04 December Monday

ചന്ദനമരങ്ങൾ സുഗന്ധത്താൽ അതിരിടുന്ന മറയൂർ; ആരും വായിക്കാത്ത ചന്ദന വിശേഷങ്ങൾ

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Aug 20, 2023

മറയൂർ ചന്ദന ഗോഡൗണിലെ ചന്ദന മുട്ടികൾ

തുറന്ന ഖജനാവാണ്‌ മറയൂർ. അരലക്ഷത്തിലധികം ചന്ദനമരങ്ങൾ സുഗന്ധത്താൽ  അതിരിടുന്ന  നാട്‌. കർണാടകവും  തമിഴ്‌നാടും സ്വാഭാവിക ചന്ദനത്തോട്ടങ്ങളെ ഉപേക്ഷിച്ചിട്ടും മറയൂരിൽ ആ ഗന്ധം തഴച്ചുവളരുന്നു. വളരുന്നതല്ല; കാത്തുകാത്ത്‌ വളർത്തുന്നു. മറയൂരിനെ കാക്കുന്ന, അവിടെ സുഗന്ധവ്യാപാരം നടത്തുന്ന വനംവകുപ്പിന്റെ ആരും വായിക്കാത്ത ചന്ദന വിശേഷങ്ങൾ

വനംവകുപ്പിന്റെ 65.22 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള മറയൂർ ചന്ദന ഡിവിഷനിൽ മൂന്നുവർഷംമുമ്പുള്ള കണക്കിൽ 51,857 ചന്ദന മരങ്ങളാണുള്ളത്‌.  കഴിഞ്ഞവർഷം ഇതിലൊരു മരം മോഷണം പോയി. സേലത്തുനിന്നും പൊള്ളാച്ചി വഴി നൂഴ്‌ന്നെത്തിയ തസ്‌കര സംഘത്തെ അഞ്ചുനാൾ കഴിഞ്ഞപ്പോൾ വനംവകുപ്പ്‌ പൊക്കി. അക്കഥ മറയൂർ ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസർ എം ജി വിനോദ്‌ കുമാർ പറയുന്നു.

‘‘വനപാലകരുടെ നീക്കം ദിവസങ്ങളോളം നിരീക്ഷിച്ചാണ്‌ തമിഴ്‌നാട്ടിൽനിന്ന്‌ അഞ്ചംഗസംഘം മറയൂരിൽ കടന്നത്‌. വനപാലകർ തങ്ങുന്ന ഷെഡ്ഡിൽനിന്ന്‌ രാത്രിയിൽ ഓരോ അഞ്ചുമിനിറ്റിലും ടോർച്ച്‌ തെളിച്ച്‌ അടുത്ത ഷെഡ്ഡിലേക്ക്‌ നീങ്ങണം. ഈ പാറ്റേൺ മനസ്സിലാക്കി, കിട്ടിയ അഞ്ചുമിനിറ്റിൽ 12 കിലോയുള്ള രണ്ടുമീറ്റർ തടിക്കഷണം സംഘം കടത്തി. അറക്കവാൾ അരയിൽ ബൽറ്റുപോലെ ചുറ്റി ഇഴഞ്ഞാണ്‌ അവർ കാട്ടിൽ കടന്നത്‌. ചന്ദനമരത്തിന്റെ തലപ്പ്‌ താഴെ വീഴാതിരിക്കാൻ മുകളിൽ കെട്ടിവച്ചു. ഈ കടുംവെട്ട്‌ നടത്തി മുങ്ങിയ സംഘത്തിന്‌ പിന്നാലെ മറയൂർ വനപാലകരും  അതിവേഗം നീങ്ങി.

മറയൂർ ചന്ദന ഗോഡൗണിലെ ചന്ദന മുട്ടികൾ ഒരുക്കിവയ്‌ക്കുന്ന വനം വകുപ്പ്‌ ഉദ്യോഗസ്ഥൻ

മറയൂർ ചന്ദന ഗോഡൗണിലെ ചന്ദന മുട്ടികൾ ഒരുക്കിവയ്‌ക്കുന്ന വനം വകുപ്പ്‌ ഉദ്യോഗസ്ഥൻ

ഇരവികുളം നാഷണൽ പാർക്കിന്റെ ഉച്ചിയിൽനിന്ന്‌ മോഷ്ടാക്കളായ അഞ്ചംഗസംഘം തമിഴ്‌നാട്ടിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടയിലാണ്‌ കാട്ടുതീ പടർന്നത്‌. വാൽപ്പാറ വഴി സംഘം എത്തിയിട്ട്‌  ഒരാഴ്‌ച കഴിഞ്ഞു. മടക്കയാത്രയിൽ വഴിയും തെറ്റി. കൊണ്ടുവന്ന അരിയും സാധനങ്ങളും തീർന്നു. വിശപ്പ്‌ വിഴുങ്ങുന്നു. മുന്നിൽ  കാട്ടുതീ മാത്രം.  തളർന്ന്‌ വീണുപോയ സംഘത്തെ കാട്ടുതീ കെടുത്താനെത്തിയ വനപാലകർ കണ്ടെത്തി’’

പതിനെട്ട്‌ വർഷം മുമ്പ്‌ വർഷത്തിൽ 2560 ചന്ദന മരങ്ങൾ മോഷണം പോയ മറയൂരിൽ, പോയവർഷം കടത്തിയത്‌ ഒറ്റമരം. അതും ഒരാഴ്‌ചയ്‌ക്കകം തിരിച്ചുപിടിച്ചു. തുറന്ന പണപ്പെട്ടിയായ മറയൂരിനെ സുരക്ഷയുടെ ചന്ദനത്താക്കോലിട്ട്‌ പൂട്ടിയ ശേഷം അവിടെ  കള്ളക്കടത്തിന്റെ  കഥയില്ല.  മറയൂരിപ്പോൾ  ഒറിജിനൽ ചന്ദനയൂരാണ്‌.

ഏക ഓപ്പൺ ട്രഷറി

രാജ്യത്തെതന്നെ ഏക തുറന്ന ഖജനാവാണ്‌ മറയൂർ ചന്ദന ഡിവിഷൻ. രണ്ടായിരാമാണ്ടിൽ സ്വന്തം ചന്ദനത്തോട്ടങ്ങൾ കർണാടകവും തമിഴ്‌നാടും കൈയൊഴിഞ്ഞു. വീരപ്പനടക്കമുള്ള കൊള്ളക്കാരുടെ ശല്യത്തിൽ സ്വാഭാവിക വനത്തിലെ ചന്ദനമരങ്ങൾ മുറിച്ച്‌ മുട്ടികളായി അവർ ഗോഡൗണിൽ സൂക്ഷിച്ചു. അപ്പോഴും കേരളം മറയൂരിനെ കാത്തു. 2005ൽ പ്രത്യേക ചന്ദന ഡിവിഷനായി  പ്രഖ്യാപിച്ചു. അപ്പോഴേക്കും വർഷം രണ്ടായിരത്തിലധികം ചന്ദനമാണ്‌ മറയൂരിൽനിന്ന്‌ പുറത്തേക്ക്‌ മുട്ടികളായി ഒഴുകിയത്‌. അയൽ സംസ്ഥാനങ്ങളിൽ സ്വാഭാവിക ചന്ദനം ഇല്ലാതായതും കാട്ടുകള്ളന്മാർ മറയൂരിൽ ഇരച്ചെത്താൻ കാരണമായി. അരനൂറ്റാണ്ടുമുമ്പ്‌ രണ്ടുലക്ഷത്തിലധികം മരമുണ്ടായിരുന്ന ചന്ദനക്കാട്‌ അപ്പോഴേക്കും അരലക്ഷമായി. ഡിവിഷൻ രൂപീകരിച്ച്‌ ഒറ്റവർഷമായപ്പോൾ (2006ൽ) ചന്ദക്കൊള്ള വർഷത്തിൽ 11 ആയി ചുരുങ്ങി. പിന്നെയത്‌ അഞ്ചും മൂന്നും നാലുമായി.

ഇരുൾപറ്റി കാട്ടുപോത്തും മാനും മുന്നിലൂടെ ഓടിമറയും. അകലത്തിൽ ചിലപ്പോൾ കടുവ. അതിനെല്ലാമപ്പുറം ഫെൻസിങ്ങിന്‌ പുറത്ത്‌  രാത്രി സഞ്ചാരത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുന്ന കാട്ടുകള്ളന്മാരുടെ കണ്ണുകൾ. 

ബാക്കി മറയൂർ നാച്ചിവയൽ ഡിവിഷനിലെ വനപാലകരായ ഗീതയും വനിതാമണിയും പറയും: ‘‘നിലാവുള്ള രാത്രിയാണ്‌ ശരിക്കും ടെൻഷൻ. ടോർച്ചടിക്കാതെ കള്ളന്മാർ പതുങ്ങി വരും. ഇടിവെട്ടും മഴയുമുള്ള രാത്രിയിലും പ്രശ്‌നമാണ്‌. മറ്റു ശബ്ദങ്ങൾ കേൾക്കില്ല. എല്ലാ ഗാർഡുമാർക്കും വാക്കിടോക്കിയുണ്ട്‌. അതിലൂടെ നിർദേശങ്ങൾ തുടരെ വന്നുകൊണ്ടിരിക്കും. രണ്ടുപേർ വീതമായാണ്‌ റോന്തുചുറ്റൽ. ഇടയ്‌ക്കിടയ്‌ക്ക്‌ താൽക്കാലിക ഷെഡ്ഡുകൾ അവിടെ തീയിട്ട്‌ ചായ തിളപ്പിച്ച്‌ കുടിച്ച്‌ നടപ്പു തുടരും. കൈയിലെ ടോർച്ച്‌ കാട്ടിനുള്ളിൽ വീശിയടിച്ച്‌ കമ്യൂണിക്കേഷൻ തുടരും. വെട്ടം വീണയിടത്തേക്ക്‌ മറുഭാഗത്തുള്ള ഗാർഡുമാരും വെട്ടത്താൽ മറുപടി പറയണം. അഥവാ, മറുഭാഗത്തുനിന്ന്‌ ടോർച്ചിന്റെ വെട്ടം കിട്ടിയില്ലെങ്കിൽ അവിടെ പോയി അന്വേഷിക്കണം. നിർത്താതെയുള്ള വാക്കിടോക്കിയിൽ മറുപടി വന്നില്ലെങ്കിലും പോയി അന്വേഷിക്കണം.  എന്തെങ്കിലും സംഭവിച്ചാൽ പുറത്ത്‌ എത്തിക്കാൻ കാട്ടുപാതയ്‌ക്കരികിൽ വാഹനമുണ്ട്‌. പുലരുമ്പോഴേയ്‌ക്കും ചന്ദനവും അത്‌ കാത്തവരും സുരക്ഷിതമാണെന്ന സന്ദേശം നൽകിക്കൊണ്ടിരിക്കണം. ആദ്യമൊക്കെ ടെൻഷനുണ്ടായിരുന്നു. ഇപ്പോൾ പതിവായല്ലോ. സുരക്ഷയ്‌ക്കും വലിയ സന്നാഹമുണ്ട്‌’’–- ഇരച്ചെത്തുന്ന മഴക്കാറ്റിൽ കമ്പിളിക്കോട്ടണിഞ്ഞ വനിതാമണി രാത്രിക്കാവൽക്കഥ പറഞ്ഞു നിർത്തി.

കാടിന്‌ നമ്മൾ കാവൽ

ഏതാണ്ട്‌ 500 കോടി രൂപയുടെ വാർഷിക വരുമാനം സർക്കാരിന്‌ ചന്ദനം വിറ്റ്‌ നേടിത്തരുന്ന മറയൂർ ഡിവിഷന്‌ സുരക്ഷ എത്ര നൽകിയാലും അധികമല്ല. 22 വർഷമായി കാട്‌ കാക്കാൻ ഇവിടെ വനിതാ ഗാർഡുമാരടക്കമുള്ളവരുണ്ട്‌. മറയൂർ, നാച്ചിവയൽ വനം സ്‌റ്റേഷനുകളിലായി 342 ജീവനക്കാരാണുള്ളത്‌. അതിൽ 129 സ്ഥിരം ജീവനക്കാരും 213 ദിവസ വേതനക്കാരും. ഇതിൽ മൂന്ന്‌ റേഞ്ച്‌ വനം ഓഫീസറും നാല്‌ ഡെപ്യൂട്ടി റേഞ്ചർമാരും ഉൾപ്പെടും. ദിവസവേതനക്കാരായ സുരക്ഷാ വാച്ചർമാരിൽ നാലിൽ മൂന്നുപേരും ചന്ദനക്കാടിനെ സംരക്ഷിക്കാൻ രാത്രി ജോലിയിൽ മാത്രമാണ്‌. 11 റിസർവ്‌ മേഖലയാണ്‌ മറയൂരിലുള്ളത്‌ (കാറയൂർ ബ്ലോക്ക്‌ ഒന്ന്‌, രണ്ട്‌, കൂടക്കാട്‌ മല, നാച്ചിവയൽ ബ്ലോക്ക്‌ ഒന്ന്‌, രണ്ട്‌, റിസർവ്‌ നമ്പർ 51, 52 54, തൃത്തല്ലൂർ, വണ്ണാതുറൈ ഒന്ന്‌, രണ്ട്‌)

രണ്ട്‌ വനം സ്‌റ്റേഷനെ ഒമ്പത്‌ സെക്‌ഷനാക്കിയാണ്‌  പ്രവർത്തനം. സെക്‌ഷന്‌ കീഴിൽ 16 കിലോമീറ്റർ ചുറ്റളവിലാണ്‌ യൂണിറ്റുകൾ. ഓരോ  യൂണിറ്റിലും ആറ്‌ ക്യാമ്പ്‌ ഷെഡ്ഡ്‌. ഈ ഷെഡ്ഡിൽനിന്ന്‌ അടുത്ത ഷെഡ്ഡിലേക്കുള്ള യാത്രയാണ്‌, രാത്രിജോലിയുടെ ഭാഗമായ റോന്തുചുറ്റൽ. യൂണിറ്റിന്റെ സുരക്ഷാ ചുമതല ബീറ്റ്‌  ഒാഫീസർമാർക്കാണ്‌. ഏഴ്‌ ബീറ്റ്‌ വനം ഓഫീസർമാരും അഞ്ച്‌ വനം വാച്ചർമാരും സ്‌ത്രീകളാണ്‌. വൈകിട്ട്‌ ആറുമുതൽ രാവിലെ ആറുവരെയാണ്‌ രാത്രികാവൽ. ജോലി തുടങ്ങുമ്പോൾ, അവരവരുടെ പരിധിയിലുള്ള മരങ്ങളുടെ കണക്ക്‌ കൈപ്പറ്റണം. പിറ്റേദിവസം ജോലി കൈമാറുമ്പോൾ, അതുറപ്പാക്കി കൈമാറണം. മരം മോഷണം പോയാൽ അതിന്റെ വില അവിടത്തെ സുരക്ഷാ ചുമതലയുള്ളവർ നൽകേണ്ടിവരും. പൊളിഞ്ഞുവീണ ചന്ദനമരങ്ങളുടെ കണക്കെടുത്ത്‌, ശിഖരങ്ങൾ ശേഖരിക്കേണ്ട ജോലിയും ഇവർക്കാണ്‌.

‘‘കാട്ടിൽ ഇപ്പോൾ പേടിയില്ല. കാട്ടുമൃഗങ്ങളൊക്കെ ഇഷ്ടം പോലെയുണ്ടാകും. മിക്കതിനെയും മണം കൊണ്ട്‌ തിരിച്ചറിയും. കരടിയെ മാത്രമാണ്‌ അങ്ങനെ മനസ്സിലാകാത്തത്‌’’, രാത്രി മഴയിൽ കുടചൂടി വനപാതയിൽ കണ്ട ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ ദിവ്യയും വാച്ചർ ശാന്തിയും പറഞ്ഞു.

ചെത്തിയൊരുക്കി കുട്ടപ്പനാക്കും

കേരളത്തിലെവിടെയും ചന്ദനം പിടിച്ചാൽ തൊണ്ടി മറയൂരിലെത്തും. വനംവകുപ്പ്‌ നേരിട്ട്‌ മുറിച്ചാലും കാതൽ ചെത്തിയൊരുക്കാൻ മറയൂർ വനം ഗോഡൗണിൽ മരമുട്ടിയെത്തും. മറ്റു സംസ്ഥാനത്ത്‌ ചന്ദനം കിട്ടാതായതോടെ ഇതര സംസ്ഥാന ഫാക്ടറികൾ വലിയ പ്രതിസന്ധിയിലാണ്‌. കേരള ചന്ദനത്തിന്റെ ഗുണവും അളവും  വല്ലാതെ ഭ്രമിപ്പിക്കുന്നുമുണ്ട്‌. മറയൂരിന്‌ പുറത്ത്‌ ഒറ്റക്കുറ്റി ചന്ദനവും സുരക്ഷിതമല്ലാത്തതും അതുകൊണ്ടുതന്നെ.

മൈസൂർ, കേരള സോപ്പുകമ്പനികളാണ്‌ മറയൂർ ചന്ദനം കൂടുതൽ ലേലം വിളിക്കുന്നത്‌. നമുക്കും ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം. കിലോയ്‌ക്ക്‌ 20,000 രൂപയാണ്‌ തുടക്കവില. ദേവസ്വം ബോർഡുകൾക്ക്‌ ലേലം വേണ്ട.  നിശ്‌ചിത ശതമാനം അധിക തുക നൽകണം. ഗുരുവായൂർ ദേവസ്വമാണ്‌ ഏറെയും ഇങ്ങനെ വാങ്ങിക്കുന്നത്‌.

ചന്ദനത്തൈലവും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. ഗ്രാമിന്‌ അഞ്ഞൂറാണ്‌ തുടക്കവില. തൈലമെടുത്ത പൊടിക്കും നല്ല വിലയുണ്ട്‌. അതിനും ആവശ്യക്കാരേറെ.

ഗോഡൗണിൽ എത്തിച്ച ചന്ദനമുട്ടികൾ ഒാരോ അളവിലും മുറിച്ച്‌ ചെത്തി കാതലെടുക്കുന്നതാണ്‌ പ്രധാന ജോലി. ഇതിനായി ഇരുപതോളം പേർ സ്ഥിരമായി ചെത്തുണ്ട്‌. കാതൽ കിട്ടുംവരെ ചെത്തിയൊരുക്കണം. ചെത്തിക്കളയുന്ന വെള്ളയ്‌ക്കുമുണ്ട്‌ കിലോയ്‌ക്ക്‌ 1000 രൂപ. അങ്ങനെ തൊട്ടാലും മുട്ടിയാലും കാശിന്റെ ഗന്ധമാണ്‌ മറയൂർ ചന്ദനത്തിന്‌.

പതിനഞ്ച്‌ ക്ലാസിലായാണ്‌ ചന്ദനവിൽപ്പന. ഓരോ ക്ലാസിനും ഓരോ വില. വിലായത്ത്‌ ബുദ്ധയാണ്‌ ഫസ്‌റ്റ്‌ ക്ലാസ്‌. (അഞ്ചുകിലോയിൽ കുറയാത്ത തനി കാതൽമുട്ടിയാണിത്‌). ചൈന ബുദ്ധ, പഞ്ചം, ഗോഡ്‌ല, ഗട്ട്‌ ബഡിയ, ബഗ്രാദാദ്‌, റൂട്ട്‌സ്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌, ജയ്‌പൊകൽ, ചെര്യ, മിക്‌സസ്‌ ചിപ്‌സ്‌, സോ ഡസ്‌റ്റ്‌, സാപ്‌വുഡ്‌ ബില്ലറ്റ്‌സ്‌, സാപ്‌വുഡ്‌ വിത്ത്‌ ബാർക്ക്‌ ചിപ്‌സ്‌ എന്നിവയാണ്‌ ചന്ദന തരങ്ങൾ.

മറയൂർ ഡിഎഫ്‌ഒ എം ജി വിനോദ്‌ കുമാർ

മറയൂർ ഡിഎഫ്‌ഒ എം ജി വിനോദ്‌ കുമാർ

മരമുണ്ടോ, വാങ്ങും

സ്വകാര്യ സ്ഥലത്തെ ചന്ദനമരങ്ങൾ വില കൊടുത്ത്‌ വാങ്ങുന്ന പദ്ധതിയും വനം വകുപ്പിനുണ്ട്‌. 50 സെന്റീമീറ്റർ ചുറ്റളവുള്ള മരമുണ്ടെങ്കിൽ ഒന്നരലക്ഷം രൂപ നൽകി എടുക്കും. മുമ്പ്‌ 30 ശതമാനം തുക വനം വകുപ്പിനും ബാക്കി ഉടമയ്‌ക്കുമായിരുന്നു. ഇപ്പോൾ മുഴുവൻ തുകയും നൽകും. വീട്ടുവളപ്പിലെ മരം നമ്മൾ വനംവകുപ്പിനെ അറിയിക്കാതെ മുറിച്ചാൽ പുലിവാലാകും. മുറിക്കുംമുമ്പ്‌ അവർ വന്ന്‌ മരത്തിന്‌ വിലയിടും. അവർതന്നെ മുറിച്ച്‌ സൈസാക്കി എടുക്കും. ‘‘മുറിഞ്ഞു വീണ ചന്ദനം തൊണ്ടി മുതലാണ്‌. അതിന്മേൽ ഉടമയായാലും കേസ്‌ വരും. അതിനുമുമ്പ്‌ തൊട്ടടുത്ത വനം ഡിവിഷനിൽ  അറിയിക്കണം. വനംവകുപ്പ്‌ എല്ലാം രേഖപ്രകാരം ചെയ്യും. എറണാകുളത്തുള്ള ഒരാളുടെ വീട്ടുവളപ്പിലെ മരം വനംവകുപ്പിനെ അറിയിക്കാതെ സ്വകാര്യ വ്യക്തികൾക്ക്‌ വിറ്റു. വിവരം വകുപ്പറിഞ്ഞു. അന്വേഷിച്ചപ്പോൾ വീട്ടുടമ ചെറിയ വിലയ്‌ക്ക്‌ വലിയ മരം കടത്തുകാർക്ക്‌ വിറ്റതാണ്‌. അയാൾക്ക്‌ പണം നഷ്ടമായി. കേസുമായി.

ചന്ദന പ്ലാന്റേഷന്‌ വലിയതോതിൽ തൈകൾ ഇപ്പോൾ മറയൂരിൽനിന്ന്‌ വിറ്റുപോകുന്നുണ്ട്‌. ഞങ്ങൾക്ക്‌ അതിന്‌ നഴ്‌സറിയുണ്ട്‌. മറയൂരിൽ പ്ലാന്റേഷനുമുണ്ട്‌. ഒരു റബർമരം 30 വർഷം പരിപാലിച്ചാൽ കൂടിയാൽ 15,000 രൂപവരെ കിട്ടും. അതേസമയം, 30 വർഷമായ ചന്ദനത്തിന്‌ ഒന്നര ലക്ഷം ഉറപ്പ്‌. മരം സംരക്ഷിക്കുന്നതിന്റെ പ്രശ്‌നമാണ്‌ ചന്ദന കൃഷിയുടെ പ്രധാന പരിമിതി. വൈദ്യുതി വേലിയും കാമറയും കാവൽക്കാരെയും വച്ചാൽ ഇത്‌ പരിഹരിക്കാം. വളം, വെള്ളം തുടങ്ങിയ ചെലവൊന്നും വരുന്നില്ല. വരണ്ട പ്രതികൂലമായ കാലാവസ്ഥയാണ്‌ ചന്ദനത്തിന്‌ നല്ലത്‌’’–- മറയൂർ ഡിഎഫ്‌ഒ എം ജി വിനോദ്‌ കുമാർ നല്ല മണമുള്ള ചന്ദനക്കഥകൾ തുടർന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top