25 April Thursday

FAKE CHECK- എൺപത്‌ ശതമാനവും ചെലവിടുന്നത്‌ സംസ്ഥാനം; വീടുകൾ കേന്ദ്രം തരുന്നതെന്ന്‌ മോഡിയുടെ പെരുംനുണ

വെബ് ഡെസ്‌ക്‌Updated: Thursday Sep 1, 2022

കൊച്ചി> ഗ്രാമങ്ങളിൽ എൺപത്‌ ശതമാനം ചെലവും നഗരങ്ങളിൽ 63 ശതമാനം ചെലവും സംസ്ഥാന സര്‍ക്കാർ വഹിക്കുന്ന ഭവനപദ്ധതി കേന്ദ്രപദ്ധതിയാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 72000  രൂപ മാത്രം  കേന്ദ്രം നൽകുന്ന ഗ്രാമപ്രദേശങ്ങൾക്കുള്ള പിഎംഎവൈ റൂറൽപദ്ധതിയുടെയും ഒന്നരലക്ഷം മാത്രം നൽകുന്ന പിഎംഎവൈ അർബൻ പദ്ധതിയുടെയും പേരിലാണ്‌ പ്രധാനമന്ത്രി തന്നെ നുണക്കോട്ട കെട്ടുന്നത്‌.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മാണം നടത്തി വരികയാണെന്നും ഒരു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു എന്നുമാണ്‌ കേരളത്തിലെത്തിയ പ്രധാനമന്ത്രി പ്രസംഗിച്ചത്‌. ലൈഫ്‌ പദ്ധതിയുമായി സംയോജിപ്പിച്ച്‌  സംസ്ഥാനസർക്കാർ ഭൂരിപക്ഷം തുകയും ചെലവിട്ട്‌ പണിത വീടുകളുടെ കണക്കാണ്‌ മോഡി കേന്ദ്രനേട്ടമായി നിരത്തിയത്‌.

എന്താണ്‌ കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ (പ്രധാനമന്ത്രി ആവാസ്‌ യോജന) പദ്ധതിയൈന്ന്‌ നോക്കാം.
ഗ്രാമപ്രദേശങ്ങൾക്കുള്ള പിഎംഎവൈ റൂറൽ - പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകുന്നത് വെറും 72000 രൂപയാണ്.നഗര മേഖലയിലെ പിഎംഎവൈ അർബൻ പദ്ധതിയിൽ കേന്ദ്രം നൽകുന്നത് ഒന്നര ലക്ഷം മാത്രവും.ഈ തുകയ്ക്ക് വീട് പോയിട്ട് ചായ്‌പ്പ് പോലും നിർമിക്കാൻ പറ്റില്ല. ഒറ്റ കിടപ്പുമുറി എന്ന ആശയത്തിലാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.ഭവന നിർമ്മാണ പദ്ധതിയിൽ ഗുണഭോക്തൃ വിഹിതം ഏര്‍പ്പെടുത്തുന്ന അങ്ങേയറ്റം നവ ലിബറൽ കാഴ്ചപ്പാടാണ് കേന്ദ്രത്തിന്. ഒരു തുക ഗുണഭോക്താവും നൽകേണ്ടതുണ്ട് എന്ന നിഷ്കർഷ പാവങ്ങളെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്.

കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ
രാജ്യത്ത് കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ  പിഎംഎവൈ (ഗ്രാമീൺ) പദ്ധതി വഴി ഒരു വീടിന് ആകെ ചെലവ് നിശ്ചയിച്ചത് വെറും 1.2 ലക്ഷം രൂപയായാണ്.ഇതിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിഹിതമായ 72 ,000 രൂപ കഴിച്ചുള്ള ബാക്കി തുക നൽകേണ്ടത് സംസ്‌ഥാന സർക്കാരാണ്.

പിഎംഎവൈ  അർബൻ പദ്ധതിയിൽ 3 ലക്ഷം രൂപയാണ് വീട് നിർമ്മാനത്തിനായി കണക്കാക്കിയിട്ടുള്ളത്. അതിൽ കേന്ദ്രം നൽകുന്നത് ഒന്നര ലക്ഷമാണ്. ബാക്കി ഒരു ലക്ഷം സംസ്‌ഥാന സർക്കാരുകൾ വഹിക്കണമെന്നാണ് പദ്ധതി. അര ലക്ഷം ഉപഭോക്തൃ വിഹിതമായി നൽകേണ്ടതാണ് എന്നാണ് നിശ്ചയിച്ചത്.

കേരളത്തിൽ എന്താണ് നടക്കുന്നത്?
ലൈഫ് പദ്ധതിയുടെ ഭാഗമായി 4-6 ലക്ഷം വരെ സംസ്‌ഥാന സർക്കാർ വീട് നിർമിക്കാൻ നീക്കി വെക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം പൂജ്യമാണ്. ഉപഭോക്തൃവിഹിതം ഇല്ല. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ പിഎംഎവൈ പദ്ധതിയും നടപ്പിലാക്കുന്നത്. ലൈഫ് പിഎംഎവൈ റൂറൽ, ലൈഫ് പിഎംഎവൈ അർബൻ എന്നീ പേരുകളിൽ. എന്നാൽ ഇത് മറ്റ്‌ സംസ്‌ഥാനങ്ങളിലെ പിഎംഎവൈ പദ്ധതി പോലെയല്ല കേരളത്തിൽ. വീടിന് നാല് ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

വിശദമായി പരിശോധിക്കാം:

ലൈഫ് പിഎംഎവൈ റൂറൽ:


ആകെ ചെലവ് : 4 ലക്ഷം.
കേന്ദ്ര വിഹിതം : 72000 മാത്രം.
കേരളത്തിന്റെ വിഹിതം: 3.28 ലക്ഷം
ഉപഭോക്തൃ വിഹിതം : പൂജ്യം

ലൈഫ് പിഎംഎവൈ അർബൻ:

ആകെ ചെലവ് : 4 ലക്ഷം.
കേന്ദ്ര വിഹിതം : 1.5 ലക്ഷം
കേരളത്തിന്റെ വിഹിതം: 2.5ലക്ഷം
ഉപഭോക്തൃ വിഹിതം :  പൂജ്യം

അതായത്,

ഗ്രാമപ്രദേശങ്ങൾക്കുള്ള പിഎംഎവൈ റൂറൽ - പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകുന്നത് വെറും 72000 രൂപയാണ്. കേരളത്തിൽ വീട് വെക്കാൻ നാല് ലക്ഷം രൂപ നൽകുന്ന ലൈഫ് പദ്ധതിയുമായി ഇതിനെ യോജിപ്പിച്ചപ്പോൾ ബാക്കി 3,28,000 രൂപയും നൽകിയത് സംസ്ഥാനമാണ്.

പിഎംഎവൈ അർബൻ പദ്ധതി വഴി കേന്ദ്രം നൽകുന്ന ധനസഹായം ഒന്നര ലക്ഷം രൂപ മാത്രമാണ്. കേരളത്തിൽ ലൈഫ് മിഷനുമായി യോജിപ്പിച്ച് ബാക്കി രണ്ടര ലക്ഷം സംസ്ഥാനസർക്കാരാണ് വീട് നിർമ്മാണത്തിന് നൽകുന്നത്.

ഇതുവരെ രണ്ട്‌ പദ്ധതിപ്രകാരവും പുർത്തിയായ വീടുകളുടെ പട്ടിക താഴെ:
==========
പിഎംഎവൈ അർബൻ

അനുവദിച്ചത്‌:  123246
തീർന്നത്‌:  74200

പിഎംഎവൈ റൂറൽ

അനുവദിച്ചത്‌: 42104
തീർന്നത്‌: 21161


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top