമ്പർക്കവിലക്കിലേക്ക്‌ മാറാൻ നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top