26 April Friday

മീഡിയ മാജിക് ഷോ

പ്രത്യേക ലേഖകൻUpdated: Friday Apr 8, 2022


കണ്ണൂർ
പ്രത്യയശാസ്‌ത്രദൃഢതയും സമ്പൂർണ ഐക്യവുമായി സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ പുരോഗമിക്കുമ്പോൾ മാധ്യമങ്ങൾ പതിവുശൈലിയിൽ പുകമറയ്‌ക്ക്‌ ശ്രമിക്കുന്നു.  പാർടി കോൺഗ്രസുമായി ബന്ധപ്പെട്ട്‌ വിരുദ്ധവാർത്തകൾക്ക്‌ കടുത്ത ദാരിദ്ര്യം നേരിടുന്ന മാധ്യമപ്രവർത്തകർ, ശൂന്യതയിൽനിന്നുപോലും വാർത്തകൾ മെനയുകയാണ്‌. മലയാളമനോരമയുടെ വ്യാഴാഴ്‌ചത്തെ ലീഡ്‌ വാർത്ത അതിന്‌ മികച്ച ഉദാഹരണം. ‘ദേശീയ നേതൃത്വത്തിന്റെ നിലപാട്‌ തള്ളി മുഖ്യമന്ത്രിയുടെ നീക്കം, സിൽവർലൈൻ ഉറപ്പിച്ച്‌’ എന്നാണ്‌ മനോരമയുടെ ഒന്നാംപേജ്‌ ലീഡ്‌ വാർത്ത. എന്നാൽ, കേരളത്തിൽ നടപ്പാക്കുന്ന സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ സിപിഐ എം കേന്ദ്രനേതൃത്വത്തിലോ സംസ്ഥാനനേതൃത്വത്തിലോ ഒരു ഭിന്നതയുമില്ല. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ സിപിഐ എം ഏകമനസ്സായാണ്‌ പിന്തുണയ്‌ക്കുന്നത്‌. എന്നിട്ടും തുടർച്ചയായി കഥമെനയുകയാണ്‌. സിൽവർലൈനിനെതിരെ ബംഗാളിൽനിന്നുള്ള പ്രതിനിധികൾ വിമർശം ഉയർത്തിയേക്കുമെന്ന്‌ പ്രവചിക്കാനും  പത്രം തയ്യാറായി.

മഹാരാഷ്‌ട്രയിൽ ബുള്ളറ്റ്‌ ട്രെയിൻവിരുദ്ധ സമരം നയിക്കുന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ മുഖ്യമന്ത്രി സിൽവർലൈൻ നടപ്പാക്കുമെന്ന്‌ പറഞ്ഞതെന്നും വാർത്തയാക്കി. എന്നാൽ, മതിയായ നഷ്‌ടപരിഹാരം നൽകാതെയും പുനരധിവാസം ഉറപ്പുവരുത്താതെയും പദ്ധതി നടപ്പാക്കുന്നതിനെയാണ്‌ എതിർക്കുന്നതെന്ന്‌ മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി ഉദയ്‌ നർക്കാർ കണ്ണൂരിൽ പാർടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ആദ്യനാൾതന്നെ വ്യക്തമാക്കിയതാണ്‌. എന്നിട്ടും പുകമറയ്‌ക്ക്‌ ശ്രമിക്കുന്നു.

സമ്മേളനവേദിക്കുതാഴെ ഷോർട്ട്‌ സർക്യൂട്ടിനെ തുടർന്ന്‌ ചെറിയ തീപ്പൊരി ഉണ്ടായതിനെ ‘പാർടി കോൺഗ്രസ്‌ വേദിയിൽ തീപിടിത്തം’ എന്നനിലയിൽ അതിശയോക്തി കലർത്തി ഒന്നാംപേജിൽ രണ്ട്‌ കോളം നീട്ടി വാർത്തയാക്കിയതും ദുഷ്‌ടലാക്കോടെയാണ്‌. ഏഴാംപേജ്‌ നിറയെ പാർടി കോൺഗ്രസ്‌ വാർത്ത നൽകിയെങ്കിലും അഞ്ചു പ്രധാന വാർത്തകളിൽ  മൂന്നും വിരുദ്ധവാർത്തകളാണ്‌. ആ പേജിലെ 70 ശതമാനം ഭാഗവും വിരുദ്ധവാർത്തകൾക്കായി നീക്കിവച്ചു. 

മാതൃഭൂമിയും ഒന്നാംപേജിൽ ലീഡാക്കിയത്‌ നുണവാർത്ത. ‘കോൺഗ്രസ്‌ ബന്ധം: എതിർപ്പിലുറച്ച്‌ കേരളഘടകം’ എന്നാണ്‌ ആ വാർത്തയുടെ തലക്കെട്ടും ഉള്ളടക്കവും. എന്നാൽ, കരട്‌ രാഷ്‌ട്രീയപ്രമേയം കേന്ദ്ര കമ്മിറ്റി ഏകകണ്‌ഠമായാണ്‌ അംഗീകരിച്ചത്‌. അതിൽ ഊന്നിപ്പറയുന്നതും ബിജെപിക്കെതിരായ രാഷ്ട്രീയസഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്താനാകില്ല എന്നുതന്നെയാണ്‌. ഹൈദരാബാദിൽ 22–-ാം പാർടി കോൺഗ്രസ്‌ ഏകകണ്‌ഠമായി എടുത്ത തീരുമാനവും അതായിരുന്നു. ഒരുവിധത്തിലുള്ള ആശയക്കുഴപ്പവും ഇല്ലെന്നുമാത്രമല്ല, ജനാധിപത്യപരമായും വിപുലമായ ചർച്ചയാണ്‌ നടക്കുന്നത്‌. വസ്‌തുത ഇതായിരിക്കെ ഇക്കാര്യത്തിലും നുണക്കഥകളാണ്‌ മാധ്യമങ്ങൾ സൃഷ്‌ടിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top