09 December Saturday

അനന്ത സ്മൃതി-5 യു ആർ അനന്തമൂർത്തിയുടെ ഓർമകളിലൂടെ...എസ്തർ അനന്തമൂർത്തി

എസ്തർ അനന്തമൂർത്തി , വിവർത്തനം : സുധാകരൻ രാമന്തളിUpdated: Tuesday Sep 19, 2023

വിദേശത്തേക്ക് പോകുന്നതിനുമുമ്പ് കൈക്കുഞ്ഞായിരുന്ന ശരത് ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടിയായി വളർന്നതു കണ്ട് എന്റെ അച്ഛൻ വളരെയധികം ആഹ്ലാദിച്ചു. വൈകുന്നേരം പാർക്കിൽ അലഞ്ഞുതിരിയാൻ അദ്ദേഹം അവനെ കൊണ്ടുപോയി

വന്നാലും കിളിരാമ, വന്നാലും

ഇംഗ്ലണ്ടിൽ നിന്നു പുറപ്പെട്ട് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഞങ്ങളെ സ്വീകരിക്കാൻ എന്റെ അച്ഛൻ വന്നിട്ടുണ്ടായിരുന്നു. കപ്പൽ വഴി വന്ന ലഗ്ഗേജ് സംഭരിച്ച് അത് നാട്ടിലേക്കയക്കാൻ മുംബൈയിൽ ചില ദിവസങ്ങൾ താമസിക്കണമായിരുന്നു. അതുകൊണ്ട് ഞങ്ങൾ നേരെ അനന്തമൂർത്തിയുടെ ആത്മസുഹൃത്തായ യശ്വന്ത് ചിത്താളിന്റെ വീട്ടിലേക്ക് ചെന്നു.

ചിത്താൾ ഞങ്ങളെ എല്ലാവരേയും സ്നേഹപൂർവം സ്വീകരിച്ചു. നാലുവർഷക്കാലം വിദേശത്ത് എന്റെ വീട്, എന്റെ ഭർത്താവ്, എന്റെ മക്കൾ എന്നിങ്ങനെയുള്ള ഇടുങ്ങിയ ലോകത്തിൽ സ്വയം മറന്ന് കഴിഞ്ഞിരുന്നവൾ ഭാരതീയ ശൈലിയിലുള്ള ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവിടെ ബാത്ടബ്ബിൽ മുങ്ങിക്കുളിച്ചിരുന്ന ഞങ്ങളുടെ മക്കൾ ഇവിടത്തെ ബാത്റൂമിൽ ചൂടുവെള്ളം കുടത്തിലെടുത്ത് തലയിലൊഴിക്കുമ്പോൾ ശ്വാസംമുട്ടുന്നപോലെ തോന്നുന്നുവെന്ന് പറഞ്ഞ് ബഹളംവെച്ചു.

സോളാറോ ഗീസറോ ഇല്ലാതിരുന്ന ആ ദിവസങ്ങളിൽ വെള്ളം ചൂടാക്കാൻ ഇലക്ട്രിക്ക് കോയിൽ ഉപയോഗിച്ചിരുന്നു. ഒരിക്കൽ സ്വിച്ച് ഓണായിരിക്കെ കോയിലിട്ടുവെച്ച ബക്കറ്റിൽ കൈവെച്ച് എനിക്ക് വൈദ്യുതാഘാതമുണ്ടായി. ''ഇനിയും ഇംഗ്ലണ്ടിൽത്തന്നെയാണെന്ന് ഭ്രമിക്കരുത്. ഇവിടത്തെ രീതികളുമായി പൊരുത്തപ്പെടാൻ പഠിച്ചോളൂ''. അനന്തമൂർത്തി പറഞ്ഞു.

വിദേശത്തേക്ക് പോകുന്നതിനുമുമ്പ് കൈക്കുഞ്ഞായിരുന്ന ശരത് ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടിയായി വളർന്നതുകണ്ട് എന്റെ അച്ഛൻ വളരെയധികം ആഹ്ലാദിച്ചു. വൈകുന്നേരം പാർക്കിൽ അലഞ്ഞുതിരിയാൻ അദ്ദേഹം അവനെ കൊണ്ടുപോയി. ഒരിക്കൽ ഐസ്ക്രീം വാങ്ങിക്കൊടുത്തു. വീട്ടിൽ വന്നശേഷം ശരത് ഐസ്ക്രീം തിന്നതിനെപ്പറ്റി പറഞ്ഞു. ഉടനെ ഞാൻ അവനെ ശാസിച്ചു. ''ഛീ... ഇനി തെരുവോരത്തുനിന്ന് ഐസ്ക്രീം വാങ്ങി തിന്നാൻ പാടില്ല.

ഏതുതരം വെള്ളംകൊണ്ടാണാവോ അതുണ്ടാക്കുന്നത്!'' അതുകേട്ട അനന്തമൂർത്തി ''എസ്തർ, നീ വെറുതെയിരിക്ക്. അങ്ങനെ ഒന്നും സംഭവിക്കില്ല'' എന്നു പറഞ്ഞശേഷം നയത്തിൽ ഇങ്ങനെ സൂചിപ്പിച്ചു: ''ഇത്തരം ഫോബിയ നല്ലതല്ല.

അനന്തമൂർത്തി ( ഇരിക്കുന്നവരിൽ അഞ്ചാമത്‌) മൈസൂരു-വിലെ   റീജിയണൽ കൊളേജ്- ഓഫ്- എഡ്യുക്കേഷനിൽ

അനന്തമൂർത്തി ( ഇരിക്കുന്നവരിൽ അഞ്ചാമത്‌) മൈസൂരു-വിലെ റീജിയണൽ കൊളേജ്- ഓഫ്- എഡ്യുക്കേഷനിൽ

വിദേശത്തെ സാനിറ്ററി പ്യൂരിറ്റിയെപ്പോലെതന്നെ ഇവിടെയും വേണമെന്ന് കരുതുന്ന മനോഭാവം ഇനിയും നീ കൈവിട്ടില്ലല്ലോ''. വിദേശത്തായിരുന്നതിന്റെ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ എനിക്കൽപ്പം സമയം വേണ്ടിവന്നു. അദ്ദേഹം ഇടക്കിടെ അതിനെക്കുറിച്ച് പറയുമായിരുന്നു.

ചിത്താളിനോട് നന്ദി പറഞ്ഞ് ഞങ്ങൾ ബംഗളൂരുവിലേക്കുള്ള തീവണ്ടിയിൽ കയറി. ലഗ്ഗേജുകളുമായി ബംഗളൂരുവിലെ എന്റെ അമ്മയുടെ വീട്ടിൽ ഒരാഴ്ച താമസിച്ചു. അവിടെനിന്ന് വീണ്ടും മൈസൂരുവിലേക്കുള്ള യാത്ര. വിദേശത്തുനിന്ന് പിഎച്ച്ഡി നേടി വന്നിട്ടും മാനസഗംഗോത്രിയിൽ പ്രൊഫസർ ജോലി കിട്ടിയില്ല. അനന്തമൂർത്തിയുടെ കന്നഡഭാഷാപരമായ നിലപാട് അവിടത്തെ ഇംഗ്ലീഷ് പ്രൊഫസർമാർക്ക് ഇഷ്ടപ്പെട്ടില്ല.

അദ്ദേഹത്തിന് വിദേശത്തുനിന്നുള്ള പിഎച്ച്ഡിയടക്കം വിദ്യാഭ്യാസയോഗ്യതകൾ ഉണ്ടായിരുന്നെങ്കിലും ആ സന്ദർഭത്തിൽ അതൊന്നും പ്രയോജനപ്പെട്ടില്ല. അങ്ങനെ മൈസൂരുവിലെ റീജിയണൽ കൊളേജ് ഓഫ് എഡ്യുക്കേഷനിൽ ഇംഗ്ലീഷ് വിഭാഗത്തിൽ റീഡറായി അദ്ദേഹം ചേർന്നു. ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയായിരുന്ന മിസ് ചാരി നല്ലൊരു സഹൃദയ ആയിരുന്നു. കൂടാതെ വിശ്വനാഥ മിർലെ, ബാലഗോപാൽ വർമ്മ, രാജീവ് താരാനാഥ് തുടങ്ങിയ പ്രതിഭാശാലികൾ അവിടെ ഉണ്ടായിരുന്നു.

അനന്തമൂർത്തി ഉദ്യോഗമന്വേഷിച്ച് അലഞ്ഞുനടന്നപ്പോൾ ഞാൻ പുതിയ വാടകവീട്ടിൽ കുടുംബം നടത്തുന്നതിന്റെ, കുട്ടികളെ പുതിയ സ്ഥലവുമായി പൊരുത്തപ്പെടുത്തുന്നതിന്റെ, തിരക്കിലായിരുന്നു. മൈസൂരുവിലെ സുഹൃത്തുക്കൾ നേരത്തേതന്നെ കുക്കരഹള്ളി തടാകത്തിന്റെ അടുത്തായി സരസ്വതീപുരത്ത്, ഒരു വാടകവീട് ഏർപ്പാടാക്കിത്തന്നിരുന്നു.

അനന്തമൂർത്തി ഉദ്യോഗമന്വേഷിച്ച് അലഞ്ഞുനടന്നപ്പോൾ ഞാൻ പുതിയ വാടകവീട്ടിൽ കുടുംബം നടത്തുന്നതിന്റെ, കുട്ടികളെ പുതിയ സ്ഥലവുമായി പൊരുത്തപ്പെടുത്തുന്നതിന്റെ, തിരക്കിലായിരുന്നു. മൈസൂരുവിലെ സുഹൃത്തുക്കൾ നേരത്തേതന്നെ കുക്കരഹള്ളി തടാകത്തിന്റെ അടുത്തായി സരസ്വതീപുരത്ത്, ഒരു വാടകവീട് ഏർപ്പാടാക്കിത്തന്നിരുന്നു. ഒരു അയ്യങ്കാരുടെ വീടായിരുന്നു അത്. വീട്ടുടമ നല്ല മനുഷ്യൻ തന്നെ. പന്ത്രണ്ടുവർഷം ആ വീട് ഞങ്ങൾക്ക് അഭയമായി.

ഞാൻ എന്റെ ബിഎസ്സി ഡിഗ്രി ഫൈനൽ ഇയർ പൂർത്തിയാക്കിയിരുന്നെങ്കിലും വിവാഹിതയാവുന്നതിന്റെ ബദ്ധപ്പാടിൽ പരീക്ഷയ്ക്ക് ഇരുന്നില്ല. ഡിഗ്രി സർട്ടിഫിക്കറ്റില്ലാതെ, വിവാഹിതയായി ഭർത്താവിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറന്നു. ഇപ്പോൾ ഞാനും അൽപ്പം വരുമാനമുണ്ടാക്കി സംസാരരഥത്തെ മുമ്പോട്ടു നീക്കുവാൻ സഹായിക്കാമല്ലോ എന്ന് എനിക്ക് തോന്നി.

എന്തെങ്കിലുമൊരു ഉദ്യോഗം ലഭിക്കണമെങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നു. വിവാഹം, വീട്, കുട്ടികൾ തുടങ്ങിയ ചില കഷ്ടപ്പാടുകൾക്കിടയിൽ കോളേജിലെ പാഠങ്ങൾ ഞാൻ പാടേ മറന്നുപോയിരുന്നു. വീണ്ടും അതൊക്കെ ഓർമിച്ചുകൊണ്ട് പരീക്ഷയ്ക്കിരിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് റെഗുലർ ക്ലാസ്സിൽ ഹാജരാവണമെന്ന് ഞാൻ തീരുമാനിച്ചു.

നാടകകലാകാരനായ സിന്ധുവള്ളി അനന്തമൂർത്തി ഞങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം തനിക്ക് പരിചയമുള്ള ശാരദാ കോളേജ് ക്ലാസ്സിൽ ചേരാൻ എന്നെ സഹായിച്ചു. കോളേജിലെ എന്റെ സഹപാഠികൾ എന്നേക്കാൾ ഇളയവരായിരുന്നു. ഞാൻ വിവാഹിത മാത്രമല്ല, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും കൂടിയാണ്. സ്നേഹിതമാർക്കിടയിൽ ഞാൻ വേറിട്ടുതന്നെ കാണപ്പെട്ടു.

എന്നാൽ എനിക്ക് ഏറ്റവുമടുപ്പമുള്ള ആത്മസുഹൃത്തുക്കൾ ചിലരുണ്ടായിരുന്നതിനാൽ ഒറ്റപ്പെടൽ എന്നെ അലട്ടിയില്ല. ''രണ്ടു പരീക്ഷയിൽ പാസ്സാവും പോലും!'' എന്നു ചിലർ എന്റെ പുറകിൽ നിന്ന് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഘട്ടം ഘട്ടമായി ഫിസിക്സും കെമിസ്ട്രിയും ജയിച്ച് ഞാൻ ഡിഗ്രി പൂർത്തിയാക്കി. ഹൈസ്കൂൾ അധ്യാപികയാവാൻ ബിഎഡ് ചെയ്യാമെന്ന് ആലോചിച്ചു. പഠിക്കാനുള്ള എന്റെ ആഗ്രഹത്തെ അനന്തമൂർത്തി ഒരിക്കലും അവഗണിച്ചിരുന്നില്ല. ഞാൻ ബിഎഡ് പൂർത്തിയാക്കി എംഎഡും ചെയ്തു. ഗംഗോത്രി ഹൈസ്കൂളിൽ എനിക്ക് ജോലിയും കിട്ടി. അവിടെ ഏതാണ്ട് പതിനേഴ് വർഷക്കാലം അധ്യാപികയായിരുന്നു. പ്രധാനാധ്യാപികയെന്ന ഉത്തരവാദിത്വവും നിറവേറ്റി. അതിരിക്കട്ടെ.

ഇംഗ്ലണ്ടിൽ നിന്നു വന്നശേഷം ഞങ്ങൾ തിർത്ഥഹള്ളിയിലെ അനന്തമൂർത്തിയുടെ വീട്ടിൽ ചെന്നു. ഞങ്ങൾ വിദേശത്തേക്ക് പോകുമ്പോൾ അനുഭവിച്ചിരുന്ന അന്യഥാത്വം ഇപ്പോൾ ഇല്ലായിരുന്നു. ആദ്യമായി എന്റെ വീടാണ് അതെന്ന് എനിക്ക് തോന്നി.

ഇംഗ്ലണ്ടിൽ നിന്നു വന്നശേഷം ഞങ്ങൾ തിർത്ഥഹള്ളിയിലെ അനന്തമൂർത്തിയുടെ വീട്ടിൽ ചെന്നു. ഞങ്ങൾ വിദേശത്തേക്ക് പോകുമ്പോൾ അനുഭവിച്ചിരുന്ന അന്യഥാത്വം ഇപ്പോൾ ഇല്ലായിരുന്നു. ആദ്യമായി എന്റെ വീടാണ് അതെന്ന് എനിക്ക് തോന്നി. മകൻ ഇംഗ്ലണ്ടിൽ ചെന്ന് ഡോക്ടറേറ്റ് ചെയ്തു വന്നുവെന്നതിൽ അനന്തമൂർത്തിയുടെ അച്ഛനുമമ്മയും അത്യധികം സന്തോഷിച്ചു.

ഒപ്പം 'ആരതിക്കായി ഒരു പെൺകുട്ടി'യും ജനിച്ചു. എന്റെ കൈയിൽനിന്ന് കുഞ്ഞിനെയെടുത്ത് അമ്മായിയമ്മ പറഞ്ഞു. ''അല്ലെടീ, ഇംഗ്ലണ്ടിൽ പിറന്നതാണെന്നല്ലെ പറഞ്ഞത്? പിന്നെന്താ ഇതിന്റെ നിറം ഇങ്ങനെ കറുത്തിരിക്കുന്നത്?'' അതുകേട്ട് എല്ലാവരും ചിരിച്ചു. ''എന്തു ചെയ്യാൻ! നിങ്ങളുടെ മകൻ എത്ര വെളുത്തിട്ടെന്തുകാര്യം! ഞാൻ കറുത്തിട്ടാണല്ലോ''.  ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. നാലു വയസ്സുകാരനായ ശരത് വീട്ടിലുള്ളവരോടൊക്കെ ഇംഗ്ലീഷിൽ സംസാരിച്ച് അവരെ അമ്പരപ്പിച്ചു. എന്റെ അമ്മായിയപ്പൻ സമ്പ്രദായങ്ങളനുസരിച്ച് വേണം പോകാൻ എന്ന മട്ടിൽ ''ചെറുക്കന് കാതുകുത്തണമല്ലോ'' എന്നു പറഞ്ഞു. അവൻ ഉറക്കെ പറഞ്ഞു, ആവില്ലെന്ന്.

ശരത്തിനെ മൈസൂരുവിലെ  സെന്റർ ഫോർ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു. ഇംഗ്ലണ്ടിൽ ഇംഗ്ലീഷ് ശീലമായതുകൊണ്ട് ഇവിടെ ബുദ്ധിമുട്ടാവരുത് എന്നു കരുതിയാണ് അവന് ഇംഗ്ലീഷ് മീഡിയം തന്നെ തിരഞ്ഞെടുത്തത്. ആ സ്കൂളിൽ അഞ്ചാം ക്ലാസ്സിനുശേഷം കന്നഡ പഠിപ്പിക്കാൻ സാധിക്കില്ലല്ലൊ. അനന്തമൂർത്തി സ്കൂൾ അധികൃതരോട് അപേക്ഷിച്ചു. അപേക്ഷ അവർ അംഗീകരിച്ചില്ല. തന്റെ മക്കൾ കന്നഡ ഭാഷയിൽ നിന്ന് അകന്നുപോകാൻ പാടില്ല എന്നത് അനന്തമൂർത്തിയുടെ ഉറച്ച നിലപാടായിരുന്നു. ആദ്യവർഷം കഴിഞ്ഞയുടനെ ശരത്തിനെ ആ സ്കൂളിൽ നിന്ന് മാറ്റി, ജെഎസ്എസ് സ്കൂളിൽ ചേർത്തു. അവിടത്തെ ആദ്യത്തെ ക്ലാസ്സ് മുതൽക്കേ കന്നഡ പഠിപ്പിച്ചിരുന്നു.

എല്ലാ ദിവസവും രാവിലെ ഞാനും അനന്തമൂർത്തിയും കുക്കരഹള്ളി തടാകത്തിന്റെ തീരത്തുകൂടെ നടക്കാൻ പോകും.

കുക്കരഹള്ളി തടാകം

കുക്കരഹള്ളി തടാകം

ആർ കെ  നാരായൺ, സി ഡി  നരസിംഹയ്യ തുടങ്ങിയ മഹാ പ്രതിഭകൾ പുലർകാലത്തെ മഞ്ഞിനുതാഴെ ചുവടുവെച്ചു നീങ്ങുന്നത് അടുത്തുനിന്ന് കണ്ട് ആനന്ദിക്കുവാനുള്ള അവസരം ലഭിച്ചു.

സരസ്വതീപുരത്തെ ഞങ്ങളുടെ വാടകവീട്ടിലേക്ക് എത്രയെത്ര ചിന്തകന്മാരും എഴുത്തുകാരും രാഷ്ട്രീയനേതാക്കളുമാണ് അനന്തമൂർത്തിയെ കാണാൻ വന്നിരുന്നത്! അവർക്കെല്ലാം ഞാൻ കാപ്പിയുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പക്ഷേ ആ വ്യക്തികളുടെ മഹത്വമെന്തെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു. ശാന്തവേരി ഗോപാലഗൗഡ, ജെ എച്ച് പാട്ടീൽ, കോണന്തൂരു ലിംഗപ്പ തുടങ്ങി അനേകം സോഷ്യലിസ്റ്റ് നേതാക്കൾ ഞങ്ങളുടെ വീട്ടിലെ സ്ഥിരം അതിഥികളായിരുന്നു.

അവധിക്കാലത്ത് ബംഗളൂരുവിലേക്ക് പോകുമ്പോൾ എന്റെ അമ്മയുടെ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അനന്തമൂർത്തി വന്നിറങ്ങിയെന്ന് അറിയുമ്പോഴേക്കും വരിവരിയായി സ്നേഹിതന്മാർ വന്നു നിറയുമായിരുന്നു. ''എന്താടീ, നിന്റെ ഭർത്താവിന്റെ മണമടിക്കുമ്പോഴേക്കും കൂട്ടുകാർ വന്നു നിറയുകയാണല്ലോ...?'' എന്ന് കളിയാക്കുമായിരുന്നു എന്റെ അമ്മ.

പി ലങ്കേശ്

പി ലങ്കേശ്

ഞാനും അമ്മയും ദിവസം മുഴുവനും കാപ്പിയുണ്ടാക്കിക്കൊടുത്തും ഭക്ഷണം പാകംചെയ്ത് വിളമ്പിക്കൊടുത്തും അതിഥി സൽക്കാരത്തിൽ മുഴുകി.

പി ലങ്കേശ് വളരെ സ്നേഹത്തോടെ സംഭാഷണമാരംഭിച്ച് വഴക്കോടുകൂടി അവസാനിപ്പിച്ച് ഇറങ്ങിപ്പോയിരുന്നത് എനിക്ക് നല്ല ഓർമയുണ്ട്. ഒരിക്കൽ ഒരു വിമർശകനുമായി സംസാരിച്ച് സമയം പോയതേ അറിഞ്ഞില്ല. രാത്രി രണ്ടു മണികഴിഞ്ഞ് അനന്തമൂർത്തി അദ്ദേഹത്തെ വീടുവരെ അനുഗമിച്ചു. അവിടെ ആ വിമർശകന്റെ ഭാര്യ വീട്ടുവാതിൽ തുറന്നില്ലത്രെ. ''ഞാനും അനന്തമൂർത്തിയുമുണ്ട്'' എന്നു പറഞ്ഞപ്പോൾ മാത്രമാണത്രെ അവർ വാതിൽ തുറന്നത്.

*******************

മൈസൂരുവിൽ രത്ന, സിന്ധുവള്ളി അനന്തമൂർത്തി, വിശ്വനാഥമിർലെ തുടങ്ങിയ സുഹൃത്തുക്കൾ ചേർന്ന് രൂപം നൽകിയ 'സമതെന്തോ' (സരസ്വതീപുരത്തിന്റെ മധ്യത്തിലുള്ള തെങ്ങിൻ തോട്ടത്തിലെ കൂട്ടുകാർ) എന്ന നാടക സംഘത്തിലൂടെ എനിക്ക് 'നാടകകലാകാരി'യാവാനുള്ള അവസരം ലഭിച്ചു. അപ്പോൾ പ്രശസ്ത എഴുത്തുകാരൻ എം എൻ ഗിരി ഹെഗ്ഡേ ('ഗതിസ്ഥിതി'യുടെ കർത്താവ്)യുടെ പത്നി പ്രേമ, രാമേശ്വരി വർമ്മ തുടങ്ങിയവരെല്ലാം നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

'സമതെന്തോ'യിൽ ഉള്ളവരെല്ലാം അനന്തമൂർത്തിയുടെ കൂട്ടുകാർ തന്നെ. അങ്ങനെ എന്റെ മുമ്പിൽ നാടകലോകത്തിന്റെ വാതിലുകൾ തുറക്കാനിടയായി. സ്കൂൾ‐

ശാന്തിനാഥ  ദേശായി

ശാന്തിനാഥ ദേശായി

കോളേജ് ദിനങ്ങളിൽ ഞാൻ നാടകങ്ങളിലഭിനയിച്ച് എല്ലാവരുടേയും ഇഷ്ടം നേടിയിരുന്നു. അതേ ഓർമയിൽ വീണ്ടും അഭിനയിക്കാൻ ആരംഭിച്ചു. 'സമതെന്തോ' അവതരിപ്പിച്ച 'കാട്ടുമൃഗം' എന്ന നാടകത്തിലൂടെയാണ് ഞാൻ ആദ്യം വേദിയിൽ പ്രത്യക്ഷപ്പെട്ടത്. അത് റഷ്യൻ എഴുത്തുകാരനായ ആന്റൺ ചെക്കോവിന്റെ 'ദി ബിയർ' എന്ന നാടകത്തിന്റെ കന്നഡ രൂപമായിരുന്നു.

അതിനെ കുടകിന്റെ സംസ്കാരത്തോട് അടുപ്പിച്ചുകൊണ്ടാണ് കന്നഡയിലേക്ക് പകർത്തിയിരുന്നത്. ഈ നാടകത്തിന്റെ അവതരണം സിന്ധുവള്ളി മൈസൂർ, മടിക്കേരി, ബംഗളൂരു അടക്കം നാടിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ധാർവാഡിൽ കഥാകൃത്തായ ശാന്തിനാഥ ദേശായി ഞങ്ങളുടെ നാടകം കണ്ട് ഇഷ്ടപ്പെട്ടു. ''നിങ്ങൾ അനന്തമൂർത്തിയുടെ ഭാര്യയാണല്ലെ, അഭിനയം വളരെ നന്നായി'' അദ്ദേഹം എന്നെ അഭിനന്ദിച്ചു. മറ്റൊരിക്കൽ ഹെഗ്ഗോഡുവിലെ 'നീനാസം രംഗശിക്ഷണ കേന്ദ്ര'യിലെ 'ശിവരാമകാറന്ത് രംഗമന്ദിര'യിൽ ഈ നാടകം അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്നു. ഞാനും അനന്തമൂർത്തിയും മക്കളും ബേഗുവള്ളിയിലെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് ഹെഗ്ഗോഡുവിലേക്ക് ചെല്ലാമെന്ന് ആലോചിച്ചു.

എസ്‌തർ അനന്തമൂർത്തി ( വലത്ത്‌) നാടക വേഷത്തിൽ

എസ്‌തർ അനന്തമൂർത്തി ( വലത്ത്‌) നാടക വേഷത്തിൽ

അവിടെ അനന്തമൂർത്തിയുടെ അച്ഛൻ ഒട്ടും സുഖമില്ലാതെ കിടപ്പിലായിരുന്നു. അദ്ദേഹത്തെ വൈകുന്നേരം ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടന്നു. ''നിങ്ങൾ അങ്ങോട്ടു പോയ്ക്കോളൂ. അച്ഛന് അൽപ്പം ഭേദമായ ശേഷം ഞാൻ വന്നോളാം...'' എന്നു പറഞ്ഞ് അനന്തമൂർത്തി ഞങ്ങളെ അയച്ചു. വൈകുന്നേരം അനന്തമൂർത്തിയുടെ അച്ഛൻ മരിച്ചുവെന്ന വാർത്ത വന്നു. അതുകൊണ്ട് അനന്തമൂർത്തിയുടെ ആത്മസുഹൃത്തായിരുന്ന കെ വി സുബ്ബണ്ണ ഞങ്ങളുടെ നാടകത്തിന്റെ പ്രദർശനം റദ്ദാക്കി. എന്റെ കുഞ്ഞുങ്ങൾ വളരെ ചെറിയവരായതുകൊണ്ട് തീർത്ഥഹള്ളിയിൽ ചെന്ന് അന്ത്യസംസ്കാരക്രിയകളിൽ പങ്കുകൊള്ളുന്നത് എളുപ്പമായിരുന്നില്ല. സുബ്ബണ്ണ അനന്തമൂർത്തിയുമായി ഫോണിൽ സംസാരിച്ച് ഞങ്ങളെ മൈസൂരുവിലേക്ക് അയച്ചു.

പിന്നീടൊരിക്കൽ അനന്തമൂർത്തിയുടെ 'ആവഹന' എന്ന നാടകം രംഗത്തവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. അതിൽ എന്റെ കഥാപാത്രത്തിന്റെ പേര് സരോജ എന്നാണ്. സരോജയുടെ ഭർത്താവായി അഭിനയിക്കുന്നയാളിന്റെ വിവാഹനിശ്ചയമായതുകൊണ്ട് നാടകാവതരണത്തിന്റെ ദിവസം അയാൾക്ക് വരാൻ കഴിഞ്ഞില്ല. ''നീ തന്നെ ആ വേഷം ചെയ്യൂ അനന്തൂ. എങ്ങനെയും നിന്റെ യഥാർഥ ജീവിതത്തിലെ ഭാര്യതന്നെ നാടകത്തിലും ഭാര്യയായിരിക്കും’’. അനന്തമൂർത്തിയെ സുഹൃത്തുക്കൾ ചേർന്ന് നിർബന്ധിച്ചു. അദ്ദേഹം സമ്മതിച്ചു. കുടുമകെട്ടി അതിൽ മുല്ലപ്പൂ ചൂടി യാഥാസ്ഥിതിക വേഷത്തിൽ രംഗത്തുവന്ന അനന്തമൂർത്തിയെ കണ്ട് എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

അത് നാടകാവതരണമാണെന്നതുപോലും മറന്ന് ഞാൻ ചിരിച്ചു. ''സീരിയസ്സാകൂ'' എന്ന് ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ഞാൻ സ്വയം നിയന്ത്രിച്ച് എന്റെ സംഭാഷണം ഉരുവിട്ടു. എന്റെ ഡയലോഗ് കഴിഞ്ഞയുടനെ അനന്തമൂർത്തി വേറെ എന്തൊക്കെയോ മറുപടി പറയാൻ തുടങ്ങി. എന്റെ വാക്കുകൾ നേരത്തേ എഴുതിയതും മനഃപാഠമാക്കിയതുമാണെങ്കിലും അദ്ദേഹം അപ്പോൾത്തന്നെ സർഗാത്മകമായി വാക്കുകൾ സൃഷ്ടിക്കുകയായിരുന്നു.

താൻതന്നെ എഴുതിയ നാടകമാണെങ്കിലും അരങ്ങിൽ വേഷം ധരിച്ചു നിന്നപ്പോൾ ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ മറ്റൊരു രീതിയിൽ എഴുതാമായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നിയത്രെ. അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറുപടി നൽകാനാവാതെ ഞാൻ പലപ്പോഴും ആശയക്കുഴപ്പത്തിലായി. നാടകം എങ്ങനെയൊക്കെയോ അവസാനിപ്പിച്ചുവെന്നേ പറയേണ്ടൂ.

അതിനുശേഷം ഒരിക്കലും അനന്തമൂർത്തി നാടകത്തിൽ അഭിനയിക്കുകയെന്ന സാഹസത്തിന് മുതിർന്നില്ല.

ഒരിക്കൽ സോഫാക്ലിസിന്റെ 'ഈഡിപ്പസി'ൽ ഞാൻ ആന്റിഗണിയായി അഭിനയിച്ചു. മറ്റൊരിക്കൽ ഖാസിറാം കോത്ത്വാളിലെ കോറസ്സിൽ പാടി. എന്റെ മകൾ അനുരാധ വലിയവളായശേഷം നാടകത്തിന്റെ പിന്നണി സംഗീതത്തിൽ എന്നോടൊപ്പം ശബ്ദം ചേർത്തിട്ടുണ്ട്. ചന്ദ്രശേഖര കമ്പാറിന്റെ

ചന്ദ്രശേഖര  കമ്പാർ

ചന്ദ്രശേഖര കമ്പാർ

'ജോകുമാര സ്വാമി'യിൽ ഞാൻ പിന്നണിഗായികയായിരുന്നു. ''പറന്നു വരൂ കിളിരാമാ പറന്നു വരൂ...'' എന്ന ഗാനം ഇപ്പോഴും നല്ല ഓർമയുണ്ട്. ഒരിക്കൽ നാടകസംവിധായകൻ പ്രസന്ന, പി ലങ്കേശിന്റെ 'സംക്രാന്തി' നാടകം ചെയ്തുകൊണ്ടിരിക്കെ അഭിനയിക്കുവാൻ എന്നെ ക്ഷണിച്ചു. ഗുരുതരമായ അവസ്ഥയിലായിരുന്നതിനാൽ എനിക്ക് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല.

പ്രശസ്ത എഴുത്തുകാരന്റെ ഭാര്യയാണെങ്കിലും എന്നിൽ എഴുത്തിനാവശ്യമായ പ്രതിഭ ഉണ്ടായിരുന്നില്ല. എഴുതണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടുമില്ല. സ്കൂൾ ദിനങ്ങൾ മുതൽ നാടകമെന്നാൽ എനിക്ക് വളരെ ഇഷ്ടമായിരുന്നു. വിവാഹാനന്തരജീവിതത്തിൽ പലപ്പോഴായി എന്റെ ഉള്ളിലുള്ള സർഗാത്മകതയുടെ ആവിഷ്കാരത്തിന് അവസരം ഒരുക്കിത്തന്നത് നാടകമെന്ന മാധ്യമമാണ്.

അതുകൊണ്ട് മൈസൂരുവിലെത്തുമ്പോഴൊക്കെ എന്റെ നാടകാഭിനയത്തിന്റെ ദിനങ്ങൾ ഓർമയിലെത്തും. 'സംസ്കാര'യ്ക്ക് അമ്പതുവർഷം തികഞ്ഞതോടനുബന്ധിച്ച് അടുത്ത കാലത്ത് മൈസൂരുവിലെ 'രംഗായണ'യിൽ അതിന്റെ നാടകരൂപം അവതരിപ്പിക്കപ്പെട്ടു. അതു കാണാനെത്തിയ പ്രകാശ് ഷേണായിയുമായി സംസാരിക്കാൻ കഴിഞ്ഞു. 'സമതെന്തോ'യുടെ നാടകങ്ങളിൽ ഷേണായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ''നിങ്ങളെ കണ്ടപ്പോൾ മൈസൂരുവിലെ പഴയ ദിവസങ്ങൾ ഓർമയിൽ വന്നു''‐ആഹ്ലാദപൂർവം ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

ഞാൻ നാടകത്തിൽ അഭിനയിക്കാൻ പോകുന്നത് അനന്തമൂർത്തി ഒരിക്കലും വേണ്ടെന്നു പറഞ്ഞിട്ടില്ല. എങ്കിലും വീട്ടിൽ കുട്ടികളെ നോക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. സാധാരണയായി റിഹേഴ്സലിന് പോകുമ്പോൾ ഞാൻ തന്നെ മക്കളെ ഒപ്പം കൊണ്ടുപോകും. ചിലപ്പോൾ അവർ അച്ഛന്റെ കൂടെ വീട്ടിൽ നിൽക്കാറുമുണ്ട്. ഞാൻ മൈസൂരുവിലെത്തിയ ആദ്യദിനങ്ങളിൽ എന്റെ മച്ചുനനും അനന്തമൂർത്തിയുടെ അനുജനുമായ ഗുരുരാജമൂർത്തി പഠനത്തിനായി ഞങ്ങളുടെ വീട്ടിൽ എത്തിയിരുന്നു.

ഗുരുരാജയുടെ പഠനം തീർന്ന് അവൻ പോകാൻ പുറപ്പെട്ടപ്പോൾ എന്റെ മറ്റൊരു മച്ചുനനായ അനിൽകുമാർ മെഡിക്കൽ പഠനത്തിനായി ഞങ്ങളുടെ വീട്ടിൽ താമസിച്ചു. അവർ രണ്ടുപേരും എനിക്ക് സ്വന്തം അനുജനന്മാർതന്നെ ആയിരുന്നു. സരസ്വതീപുരത്തെ ഞങ്ങളുടെ വീട്ടിലേക്ക് അനന്തമൂർത്തിയുടെ ബന്ധുക്കൾ ഇടക്കിടെ വന്നുപോകാറുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ ഞങ്ങളുടേതു മാത്രമായ കൊച്ചുകുടുംബമെന്ന നിലയിൽ ജീവിച്ചിരുന്ന എനിക്ക് ബന്ധുക്കളുടേയും ഇഷ്ടക്കാരുടേയും സഹവാസത്താൽ 'പ്രൈവറ്റ് സ്പേസ്' നഷ്ടപ്പെടുന്നതായി തോന്നി. ഇതിനെച്ചൊല്ലി എത്രയോ തവണ അനന്തമൂർത്തിയുമായി വഴക്കുണ്ടായിട്ടുണ്ട്.

അനന്തമൂർത്തി കന്നഡസാഹിത്യത്തിൽ ജനപ്രിയനായിക്കൊണ്ടിരുന്ന നാളുകളായിരുന്നു അവ. യുക്തിവാദിയായി, സമത്വവാദിയായി, സാമൂഹിക പ്രസ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.

കോളേജിൽ വിദ്യാർഥികളുടെ ആരാധനപാത്രമായ 'മാഷ്' ആയിരുന്നു അദ്ദേഹം. അന്ന് ക്ലാസ്സുമുറികളിൽ പെൺകുട്ടികളേയും ആൺകുട്ടികളേയും വെവ്വേറെ ഇരുത്തുന്ന സമ്പ്രദായമുണ്ടായിരുന്നു.അനന്തമൂർത്തി അത് എടുത്തുകളഞ്ഞു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും അദ്ദേഹം അതിന് ചെവിയായി നിന്നു.

കോളേജിൽ വിദ്യാർഥികളുടെ ആരാധനപാത്രമായ 'മാഷ്' ആയിരുന്നു അദ്ദേഹം. അന്ന് ക്ലാസ്സുമുറികളിൽ പെൺകുട്ടികളേയും ആൺകുട്ടികളേയും വെവ്വേറെ ഇരുത്തുന്ന സമ്പ്രദായമുണ്ടായിരുന്നു.അനന്തമൂർത്തി അത് എടുത്തുകളഞ്ഞു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും അദ്ദേഹം അതിന് ചെവിയായി നിന്നു. ജാതിനിന്ദ, ദാരിദ്ര്യം, പ്രേമം, വിരഹം തുടങ്ങിയ പ്രശ്നങ്ങളുമായി വലയുന്ന വിദ്യാർഥികൾ എപ്പോഴും ഞങ്ങളുടെ വീട്ടിനുമുമ്പിൽ ഉണ്ടാവുമായിരുന്നു.

ചിലപ്പോൾ വീട്ടിലേക്ക് വന്ന വിദ്യാർഥികളോടും സ്നേഹിതരോടും അനന്തമൂർത്തി എത്രനേരം സംസാരിച്ചുകൊണ്ടിരിക്കുമെന്നോ! എന്നിൽനിന്ന് അദ്ദേഹം അകന്നു പോവുകയാണോ എന്ന് അകാരണമായി ഞാൻ ഉൽക്കണ്ഠപ്പെടുകപോലും ചെയ്തു എന്ന് പറഞ്ഞാൽ മതിയല്ലൊ. ഇടക്കിടെ ചായ, കാപ്പി, ഊണ് മുതലായവ തയ്യാറാക്കിക്കൊണ്ടുതന്നെ ജീവിതം കഴിഞ്ഞുപോകുമെന്ന് എനിക്ക് തോന്നുമ്പോഴൊക്കെയും ഞാൻ അനന്തമൂർത്തിയുമായി വഴക്കിട്ടുകൊണ്ടിരുന്നു. ക്രമേണ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നവരോട് സംസാരിക്കുന്നതും നിർത്തി. ഒരിക്കൽ എന്റെ അനുജൻ ഫ്രാങ്ക്ളിൻ വീട്ടിലേക്ക് വന്നു.

ഞങ്ങൾ അവനെ ഫ്രാങ്കീ എന്നാണ് വിളിച്ചിരുന്നത്. ''ഫ്രാങ്കീ, നിന്റെ ചേച്ചിയെ വീട്ടിലേക്ക് വിളിച്ചോണ്ട് പോ!'' ഏതോ ദേഷ്യം മൂത്തപ്പോൾ അനന്തമൂർത്തി അവനോട് പറഞ്ഞു. ഉദ്ദേശപൂർവം പറഞ്ഞതാണോ എന്നറിയില്ല. എങ്കിലും ആ വാക്കുകൾ എന്നെ വല്ലാതെ നോവിച്ചതിനാൽ ഞാൻ ഇറങ്ങി പുറത്തുനിന്നു. എങ്ങോട്ടാണ് പോവുക? പ്രശസ്ത എഴുത്തുകാരൻ ചതുരംഗ എനിക്കെന്റെ അച്ഛനെപ്പോലെ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഒരുദിവസം താമസിച്ചു. അദ്ദേഹം എന്നെ സമാധാനിപ്പിച്ച് വീട്ടിലേക്ക് തിരിച്ചയച്ചു.

പിന്നീടൊരിക്കൽ അന്തമൂർത്തി കുപിതനായി. ''നിങ്ങളുടെ മകളെ വിളിച്ചുകൊണ്ടു പോകൂ'' എന്ന് എന്റെ വീട്ടിലേക്ക് ടെലഗ്രാം അയച്ച് കുറച്ചുകഴിഞ്ഞ് അത് തിരിച്ചെടുക്കുകയും ചെയ്തു.

ഇപ്പോൾ ഓർക്കുമ്പോൾ പലപ്പോഴും ഞാൻ ക്ഷമാപൂർവം പ്രവർത്തിച്ചിരുന്നില്ലെ എന്ന് തോന്നിപ്പോകുന്നു. ലോകത്തിലെ എല്ലാ ജീനിയസ്സുകളേയും പോലെതന്നെ ആയിരുന്നു അനന്തമൂർത്തിയും. അദ്ദേഹത്തിന്റേതായ ലോകം,

എസ്തർ അനന്തമൂർത്തി

എസ്തർ അനന്തമൂർത്തി

അദ്ദേഹത്തിന്റേതായ ധ്യാനം.

അദ്ദേഹം അത്യുത്തമമായ കൃതികൾ എഴുതിയത് മൈസൂരുവിൽ ആയിരുന്നപ്പോഴാണ്. ആധുനികതയുടെ സർഗാത്മകതയിലും വിമർശനത്തിന്റെ ലോകത്തിലും അദ്ദേഹം സമ്പൂർണമായി മുഴുകി. 'ഭാരതീപുര', 'അവസ്ഥെ' തുടങ്ങിയ മഹത്തായ നോവലുകളുടെ രചനയ്ക്ക് അദ്ദേഹത്തിന്റെ മനസ്സ് തയ്യാറെടുത്തുകൊണ്ടിരുന്ന ദിവസങ്ങളായിരുന്നു അവയെന്ന് ഇപ്പോഴെനിക്ക് മനസ്സിലാവുന്നു. അദ്ദേഹം എന്തിനാണ് അത്രയേറെ തീവ്രമായി വായന‐എഴുത്ത് ‐ ചർച്ച എന്നിവയിൽ മുഴുകിയത് എന്നറിയാതെ ഞാൻ വേവലാതിപ്പെട്ടു.

അദ്ദേഹത്തിന്റെ ചിന്താപരമായ നിലപാടുകളും അതിൽനിന്ന് അദ്ദേഹത്തിന് ലഭിച്ച ജനപ്രിയതയും സഹിക്കാത്ത അനേകം പേരുണ്ടായിരുന്നു. അനന്തമൂർത്തിക്ക് ദേശവിദേശങ്ങളിലെ സമകാലീന എഴുത്തുകാരോടും ശിഷ്യരോടുമുണ്ടായിരുന്ന സ്നേഹത്തെ അപകീർത്തിപ്പെടുത്തുവാനായി എഴുതിയ അനേകം ഊമക്കത്തുകൾ എന്റെ സ്കൂൾ മേൽവിലാസത്തിൽ വന്നുകൊണ്ടിരുന്നു. ഇപ്പോൾ അവയെല്ലാം കേവലം തമാശയായി തോന്നുകയാണ്.

അടുത്തകാലത്ത് അദ്ദേഹം മരിക്കുന്നതുവരെയും ഞങ്ങളുടെ വീട്ടിൽ സുഹൃത്തുക്കൾ വന്നുപോയ്ക്കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ് അനന്തമൂർത്തിയുടെ കൂടെ ജീവിക്കാൻ തുടങ്ങിയ ദിവസം മുതൽ ഏകയാകുന്നതുവരെ 'എസ്തർ, കാപ്പിയുണ്ടാക്ക്' എന്ന സ്നേഹപൂർണമായ നിർദ്ദേശം ഞാൻ അനുസരിച്ചു പോന്നു. അദ്ദേഹം വിട്ടുപോകുന്നതിന് മുമ്പത്തെ ഏതാനും വർഷങ്ങളിൽ ഞാൻ അദ്ദേഹത്തോട് ഏറെ ചേർന്നുനിന്നിരുന്നു.

അനാരോഗ്യത്തിനിടയിൽ വിശ്രമത്തിന്റെ അത്യാവശ്യമുണ്ടായിരുന്നതിനാൽ മുമ്പത്തെപ്പോലെ അദ്ദേഹം സുഹൃത്തുക്കളെ വരുത്തിയിരുന്നില്ല. ചിലപ്പോൾ സ്നേഹിതനന്മാർ വാചകമടിച്ചു പിരിഞ്ഞശേഷം ''എസ്തർ വരൂ, നമുക്ക് എന്തെങ്കിലും സംസാരിക്കാം'' എന്ന് അദ്ദേഹം എന്നെ അടുത്തുവിളിച്ച് ഇരുത്തുമായിരുന്നു. അടുക്കളയിൽ ഏതെങ്കിലും ജോലിയിലായിരിക്കുന്ന ഞാൻ വന്ന് അദ്ദേഹത്തിന്റെ അടുത്തിരിക്കും. എന്തെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരിക്കെ അദ്ദേഹത്തിന്റെ മൊബൈൽ ശബ്ദിക്കും. വീണ്ടും സുഹൃത്തുക്കളുമായി സംഭാഷണംതന്നെ! കുറച്ചുനേരം കാത്തിരുന്ന ശേഷം ഞാൻ അടുക്കളയിലേക്ക് മടങ്ങും. ഇപ്പോൾ അനന്തമൂർത്തിയില്ല, അദ്ദേഹത്തിന് ചുറ്റുമുള്ള പ്രഭാവലയമില്ല, നിരനിരയായുള്ള സുഹൃത്തുക്കളില്ല. എനിക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നു.

( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top