25 April Thursday

ചൊവ്വയിൽ രാപ്പാർക്കാൻ

സാബു ജോസ്‌Updated: Friday Feb 19, 2021


ചുവപ്പൻ ഗ്രഹമായ ചൊവ്വയിൽ ചേക്കേറാൻ മാനവരാശിക്ക്‌ കഴിയുമോ ? അടുത്ത അര നൂറ്റാണ്ടിനുള്ളിൽ ഈ രംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാകുമെന്ന്‌ തന്നെയാണ്‌ ശാസ്‌ത്രലോകത്തിന്റെ ഉറച്ച വിശ്വാസം. ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങളുടെ ലക്ഷ്യം ഈ വിശ്വാസം അടിത്തറയാക്കിയുള്ളവയും. പതിനഞ്ച്‌ വർഷത്തിനുള്ളിൽ ചൊവ്വാ പര്യവേക്ഷണത്തിൽ നിർണായക  വഴിത്തിരിവ്‌ ഉണ്ടായേക്കും. അതുകൊണ്ടു തന്നെ  ഒാരോ ദൗത്യങ്ങളും  സാങ്കേതിക മികവിലും തികവിലും ഏറെ വ്യത്യസ്‌തങ്ങളും. എന്തായാലും ഈ മാസം മൂന്നു ദൗത്യങ്ങളാണ്‌ ചൊവ്വാ പഥത്തിലെത്തുന്നത്‌‌‌. ഇവയിൽ ചൈനയുടെ ടിയാൻവെൻ–-1 ഉം യുഎഇയുടെ ഹോപ്പും ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു കഴിഞ്ഞു. നാസയുടെ പെർസിവറൻസ് റോവർ അടുത്ത ആഴ്‌ച  എത്തും.

ആദ്യ ദൗത്യം;യുഎഇയും എത്തി
ആദ്യ ചൊവ്വാദൗത്യത്തിൽതന്നെ യുഎഇ വിജയക്കൊടി പാറിച്ചിരിക്കുകയാണ്‌.  ബഹിരാകാശ ഗവേഷണ രംഗത്ത്‌ രാജ്യത്തിന്‌ പുതിയ ‘പ്രതീക്ഷ’യായിരിക്കുന്നു അൽഅമൽ( (Hope). കഴിഞ്ഞ ചൊവ്വാഴ്‌ച ചൊവ്വാ പഥത്തിൽ പ്രവേശിച്ച പേടകം ആദ്യ ചിത്രവും അയച്ചു.  എല്ലാം മുൻ നിശ്‌ചയപ്രകാരം കൃത്യമായി. അറേബ്യൻ മേഖലയിൽനിന്നുള്ള ആദ്യ ചൊവ്വാ ദൗത്യമെന്ന പ്രത്യേകതയും.  കഴിഞ്ഞ വർഷം  ജൂലൈ 14ന് ജപ്പാനിൽനിന്നാണ്‌ പേടകം  വിക്ഷേപിച്ചത്‌. ചൊവ്വയെ വലംവയ്‌ക്കുന്ന 1350 കിലോഗ്രാം ഭാരമുള്ള  ഓർബിറ്ററാണിത്‌. ഒരു തവണ ചുറ്റാൻ 55 മണിക്കൂർ വേണ്ടിവരും. ആയിരം കിലോമീറ്റർവരെ അടുത്തെത്തി ചൊവ്വയുടെ വിവരങ്ങൾ ശേഖരിക്കും അൽഅമൽ. യുഎഇ ശാസ്‌ത്ര വകുപ്പ്‌ മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമായ സാറ അൽ അമീരി എന്ന 34 കാരിയുടെ ഇച്‌ഛാശക്തിയും നേതൃപാടവവുമാണ്‌ ദൗത്യ വിജയത്തിനു പിന്നിലുള്ളത്‌.

യുഎഇയുടെ  മൊഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ ഏകോപന ചുമതല അവർക്കാണ്. സെന്ററാണ്‌  ഓർബിറ്റർ നിർമിച്ചത്. അരിസോണ യൂണിവേഴ്സിറ്റി,   കൊളറാഡോ യൂണിവേഴ്സിറ്റി, ബെർക്കേല , കലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവയുടെ സഹായവും ലഭിച്ചു. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വാതകങ്ങൾ, പ്രധാനമായും ഓക്സിജനും ഹൈഡ്രജനും ജല ബാഷ്പവും നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്തുകയാണ്‌ ലക്ഷ്യം. ഭൂമിയുടെ സമാന സ്വഭാവമുണ്ടായിരുന്ന  ചൊവ്വയുടെ കാലാവസ്ഥ മാറാനിടയായ സാഹചര്യമെന്തെന്ന്‌ പഠിക്കും.

പൊടിക്കാറ്റുകളടക്കമുള്ള പ്രതിഭാസങ്ങളെയും നിരീക്ഷിക്കും. രണ്ട്‌ വർഷമാണ്‌ പ്രവർത്തന കാലാവധിയെങ്കിലും തുടർന്നും പേടകം ദൗത്യം തുടരുമത്രെ. നാസയും ഐഎസ്‌ആർഒയുമടക്കമുള്ള ബഹിരാകാശ ഏജൻസികളുമായി സഹകരിച്ചാണ്‌ അൽഅമലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.




ജീവൻ തേടി ടിയാൻവെൻ 1
ചൊവ്വയിലെ ധൂളീപടലത്തിൽ ജീവൻ തെരയാനുള്ള ദൗത്യവുമായി ചൈനയുടെ  ടിയാൻവെൻ–-1 ഉം കഴിഞ്ഞ ആഴ്‌ച  ചുവപ്പൻ ഗ്രഹത്തിന്റെ  പഥത്തിൽ സുഗമമായി എത്തിക്കഴിഞ്ഞു. ഓർബിറ്റർ, ലാൻഡർ, റോവർ അടങ്ങുന്ന പേടകമാണിത്‌. ചൊവ്വയുടെ പ്രതലത്തിൽ ലാൻഡറും റോവറും സുരക്ഷിതമായി ഇറക്കി വിപുലമായ പര്യവേക്ഷണമാണ്‌ ലക്ഷ്യമിടുന്നത്‌. വരും  ദിവസങ്ങളിൽ ലാൻഡറിനെ  നിശ്‌ചിത സ്ഥലത്ത്‌ ഇറക്കുന്ന പ്രവർത്തനങ്ങൾക്ക്‌ തുടക്കമിടും.

ചൈനയുടെ ഭീമൻ റോക്കറ്റായ ലോങ്‌ മാർച്ച് 5 ഉപയോഗിച്ച് കഴിഞ്ഞ വർഷം  ജൂലൈ 23 ന് ആണ് ടിയാൻവെൻ 1 വിക്ഷേപിച്ചത്‌. ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്കും റഷ്യക്കും ശേഷം ചൊവ്വയിൽ പേടകമിറക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. മീഡിയം റെസല്യൂഷൻ ക്യാമറ, ഹൈ റെസല്യൂഷൻ ക്യാമറ, മാർസ് മാഗ്നറ്റോ മീറ്റർ, മാർസ് മിനറോളജി സ്പെക്ട്രോ മീറ്റർ, മാർസ് സബ് സർഫസ് റഡാർ എന്നിവയടക്കം പതിനഞ്ചോളം പരീക്ഷണ ഉപകരണങ്ങൾ പേടകത്തിലുണ്ട്‌.  ഫോസിൽ പഠനങ്ങൾ നടത്തുക, മണ്ണിന്റെ ഘടന പരിശോധിക്കുക, അന്തരീക്ഷത്തിന്റെ മാപ്പിങ്‌ നടത്തുക, ഭാവി  ദൗത്യങ്ങൾക്കുള്ള ലാൻഡിങ്‌ സൈറ്റുകൾ കണ്ടെത്തുക തുടങ്ങിലക്ഷ്യങ്ങൾ അനവധി.

റഷ്യയുമായി ചേർന്നായിരുന്നു ചൈനയുടെ ചൊവ്വാ ദൗത്യങ്ങൾ ആരംഭിച്ചത്. എന്നാൽ വർഷങ്ങൾക്ക്‌ മുമ്പ്‌ ഫോബാസ്‌ ഗ്രണ്ട്പേടക പരാജയത്തെ തുടർന്ന്  റഷ്യയുമായുള്ള  പങ്കാളിത്തം ചൈന  ഉപേക്ഷിച്ചു . ജീവന്റെ അവശേഷിപ്പെങ്കിലും ചൊവ്വയിലുണ്ടെങ്കിൽ കണ്ടെത്തിയിരിക്കും  എന്നാണ്‌ ചൈനാ ബഹിരാകാശ ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്‌.

ഇതാ പെർസിവറൻസും
സങ്കീർണമായ സാങ്കേതിക വിദ്യയുടെ മികവുമായാണ്‌ നാസയുടെ പെർസിവറൻസ്‌ പേടകം 19 ന്‌ ചൊവ്വാപഥം പിടിക്കുക.
ഇപ്പോൾ ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്‌കരിച്ച രൂപമാണ് പെർസിവറൻസ്‌ റോവറിനുള്ളത്.  ശാസ്ത്രീയ ഉപകരണങ്ങൾ ക്യൂരിയോസിറ്റിയിൽനിന്നും  വിഭിന്നവുമാണ്‌. ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ്‌ ഇതിലുള്ളത്‌. ചൊവ്വയിൽനിന്നുളള പാറയും ധൂളിയും ഭൂമിയിൽ എത്തിക്കാനും ലക്ഷ്യമിടുന്നു. ചൊവ്വയിലെ കൊടും തണുപ്പുള്ള മേഖലയായ ജസീറ ഗർത്തത്തിലാണ്‌ പേടകം ഇറങ്ങുക. 

ചൊവ്വയുടെ ധാതുഘടന,  മണ്ണിലുള്ള ഓർഗാനിക് സംയുക്തങ്ങൾ എന്നിവയെപ്പറ്റി വിവരം ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള  ഏറ്റവും ആധുനികമായ  ‘പരീക്ഷണശാല’ യാണിത്‌.  മനുഷ്യന്റെ  ചൊവ്വാ യാത്രയുടെ ഭാവി സാധ്യതകൾ പരിശോധിക്കുന്നതും ലക്ഷ്യം.  അന്തരീക്ഷ താപനില, കാറ്റിന്റെ വേഗത, ദിശ, വാതകമർദം,  ധൂളിയുടെ ആകൃതിയും വലിപ്പവും തുടങ്ങിയവയെല്ലാം കൃത്യമായി പഠന വിധേയമാക്കും. മാസ്‌കാം, സൂപ്പർ കാം, പിക്‌സൽ തുടങ്ങി എട്ടോളം പ്രധാന പരീക്ഷണ ഉപകരണങ്ങളാണ്‌ റോവറിലുള്ളത്‌.

പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത  മാർസ്‌ ഹെലിക്കോപ്‌റ്റർ ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലും ഉണ്ടാകും. 1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഇൻജെന്യൂയിറ്റി ഹെലിക്കോപ്‌റ്റർ അഞ്ചു തവണ പറന്ന്‌ ദൗത്യം പൂർത്തിയാക്കും. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കാനാവുമോ എന്ന് പരീക്ഷിച്ചറിയുകയാണ്‌ ലക്ഷ്യം.

പര്യവേക്ഷണങ്ങൾക്ക്‌ പരിമിതിയില്ല
ഐഎസ്‌ആർഒയുടെ  മംഗൾയാനടമുള്ള  ദൗത്യങ്ങൾ സജീവമായി ഇപ്പോഴും ചൊവ്വയിലുണ്ട്‌. കേവലം ആറു മാസം ആയുസ്സ്‌‌ പ്രവചിച്ച മംഗൾയാൻ ഇനിയും വർഷങ്ങളോളം ദൗത്യം തുടരുമെന്നാണ്‌ നിഗമനം. 2013 നവംബറിൽ ശ്രീഹരിക്കോട്ടയിൽനിന്നായിരുന്നു വിക്ഷേപണം. ഏഴു വർഷം പിന്നിട്ട ഈ ഓർബിറ്റർ ചൊവ്വയെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക്‌ അയച്ചു കഴിഞ്ഞു. ശാസ്‌ത്ര ലോകം ഇവ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്നു. മംഗൾയാനൊപ്പം എത്തിയ മാവൻ ഓർബിറ്റർ(2013 നാസ), 2001 ൽ വിക്ഷേപിച്ച മാർസ്‌ ഒഡീസി ഓർബിറ്റർ(നാസ), 2003 ൽ വിക്ഷേപിച്ച മാർസ്‌ എക്‌സ്‌പ്രസ്‌ ഓർബിറ്റർ (യൂറോപ്യൻ സ്‌പേയ്‌സ്‌ ഏജൻസി), 2005 ൽ വിക്ഷേപിച്ച മാർസ്‌ റിക്കനൈസസ്‌ ഓർബിറ്റർ (നാസ), 2011ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി റോവർ (നാസ), 2018 ൽ വിക്ഷേപിച്ച ഇൻസൈറ്റ്‌ ലാൻഡർ (നാസ) എന്നിവ നൽകിക്കൊണ്ടിരിക്കുന്ന വിവരങ്ങൾ ഭാവിയിലേക്കുള്ള വലിയ ചുവടുവയ്‌പാവുകയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top