25 April Thursday

താളിയോല രേഖാ മ്യൂസിയം: കാണുന്നില്ലേ എട്ടു നൂറ്റാണ്ടുമുമ്പുള്ള കേരളം

മിൽജിത്‌ രവീന്ദ്രൻUpdated: Friday Dec 23, 2022

തിരുവനന്തപുരം>‘ഭർത്താവ്‌ മരിച്ചതിനാൽ തീയിൽ പാഞ്ഞ്‌ ആത്മാഹുതി ചെയ്യാൻ ഉത്തരവ്‌ നൽകണം’. അപേക്ഷയുമായി കച്ചേരിയെ സമീപിച്ചത്‌ കൊല്ലത്തുള്ള ശീത്താരാമന്റെ ഭാര്യ വീരമ്മ. എന്നാൽ, ഈ രാജ്യത്ത്‌ (തിരുവിതാംകൂർ) അങ്ങനെ പതിവില്ലാത്തതിനാൽ അനുവദിക്കാനാകില്ലെന്ന്‌ കച്ചേരി ഉത്തരവ്‌. സംഭവം 1818 ലാണ്‌. തിരുവനന്തപുരം ഫോർട്ടിൽ വ്യാഴാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌ത പുരാരേഖ വകുപ്പിന്റെ താളിയോല രേഖാ മ്യൂസിയത്തിലാണ്‌ കൗതുകവും ആശ്‌ചര്യവും ജനിപ്പിക്കുന്ന നാടിന്റെ ചരിത്രം വ്യക്തമാക്കുന്ന അപൂർവ താളിയോല ശേഖരമുള്ളത്‌.
1780ൽ കൊച്ചി രാജ്യത്തുനിന്ന്‌ തിരുതാംകൂറിലേക്ക്‌ 2000 തോക്ക്‌ ആവശ്യപ്പെട്ട രേഖ, വേലുത്തമ്പി ദളവയെ കണ്ടുപിടിക്കാനുള്ള ഉത്തരവ്‌, 1750 ലെ മാർത്താണ്ഡവർമയുടെ തൃപ്പടിദാനം, 1239ൽ പാണ്ഡ്യരാജാവ്‌ കൊട്ടാരക്കര രാജാവിന്‌ നൽകിയ ഗ്രാമങ്ങളുടെ പേരുവിവരം തുടങ്ങി പതിമൂന്നാം നൂറ്റാണ്ടുമുതലുള്ള കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന അപൂർവ താളിയോല ശേഖരമാണ്‌ മ്യൂസിയത്തിലുള്ളത്‌.


സെൻട്രൽ ആർക്കൈവ്‌സ്, പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച താളിയോലകളിൽനിന്ന് തെരഞ്ഞെടുത്ത അമൂല്യങ്ങളായ 187 രേഖ മ്യൂസിയത്തിലുണ്ട്‌. ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ളവയാണ്‌ ഇതിൽ പലതും.  പ്രാചീന ലിപികളായ വട്ടെഴുത്ത്, കോലെഴുത്ത്,  മലയാണ്മ എന്നിവയിലും പ്രാചീന മലയാളം, തമിഴ് എന്നിവയിലും എഴുതിയ താളിയോല രേഖകളിലെ ഉള്ളടക്കം മലയാളത്തിൽ വിവരിച്ചിട്ടുണ്ട്. മൂന്നു കോടി രൂപ ചെലവിട്ട് 6000 ചതുരശ്രയടിയിൽ എട്ട് ഗാലറിയിലായാണ്  മ്യൂസിയം ഒരുക്കിയത്‌. 300 വർഷം പഴക്കമുള്ളതാണ്‌ മ്യൂസിയം ഒരുക്കിയ ആർക്കൈവ്‌സ് കെട്ടിടം.

ഉദ്ഘാടന ചടങ്ങിൽ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, കൗൺസിലർ പി രാജേന്ദ്രൻ നായർ,  ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ രജികുമാർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top