03 December Sunday

അനന്ത സ്മൃതി-6 യു ആർ അനന്തമൂർത്തിയുടെ ഓർമകളിലൂടെ...എസ്തർ അനന്തമൂർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

എസ്‌തറും അനന്തമൂർത്തിയും കന്നട എഴുത്തുകാരൻ ടി ജി വൈദ്യനാഥനൊപ്പം മൈസൂരിലെ വീട്ടിൽ

വീട്ടിൽ നിന്ന് വീട്ടിലേക്ക്

സരസ്വതീപുരത്തെ വാടകവീട്ടിലായിരുന്നപ്പോൾ ഒരു പ്രഭാത്തിൽ വാതിൽ തട്ടിയ ശബ്ദം കേട്ട് കണ്ണുകൾ തിരുമ്മിക്കൊണ്ട് വാതിൽ തുറന്നു. നോക്കുമ്പോൾ സാക്ഷാൽ ശിവരാമകാറന്ത്! ഞങ്ങൾ അപ്പോഴും ഉണർന്നെഴുന്നേറ്റിരുന്നില്ല. നഗരജീവിതത്തിനു മുമ്പിൽ കുനിഞ്ഞുപോയ ഞങ്ങൾ അവധിദിനത്തിൽ നിന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ കുടുതൽ വൈകും. എനിക്കും അനന്തമൂർത്തിക്കും എന്തെന്നില്ലാത്ത സംഭ്രമം അനുഭവപ്പെട്ടു. ഞങ്ങൾ ബദ്ധപ്പെട്ട് അദ്ദേഹത്തെ

ശിവരാമകാറന്ത്

ശിവരാമകാറന്ത്

അകത്തേക്ക് വിളിച്ച് ഇരുത്തി. പാതിയുറക്കത്തിൽ എഴുന്നേറ്റുവന്ന കുട്ടികളെ അദ്ദേഹം ''മിയാവൂ... മ്യാവൂ...'' എന്നു പറഞ്ഞ് കളിപ്പിക്കാൻ തുടങ്ങി.
യൂണിവേഴ്സിറ്റിയിലോ മറ്റേതെങ്കിലും സ്ഥലത്തോ എന്തെങ്കിലും കാര്യവുമായി മൈസൂരിലേക്ക് വരുന്നപ്പോഴൊക്കെ ശിവരാമകാറന്ത് ഞങ്ങളുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു.

കാറന്തെന്നുവെച്ചാൽ അനന്തമൂർത്തിക്ക് അപാരമായ ബഹുമാനമാണ്. മൈസൂരിൽ വരുമ്പോൾ അദ്ദേഹത്തിന്റെ യാത്രകളിൽ ആനന്ദ് എന്നൊരു കാർ ഡ്രൈവർ ഒപ്പം ഉണ്ടായിരിക്കും. ക്രമേണ ശരത്മോനും ആനന്ദും തമ്മിൽ സ്നേഹത്തിലായി. കാറന്ത് വീട്ടിലേക്ക് വന്നയുടനെ ശരത് കാറിനകത്തും പുറത്തുമൊക്കെ ഓടിക്കളിച്ചിരുന്നത് ഇപ്പോഴും ഞാൻ വ്യക്തമായി ഓർക്കുന്നു. ശിവരാമകാറന്ത് കാപ്പി പ്രിയനായിരുന്നു. ഇതു മനസ്സിലാക്കി, പിന്നെപ്പിന്നെ അദ്ദേഹം വന്നയുടനെ ഞാൻ കാപ്പി തയ്യാറാക്കുമായിരുന്നു.

ഒരിക്കൽ ആർ കെ നാരായൺ വീട്ടിൽ വന്നു. കാലത്ത് നടക്കാൻ പോകുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടുള്ളതല്ലാതെ അദ്ദേഹവുമായി ഞാൻ ഒരിക്കലും സംസാരിച്ചിരുന്നില്ല. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്തനായ ആ എഴുത്തുകാരൻ ഞങ്ങളുടെ പൂമുഖത്തു വന്നു നിന്നപ്പോൾ അദ്ദേഹത്തെ എങ്ങനെയാണ് സൽക്കരിക്കേണ്ടത് എന്നറിയാതെ ഞാൻ അസ്വസ്ഥയായി.

ഒരിക്കൽ ആർ കെ നാരായൺ വീട്ടിൽ വന്നു. കാലത്ത് നടക്കാൻ പോകുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടുള്ളതല്ലാതെ അദ്ദേഹവുമായി ഞാൻ ഒരിക്കലും സംസാരിച്ചിരുന്നില്ല. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്തനായ ആ എഴുത്തുകാരൻ ഞങ്ങളുടെ പൂമുഖത്തു വന്നു നിന്നപ്പോൾ അദ്ദേഹത്തെ എങ്ങനെയാണ് സൽക്കരിക്കേണ്ടത് എന്നറിയാതെ ഞാൻ അസ്വസ്ഥയായി. പിന്നീടൊരിക്കൽ ഗോപാലകൃഷ്ണ അഡിഗ വന്നു.

ഗോപാലകൃഷ്ണ അഡിഗ

ഗോപാലകൃഷ്ണ അഡിഗ

ഒരിക്കലല്ല, അദ്ദേഹം ഇടക്കിടെ വന്നുകൊണ്ടിരുന്നു. അഡിഗയോട് അനന്തമൂർത്തിക്ക് സവിശേമായ സ്നേഹമുണ്ടായിരുന്നു.

മണിക്കൂറുകളോളം അവർ സംസാരിച്ചുകൊണ്ടിരിക്കും. അനന്തമൂർത്തി സുഹൃത്തുക്കൾക്കൊപ്പം സമയം ഇങ്ങനെ ചിലവഴിച്ചുകൊണ്ട് എന്നെ മറന്നുപോകുമോ എന്നു തോന്നിപ്പോയ ഏതോ ഒരു നിമിഷത്തിൽ അഡിഗയെക്കുറിച്ച് ഞാൻ 'മൊട്ടത്തലയൻ' എന്നോ മറ്റോ പറഞ്ഞുപോയി. എന്റെ വാക്ക് അനന്തമൂർത്തിയെ വല്ലാതെ വേദനിപ്പിച്ചു. അതുതന്നെ കുറെനേരം പറഞ്ഞുകൊണ്ട് അദ്ദേഹം അസ്വസ്ഥനായി. പിന്നീട് ഏതാനും വർഷങ്ങൾക്കു മുമ്പും ഒരിക്കൽ, 'എസ്തർ, നീ അഡിഗയെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു' എന്നു പറഞ്ഞു. ഗോപാലകൃഷ്ണ അഡിഗയോട് അത്രയധികം ആരാധനയും ആദരവുമായിരുന്നു അദ്ദേഹത്തിന്.

1972ൽ ലങ്കേശ് 'പല്ലവി' എന്ന ഒരു സിനിമ നിർമ്മിക്കാൻ തുടങ്ങി. അതിന് പണം സ്വരൂപിക്കണമായിരുന്നു. കടത്തിന് ജാമ്യം നിൽക്കണമെന്ന് അനന്തമൂർത്തിയോട് പറയാൻ ലങ്കേശ് വന്നിരുന്നു.

ആർ കെ നാരായണൻ, അനന്തമൂർത്തി, ജ്യോത്സന കാമത്ത്‌

ആർ കെ നാരായണൻ, അനന്തമൂർത്തി, ജ്യോത്സന കാമത്ത്‌

അവരുടെ സംഭാഷണം കേട്ട ഞാൻ അനന്തമൂർത്തിയെ കൈകൊണ്ട് അടയാളം കാട്ടി അകത്തേക്ക് വിളിച്ചു. ''കടമൊന്നും എടുക്കേണ്ട ആവശ്യമില്ല. സിനിമ പരാജയപ്പെട്ടാൽ എന്തു ചെയ്യും?'' ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. ''നീ മിണ്ടാതിരിക്ക്. അതെല്ലാം നിനക്കെന്തിനാ?'' അനന്തമൂർത്തി എന്നോട് കോപിച്ചു.

പിന്നീടൊരിക്കൽ ധാർവാഡയിലെ ജെ ബി ജോഷി വന്നതും അദ്ദേഹത്തെ സൽക്കരിച്ചതും നല്ല ഓർമ്മയുണ്ട്. ഞങ്ങളുടെ വീട്ടിൽ എത്രയോ ആളുകൾ വന്നുപോകാറുണ്ടായിരുന്നു. അവരുടേയും അനന്തമൂർത്തിയുടേയും സംഭാഷണങ്ങൾ എന്റെ സങ്കൽപത്തിലുള്ള ലോകത്തിന് അപ്പുറത്തായിരുന്നു. ഞാൻ എന്റെ വീട്ടുകാര്യങ്ങൾ, കുട്ടികൾ, ഉദ്യോഗം‐ഇവയിൽത്തന്നെ മുഴുകിപ്പോയിരുന്നു.

അന്തമൂർത്തി എഴുത്തിന്റെ ലഹരിയിലായിരുന്ന സന്ദർഭമാണെന്നു തോന്നുന്നു. ഏതോ ഒരു നോവലിന്റെ രചനയാകണം. എഴുതാനിരുന്നാൽ പിന്നെ ലൗകികമായ ഒരു കാര്യത്തിലും ശ്രദ്ധയുണ്ടാവില്ലെന്ന് നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. ''നിങ്ങൾ വീട്ടുകാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. എല്ലാം ഞാൻ തന്നെ ചെയ്യണം.'' ഞാൻ അൽപ്പം മുഷിച്ചിലോടെ പറഞ്ഞു.

അനന്തമൂർത്തിക്ക് ദേഷ്യം വന്നു. അത് എന്നോടുള്ള ദേഷ്യമെന്നതിലുപരി തന്റെ എഴുത്തിന് ഏകാഗ്രത ലഭിക്കുന്നില്ല എന്ന അസ്വസ്ഥതയായിരുന്നു. അദ്ദേഹം വീടുവിട്ട് പുറത്തേക്ക് പോയ്ക്കളഞ്ഞു. ഇന്നുവരും നാളെവരും എന്ന് ഞാൻ കാത്തിരുന്നു. ഒരാഴ്ച കടന്നുപോയി. അദ്ദേഹം മടങ്ങി വന്നു.

മൈസൂരുവിലെവിടെയെങ്കിലും ആയിരിക്കാം താമസിച്ചത്. അല്ലെങ്കിൽ ഹെഗ്ഗോഡുവിലെ സുബ്ബണ്ണയുടെ വീട്ടിലാവാം. അജ്ഞാതവാസത്തിനിടയിൽ തന്റെ സങ്കൽപത്തിലെ കൃതി രചിച്ചുകഴിഞ്ഞതിന്റെ ലാഘവം അദ്ദേഹത്തിൽ പ്രകടമായിരുന്നു. അത് 'ഭാരതീപുര' എന്ന നോവൽ ആയിരുന്നെന്ന് ഓർക്കുന്നു.

ഞങ്ങൾ വാടകവീട്ടിലായിരുന്നപ്പോൾത്തന്നെ അനന്തമൂർത്തിക്ക് അമേരിക്കയിലെ അയോവാ സർവ്വകലാശാലയിൽ പ്രത്യേക പഠനത്തിന് പോകാൻ അവസരം ലഭിച്ചിരുന്നു. ''പോയി വരൂ. ഞാൻ മകളെ നോക്കിക്കോളാം'' ‐ ഞാൻ പറഞ്ഞു. ഒപ്പം അദ്ദേഹത്തിന്റെ അനുജൻ ഞങ്ങളുടെ വീട്ടിൽ താമസിച്ച് പഠിച്ചുകൊണ്ടിരുന്നതിനാൽ വീട്ടുകാര്യങ്ങൾ നടത്താൻ എനിക്ക് വളരെയധികം സഹായം ലഭിച്ചു.

ഞങ്ങളുടെ രണ്ടുമക്കൾക്കും ഇളയച്ഛനെന്നാൽ വലിയ സ്നേഹമായിരുന്നു. വൈകുന്നേരം അവരെ കളിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം അദ്ദേഹം തന്നെ. അനുരാധയെ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമൊക്കെ എന്റെ മച്ചുനൻ അനിൽ തന്നെ.

അനുവിനെ ടൂവീലറിലിരുത്തി സ്കൂളിലേക്ക് കൊണ്ടുപോകുമ്പോൾ ''ആരുണ്ട് ഗംഗോത്രീലേക്ക് വരാൻ... പറയൂ'' എന്ന് ടാക്സിഡ്രൈവറെപ്പോലെ വിളിച്ചു പറഞ്ഞ് അനിൽ അവളെ കളിയാക്കും. ''ഞാൻ നിന്റെ സ്കൂളിൽ വന്ന് ഹെഡ്മാസ്റ്ററുടെ അടുത്ത മുറിയിൽ കയറി ഇരിക്കും.

ഞാൻ വീട്ടിലെ വേലക്കാരനാണെന്ന് അവരോട് പറയണം.'' എന്നൊക്കെ പറഞ്ഞ് കുഞ്ഞിനെ ബുദ്ധിമുട്ടിക്കും. ഒടുവിൽ ''ഞാനിനി ഇളയച്ഛന്റെ കൂടെ സ്കൂളിൽ പോവില്ല'' എന്ന് അനു കരച്ചിലിന്റെ വക്കിലെത്തുന്നതുവരെ ഇത് തുടർന്നു. ഇന്ന് ആലോചിക്കുമ്പോൾ ഇതൊക്കെയും ഹിതകരമായ മുഹൂർത്തങ്ങളായിരുന്നല്ലോ എന്നോർത്ത് ചിരിച്ചുപോകും.

അനന്തമൂർത്തി അയോവായിലായിരുന്നപ്പോൾ ഒരിക്കൽ അനുവിന് തീവ്രമായ പനി ബാധിച്ചു. കുറെ ദിവസങ്ങളോളം പനി വിട്ടുമാറിയില്ല. ഇനിയെന്തായാലും ആസ്പത്രിയിൽ പ്രവേശിപ്പിക്കുകതന്നെ വേണമെന്ന് ഞങ്ങൾ ആലോചിച്ചു. റീജിയണൽ ലാംഗ്വേജ് സെന്ററിലെ പ്രൊഫസറുടെ പത്നി മിസ്സിസ് പട്നായക് ആസ്പത്രിയിൽ പോയി വരാൻ ഞങ്ങളെ സഹായിച്ചു. വൈദ്യപരിശോധനകളിൽ നിന്ന് രോഗത്തിന്റെ അടിസ്ഥാനം അഞ്ചാംപനിയാണെന്ന് വ്യക്തമായി. തക്കതായ മരുന്നു കഴിച്ചപ്പോൾ അനു സുഖം പ്രാപിച്ചു. വിവരമറിഞ്ഞ് അനന്തമൂർത്തി അസ്വസ്ഥനായിരുന്നു.

എന്റെ കൈവശം ഒരു ലൂണാ ഉണ്ടായിരുന്നു. അത് സത്യത്തിൽ എന്നെ സംബന്ധിച്ചടത്തോളം വളരെ അടുപ്പമുള്ള ഒരു കൂട്ടുകാരിയെപ്പോലെതന്നെ. വീട്ടിൽ ദൈനദിനം ആവശ്യമുള്ള ഭക്ഷണ പദാർഥങ്ങളെക്കുറിച്ചൊന്നും അനന്തമൂർത്തി ഒരിക്കലും തല പുകയ്ക്കാറില്ല. വേണ്ടുന്ന പ്രധാനപ്പെട്ട സാധനങ്ങളെല്ലാം ഞാൻ സിറ്റിയിൽ നിന്ന് ഓരോ ഞായറാഴ്ചയും ലൂണായിൽ കയറ്റിക്കൊണ്ട് വരുമായിരുന്നു. ഞങ്ങളുടെ വീട്ടിനടുത്ത് ഒരു 'കാക്കാ'യുടെ പെട്ടിക്കടയുണ്ട്. അയാൾ കേരളത്തിൽ നിന്ന് വന്നയാളാണ്. ചെറിയ സാധനങ്ങളെന്തെങ്കിലും ആവശ്യമുള്ളപ്പോൾ ഞാൻ ശരത്തിനെ അവിടേക്ക് അയക്കും.

കാക്കായ്ക്ക് കന്നഡ ശരിക്കറിയില്ല. ഇതു മനസ്സിലാക്കിയ ശരത് ഒരിക്കൽ കൂട്ടുകാരുമായി ചേർന്ന് 'കാക്കാക്കുട്ടീ കാക്കാക്കുട്ടീ' എന്ന് അയാളെ കുട്ടിക്കളിയെന്ന മട്ടിൽ പരിഹസിച്ചു. അതിന്റെ ധ്വനി കാക്കായ്ക്ക് പിടി കിട്ടി. ‘‘ആ പയ്യൻ ഇനി കടയിലേക്ക് വരട്ടെ, ഞാൻ കണ്ടോളാം'' എന്ന് അയാൾ പറഞ്ഞുപോലും. അതിനുശേഷം ശരത് ആ കടയിലേക്ക് പോകാതായി. ചെറിയ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാനും മച്ചുനനെത്തന്നെ അയക്കേണ്ടി വന്നു. അങ്ങനെ ഒരുനാൾ ചെന്നപ്പോൾ ഇക്കാര്യം മച്ചുനനോട് കാക്കാ പറഞ്ഞുവത്രെ. അയാൾ അതെന്നോടു പറഞ്ഞപ്പോൾ എനിക്ക് കരയണോ ചിരിക്കണോ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയായി.

എത്ര നാളാണ് ഈ വാടക വീട്ടിൽത്തന്നെ കഴിയുക! സ്വന്തമായി ഒരു വീടുവേണമെന്ന സ്വപ്നം എന്നിൽ തളിരിടാൻ തുടങ്ങിയിരുന്നു. അനന്തമൂർത്തിയോട് ഒരിക്കൽ ഇക്കാര്യം സൂചിപ്പിച്ചു. ''സ്വന്തം വീടുണ്ടാക്കുകയെന്നത് നമ്മളെപ്പോലുള്ളവർക്ക് കാണാവുന്ന സ്വപ്നമല്ല. കഴിയുന്നത്ര കാലം വാടക വീട്ടിൽ താമസിച്ച് സ്ഥലം വിടണം. അത്രതന്നെ. തത്ത്വജ്ഞാനിയെപ്പോലെ അനന്തമൂർത്തി പറഞ്ഞു. തന്റെ വായന, തന്റെ എഴുത്ത്, തന്റെ പാഠങ്ങൾ, തന്റെ വിദ്യാർഥികൾ, തന്റെ സ്നേഹിതർ, തന്റെ സിഗററ്റ്‐ഇവയൊഴികെ അദ്ദേഹത്തിന് മറ്റ് ആലോചനകളൊന്നുമില്ല. ഞാൻ മാത്രം ഞങ്ങളുടേതായ ഒരു വീട് വേണം എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

എന്റെ നിരന്തരമായ ആഗ്രഹം സഫലമാവുന്ന ദിവസം അടുത്തുകഴിഞ്ഞിരുന്നു. ഹൗസിങ്ങ് ബോർഡിലേക്ക് അപേക്ഷ അയച്ച് ഞങ്ങൾ ഒരു സൈറ്റ് നോക്കി. പക്ഷെ അഡ്വാൻസ് തുക കൊടുത്ത് അത് ബുക്ക് ചെയ്യണമല്ലൊ. അപ്പോൾ അതിന് മൂന്നുനാലായിരം രൂപ ആവശ്യമായിരുന്നു. എല്ലാം ചേർത്തുവെച്ചാലും ഞങ്ങളുടെ കൈയിൽ അത്രത്തോളം സമ്പാദ്യമുണ്ടായിരുന്നില്ല. അനന്തമൂർത്തിയുടെ പുസ്തകത്തിന്റെ ആദ്യ പ്രസാധകനായ സിന്ധുവള്ളി അനന്തമൂർത്തിയോട് ഞങ്ങൾ ആയിരം രൂപ കടം ചോദിച്ചു. ഒരാഴ്ചയ്ക്കകം തിരിച്ചുനൽകാമെന്ന ഉറപ്പോടെ കടം വാങ്ങുകയും ചെയ്തു.

എന്തായാലും ഞങ്ങൾക്ക് സൈറ്റിന്റെ ഉടമാവകാശം ലഭിച്ചു. പിന്നിട് വീടു പണിയണമെന്ന ചിന്ത തലയിൽ കയറി. ''കോണകത്തോളം പോന്ന സ്ഥലത്ത് എങ്ങനെയാ വീട് കെട്ടുക?'' അനന്തമൂർത്തി തമാശയായി പറഞ്ഞു. എന്തായാലും സ്വന്തമായി വീട് പണിയാൻ പോവുകയാണ്. മതിയാവോളം നീളവും വീതിയുമുള്ള സ്ഥലമുണ്ടെങ്കിൽനന്നായിരുന്നു എന്ന് എനിക്കും തോന്നി.

അപ്പോഴേക്കും ഞങ്ങളുടെ ചിന്താമണ്ഡലത്തിൽ ആലനഹള്ളി കൃഷ്ണ പ്രവേശിച്ചു.

ആലനഹള്ളി  കൃഷ്‌ണ

ആലനഹള്ളി കൃഷ്‌ണ

''ഭൂജംഗയ്യന്റെ ദശാവതാരങ്ങളുടെ’' സ്രഷ്ടാവായ ആലനഹള്ളി ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് സൂചിപ്പിച്ച് വീണ്ടും ഞങ്ങളെ ഹൗസിങ്ങ് ബോർഡ് ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോയി. അദ്ദേഹത്തിന് ഹൗസിങ്ങ് ബോർഡ് ചെയർമാനെ പരിചയമുണ്ടായിരുന്നു. ''ഇദ്ദേഹം നല്ല എഴുത്തുകാരനാണ്. ഇദ്ദേഹത്തിന് മൈസൂരിൽ ഒരു താമസസ്ഥലം വേണം. നിങ്ങൾ ഒരു സൈറ്റ് നൽകണം.'' എന്ന് കൃഷ്ണ ചെയർമാനോട് തറപ്പിച്ചു പറഞ്ഞു. അങ്ങനെ ഞങ്ങൾക്ക് ആലനഹള്ളിയുടെ ഭാഗത്തുനിന്ന് മറ്റൊരുസൈറ്റ് കുവെംപുനഗരയിൽ അനുവദിച്ചു കിട്ടി. കുറച്ചുകൂടി വലിയ സ്ഥലമായിരുന്നു അത്. വീടു പണിയാൻ തടസ്സമൊന്നുമില്ല. പക്ഷെ സ്ഥലം ബുക്ക് ചെയ്യുവാൻ അഡ്വാൻസ് കൊടുക്കണമല്ലൊ. പണം എവിടെ നിന്ന് കൊണ്ടുവരും?

''ബാങ്കിൽ നിന്ന് കടം വാങ്ങൂ'' ഞാൻ പറഞ്ഞു. ''ബാങ്കിൽ നിന്ന് കടം വാങ്ങി ഗഡുക്കളായി അടച്ചു തീർക്കുമ്പോൾ സിഗററ്റ് വലിക്കാനുള്ള പണം മറ്റാരോടെങ്കിലും ഇരക്കേണ്ടതായി വന്നേക്കും'' അനന്തമൂർത്തി പറഞ്ഞു. ഒടുവിൽ പഴയ സൈറ്റ് തിരിച്ചുകൊടുത്ത് വിലയിലുള്ള വ്യത്യാസം അടച്ചുതീർത്ത് പുതിയ സൈറ്റ് വാങ്ങാമെന്ന് തീരുമാനിച്ചു. ആലനഹള്ളി കൃഷ്ണയുമായി ഇതിനെക്കുറിച്ച് കൂടിയാലോചിച്ചു. ''സാർ, വെറുതെയിരിക്കൂ. രണ്ടുസൈറ്റും കിടന്നോട്ടെ! വരാൻ പോകുന്ന ദിവസങ്ങളിൽ അതും കിട്ടാൻ വിഷമമാവും.'' കൃഷ്ണ ശ്രദ്ധാപൂർവ്വം പറഞ്ഞു. അനന്തമൂർത്തി ഉടനെ തന്നെ ''നോ, രണ്ടും വെച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല. മറ്റൊരു സൈറ്റ് ആവശ്യമുള്ള ആർക്കെങ്കിലും കിട്ടിക്കോട്ടെ'' എന്നു പറഞ്ഞു.

അങ്ങനെ ഒരു സൈറ്റ് തിരികെ കൊടുത്ത് ഞങ്ങൾ മറ്റൊന്നു വാങ്ങി.

ഇനിയിപ്പോൾ പുതിയ സ്ഥലത്ത് വീടു പണിയണം.

അനന്തമൂർത്തി സ്വന്തം ജോലിയിൽ മുഴുകിയിരിക്കുന്ന ആളാണ്. കുട്ടികളാണെങ്കിൽ ഇനിയും ചെറുപ്പമാണ്. ഇത്തമൊരു സന്ദർഭത്തിൽ വീടുപണിയുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്നതായി ഞങ്ങളുടെ മുമ്പിലുള്ള പ്രശ്നം.

അനന്തമൂർത്തി സ്വന്തം ജോലിയിൽ മുഴുകിയിരിക്കുന്ന ആളാണ്. കുട്ടികളാണെങ്കിൽ ഇനിയും ചെറുപ്പമാണ്. ഇത്തമൊരു സന്ദർഭത്തിൽ വീടുപണിയുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്നതായി ഞങ്ങളുടെ മുമ്പിലുള്ള പ്രശ്നം.ഞങ്ങളുടെ പുണ്യത്തിന് വിദ്യാസാഗർ എന്ന ഒരു നല്ല ആർക്കിടെക്റ്റിനെ കിട്ടി. 'സംസ്കാര' ചലച്ചിത്രമാക്കിയ പട്ടാഭിരാമറെഡ്ഡിയുടെ മരുമകനായിരുന്നു അദ്ദേഹം. ഞങ്ങൾക്കായി അദ്ദേഹം ഒരു പ്ലാൻ ഉണ്ടാക്കിത്തന്നു. ഞങ്ങളുടെ മനോധർമ്മത്തിന് സമ്മതമാകുംവിധം ആയിരുന്നു അത്.

മൈസുർ നഗരം

മൈസുർ നഗരം

വിജയശങ്കർ എന്ന ഒരു ബിൽഡറേയും കിട്ടി. അദ്ദേഹവും സഹൃദയനായിരുന്നു. വീടു പണിയുന്നതിന്റെ കഷ്ടതകൾ ഞങ്ങളെ ബാധിക്കാത്ത വിധം ഇവരെല്ലാവരും സഹകരിച്ചു. ദിവസവും വൈകുന്നേരം അനന്തമൂർത്തി മകളേയും വിളിച്ചുകൊണ്ട് പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ സ്ഥലത്തേക്ക് പോയി ജോലിയുടെ മേൽനോട്ടം നോക്കാറുണ്ടായിരുന്നു.

മാനസഗംഗോത്രിയിലെ ഇംഗ്ലീഷ് വിഭാഗത്തിൽ പ്രൊഫസറായി അനന്തമൂർത്തിയുടെ നിയമനം സ്ഥിരപ്പെടുത്തിയിരുന്നതിനാൽ ബാങ്കിൽ നിന്ന് ഗൃഹനിർമ്മാണത്തിനുള്ള വായ്പ എടുക്കാൻ സാധിച്ചു. അതുകൊണ്ട് വീട്ടുപണി സുഗമമായി പുരോഗമിച്ചു. ഒന്നര വർഷം കൊണ്ട് വീട് പൂർത്തിയായി.

പുതിയ വീടിന് ഞങ്ങൾ 'അഭയ' എന്നു പേരുവെച്ചു. 1978 ഒക്ടോബർ/നവംബർ മാസത്തിൽ ‐ തീയ്യതി ഓർമ്മയിൽ തെളിയുന്നില്ല ‐ ഞങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചു. തീർത്ഥഹള്ളിയിൽ നിന്ന് അമ്മായിയമ്മയും മച്ചുനന്മാരും അനേകം ബന്ധുക്കളും വന്നിരുന്നു. മൈസൂരുവിലെ സുഹൃത്തുക്കളെല്ലാവരും മംഗളമാശംസിക്കാൻ വന്നിരുന്നു.

ഹെഗ്ഗോഡുവിൽ നിന്ന് സുബ്ബണ്ണ വന്നത് ഞങ്ങൾക്കെല്ലാവർക്കും സവിശേഷമായ ആഹ്ലാദം പകർന്നു. പട്ടണം ഉപേക്ഷിച്ച് അവിടെത്തന്നെ ചിന്താപരമായ ജീവിതം കെട്ടിപ്പടുത്ത സുബ്ബണ്ണ വീണ്ടും പട്ടണത്തിലേക്ക് വന്നുപോകുന്നത് അതുവരെ അപൂർവ്വമായിരുന്നു.

അമ്മായിയമ്മയുടെ ഇച്ഛയനുസരിച്ച് വീട്ടിലേക്ക് പശുവിനെ പ്രവേശിപ്പിച്ചശേഷം ശുഭമുഹൂർത്തത്തിൽ ഞങ്ങളെല്ലാവരും കാലെടുത്തുവെച്ചു. ഞങ്ങളുടേത് കുവെംപുനഗർ കോളനിയാണെങ്കിലും അത് തൊണച്ചികൊപ്പലിനോട് ചേർന്ന ഭാഗമായിരുന്നു.

ഞങ്ങൾ പുതുതായി കെട്ടിയ വീടിന്റെ മുൻവശത്തുതന്നെ ഒരു ശ്മശാനമുണ്ട്. കൊപ്പയിൽ മരിച്ചവരെ അവിടെയാണ് സംസ്കരിക്കാറ്. ഗ്രഹപ്രവേശത്തിന്റെ ദിവസം മുകളിലത്തെ നിലയിൽ ഞങ്ങളുടെ ബന്ധുക്കൾ ഇരുന്നപ്പോൾ ദൂരെ തീ എരിയുന്നത് കാണായി. ആരോ ശവം കത്തിക്കുകയായിരുന്നു.

ഞങ്ങൾ പുതുതായി കെട്ടിയ വീടിന്റെ മുൻവശത്തുതന്നെ ഒരു ശ്മശാനമുണ്ട്. കൊപ്പയിൽ മരിച്ചവരെ അവിടെയാണ് സംസ്കരിക്കാറ്. ഗ്രഹപ്രവേശത്തിന്റെ ദിവസം മുകളിലത്തെ നിലയിൽ ഞങ്ങളുടെ ബന്ധുക്കൾ ഇരുന്നപ്പോൾ ദൂരെ തീ എരിയുന്നത് കാണായി. ആരോ ശവം കത്തിക്കുകയായിരുന്നു. ''ഛീ... ഇങ്ങനെയുള്ള സ്ഥലത്ത് എന്തിനാ വീടു കെട്ടിയത്?'' എന്ന് എല്ലാവരും ആക്ഷേപിച്ചു. അനന്തമൂർത്തി ഒന്നും മിണ്ടിയില്ല.

വീട്ടിൽ നിന്ന് വീട്ടിലേക്ക് മാറുമ്പോൾ ചുമന്നുകൊണ്ടു പോകാൻ ഏറെ വസ്തുക്കളൊന്നും ഞങ്ങൾക്കില്ലായിരുന്നു. ഞാനാണെങ്കിൽ അത്യാവശ്യത്തിനു വേണ്ടുന്ന സാധനങ്ങൾ മാത്രമേ വീട്ടിൽ വാങ്ങിവെക്കാറുള്ളൂ. പക്ഷെ പുസ്തകങ്ങളുടെ ഒരു വലിയ കൂമ്പാരം മാത്രമായിരുന്നു ഞങ്ങളുടെ മുഖ്യമായ സമ്പത്ത്. പുതിയ വീട്ടിന്റെ എല്ലാ മുറികളിലും പുസ്തകത്തിന്റെ റാക്കുകളും നിവൃത്തിയുള്ളിടത്തൊക്കെയും പുസ്തകങ്ങൾ വെക്കാനുള്ള സൗകര്യവും ഏർപ്പാടു ചെയ്തിരുന്നു.

മുഖ്യമായും മുകളിലത്തെ നിലയിലേക്ക് കയറുന്ന പടികളുടെ താഴെയുള്ള സ്ഥലത്തും നിറയെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ സൗകര്യങ്ങളാണ് പിൽക്കാലത്ത് 'റുജുവാതു' പത്രത്തിന്റെ ഓഫീസായത്. അനന്തമൂർത്തിയുടെ ശിഷ്യരായ മീനാ മൈസൂരു, പട്ടാഭി, സർവ്വമംഗള തുടങ്ങിയവർ ഇടക്കിടെ വന്ന് 'റജുവാതു'വിന്റെ താളുകൾ ഒരുക്കുവാൻ സഹായിച്ചിരുന്നു.

ഞങ്ങളിലെ ജീവകാരുണ്യത്തിന്റെ ഭാവം പ്രകടിപ്പിക്കാൻ അവസരമൊരുക്കിത്തന്ന രണ്ടു ജീവികളെക്കുറിച്ച് എനിക്ക് പറഞ്ഞേ തീരൂ. ഒന്ന് പ്ലൂട്ടോ. ഇനിയൊന്ന് റൂബി. ശീലിച്ച വാക്കുകളിൽ പറയുകയാണെങ്കിൽ പ്ലൂട്ടോ ഒരു നാടൻ പട്ടിയാണ്. വീടുതോറും തെണ്ടിനടന്നിരുന്ന അവൻ ഒരു ദിവസം സരസ്വതീപുരത്തെ ഞങ്ങളുടെ വാടക വീട്ടിൽ അപൂർവ്വതയുടെ അതിഥിയായി വന്നു.

പുതിയ വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങൾ അവനെ ഒപ്പം കൊണ്ടുപോന്നു. അവൻ ഇടയ്ക്ക് വല്ലപ്പോഴുമാണ് വീട്ടിൽ വന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ ഒരു സ്ഥിരമായ കാവൽക്കാരൻ വേണമെന്നു കരുതി അൽസേഷ്യൻ ഇനത്തിലുള്ള ഒരു നായയെ കൊണ്ടുവന്നു. ഞങ്ങളതിനെ റൂബി എന്നു വിളിച്ചു. അതിനൊരു കൂടും തയ്യാറാക്കി. ആദ്യം അന്യോന്യം മുരണ്ടുകൊണ്ടിരുന്ന ഈ രണ്ടു നായ്ക്കളും പതുക്കെ സ്നേഹത്തിലായി. പ്ലൂട്ടോയ്ക്കും റൂബിക്കും ഊണു വിളമ്പിയ ശേഷമേ ഞങ്ങൾ ഉണ്ണാനിരിക്കുകയുള്ളൂ.

രണ്ടു നായ്ക്കളും ജീവിക്കുന്ന ശൈലി വെവ്വേറെയാണ്. ഒരു നായക്ക് കൂട്ടിലിരിക്കുന്നതാണ് ശീലം. മറ്റൊന്നിന് വയറു നിറഞ്ഞയുടനെ ഗെയിറ്റിനു പുറത്തേക്ക് ഓടണം. അതിനും ഒരു ദിനചര്യയുണ്ടായിരുന്നു. ഞാൻ കാലത്ത് ലൂണാ സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും ഹാജരായി ലൂണായുടെ പുറകേ അൽപ്പദൂരം ഓടിവരും. എന്നിട്ട് വീണ്ടും തനിക്ക് തന്റെ വഴി എന്ന മട്ടിൽ ഊരുചുറ്റാൻ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ നീങ്ങും. വൈകുന്നേരം എന്റെ ലൂണാ ഗെയിറ്റിനടുത്തു വന്നു നിൽക്കുമ്പോൾ എങ്ങനെയായാലും പ്ലൂട്ടോ അവിടെ ഹാജരുണ്ടാവും.

ശരത്ത്‌, എസ്‌തർ, അനു

ശരത്ത്‌, എസ്‌തർ, അനു

അനുവിന് നായ്ക്കളോട് വലിയ സ്നേഹമായിരുന്നു. രാത്രി പ്ലൂട്ടോയെ കണ്ടില്ലെങ്കിൽ അവൾ കരയും. എങ്ങനെയും പ്ലൂട്ടോയെ തിരഞ്ഞുപിടിച്ച് കൊണ്ടുവരാൻ എന്റെ മച്ചുനൻ ഇറങ്ങും. കഷ്ടപ്പെട്ട് അതിനെ എങ്ങനെയെങ്കിലും കൊണ്ടുവന്നാലും വീണ്ടും അത് ഓടിക്കളയുമായിരുന്നു.

എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് എന്തൊക്കെയോ തിന്ന് ആരോഗ്യം പാഴാക്കിക്കളയുമെന്നതിനാൽ ചിലപ്പോൾ അതിനെ ടെറസ്സിൽ കുടുക്കിക്കളയും. കാലത്തു നോക്കുമ്പോൾ അവിടെ കാണുകയുമില്ല. അത്രയും ഉയരത്തിൽ നിന്ന് അത് ചാടി ഓടുമായിരുന്നു. പിന്നെപ്പിന്നെ ഞങ്ങളതിനെ വീട്ടിനകത്തുതന്നെ നിർത്തി. ആകെ വൃത്തികേടുണ്ടാക്കി വലിയ പ്രശ്നമായപ്പോൾ എന്നത്തേയും പോലെ അതിനെ സ്വതന്ത്രമായ ജീവിതത്തിലേക്ക് ഞങ്ങൾ തുറന്നുവിട്ടു.

ഇങ്ങനെയുള്ള പ്ലൂട്ടോയ്ക്ക് ഒരിക്കൽ ഏതോ അസുഖം ബാധിച്ച് അതിന്റെ കൈകാലുകൾ തളർന്നുപോയി. വീടിന്റെ പിൻവശത്ത് ചരക്കുകൾ നിറച്ചുവെക്കുന്ന മുറിയിൽ ഞങ്ങളതിനെ കിടത്തി. നടക്കാൻ കഴിയാതെ അത് കിടന്നിടത്തുതന്നെ കഴിച്ചുകൂട്ടി. ഇടക്കിടെ വേദനയാൽ ഊളിയിട്ടുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ അനന്തമൂർത്തിയും തീവ്രമായ പനി ബാധിച്ച് മുകളിലത്തെ മുറിയിൽ കിടക്കുന്നുണ്ടായിരുന്നു.

അദ്ദേഹം ഇടക്കിടെ എന്നെ വിളിച്ച് നായ എന്തിനാണ് ഊളിയിട്ടുകൊണ്ടിരിക്കുന്നത്, പോയി നോക്കൂ എന്നു പറഞ്ഞ് എന്നെ അങ്ങോട്ടയച്ചു. വിഷാദത്തിന്റെ ഒരു മുഹൂർത്തമെന്നപോലെ അത് ഇപ്പോഴും മനസ്സിൽ അവശേഷിക്കുന്നുണ്ട്. നായ കിടന്നു പടിയ്ക്കുന്നതു കണ്ടപ്പോൾ അത് വല്ലാത്ത യാതന അനുഭവിക്കുന്നുണ്ടെന്ന് തോന്നി. അതിന് 'ദയാമരണം' നൽകുന്നതിനെക്കറിച്ചും ഞങ്ങൾ ആലോചിച്ചുപോയി. അക്കാര്യം അറിഞ്ഞപ്പോൾ അങ്ങനെ ചെയ്യരുതെന്നു പറഞ്ഞ്‌ ഞങ്ങളുടെ മകൾ അനു വലിയ ബഹളമുണ്ടാക്കി.

ഇഞ്ചക്ഷൻ കൊടുക്കാൻ വന്ന മൃഗഡോക്ടറെ നായയുടെ അടുത്തേക്ക് ചെല്ലുന്നതിൽ നിന്ന് അവൾ തടഞ്ഞു. ഒടുവിൽ പ്ലൂട്ടോയെ യാതനയിൽ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവൾ വീട്ടിലുള്ളപ്പോൾത്തന്നെ ഡോക്ടറെ വരുത്തി ഇഞ്ചക്ഷൻ കൊടുത്ത് പ്ലൂട്ടോയ്ക്ക് ദയാമരണം നൽകിയെന്നത് കയ്പേറിയ സത്യമാണ്.

റൂബി ഏറെക്കാലം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. വീട്ടിലേക്കു വരുന്ന എല്ലാവരും അതിനെ ഭയപ്പെട്ടു. പട്ടിയെ കെട്ടിയിടൂ എന്ന് ഗെയിറ്റിൽ നിന്നുതന്നെ അവർ വിളിച്ചു പറയും. റൂബിക്കും അത് ശീലമായി. ആരെങ്കിലും വരുമ്പോൾ 'എന്നെ കെട്ടിയിടൂ' എന്ന ഭാവത്തിൽ അത് ഞങ്ങളുടെ അടുത്തുവന്ന് കഴുത്തു നീട്ടുമായിരുന്നു. വന്നവർ തിരിച്ചുപോകുന്നതുവരെ അത് ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാറില്ല. ഏതാനും വർഷങ്ങളോളം ഞങ്ങളുടെ കുടുംബാംഗമെന്നപോലെ കഴിച്ചുകൂട്ടിയ റൂബിയും ഒരു ദിവസം കണ്ണടച്ചു.

ഇന്ന് (ഇതെഴുതുന്ന ദിവസം) അധ്യാപക ദിനമാണ്. ഒരു കാലത്ത് ഞാൻ അധ്യാപികയായിരുന്നു എന്നത് ഓർമ്മിപ്പിക്കാനെന്നപോലെ ചില ശിഷ്യർ ഫോൺചെയ്ത് ആശംസകൾ നേരുന്നുണ്ട്. കാലത്ത് ഫണി എന്നെ ഒരുവൻ വിളിച്ചിരുന്നു. ഹൈസ്കൂളിൽ ഞാനവനെ കണക്കും സയൻസും പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോഴവൻ വിദേശത്ത് ജോലി ചെയ്യുകയാണ്. ഈയിടെ മൈസൂരുവിൽ വന്നിരുന്നുവത്രെ. ''ടീച്ചർ, നിങ്ങൾ ഞങ്ങൾക്കു വേണ്ടി ‘ധ്രുവൻ’ എന്ന നാടകം ചെയ്തുതന്നിരുന്നു. അത് ഇനിയും മറന്നിട്ടില്ല'' അവൻ പറഞ്ഞു. പഴയ കാര്യങ്ങൾ ഓർത്തപ്പോൾ സന്തോഷം തോന്നി. പൂർണചന്ദ്ര തേജസ്വിയുടെ മകൾ സുഷ്മിത എന്റെ വിദ്യാർഥിയായിരുന്നു. അവളും അധ്യാപക ദിനത്തിൽ ആശംസകൾ നേരാറുണ്ട്  . ( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top