28 March Thursday

പ്രകൃതിയിലാണ് പഠനം, നേട്ടം സമൂഹത്തിന് ; വേറിട്ടവഴിയിൽ എംജി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022


കോട്ടയം
പക്ഷികൾ, ചിത്രശലഭം, ഉരഗവർഗങ്ങൾമുതൽ അന്യംനിന്നുപോകുന്ന കാർഷികവിളകളുടെ സംരക്ഷണംവരെ, 104 ഏക്കറിൽ 30 ഏക്കറിലധികവും സംരക്ഷിതപ്രദേശം, 259 ഇനം സസ്യങ്ങൾ. തീർന്നില്ല, ചോലക്കുടി പുഴയുടെ പുഴയോരക്കാട്‌ സംരക്ഷണം. അതിനൊപ്പമാണ്‌ എൻഎസ്‌എസ്‌ യൂണിറ്റുകൾ വഴിയുള്ള സ്‌നേഹവീട്‌. ഈ അധ്യയനവർഷം 100 വീട്‌ നിർമിച്ചു നൽകുകയാണ്‌ ലക്ഷ്യം. ഉദ്‌ഘാടനം ചെയ്‌ത ദിവസം 67 വീടിന്റെ നിർമാണ നടപടികളും പൂർത്തിയായി. പഠന ഗവേഷണ മികവിനൊപ്പം പരിസ്ഥിതി സംരക്ഷണ–- സാമൂഹ്യ സേവനരംഗത്തെ പ്രവർത്തനംകൊണ്ടും കുതിക്കുകയാണ്‌ മഹാത്മാഗാന്ധി സർവകലാശാല.

സർവകലാശാലയുടെ എല്ലാ പ്രവർത്തനങ്ങളിലും സമൂഹവുമായുള്ള ഈ ബന്ധം വ്യക്തം. എംജിക്ക്‌ ലഭിച്ച പേറ്റന്റുകളുടെയും രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയടക്കമുള്ള ഗവേഷണ നേട്ടങ്ങളുടെയും പട്ടികയിലെ ഓരോന്നും നേരിട്ട്‌ ജീവിതത്തിൽ ഇടപെടുന്നവയാണ്‌. ജലശുദ്ധീകരണത്തിന്‌ വികേന്ദ്രീകൃതവും സ്വാശ്രയവുമായ പദ്ധതികൾക്കായി സ്വീഡനിലെ സ്‌റ്റോക്‌ഹോം സർവകലാശാലയുമായി ചേർന്ന്‌ ഗവേഷണം നടത്താനുള്ള യുഎൻ പ്രോജക്ട്‌. ചെലവുകുറഞ്ഞ, ഈർപ്പം തടയുന്ന പാക്കിങ്‌ സാമഗ്രികൾ വികസിപ്പിക്കാൻ സ്ലൊവേനിയൻ സർവകലാശാലയുമായി ചേർന്ന്‌ ഗവേഷണം. ഫ്രാൻസിലെ നാഷണൽ സെന്റർ ഫോർ സയന്റിഫിക്‌ റിസർച്ചുമായി ചേർന്ന്‌ നാനോ സയൻസിൽ ഗവേഷണം. കൊൽക്കത്ത ജിസ്‌ സർവകലാശാലയുമായി ചേർന്ന്‌ കൃത്രിമ അവയവ നിർമാണവുമായി ബന്ധപ്പെട്ട ചെലവുകുറഞ്ഞ, വിഷവിമുക്തമായ പോളിമർ സാമഗ്രികൾക്കായുള്ള ഗവേഷണം. ഇവയടക്കം അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നിരവധി ഗവേഷണ പ്രോജക്ടുകളുണ്ട്‌. ഭാരവും വിലയും കുറഞ്ഞ, മൊബൈൽ വൈദ്യുതകാന്തിക തരംഗങ്ങളെ തടയുന്ന പോളിമർ സംയുക്തത്തിന്‌ അടക്കം സർവകലാശാലയ്‌ക്ക്‌ ലഭിച്ച പേറ്റന്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവ. സർക്കാരിന്റെ വനംമിത്ര പുരസ്‌കാരം സ്വന്തമാക്കിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾമുതൽ ഭവന പദ്ധതിവരെ ഇതിന്‌ തെളിവാണ്‌.

ബിസിനസ്‌ ഇന്നൊവേഷൻ ആൻഡ്‌ ഇൻകുബേഷൻ സെന്റർ
അഭ്യസ്തവിദ്യരെ തൊഴിലന്വേഷകരിൽനിന്ന്‌ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കിയ പദ്ധതി. വാണിജ്യസാധ്യതയുള്ള ഗവേഷണ പദ്ധതികൾ ഏറ്റെടുത്തതിനൊപ്പം അനുയോജ്യരായ സംരംഭകരെ സൃഷ്ടിക്കുന്നതിലൂടെയും ശ്രദ്ധേയമായി. വിദ്യാർഥികളുടെയും ഗവേഷകരുടെയും ആശയങ്ങളെ സ്റ്റാർട്ടപ്‌ സംരംഭങ്ങളാക്കാനുള്ള പ്രോത്സാഹനവും സഹായങ്ങളും കണക്കിലെടുത്ത്‌ സ്റ്റാർട്ടപ്‌ മിഷന്റെ ഒരു കോടി രൂപയുടെ അവാർഡും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top