25 April Thursday

അന്തരീക്ഷം ; പഠിക്കാനുണ്ട്‌ ഏറെ

ഡോ. ശംഭു കുടുക്കശേരിUpdated: Thursday Jan 28, 2021


അന്തരീക്ഷം, അതിലെ പ്രതിഭാസങ്ങൾ, ദിനാവസ്ഥ -- കാലാവസ്ഥാ സവിശേഷതകൾ, നിമിഷത്തിൽ തുടങ്ങി കാലങ്ങൾവരെയുള്ള സമയക്രമത്തിലുണ്ടാകുന്ന അന്തരീക്ഷമാറ്റങ്ങളുടെ പൂർവചിന്തനവും പ്രവചനങ്ങളുമാണ് അന്തരീക്ഷവിജ്ഞാനം (മീറ്റിയറോളജി).  ഗണിതശാസ്ത്ര അധിഷ്ഠിതമാണ്‌  ഈ ശാസ്ത്രം . ഇടിമിന്നൽ, പേമാരി, മൂടൽമഞ്ഞ്, ഉഷ്ണതരംഗം, ശീതതരംഗം, കരിചുഴലി, പൊടിക്കാറ്റ്, ചുഴലിക്കാറ്റ്, ധൂളിക്കൊടുങ്കാറ്റ്, അതിശൈത്യം, വരൾച്ച, മഞ്ഞുവീഴ്ച, ആലിപ്പഴ വ‍‍ർഷം, കാറ്റിന്റെ പ്രവാഹച്ചാലുകൾ, എൽനിനോ, ലാനിന, തെക്കൻ ആന്ദോളനം, ഇന്ത്യൻ സമുദ്ര ദ്വൈധ്രുവകത, വടക്കേ മധ്യധരണ്യാഴി ആന്ദോളനം തുടങ്ങിയവയെല്ലാം പ്രകൃതിപ്രതിഭാസങ്ങളാണ്‌.

അഗ്നിപർവത സ്ഫോടനങ്ങളാലുണ്ടാകുന്ന ഖരസൂക്ഷ്മ കണികകളും അവ മൂലം  വാതകങ്ങളാലുണ്ടാകുന്ന ഭൗമാന്തരീക്ഷ തണുക്കൽ പ്രക്രിയയും അന്തരീക്ഷമാലിന്യങ്ങളും ഹരിത ഗ‍ൃഹവാതകങ്ങളും അന്തരീക്ഷ പ്രതിഭാസങ്ങളുടെ സ്വഭാവത്തെ ഏറെ സ്വാധീനിക്കുന്നു.  അതുകൊണ്ടുതന്നെ അന്തരീക്ഷശാസ്‌ത്രത്തെ അവഗണിക്കാനാകില്ല. ഈ രംഗത്തെ ചില പഠനശാഖകളെപ്പറ്റി:

ഏവിയേഷൻ മീറ്റിയറോളജി
വ്യോമഗതാഗതത്തെ സുരക്ഷിതമാക്കാൻ ഉതകുന്ന രീതിയിൽ അന്തരീക്ഷ അറിവുകളെ പ്രയോജനപ്പെടുത്തുകയാണ്‌ ഇവിടെ. വിമാനം ഉയരുമ്പോഴും പറക്കുമ്പോഴും താഴെയിറങ്ങുമ്പോഴും അന്തരീക്ഷപ്രതിഭാസങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യേണ്ടതുണ്ട്‌.

വിമാന ഗതാഗത നിയന്ത്രണത്തിൽ മുൻ -- പിൻ -- പാർശ്വ ഭാഗക്കാറ്റുകൾ, വിമാനത്താവള ഊഷ്മമർദ വ്യതിയാനങ്ങൾ, തിരശ്ചീന ദൃശ്യത്വദൂരം, മഴയുടെ സ്വഭാവം, മഞ്ഞുവീഴ്ച എന്നിവയെപ്പറ്റിയുള്ള  കൃത്യമായ അറിവുകൾ വൈമാനികന് അനിവാര്യമാണ്. ഇടിമിന്നൽമേഘങ്ങളുടെ സാമീപ്യവും തന്മൂലമുള്ള അന്തരീക്ഷമേഖലകളും ശക്തമായ കാറ്റിന്റെ (250 കിലോമീറ്റർ/ മണിക്കൂറിൽ) ചാലുകളും വ്യോമയാന പാതയിൽ അത്യന്തം അപകടകാരികളാണ്. ഇന്ധന ഉപയോഗവും ഇവിടെ പഠനവിഷയമാണ്‌.

ഏയ്‌റോ സ്പേസ്,  റോക്കറ്റ്, ബാലിസ്റ്റിക് റേഞ്ച് മീറ്റിയറോളജി
റോക്കറ്റ്, മിസൈൽ, ബഹിരാകാശത്തുപോയി തിരിച്ചിറങ്ങുന്ന യാനങ്ങൾ ഇവയുടെ രൂപകൽപ്പന, വിക്ഷേപണത്തറയിൽവച്ചുള്ള വാഹന ഏകീകരണം, യന്ത്രഭാഗങ്ങളുെടെ റോഡുവഴിയുള്ള ഗതാഗതം, ഇന്ധനം നിറയ്ക്കൽ, വിക്ഷേപണം എന്നീ ഘട്ടത്തിലെല്ലാം അന്തരീക്ഷ പരമാണങ്ങൾ അവിഭാജ്യഘടകങ്ങളാണ്. ചുഴലിക്കാറ്റുകളുടെയും ഇടിമിന്നൽ മേഘങ്ങളുടെയും സാമീപ്യം, കാറ്റിന്റെ ഏറ്റക്കുറച്ചിൽ, മഞ്ഞുവീഴ്ച, വിക്ഷേപണത്തറയിലെ കാറ്റ്, ഊഷ്മാവ്, മഴയുടെ ശക്തി, ശൈത്യം, ലംബദൃശ്യത്വം എന്നിവയെല്ലാം റോക്കറ്റ് വീക്ഷേപണത്തെ സ്വാധീനിക്കും.

ബൗണ്ടറി ലയ‍ർ മീറ്റിയറോളജി
ഭൂനിരപ്പുമുതൽ ഏതാണ്ട് ഭൗമോപരിതല ഘ‍ർഷണം അനുഭവവേദ്യമാകുന്ന 1---3 കിലോമീറ്റർ  വരെയുള്ള അന്തരീക്ഷ പ്രക്രിയകൾ പഠനവിഷയമാക്കുന്ന ശാഖയാണിത്‌.

വിൻഡ് പവ‍ർ മീറ്റിയറോളജി
ഭൂഭാഗങ്ങളിൽ (കരയിലും കടലിലും) അനുഭവപ്പെടുന്ന കാറ്റിന്റെ തോത്, ഗതി എന്നിവ മനസ്സിലാക്കി പാരമ്പര്യ ഊർജസ്രോതസ്സായ കാറ്റിൽനിന്ന്‌ വൈദ്യുതി ലഭ്യമാക്കുന്ന കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനുതകുന്ന പഠനമാണിത്‌. 

ഹൈഡ്രോ മീറ്റിയറോളജി
ജല അന്തരീക്ഷവിജ്ഞാനങ്ങളുടെ സങ്കലനമാണ്‌ ഈ ശാഖ. ജലചംക്രമണം, ജല ബജറ്റ്, അതിവൃഷ്ടി, അതിശൈത്യജന്യമായ മഞ്ഞുവീഴ്ച, ഉരുൾപൊട്ടൽ,  ഹിമപാതം, മഞ്ഞുരുകൽ, മഞ്ഞുപാളീചലനം ഇവയുടെ പ്രവചനങ്ങളും സ്ഥിതിവിവരണക്കണക്കുകളും വിഷയമാക്കുന്നു.

മീസോസ്കെയിൽ മീറ്റിയറോളജി
ഏതാണ്ട് 100 കിലോമീറ്റർവരെ തിരശ്ചീനതലത്തിലും  ലംബമായി അന്തരീക്ഷത്തിന്റെ അധോമണ്ഡലമായ ട്രോപോസ്ഫിയറിന്റെ അതിരു (15 കിലോമീറ്റർ) വരെയും ഉണ്ടാകുന്ന അന്തരീക്ഷ പ്രതിഭാസങ്ങളായ കടൽ കരക്കാറ്റുകൾ, മേഘരൂപീകരണം, മറ്റു മാറ്റങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രവിഭാഗം.

ഫിസിക്കൽ മീറ്റിയറോളജി
അന്തരീക്ഷ പ്രതിഭാസങ്ങളുടെ ഭൗതികശാസ്ത്ര അപഗ്രഥനം.

ഡൈനാമിക് മീറ്റിയറോളജി
ചലനാത്മകമായ അന്തരീക്ഷ ഗതിവിഗതികളെ കാലാവസ്ഥാ പ്രവചനങ്ങൾക്ക് സഹായിക്കുംവിധം ഗണിതപരമായി വിശകലനം ചെയ്യുന്നു.

സിനോപ്റ്റിക് മീറ്റിയറോളജി
അന്തരീക്ഷ പ്രതിഭാസങ്ങളായ (1000 കി. മി. ) കിഴക്കൻ തരംഗം, ചുഴലിക്കാറ്റുകൾ, കാലവർഷം, ഊഷ്മ---- -- ആർദ്രതാ വ്യത്യാസമുള്ള വായുപിണ്ഡങ്ങളുടെ കൂട്ടിയിടിക്കൽ മൂലമുള്ള മോശപ്പെട്ട കാലാവസ്ഥ -- ഉപരിമണ്ഡല കാറ്റുകളുടെ ഏറ്റക്കുറച്ചിൽ, അന്തരീക്ഷച്ചുഴി,  കാറ്റിന്റെ സഞ്ചാരപാത എന്നിവയെ അനുയോജ്യമായ കാലാവസ്ഥാ ചാർട്ടുകളിൽ അടയാളപ്പെടുത്തി വിശകലനം ചെയ്ത് പ്രവചനങ്ങൾ  തയ്യാറാക്കുന്ന ശാസ്ത്രശാഖ.

ട്രോപിക്കൽ മീറ്റിയറോളജി
ദക്ഷിണ -- ഉത്തരായന (23.5 ഡിഗ്രി തെക്ക്‌  -- 23.5ഡിഗ്രി വടക്ക്‌ ) അക്ഷാംശ രേഖകൾക്കിയിലുള്ള അന്തരീക്ഷപഠനം.

മിഡിൽ അറ്റ്മോസ്ഫിയർ മീറ്റിയറോളജി
10 കിലോമീറ്റർ  മുതൽ 90 കിലോമീറ്റർ വരെയുള്ള (സ്ട്രാറ്റോസ്ഫിയറും മിസോസ്ഫിയറും) അന്തരീക്ഷമാനങ്ങളെ റോക്കറ്റ്, ബലൂൺ, റഡാറുകൾ എന്നിവ ഉപയോഗിച്ച്‌ അളന്ന്‌ അധോമണ്ഡല അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങളും അവസ്ഥാവിശേഷങ്ങളും അപഗ്രഥനം ചെയ്യുന്നു.

മറൈൻ മീറ്റിയറോളജി
കാലാവസ്ഥാ പ്രതിഭാസങ്ങൾ സമുദ്രത്തിലും തീരദേശങ്ങളിലും ദ്വിപുകളിലും എപ്രകാരം സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്നു. പ്രവചനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ സമുദ്രഗതാഗതം, തീരദേശസുരക്ഷ, മത്സ്യബന്ധനം, ടൂറിസം എന്നിവ സുഗമമാക്കുകയാണ്‌ ഈ ശാസ്ത്രശാഖ.

അഗ്രികൾച്ചർ മീറ്റിയറോളജി
മെച്ചപ്പെട്ട വിള ലഭ്യമാകാൻ അവലംബിക്കേണ്ട കാർഷിക കാലാവസ്ഥാ മുന്നറിയിപ്പുകളക്കുറിച്ചുള്ള പഠനം. കാർഷികമേഖലയ്‌ക്ക്‌ ഏറ്റവും അനിവാര്യമായ പഠനം.

കോസ്റ്റൽ മീറ്റിയറോളജി
തീരപ്രദേശ അന്തരീക്ഷപഠനങ്ങൾക്ക് ഊന്നൽനൽകുന്നു.

റഡാർ മീറ്റീയറോളജി
റഡാറുകൾ ഉപയോഗിച്ചുള്ള കാലാവസ്ഥാ പഠനം.

സാറ്റ്‌ലൈറ്റ്‌ മീറ്റിയറോളജി
ഉപഗ്രഹങ്ങളുടെ സഹായത്തോടെ കാലാവസ്ഥാ ഘടകങ്ങളും മേഘപാളികളുടെ സഞ്ചാരവും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന അന്തരീക്ഷ വിജ്ഞാനശാഖയാണ്‌ ഇത്‌.

മെഡിക്കൽ മീറ്റിയറോളജി, ബയോ മീറ്റിയറോളജി
സാംക്രമിക രോഗങ്ങളെ എപ്രകാരം കാലാവസ്ഥാ ഭേദങ്ങൾ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്ന ശാസ്ത്രശാഖ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top