25 April Thursday

രക്തസാക്ഷി മാതംഗിനി ഹസ്റ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


മഹാത്മാഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്താണ്‌ മാതംഗിനി ഹസ്റ എന്ന ബംഗാൾ സ്വദേശി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്‌. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി പ്രക്ഷോഭം നയിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ്‌ വീഴുമ്പോൾ മാതംഗിനിയുടെ വയസ്സ്‌ എഴുപത്തിരണ്ടായിരുന്നു.
1870 ഒക്‌ടോബർ 19ന്‌ ബംഗാളിലെ മിഡ്നാപുരിനു സമീപമുള്ള ഹൂഗ്ലിയിലായിരുന്നു ജനനം. സ്‌ത്രീകളെ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തുന്നതിൽ വലിയ പങ്കുവഹിച്ചു. നിസ്സഹകരണ സമരത്തിൽ ഭാഗമായി ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ്‌ വരിച്ചു. ചൗക്കിദാരി നികുതിക്കെതിരായുള്ള സമരത്തിൽ ആറു മാസം തടവിന്‌ ശിക്ഷിച്ചു. 

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആഹ്വാനപ്രകാരം 1942 സെപ്തംബർ 29ന്‌ മിഡ്നാപുരിലെ താംലൂക്ക് പൊലീസ് സ്റ്റേഷനിലേക്ക്‌ വൻതോതിൽ സ്‌ത്രീകളെ അണിനിരത്തി മാതംഗിനിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി. ഇതിനുനേരെ പൊലീസ് വെടിയുതിർത്തു. വെടിയേറ്റിട്ടും ജനങ്ങളെ വെടിവയ്‌ക്കരുതെന്ന അഭ്യർഥനയുമായി മുന്നോട്ട്‌ നീങ്ങിയ മാതംഗിനിയുടെ ശരീരത്തിൽ വീണ്ടും വെടിയുണ്ടകൾ തുളഞ്ഞു കയറി. ത്രിവർണപതാക കൈയിൽ പിടിച്ച്‌ വന്ദേമാതരം പാടിയാണ്‌ ആ വീര വനിത സമരഭൂമിയിൽ മരിച്ചു വീണത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top