19 April Friday

ആറാം തമ്പുരാനിൽ വളരെ കൂളായി വന്നിട്ട് ഒന്നും അഭിനയിക്കാതെ അങ്ങുപോയി; സീൻ കണ്ടപ്പോൾ അതിശയിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

മോഹൻലാലിന്‌ പിറന്നാൾ ആശംസയുമായി മഞ്‌ജു വാര്യർ. എന്റെ തലമുറ ലാലേട്ടന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ കണ്ടാണ് വളർന്നത്. നമ്മുടെ വീട്ടിലെ ആരോ ആണ്, നമ്മുടെ സ്വന്തം ഒരാളാണ് അവർ എന്ന തോന്നലായിരുന്നു. ആറാം തമ്പുരാനായിരുന്നു ഞങ്ങൾ ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. ലാലേട്ടൻ ഭയങ്കരമായി അഭിനയിക്കും എന്ന പ്രതീക്ഷയിൽ ഒന്നിച്ചുള്ള ആദ്യ സീനിന് കാത്തിരിക്കുകയാണ് ഞാൻ. ലാലേട്ടൻ വളരെ കൂളായി വന്നിട്ട് ഒന്നും അഭിനയിക്കാതെ അങ്ങുപോയി.

എന്റെ കൂടെയൊക്കെ അഭിനയിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണോ ലാലേട്ടൻ ഇങ്ങനെ ഒട്ടും അഭിനയിക്കാതിരിക്കുന്നതെന്ന് എനിക്ക് സംശയമായി. ഡബ്ബിങ്ങിനായി അതേ സീൻ സ്‌ക്രീനിൽ കണ്ടപ്പോൾ അതിശയിച്ചുപോയി. ഞാൻ എന്റെ കണ്ണുകൊണ്ട്‌ കണ്ടതിന്റെ ഒരു പതിനായിരം മടങ്ങ് അധികം ശക്തിയിലാണ് അദ്ദേഹത്തിന്റെ മുഖത്ത് ആ ഭാവങ്ങൾ സ്‌ക്രീനിൽ വന്നത്. ആ ലാൽ മാജിക് ഞാൻ നേരിട്ട് അനുഭവിക്കുകയായിരുന്നു.

ഏഴോ എട്ടോ സിനിമകളിലേ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ.  നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും അദ്ദേഹത്തോടൊപ്പം ചെയ്യാൻ സാധിച്ചു എന്നത് എന്റെ ഭാഗ്യമാണ്. ഒപ്പം അഭിനയിക്കുന്നവരെ എപ്പോഴും അനായാസമായി അഭിനയിക്കാൻ സഹായിക്കുകയും അവരുടെ കഥാപാത്രങ്ങൾക്കുകൂടി അർഹമായ ഇടം നൽകുകയും ചെയ്യുന്ന വലിയ മനസ്സുള്ള കലാകാരനാണ് അദ്ദേഹം. മലയാളസിനിമയുടെ വ്യാകരണമായി മാറിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പേര്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top