15 December Monday

അനന്തസ്മൃതി-7 യു ആർ അനന്തമൂർത്തിയുടെ ഓർമകളിലൂടെ...എസ്തർ അനന്തമൂർത്തി

എസ്തർ അനന്തമൂർത്തി, വിവർത്തനം: സുധാകരൻ രാമന്തളിUpdated: Wednesday Oct 4, 2023

എസ്‌തർ സുഹൃത്തുക്കളോടൊപ്പം

എന്റെ മക്കളായ ശരത്തിനെയും അനുവിനെയും വേണ്ടവിധം നോക്കിവളർത്തണമെന്ന കാഴ്ചപ്പാടിലൂടെയും ഞാൻ അധ്യാപകവൃത്തി തിരഞ്ഞെടുത്തത് യുക്തമായിരുന്നു. അവർ വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ഞാനും പുറപ്പെട്ടു; തിരിച്ചെത്തുമ്പോൾ ഞാനും തിരിച്ചെത്തി. അവർക്ക് അവധി ലഭിക്കുമ്പോൾ എനിക്കും അവരോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചിരുന്നു.

അധ്യാപികയായി പഠിച്ച, പഠിപ്പിച്ച പാഠങ്ങൾ

അടുത്ത കാലംവരെ അനന്തമൂർത്തിയുടെ ഒപ്പം കഴിഞ്ഞിരുന്നപ്പോഴൊന്നും ഞാൻ മഹാനായ ഒരു ചിന്തകന്റെ ഭാര്യയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരു സാധാരണ സ്ത്രീയുടെ മാനസികാവസ്ഥയോടു കൂടിത്തന്നെയാണ് ഞാൻ ജീവിച്ചുപോന്നത്. എങ്ങനെയുള്ള ഭർത്താവിനെയാണ് എനിക്കു ലഭിച്ചതെന്ന് ഇപ്പോൾ ഞാൻ ആലോചിക്കുകയും അതിനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്നു.

എന്റെ ഭർത്താവ് ഒരു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയതിനാൽ എനിക്കും അതോ അതിനുതുല്യമായതോ ആയ സ്ഥാനമാനങ്ങൾ ലഭിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നു നിങ്ങൾ ചോദിച്ചാൽ ഞാൻ തീർത്തു പറയും ഇല്ല എന്ന്. അതുകൊണ്ടുതന്നെയാണ് അധ്യാപികയായി വിദ്യാർഥികൾക്കൊപ്പം ആഹ്ലാദകരമായ നിമിഷങ്ങൾ പങ്കുവെയ്‌ക്കുവാനുള്ള അവസരം ഞാൻ തിരഞ്ഞെടുത്തത്. അതിനുപുറമേ, എന്റെ മക്കളായ ശരത്തിനെയും അനുവിനെയും വേണ്ടവിധം നോക്കി വളർത്തണമെന്ന കാഴ്ചപ്പാടിലൂടെയും ഞാൻ അധ്യാപകവൃത്തി തിരഞ്ഞെടുത്തത് യുക്തമായിരുന്നു. അവർ വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ഞാനും പുറപ്പെട്ടു; തിരിച്ചെത്തുമ്പോൾ ഞാനും തിരിച്ചെത്തി. അവർക്ക് അവധി ലഭിക്കുമ്പോൾ എനിക്കും അവരോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചിരുന്നു. കാലത്ത് നേരത്തേ എഴുന്നേറ്റ്, പാചകമൊക്കെ ചെയ്തു തീർത്ത്, അനന്തമൂർത്തിക്കും മക്കൾക്കും ഭക്ഷണം പൊതിഞ്ഞുകൊടുക്കും.

അനന്തമൂർത്തി ഉച്ചയ്ക്ക് സ്നേഹിതന്മാരുമായി പങ്കുവെച്ച് ഊണുകഴിച്ചിരുന്നതിനാൽ അദ്ദേഹത്തിന് വലിയ പാത്രം തന്നെ വേണമായിരുന്നു. എല്ലാവരുടേയും പരിചരണം തീരുമ്പോഴേക്കും പ്രാതൽ കഴിക്കാൻ പലപ്പോഴും എനിക്ക് സമയം കിട്ടാറില്ല. ഞാൻ ഉച്ചഭക്ഷണത്തോടൊപ്പം പ്രാതലും പൊതിഞ്ഞ് ലൂണായിൽ കയറി സ്കൂളിലെത്തും. ഒഴിവുസമയത്ത് പ്രാതലിന്റെ പൊതിയഴിച്ച് വിശപ്പ് മാറ്റും. സ്കൂളിൽ എന്റെ സഹപ്രവർത്തകരും കുട്ടികളുമായി ഞാൻ എത്രമാത്രം അടുത്തിരുന്നുവെന്നോ! അവിടെ ആയിരിക്കുമ്പോൾ ഞാൻ പുറംലോകത്തെ പൂർണമായും മറന്നുപോകും. ചിലപ്പോഴെങ്കിലും പുറത്തെ രാഷ്ട്രീയം സ്കൂളിലും പ്രതിഫലിച്ചിരുന്നതിനാൽ അതിന്റെ ഫലം എനിക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. അതിരിക്കട്ടെ.

മാനസഗംഗോത്രിയിലെ കാഴ്‌ച

മാനസഗംഗോത്രിയിലെ കാഴ്‌ച

ഞാൻ ആദ്യം ജോലിക്കു ചേർന്നത് മാനസഗംഗോത്രിയിലെ പ്രൈമറി സ്കൂളിൽ ആയിരുന്നു. പിന്നീടത് മിഡിൽസ്കൂളായും ഹൈസ്കൂളായും അംഗീകരിക്കപ്പെടുന്ന നിലയിലെത്തി. ഞാനും മിഡിൽ സ്കൂൾ കടന്ന് ഹൈസ്കൂൾ അധ്യാപികയുടെ തലത്തിലെത്തി. ഞാനൊരാൾ മാത്രമല്ല. ഞങ്ങൾ മൂന്ന് അധ്യാപികമാർ ഉണ്ടായിരുന്നു. ഞങ്ങളിൽ കൂടുതൽ പ്രവൃത്തിപരിചയം എനിക്കായിരുന്നതുകൊണ്ട് എന്നെ താൽക്കാലിക ഹെഡ്മിസ്ട്രസ്സായി തിരഞ്ഞെടുത്തു.

ആ സ്ഥാനത്ത് സ്ഥിരപ്പെടുത്തുന്ന വിഷയം വന്നപ്പോൾ അതിനെച്ചൊല്ലി ഭരണസമിതിയുടെ ഭാഗത്തുനിന്ന് ആക്ഷേപമുയർന്നു. ഞാൻ അനന്തമൂർത്തിയുടെ ഭാര്യയാണെന്ന കാര്യവും ഉണ്ടായിരിക്കണം. അറിയില്ല. എന്തായാലും എന്തൊക്കെയോ സംഭവിച്ചു. ഞാൻ പ്രധാനാധ്യാപികയുടെ സ്ഥാനത്തുനിന്ന് മാറി സാധാരണ അധ്യാപികയായി തുടർന്നു.

ബിരുദത്തിന്റെ അവസാനവർഷത്തെ പരീക്ഷയ്ക്ക് ഹാജരാവാതെ ഭർത്താവിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയവൾ, തിരിച്ചുവന്ന് ഏതാണ്ട് ഏഴെട്ടുവർഷങ്ങൾക്കുശേഷം വീണ്ടും റെഗുലർ ക്ലാസ്സിൽ ചേർന്ന് ബിരുദ പഠനം പൂർത്തിയാക്കി ബിഎഡും ചെയ്ത് അധ്യാപികയാകാനുള്ള അർഹത നേടിയവളല്ലെ ഞാൻ? സുദീർഘമായ അന്തരം കാരണം ഞാൻ മുമ്പ് കോളേജിൽ പഠിച്ച പാഠങ്ങൾ എനിക്ക് ഓർമിക്കാൻ കഴിഞ്ഞിരുന്നില്ല.

ഹൈസ്കൂൾ കുട്ടികളെ കണക്കും സയൻസും പഠിപ്പിച്ചിരുന്നപ്പോൾ വൈകുന്നേരം വീട്ടിലെത്തിയശേഷം അടുത്ത ദിവസത്തെ പാഠങ്ങൾക്കുവേണ്ട തയ്യാറെടുപ്പുകൾ ചെയ്യുമായിരുന്നു. അപ്പോൾ മകൾ പത്തിലോ പിയുസിക്കോ പഠിക്കുകയായിരുന്നു. എനിക്ക്  അറിയാത്ത എത്രയോ കാര്യങ്ങൾ ഞാൻ അവളോട് ചോദിച്ച് മനസ്സിലാക്കാറുണ്ട്.

സ്കൂളിൽ പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരവിഷയങ്ങളിലും സജീവമാകാൻ വിദ്യാർഥികളെ ഞാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ കുട്ടികൾക്ക് ഞാൻ ഏറ്റവും പ്രിയപ്പെട്ട ടീച്ചറായിത്തീർന്നു. നാടകവേദി എനിക്ക് വളരെ പ്രിയപ്പെട്ടതാണല്ലോ. സ്കൂളിലും എന്റെ നാടകത്തോടുള്ള പ്രത്യേക താൽപ്പര്യത്തിന് അവസരങ്ങൾ സൃഷ്ടിച്ചു. ഞാൻ കുട്ടികൾക്കുവേണ്ടി ചെയ്ത ധ്രൂവൻ, ദുഷ്യന്തൻ തുടങ്ങിയ നാടകങ്ങൾ ഞാൻ തന്നെ മറന്നുപോയിട്ടുണ്ടാകാം. എന്നാൽ അവയിൽ പങ്കെടുത്ത ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോഴും അത് നന്നായി ഓർക്കുന്നു.

കുട്ടികളെക്കൊണ്ട്‌ ഇംഗ്ലീഷ് നാടകങ്ങളും ചെയ്യിച്ചിട്ടുണ്ട്. 'ദി സ്പൈഡർ ആന്റ് ദി ഫ്ലൈ'' എന്ന ഒരു കവിതയുണ്ട്, മേരി ഹോവിട്ടിന്റെ. അതിലെ ആദ്യത്തെ വാക്യം, 'വിൽ യൂ വാക് ഇൻ ടു മൈ പാർലർ' എന്നാണ്. ഒരു ചിലന്തി താൻ നൂറ്റ വലയെ വർണിച്ചുകൊണ്ട് അതിനകത്തേക്ക് ക്ഷണിച്ചശേഷം പാറ്റയെ തടവിലാക്കുന്നതിന്റെ കഥ. അരങ്ങിൽ വല സൃഷ്ടിച്ച് കുട്ടികൾക്ക് പ്രിയമാകുന്ന നാടകരൂപത്തിൽ കഥ അവതരിപ്പിച്ചതിനെക്കുറിച്ച് പൊതുവേ വലിയ മതിപ്പായിരുന്നു. മറ്റൊരിക്കൽ 'സ്ലീപ്പിങ്ങ് ബ്യൂട്ടി' എന്ന മനോഹര കഥയെ നാടകരൂപത്തിലാക്കി. അപൂർവമായി ഇത്തരം നാടകങ്ങൾ കാണാൻ അനന്തമൂർത്തി വരാറുണ്ടായിരുന്നു.

എന്റെ വിദ്യാർഥികളിൽ ഒരുവനാണ് പൃഥ്വി. അവന്റെ മുഴുവൻ പേര് പൃഥ്വീദത്ത ചന്ദ്രശോഭി എന്നായിരുന്നു. പ്രൊഫ. എസ്  ബോറലിംഗയ്യയുടെ മകൻ. മുതിർന്നവർ രാഷ്ട്രീയ കാര്യങ്ങൾ പറയുന്നതു കേട്ട് അവനും രാഷ്ട്രീയത്തിൽ താൽപ്പര്യം ജനിച്ചതാവാം.

കന്നഡഭാഷാ പ്രസ്ഥാനം ചൂടുപിടിച്ചുവന്ന സമയത്ത് ഒരിക്കൽ സ്കൂൾ കോമ്പൗണ്ടിൽ വെച്ചുതന്നെ ''ഇന്ദിരാഗാന്ധി തുലയട്ടെ...'' എന്ന് അവൻ വിളിച്ചുകൂവി. പ്രധാനാധ്യാപികയായിരുന്ന ഞാൻ സ്കൂൾ അങ്കണത്തിൽ ഇങ്ങനെയൊന്നും വിളിച്ചു പറയാൻ പാടില്ല എന്ന് അവനെ താക്കീതു ചെയ്തു. അവൻ പുറത്തുപോയി ബസ്‌സ്റ്റാൻഡിൽ നിന്ന് എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു.

കന്നഡഭാഷാ പ്രസ്ഥാനം ചൂടുപിടിച്ചുവന്ന സമയത്ത് ഒരിക്കൽ സ്കൂൾ കോമ്പൗണ്ടിൽ വെച്ചുതന്നെ ''ഇന്ദിരാഗാന്ധി തുലയട്ടെ...'' എന്ന് അവൻ വിളിച്ചുകൂവി. പ്രധാനാധ്യാപികയായിരുന്ന ഞാൻ സ്കൂൾ അങ്കണത്തിൽ ഇങ്ങനെയൊന്നും വിളിച്ചു

പൃഥ്വീദത്ത ചന്ദ്രശോഭി

പൃഥ്വീദത്ത ചന്ദ്രശോഭി

പറയാൻ പാടില്ല എന്ന് അവനെ താക്കീതു ചെയ്തു. അവൻ പുറത്തുപോയി ബസ്‌സ്റ്റാൻഡിൽ നിന്ന് എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു. ആ പൃഥ്വി പിൽക്കാലത്ത് ചിക്കാഗോ സർവകലാശാലയിൽ ഷെൽഡൻ പൊള്ളാക്കിന്റെ മാർഗദർശനത്തിൽ ഗവേഷണം നടത്തി, സി ആർ നാഗരാജിന്റെ ശിഷ്യനായി, ഇപ്പോൾ മൈസൂരു സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്യുന്നു. ഇന്നും കന്നഡയിൽ എഴുതിക്കൊണ്ടിരിക്കുന്ന പൃഥ്വി അധ്യാപകദിനത്തോടനുബന്ധിച്ച് ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിൽ എന്നെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

സങ്കോചപ്പെട്ടിരുന്ന എത്രയോ വിദ്യാർഥികളെ ഞാൻ അരങ്ങത്തേക്ക് നിർബന്ധിച്ചു കൊണ്ടുവന്ന് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരം ഒരുക്കിക്കൊടുത്തു. പൂർണചന്ദ്ര തേജസ്വിയുടെ മകൾ സുഷ്മിത വളരെയധികം നാണംകുണുങ്ങിയായിരുന്നു. അവളെ സ്റ്റേജിൽ കയറ്റാൻ വേണ്ടി പാടുപെട്ടത് ഇപ്പോഴും ഞാൻ ഓർക്കുന്നു. ദേവനൂരു മഹാദേവയുടെ മക്കളായ ഉജ്ജ്വലയും മിതയും എന്റെ പ്രിയശിഷ്യകൾ തന്നെ. 'ദുഷ്യന്തൻ' നാടകത്തിൽ ഉജ്ജ്വല ശകുന്തളയായി അഭിനയിച്ചു.

ദേവനൂരു മഹാദേവ

ദേവനൂരു മഹാദേവ

ഞാൻ തന്നെയാണ് അവൾക്ക് മേക്കപ്പ് ചെയ്ത് വേഷഭൂഷകൾ അണിയിച്ചത്. ദേവനൂരു മഹാദേവയുടെ മക്കൾക്ക് സംവരണത്തിലൂടെ സർക്കാരിൽനിന്ന് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. പക്ഷെ അവരത് എടുത്തിരുന്നില്ല. സാമ്പത്തികമായി പരാധീനതയുള്ള കുട്ടികൾക്കായി അവർ ആ തുക വീതിച്ചുകൊടുത്തു. സ്കൂളിലെ വേലക്കാരുടെയും അടിച്ചുവാരുന്നവരുടേയും കുട്ടികളെ അവർ ഉദാരമായി സഹായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ജി എച്ച് നായിക്കിന്റെ പത്നി മീരാ നായിക്ക് എന്റെ സഹപ്രവർത്തകയായിരുന്നു. അവർ ആ സ്കൂളിൽ കന്നടഭാഷയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. അനന്തമൂർത്തി കന്നഡയിലുള്ള സംവേദനത്തെ പിന്തുണച്ചതുകൊണ്ട് ആദ്യം മാനസഗംഗോത്രിയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ പ്രവേശനം ലഭിച്ചിരുന്നില്ല.

അനന്തമൂർത്തിയുടെ സ്വാധീനത്താൽ ഞാനും കന്നഡ മാധ്യമത്തിനുവേണ്ടി നിലകൊണ്ടു. കന്നഡമാധ്യമം എന്നു പറഞ്ഞപ്പോൾ അന്ന് നാട്ടിലുടനീളം നടന്ന കന്നഡഭാഷാ പ്രക്ഷോഭത്തിന് സമാന്തരമായി സ്കൂളിൽ നടന്നുകൊണ്ടിരുന്ന സംഭവങ്ങൾ ഓർമവരികയാണ്.

സർവകലാശാലയാണല്ലോ ഗംഗോത്രി സ്കൂൾ നടത്തിക്കൊണ്ടിരുന്നത്. അത് ആരംഭിച്ചതുതന്നെ സർവകലാശാലയിലെ വേലക്കാരുടെ മക്കൾക്ക് സഹായകമാവട്ടെ എന്നുവെച്ചാണ്. കോളേജിലെ ലക്ചറർമാരുടേയും ഗുമസ്തരുടേയും മക്കൾ അപ്പോൾ ഗംഗോത്രി സ്കൂളിൽ പഠിക്കാൻ വരുമായിരുന്നു.

അവർക്കെല്ലാവർക്കും ഇംഗ്ലീഷ് മീഡിയത്തോടായിരുന്നു ഇഷ്ടം. അതുകൊണ്ട് ഈ സ്കൂളിൽ ഇംഗ്ലീഷ് മാധ്യമത്തിൽ തന്നെയാണ് അധ്യയനവും അധ്യാപനവും നടന്നുപോന്നത്. രാഷ്ട്രകവി കുവെംപു ഇതിനെക്കുറിച്ച് ശബ്ദമുയർത്തി, ഗംഗോത്രിയിലെ സ്കൂളിൽ കന്നഡതന്നെ വേണം പഠിക്കാനും പഠിപ്പിക്കാനുമെന്ന നിർബന്ധം എപ്പോൾ മുമ്പോട്ടുവെച്ചുവോ, അപ്പോൾ കന്നഡയെ പിന്തുണച്ചുകൊണ്ടുള്ള നീക്കത്തിന് ബലം വർധിച്ചു. ഗംഗോത്രിയിലെ സ്കൂളിൽ കന്നഡ മാധ്യമത്തിൽ വേണം പഠിക്കാനും പഠിപ്പിക്കാനുമെന്ന നിയമം നടപ്പിലായി. എന്നുവെച്ച് ഇംഗ്ലീഷിനെ പിന്തുണച്ചു സംസാരിക്കുന്നവരുടെ എണ്ണം ഒട്ടും കുറഞ്ഞില്ല.

ഞങ്ങൾ ടീച്ചർമാർ കന്നഡ മാധ്യമത്തെ വിട്ടുകൊടുക്കാതെ രണ്ടു മാധ്യമങ്ങളിലും പഠിപ്പിക്കാൻ തുടങ്ങി. കന്നഡ മാധ്യമത്തിൽ പഠിപ്പിക്കുന്നു എന്നതുകൊണ്ട് ചിലർ കുട്ടികളെ ഗംഗോത്രി സ്കൂളിൽ നിന്ന് പിൻവലിച്ച് വേറെ സ്കൂളിൽ ചേർത്തു. പൂർണചന്ദ്ര തേജസ്വിയുടെ പത്നി രാജേശ്വരിയെ ഒരിക്കൽ കണ്ടപ്പോൾ ഞാൻ പറഞ്ഞു. ''നിങ്ങളുടെ അമ്മായിയപ്പൻ കന്നഡയ്ക്കുവേണ്ടി ശബ്ദമുയർത്തിയതിനാൽ ഈ സ്കൂളിൽ നിങ്ങളുടെ മക്കളെ കന്നഡ പഠിപ്പിക്കുവാനുള്ള അവസരം എനിക്കു കിട്ടി''.

എന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് ഇവിടെ പറയട്ടെ. കോർപറേഷനിൽ സംവരണത്തിലൂടെ ജോലികിട്ടിയ ഒരാളുണ്ടായിരുന്നു. കർത്തവ്യലോപം കാട്ടിയതിന് അയാളെ സസ്പെൻഡ്‌ ചെയ്തു. അയാൾ അനന്തമൂർത്തിയുടെ അടുത്തുവന്ന് ജോലി തിരികെ കിട്ടാൻ തന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ചു.

യു ആർ അനന്തമൂർത്തി

യു ആർ അനന്തമൂർത്തി

അനന്തമൂർത്തി അന്നു നിയമമന്ത്രിയായിരുന്ന രഘുപതിക്ക് ഒരു കത്തെഴുതി, ഇയാളുടെ കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും അയാൾക്ക് വീണ്ടും ഉദ്യോഗം ലഭിച്ചില്ലെന്ന് തോന്നുന്നു. അതേ മനുഷ്യൻ ഗംഗോത്രി സ്കൂളിൽ പ്യൂണിന്റെ ജോലിക്ക് അപേക്ഷിച്ചു. അവിടെ ജോലി കിട്ടുകയും ചെയ്തു. ആ സ്കൂളിൽ അപ്പോൾ ഞാൻ താൽക്കാലിക പ്രധാനാധ്യാപികയായിരുന്നു.

ചില ദിവസങ്ങൾക്കുശേഷം അയാൾ ശരിയായി ജോലി ചെയ്യുന്നില്ലെന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. സ്കൂളിനു ചുറ്റും വൃത്തികേടുകൾ നിറഞ്ഞിരുന്നു. ഓഫീസിൽ ഫയലുകൾ അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്നു. സ്കൂളിന്റെ അകവും പുറവും വൃത്തിയാക്കാനും കാര്യങ്ങൾ ക്രമബദ്ധമായി നോക്കാനും ഞാൻ അയാളോട് പറഞ്ഞു. അയാൾ എന്റെ വാക്കുകൾ ശ്രദ്ധിച്ചതേയില്ല. മറ്റു വഴിയില്ലെന്നായപ്പോൾ ഞാൻ സ്കൂളിന്റെ ഭരണസമിതിക്ക് റിപ്പോർട്ട് ചെയ്തു.

അയാൾ ഭരണസമിതിക്കു മുമ്പിൽ ഹാജരായി 'ഹെഡ്മിസ്ട്രസ്സ് എന്നെ പുലയാന്ന് വിളിച്ചു ശകാരിച്ചു' എന്നു പരാതി കൊടുത്തു. ഇതറിഞ്ഞ് ഞാൻ വളരെ വിഷമിച്ചു. ''അങ്ങനെ പറയാൻ നിങ്ങളുടെ മനസ്സാക്ഷി എങ്ങനെ സമ്മതിച്ചു? നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെ?'' ഞാൻ അയാളോട് നേരിട്ട് സംസാരിച്ചു. അയാൾ ഒന്നും മിണ്ടിയില്ല. അനന്തമൂർത്തി എന്നും ദളിതരെ പിന്തുണച്ച് ശബ്ദമുയർത്തിയിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ ഞാൻ എന്നെങ്കിലും മേൽപറഞ്ഞതുപോലെ സംസാരിക്കുമോ? സ്വപ്നത്തിൽപോലും മനുഷ്യത്വ വിരുദ്ധമായ ചിന്ത എന്റെ മനസ്സിൽ ഉണ്ടായിട്ടില്ല. ആ അനുഭവത്തെക്കുറിച്ച് സാന്ദർഭികമായി ഞാൻ ദേവനൂരു മഹാദേവയോട് പറഞ്ഞു.

സ്കൂളിൽ വർഷംതോറും നടക്കാറുണ്ടായിരുന്ന ഗണേശപൂജ നിർത്തേണ്ടതായ സന്ദർഭം ഒരിക്കലുണ്ടായി. വിദ്യാലയാന്തരീക്ഷത്തിൽ മതപരമായ ചടങ്ങ് നടത്താൻ പാടില്ലെന്നു പറഞ്ഞ് ചില യുക്തിവാദികൾ എതിർത്തു. അനന്തമൂർത്തിയുടെ സോഷ്യലിസ്റ്റ് സുഹൃത്ത് വേദാന്ത ഹെമ്മിഗെ എന്നൊരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എല്ലാ വർഷവും സ്വാദിഷ്ഠമായ പഞ്ചകജ്ജായ ഉണ്ടാക്കി ഗണപതി പൂജയുടെ സമയത്ത് വിതരണം ചെയ്യാൻ കൊടുത്തയക്കുമായിരുന്നു. അത് ആസ്വദിച്ചുകൊണ്ട് നിഷ്കളങ്കരായ കുട്ടികൾ ആഘോഷപൂർവം പങ്കെടുക്കാറുള്ള ഗണേശപൂജ ഇനി നടക്കില്ലെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി.

അനന്തമൂർത്തി എപ്പോഴും ഏകനായി സാഹിത്യലോകത്തിൽ വിഹരിച്ചുപോന്നു. ഞങ്ങളുടെ മകൾ അനുരാധ കൊച്ചുകുട്ടിയായിരുന്നപ്പോൾ, ഒരു ദിവസം പാറിവന്ന് ജനലിേന്മൽ ഇരുന്ന പാറ്റയെ നോക്കി ഇതിന്റെ പേരെന്താണ് എന്ന് അച്ഛനോട് ചോദിച്ചുവത്രെ. ''അതിന്റെ പേര് 'സൂര്യന്റെ കുതിര' എന്നാണ്'' അനന്തമൂർത്തി പറഞ്ഞുകൊടുത്തത്‌.

അനന്തമൂർത്തി എപ്പോഴും ഏകനായി സാഹിത്യലോകത്തിൽ വിഹരിച്ചുപോന്നു. ഞങ്ങളുടെ മകൾ അനുരാധ കൊച്ചുകുട്ടിയായിരുന്നപ്പോൾ, ഒരു ദിവസം പാറിവന്ന് ജനലിേന്മൽ ഇരുന്ന പാറ്റയെ നോക്കി ഇതിന്റെ പേരെന്താണ് എന്ന് അച്ഛനോട് ചോദിച്ചുവത്രെ. ''അതിന്റെ പേര് 'സൂര്യന്റെ കുതിര' എന്നാണ്'' അനന്തമൂർത്തി പറഞ്ഞുകൊടുത്തത്‌. ഇതുതന്നെ പിന്നീട് അദ്ദേഹത്തിന്റെ ഒരു കഥയുടെ ശീർഷകമായിത്തീർന്നു. 'സുര്യന്റെ കുതിര' കഥാലോകത്തിലെ വിമർശകരുടെ പ്രശംസയ്ക്ക് പാത്രമായി.

ഒരു ദിവസം അനന്തമൂർത്തി ''ഇന്ന് സൂര്യന്റെ കുതിരയുടെ റീഡിങ്ങുണ്ട്. നീയും വരൂ'' എന്നു പറഞ്ഞ് എന്നെയും ഗംഗോത്രിയിലേക്ക് വിളിച്ചുകൊണ്ടുപോയി. അവിടെ ഒരു സാഹിത്യസംഘടന ഉണ്ടായിരുന്നു. 'സുര്യന്റെ കുതിര' അദ്ദേഹം എത്ര അത്ഭുതകരമായി വായിച്ചുവെന്നോ! അനന്തമൂർത്തിയുടെ വ്യക്തിത്വത്തിന്റെ ഈ മുഖം അതുവരെ ഞാൻ കണ്ടിട്ടേയില്ലായിരുന്നു എന്നേ പറയേണ്ടൂ.

അനന്തമൂർത്തി വീണ്ടുമൊരിക്കൽ മൂന്നു മാസത്തെ വിദേശയാത്ര പുറപ്പെട്ടു. ബോസ്റ്റൺ സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി അദ്ദേഹത്തെ ക്ഷണിച്ചതായിരുന്നു. പുതിയ വീട് പണിത് സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ ഞങ്ങൾക്ക് വിദേശത്തെ അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന അൽപ്പം അധികവരുമാനം വളരെ സഹായകമായി.

എനിക്ക് സ്കൂളിൽനിന്ന് കിട്ടിയിരുന്ന അടിസ്ഥാന ശമ്പളം 175 രൂപയായിരുന്നു. മാസശമ്പളം മൊത്തം 350 രൂപ. അതിൽനിന്ന് ഓരോ മാസവും ഞാൻ ഒരു ചെറിയ തുക മിച്ചം പിടിച്ചിരുന്നു. ഞങ്ങളുടെ ചുറ്റുപാടുമുണ്ടായിരുന്ന സുഹൃത്തുക്കൾ കൃഷിയിൽ ആകൃഷ്ടരായി തോട്ടങ്ങളിൽ വീടുവെച്ചിരിക്കെ എനിക്കും അങ്ങനെയൊരു ഫാം ഹൗസ് വേണമെന്നു തോന്നി. എന്റെ അച്ഛൻ കുവെംപുനഗറിലെ വീട്ടിൽ വന്നപ്പോൾ ഞാനും അദ്ദേഹവും ബോഗാദിയ്ക്കു ചുറ്റും വിൽപ്പനയ്ക്കുള്ള കൃഷിഭൂമിയുണ്ടോ എന്ന് അന്വേഷിച്ചു. ഒന്നും ശരിയായില്ല. അപ്പോഴേക്കും ആലനഹള്ളി കൃഷ്ണ വന്നു! ''ആലനഹള്ളിയിൽ ഞങ്ങളുടെ വീട്ടിനുമുമ്പിൽത്തന്നെ അൽപ്പം ഒഴിഞ്ഞ സ്ഥലമുണ്ട്. അത് വിൽപ്പനയ്ക്കുള്ളതാണ്.

എന്തുകൊണ്ട് നിങ്ങൾക്കത് വാങ്ങിക്കൂടാ?'' കൃഷ്ണ ചോദിച്ചു. കൃഷ്ണയുടെ തോട്ടത്തിന്റെ മുമ്പിലാണെങ്കിൽ നോക്കി നടത്താനും എളുപ്പമാവും എന്നു ചിന്തിച്ച് ഞങ്ങൾ സമ്മതിച്ചു. ഞാൻ മിച്ചം പിടിച്ചുവെച്ച പണം മുഴുവനുമെടുത്ത് ഞങ്ങൾ ആലനഹള്ളിയിൽ ഏഴേക്കർ സ്ഥലം വാങ്ങി. അപ്പോൾ ഏക്കറിന് ഏതാണ്ട് ഏഴായിരം രൂപയായിരുന്നു വില.

അനന്തമൂർത്തിയുടെ ആത്മകഥയായ 'സുരഗി'യിൽ വിദേശത്തുപോയി പ്രൊഫസറായി ജോലി ചെയ്ത് സമ്പാദിച്ച പണം മിച്ചം പിടിച്ചാണ് തോട്ടം വാങ്ങിയതെന്ന് എഴുതിയിട്ടുണ്ട്. അതും സത്യം തന്നെയാണ്. സ്ഥലം വാങ്ങുന്നതു മുതൽ കുന്നിൻ ചെരുവിനെ തെങ്ങിൻതോട്ടമാക്കി മാറ്റുന്നതു വരെ ഞങ്ങളുടെ രണ്ടു പേരുടെയും സമ്പാദ്യമായ പണം ചൊരിഞ്ഞു.

എനിക്ക് കൃഷിപ്പണിയിൽ വലിയ താൽപ്പര്യമാണ്. കൂടാതെ, നഗരത്തിന്റെ ബഹളത്തിൽ നിന്നൊഴിഞ്ഞ് ഫാം ഹൗസിൽ കഴിയുമ്പോൾ മനസ്സിന് സമാധാനം ലഭിച്ചിരുന്നു. മൈസൂരുവിൽ നിന്ന് 23 കിലോമീറ്റർ ദൂരമുള്ള തോട്ടത്തിലേക്ക് ലൂണായിൽ പോകാനാവില്ല. ഞാൻ എല്ലാ ശനിയാഴ്ചയും അല്ലെങ്കിൽ ഞായറാഴ്ചയും മ്യൂസിക് കോളേജിനടുത്തുള്ള സ്റ്റാൻഡിൽ ബസ്സ് കാത്തു നിൽക്കും. ചിലപ്പോൾ ദിവസം മുഴുവനും കാത്തു നിന്നിട്ടും ബസ്സുവരാതെ വീട്ടിലേക്ക് മടങ്ങിവന്നിട്ടുണ്ട്.

ഒരിക്കൽ തോട്ടത്തിലെ വീട്ടിൽ ചെന്നപ്പോൾ അനന്തമൂർത്തിയുടെ പുറംവേദന തീവ്രമാവുകയും അദ്ദേഹം നടക്കാനാവാത്ത അവസ്ഥയിലാവുകയും ചെയ്തു. ഞാൻ റോഡരികിലേക്കു ചെന്ന് മൈസൂരുവിലേക്ക് പോകാൻ ഏതെങ്കിലും വാഹനം ലഭിക്കുമോ എന്നു നോക്കി ഉൽക്കണ്ഠാകുലയായി കാത്തുനിന്നു. അപ്പോൾ അതുവഴി ഒരു ലോറി വന്നു. അതിനെ തടഞ്ഞുനിർത്തി, തൊഴിലാളികളുടെ സഹായത്തോടെ അനന്തമൂർത്തിയെ എടുത്ത് ലോറിയുടെ പിൻഭാഗത്തു കിടത്തി മൈസൂരുവിലേക്ക് കൊണ്ടുവന്നത് ഓർത്തുപോവുകയാണ്.

എസ്‌തർ (വലത്ത്‌) കുടുംബാംഗങ്ങളോടൊപ്പം

എസ്‌തർ (വലത്ത്‌) കുടുംബാംഗങ്ങളോടൊപ്പം

എന്റെ അച്ഛനും അമ്മയ്ക്കും ആലനഹള്ളിയിലെ തോട്ടമെന്നാൽ ഏറെ ഇഷ്ടമായിരുന്നു. അച്ഛൻ വന്നാൽ രണ്ടുമൂന്നു ദിവസം അവിടെത്തന്നെ താമസിക്കും. അമ്മ ഒരിക്കൽ അവിടെയൊരു മേയ് ഫ്ളവർ മരം നട്ടു. അതിപ്പോൾ വളർന്നു വലുതായി പൂവണിഞ്ഞ് അമ്മയുടെ വാത്സല്യത്തിന്റെ തണലിനെ ഓർമിപ്പിക്കുന്നുണ്ട്. അവിടെ അനന്തമൂർത്തി തന്നെ നട്ട കൂവളച്ചെടിയുണ്ട്. അതിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ താൽപ്പര്യമാണ്. തോട്ടത്തിൽ പോയി വരുമ്പോഴൊക്കെയും അദ്ദേഹം കൂവളച്ചെടിയെക്കുറിച്ച് ചോദിക്കുമായിരുന്നു.

അവസാന ദിവസങ്ങളിലൊരിക്കൽ 'എന്റെ ദേഹം സംസ്കരിച്ച ഭസ്മം ആ ചെടിയുടെ ചുവട്ടിൽ വിതറണം' എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഞങ്ങൾ അങ്ങനെതന്നെ ചെയ്തു. കൂവളച്ചെടി വളർന്ന് ഇപ്പോൾ കായ്ച്ചു തുടങ്ങിയിരിക്കുന്നു.

ഇന്ന് (ഈ സംഭവം വിശദീകരിക്കുന്ന ദിവസം) എന്റെ പേരമകൾ വന്യയുടെ പിറന്നാളാണ്. അണിഞ്ഞൊരുങ്ങി അവൾ സ്കൂളിൽ നിന്ന് വരുന്നതും കാത്ത് ഞാൻ ഇരിക്കുകയാണ്. അനന്തമൂർത്തിയെ ഓർത്തുപോവുകയാണ്. അദ്ദേഹമുണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു. ''പിറന്നാളിന് കേയ്ക്ക് കട്ട് ചെയ്യുന്നത് നമ്മുടെ സമ്പ്രദായമല്ല; ആരതിയുഴിഞ്ഞ് പായസമുണ്ടാക്കി വേണം ആഘോഷിക്കാൻ...''

ഇന്ന് (ഈ സംഭവം വിശദീകരിക്കുന്ന ദിവസം) എന്റെ പേരമകൾ വന്യയുടെ പിറന്നാളാണ്. അണിഞ്ഞൊരുങ്ങി അവൾ സ്കൂളിൽ നിന്ന് വരുന്നതും കാത്ത് ഞാൻ ഇരിക്കുകയാണ്. അനന്തമൂർത്തിയെ ഓർത്തുപോവുകയാണ്. അദ്ദേഹമുണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു. ''പിറന്നാളിന് കേയ്ക്ക് കട്ട് ചെയ്യുന്നത് നമ്മുടെ സമ്പ്രദായമല്ല; ആരതിയുഴിഞ്ഞ് പായസമുണ്ടാക്കി വേണം ആഘോഷിക്കാൻ...''

അദ്ദേഹത്തിന് വിഷമം തോന്നരുതെന്നു കരുതി ഞങ്ങൾ കേയ്ക്ക് കട്ട് ചെയ്ത് പായസവും ആസ്വദിച്ച് പിറന്നാളുകൾ ആഘോഷിച്ചുപോന്നു. ഇന്നും ഞാൻ അങ്ങനെ ചെയ്യും. ( തുടരും).

(ദേശാഭിമാനി വാരികയിൽ നിന്ന്)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top