24 April Wednesday

പ്രതി പൂവന്‍കോഴിയെങ്കിൽ ‘മുഖ്യാധാര’കൾ അത് കണ്ണടച്ച് മുക്കും

ഗൗരിUpdated: Saturday Oct 22, 2022

കഴിഞ്ഞ ഏതാനും ദിവസമായി കേരളത്തില്‍ വലിയ ചര്‍ച്ചയൊന്നും കൂടാതെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഒരു വാര്‍ത്തയുണ്ട്. കഴിഞ്ഞ രണ്ടു തവണയായി പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സുകാരനായ, സംസ്ഥാന നിയമസഭാംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ എല്‍ദോസ് കുന്നപ്പള്ളി, സ്കൂള്‍ അധ്യാപികയായ ഒരു സ്ത്രീയെ മര്‍ദിച്ചുവെന്നതാണ് കേസ്.

കോവളത്തെ സൂയിസൈഡ് പോയിന്റില്‍വച്ചാണ് സംഭവം. ഈ വിവരം പുറത്തെത്തിയിട്ടും നമ്മുടെ മുഖ്യധാരക്കാര്‍ക്കൊന്നും അതിലൊരു വാര്‍ത്താമൂല്യവും കാണാനായില്ല. ഒടുവില്‍ ബുധനാഴ്ച അതിജീവിത പത്രസമ്മേളനം നടത്തി കുന്നപ്പള്ളിയുടെ ക്രൂരകൃത്യങ്ങള്‍ വെളിപ്പെടുത്തുകയും വേറെ ചില കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടും സമാനമായ ചില സംഭവങ്ങള്‍ വെളിപ്പെടുത്തേണ്ടതായി വരുമെന്ന് വിളിച്ചുപറയുകയും ചെയ്തപ്പോഴാണ് മനോരമയും 24ഉം ചെറുതായിട്ടൊന്നനങ്ങിയത്. അപ്പോഴേക്കും എംഎല്‍എ ഒളിവില്‍പോയി കഴിഞ്ഞു.

അങ്ങനെയായപ്പോള്‍ കുന്നപ്പള്ളിയെ വിട്ട്, പിണറായി സര്‍ക്കാരിനും പൊലീസിനും നേരെയായി നിശയുടെ ചര്‍ച്ചയുടെ ദിശ. കുന്നപ്പള്ളിയെ എവിടെയാണ് ഒളിപ്പിച്ചുവച്ചിട്ടുള്ളതെന്ന് സതീശാദികള്‍ വെളിപ്പെടുത്തേണ്ടതിനുപകരം പൊലീസ് എന്തേ അതിയാനെ പിടികൂടുന്നില്ല എന്നായി ചോദ്യം.

ഇതു നല്ല കൂത്ത്. അതിജീവിത പറഞ്ഞതനുസരിച്ചുതന്നെ നിരവധി തവണ പീഡിപ്പിക്കുകയും മദ്യപിച്ചെത്തി തല്ലുകയും ചെയ്തിട്ടുണ്ട്, സാത്വികനായ ഈ ഖാദര്‍ധാരി. അതിനെക്കുറിച്ചല്ല ചര്‍ച്ച; മറിച്ച് എന്തേ പൊലീസ് പിടിക്കാത്തത് എന്നാണ്.

സിപിഐ എമ്മിലെ ഏതെങ്കിലും ഒരു പഞ്ചായത്ത് അംഗമോ പാര്‍ടി ബ്രാഞ്ചംഗത്തിന്റെ അളിയനോ അയലോക്കക്കാരനോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു ചര്‍ച്ച. സര്‍വമാന ചാനല്‍ പിള്ളകളും കടന്നല്‍ക്കൂടിളകിയത് പോലെ ചാടിവീണേനെ.

അങ്ങനെയല്ല എന്നതുകൊണ്ടുതന്നെ ആരും ശ്രദ്ധിക്കാത്ത ഏതേലും മൂലയിലാകും മാതൃഭൂമി, മനോരമാദി പത്രങ്ങളിലെല്ലാം ഇടം പിടിക്കുക, മാധ്യമങ്ങളുടെ നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും മുഖം മൂടി അഴിഞ്ഞുവീഴുക സമാന സന്ദര്‍ഭങ്ങളിലാണല്ലോ. സംഭവം നടന്നത്  കോവളത്തുവച്ചാരുന്നു.

എന്നാല്‍ മുന്‍പ് കോവളം എംഎല്‍എ എം വിന്‍സന്റ് സ്ത്രീപീഡന കേസില്‍ കുടുങ്ങി മൂന്ന് മാസത്തോളം ജയിലിലായപ്പോഴും ചര്‍ച്ച പിണറായി സര്‍ക്കാരിനെതിരായിട്ടായിരുന്നല്ലോ!

ഇപ്പോഴും, പ്രതിയായ പൂവന്‍കോഴി തങ്ങളുടെ സ്വന്തം കുന്നന്‍പള്ളിയും അതിയാന് കുടപിടിക്കുന്നത് സ്വന്തം കോണ്‍ഗ്രസുമായിരിക്കുമ്പോള്‍ പിന്നെങ്ങനെയാണ് മനോരമാദികള്‍ക്ക് സടകുടഞ്ഞെഴുന്നേല്‍ക്കാനാവുക?

പതിനൊന്നാം തീയതി മനോരമയുടെ പതിനാലാം പേജില്‍ ഒരു വാര്‍ത്തയുണ്ട്. തലവാചകം ഇങ്ങനെ: ''തോമസ് ഐസക്കിന് ഇഡി സമന്‍സ് അയയ്ക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു.'' മുന്‍മന്ത്രിയെന്ന നിലയില്‍ ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാമിനും ജോയിന്റ് ഫണ്ട് മാനേജര്‍ക്കും മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി കേസില്‍ സമന്‍സ് അയക്കുന്നതാണ് ഹൈക്കോടതി വിലക്കിയത്.

രണ്ടുമാസം മുന്‍പ് ഐസക്ക് കുരുക്കില്‍; ഉടന്‍ ഇഡി ചോദ്യം ചെയ്യും എന്നെല്ലാം ഒന്നാം പേജില്‍ അച്ചുനിരത്തുകയും സര്‍വമാന മസാല വിദഗ്ധരെയും അണിനിരത്തി പ്രൈം ടൈം ചര്‍ച്ച നടത്തുകയും ചെയ്ത മാന്യമാധ്യമങ്ങളാണ് ഇപ്പോള്‍ ഇഡിക്ക് (ഒപ്പം ഇഡിയെ പൊക്കിപ്പാടി നടന്ന മാധ്യമങ്ങള്‍ക്കും) കനത്ത തിരിച്ചടി കോടതിയില്‍ നിന്നു കിട്ടിയപ്പോഴാണ് ആ വാര്‍ത്ത തമസ്കരിക്കപ്പെടുന്നത്; അവസാനപേജില്‍ ഒതുക്കപ്പെടുന്നത്.


ഇഡിയുടെ നോട്ടീസ് ഡോ. ഐസക്കിനു കിട്ടുംമുന്‍പ് കൈപ്പറ്റി പ്രസിദ്ധീകരിച്ച് ചര്‍ച്ച ചെയ്ത മാധ്യമങ്ങളാണ് ഇപ്പോള്‍ ഒട്ടകപ്പക്ഷിയെപോലെ തലയും പൂഴ്ത്തി നില്‍ക്കണത്. ഡോ. ഐസക്കിന്റെയും ബന്ധുമിത്രാദികളുടെയും കളത്രപുത്രാദികളുടെയും പോരെങ്കില്‍ അയലോക്കക്കാരുടെയും സ്വത്തുവിവരമെല്ലാം ചാക്കില്‍കെട്ടി ഇഡിക്കുമുമ്പാകെ കൊണ്ടോയികൊടുക്കണമെന്നും ഇല്ലാച്ചാല്‍ മൂക്കുചെത്തി ഉപ്പിലിട്ടുകളയുമെന്നുമായിരുന്നല്ലോ ഇഡിയുടെ കിടിലന്‍ കത്ത് പൊട്ടിച്ചുവായിച്ചതായി അവകാശപ്പെടുന്ന മാധ്യമവീരന്മാര്‍ എഴുതിപ്പിടിച്ചത്.

ഇതെന്ത് കലാപരിപാടിയാണ്, എന്താണ് കേസ് എന്ന് അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും അതുകൊണ്ട് അത് സംബന്ധിച്ച കൃത്യമായ വിവരം എന്തിനാ ഈ സമന്‍സ് എന്ന ചോദ്യത്തിനുള്ള മറുപടി  വേണമെന്നാവശ്യപ്പെട്ടാണ് ഡോ. ഐസക് കോടതിയെ സമീപിച്ചത്. അത് ശരിയാണല്ലോയെന്നു കണ്ട കോടതി ഇഡിയോടെ ഉടന്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

രണ്ടുമാസം പിന്നിട്ടിട്ടും മറുപടി ഇല്ലാതെ ബബ്ബബ്ബയടിക്കണ ഇഡിയോടാണ് ഹൈക്കോടതി ഇനിയുള്ള കലാപരിപാടി രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും ആര്‍ക്കെങ്കിലും സമന്‍സ് അയച്ച് വിളിച്ചുവരുത്തണമെന്നുണ്ടെങ്കില്‍ അതെന്തിനെന്നതിന്റെ ഉത്തരം അതിനകം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചത്.

അതാണ് നമ്മളെ മുഖ്യധാരക്കാരെ ഉലക്ക വിഴുങ്ങിയ പെരുമ്പാമ്പിന്റെ അവസ്ഥേലെത്തിച്ചത്. മനോരമ പതിനാലാം പേജില്‍ തള്ളിയപ്പോള്‍ മാതൃഭൂമി ഒന്നാം പേജില്‍ ഒറ്റക്കോളത്തില്‍ ഒതുക്കി. മറ്റു മുഖ്യധാരക്കാരും തഥൈവ.


എന്നാല്‍ മനോരമയുടെ ഒന്നാം പേജില്‍ മറ്റൊരു കിടുഐറ്റം ഇടം പിടിച്ചിട്ടുണ്ട്: ''ശിവശങ്കറിന്റെ ഇടപാടുകളെല്ലാം മുഖ്യമന്ത്രി അറിഞ്ഞ്: സ്വപ്ന. എന്‍ഐഎയില്‍ ശിവശങ്കറിന് സ്വാധീനം; കൊണ്ടുവന്നതു എന്നെ കുടുക്കാന്‍''. അപ്പോള്‍ ഈ പഴകിപ്പുളിച്ച സാധനം, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വപ്ന വെളിപ്പെടുത്തലുകളായി തിരിച്ചും മറിച്ചും കൊടുത്തോണ്ടിരിക്കണ സാധനം, ഒന്നാം പേജില്‍ 4 കോളംനിറച്ച് ചേലില്‍ അവതരിപ്പിക്കുമ്പോള്‍ മനോരമയുടെ ജേണലിസ്റ്റിക് സെന്‍സ് മഞ്ഞപ്പത്രങ്ങളെയും തോല്‍പ്പിക്കും.

എന്നാല്‍ ഇത് ഒറ്റദിവസത്തെ സവിശേഷ പരിഗണന മാത്രമല്ല. തുടരന്‍ സാധനമാണ്. പത്താം തീയതി ഇത് ഒന്നാം പേജില്‍ മാസ്റ്റര്‍ ഹെഡ്ഡിനുതൊട്ടുതാഴെയായി 5 കോളത്തില്‍ നല്‍കേണ്ട ഇനമാണ് മനോരമയ്ക്ക്; ദാ ഇങ്ങനെ:

''ആ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍: സ്വപ്ന. സ്വര്‍ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്നയുടെ ആത്മകഥ.

'' അപ്പോള്‍ സംഭവം ഇത്രേയുള്ളൂ. തുടര്‍ഭരണം. അതുണ്ടായത് സ്വപ്ന പറഞ്ഞതനുസരിച്ച് കേരള ജനത വോട്ടുകുത്തിയതുകൊണ്ട്. ഇനി അതുണ്ടാവണ്ടാന്ന് മനോരമേം സ്വപ്നേം സംഘി അണ്ണന്മാരും ഉവാച: എന്റെ പൊന്നോ, ഇമ്മാതിരി തള്ളുകള്‍ ടോപ്പ് ഐറ്റമാക്കുന്ന ഈ പത്രത്തിന്റെ തൊലിക്കട്ടി അപാരം!

പതിനൊന്നാം തീയതി ഒൻപതാം പേജില്‍ മനോരമ ഒരു എക്സ്ക്ലൂസീവ് ഐറ്റം അവതരിപ്പിക്കുന്നുണ്ട്: ''മുങ്ങി, വിവാദ ഫയലുകള്‍'' എന്താത്? നോക്കാം. ''കോവിഡ് കാല ഇടപാടുകളുടെ പരിശോധന ഇഴയുന്നു.'' എന്താ പരിശോധന? മനോരമേ പറയട്ടെ! ''കോടികളുടെ ക്രമക്കേട് നടന്നതായി സംശയിക്കുന്ന കോവിഡ് കാല ഇടപാടുകളുടെ നിര്‍ണായകഫയലുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് അപ്രത്യക്ഷമായെന്ന് സംശയം.

'' മനോരമേടെ സംശയങ്ങള്‍ ഏറെ പ്രസിദ്ധമാണ്. സംശയിച്ചുകൊണ്ടേയിരിക്കും. നോക്കൂ ടൈറ്റിലില്‍ സംശയമല്ല, കട്ട സ്ഥിരീകരണം. ഉള്ളിലിറങ്ങിയാല്‍ വെറും പൊക ജഗപൊക! ടൈറ്റില്‍ മാത്രം നോക്കുന്നവരില്‍ ഇവിടെയാകെ കൊഴപ്പം എന്ന പ്രതീതി ഉറപ്പിക്കാം.

പഴേയൊരു ഫയല്‍ മുക്കിയ കഥയുണ്ടല്ലോ ''വരദാചാരിയുടെ തല പരിശോധന''യുടെ ഫയല്‍ മുക്കല്‍! അത് മനോരമ കണ്ടെത്തിയോ ആവോ! മനോരമേല്‍ തുടര്‍ക്കഥയെഴുത്തുകാര്‍ക്കാണ് കൊയ്ത്തുകാലമെന്ന് ഒരു കരക്കമ്പി ഇങ്ങനെ കറങ്ങുന്നുണ്ട്!

എട്ടാം തീയതിയിലെ മനോരമയുടെ പത്താം പേജില്‍ രസകരമായ ഒരു ടൈറ്റില്‍ ''കേരളത്തിലെ റോഡില്‍ വേസ്റ്റ് ബിന്‍ കണ്ടില്ലെന്ന് കുഞ്ഞു സാറ; എല്ലാം മാറുമെന്ന് മുഖ്യമന്ത്രി. നോര്‍വെ സന്ദര്‍ശനത്തിനിടെ മലയാളികളുമായി മുഖ്യമന്ത്രിയുടെ സംവാദം'' ടൈറ്റില്‍ നല്ലതുതന്നെ. എന്നാല്‍ അതിലും ശ്രദ്ധേയമായ, ഹൈലൈറ്റ് ചെയ്യപ്പെടേണ്ട ഒരൈറ്റം കൂടി വായിക്കാം:

''നോര്‍വെയില്‍ പൊതുവിദ്യാഭ്യാസം മാത്രമാണുള്ളതെന്നു പറഞ്ഞ മലയാളികള്‍, നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണ് ഇവിടെ ഉയര്‍ന്ന ജോലി കിട്ടാന്‍ സഹായകമായതെന്നും ചൂണ്ടിക്കാട്ടി.'' ആ മികവുകള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മികവാണെന്നും അത്തരം മികവുകളെ ഇല്ലാണ്ടാക്കാന്‍ മനോരമയും തങ്ങളാലാവുന്നത് ചെയ്യുന്നുണ്ടെന്നതും ഈ വേളയില്‍ നമുക്കോര്‍ക്കാം

. ''പൊതു''വിനെ തകര്‍ത്ത് (വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും വിതരണത്തിലുമെല്ലാം) ''സ്വകാര്യ''ത്തെ ഉയര്‍ത്തലാണല്ലോ മനോരമ ചെയ്യണത്!
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യയില്‍ നടക്കണ പൊളിച്ചടുക്കലുകള്‍ മുഖ്യധാരക്കാര്‍ വേണ്ടത്ര ചര്‍ച്ചയാക്കുന്നുണ്ടോന്നു കൂടി നോക്കണം.

ചരിത്രപഠനത്തിലും സയന്‍സിന്റെ പഠനത്തിലുമെല്ലാം അശാസ്ത്രീയവും അബദ്ധജടിലങ്ങളുമായ കാര്യങ്ങള്‍ ദേശീയവിദ്യാഭ്യാസത്തിന്റെ പേരില്‍ പാഠ്യപദ്ധതിയില്‍ കുത്തിനിറയ്ക്കുന്നതിന് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനുനേരെ മൗനം പുലര്‍ത്തുകയല്ലേ മനോരമാദികള്‍ ചെയ്യുന്നത്.

ഇത്തരം സമീപനങ്ങള്‍ക്കെതിരെ പൊരുതുന്ന ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങുന്ന മനോരമ യഥാര്‍ഥത്തില്‍ കേന്ദ്രത്തിന്റെ സംഘി അജന്‍ഡകള്‍ക്ക് ചൂട്ടുപിടിക്കുകയാണ്.

എന്തായാലും പതിനൊന്നാം തീയതിയിലെ മനോരമയുടെ മുഖപ്രസംഗം ''ഭാഷാ വൈവിധ്യത്തെ അപമാനിക്കരുത്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കിക്കൂടാ'' എന്നതാണെന്ന് കണ്ടതില്‍ പെരുത്ത് സന്തോഷം. അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതിയുടെ റിപ്പോര്‍ട്ടിലാണ് തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നിര്‍ദേശമുള്ളത്.

ഇതിനെ കേവലം പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയായിട്ടല്ല കാണേണ്ടത്. സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായ ''ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍'' മെല്ലെമെല്ലെ അടിച്ചേല്‍പ്പിക്കലാണ്. ഇന്ത്യയുടെ വൈവിധ്യത്തെ, ഇന്ത്യയെന്ന ആശയത്തെത്തന്നെ തകര്‍ത്ത് സ്വേച്ഛാധിപത്യപരവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്‍ 2025നുമുന്‍പ് പൂര്‍ത്തിയാക്കാനുള്ള നീക്കമാണ് മോദിയും അമിത് ഷായും മോഹന്‍ ഭാഗവതും നടത്തുന്നത്.

അത് കൃത്യമായി വായനക്കാരോട് പറഞ്ഞ് സംഘപരിവാര്‍ അജന്‍ഡക്കെതിരെ നില്‍ക്കാന്‍ മനോരമ തയ്യാറല്ല; മനോരമയുടെ കോര്‍പറേറ്റ് മൂലധന താല്‍പ്പര്യമാണ് അതിനു തയ്യാറാകാതിരിക്കാന്‍ കാരണം.

ഏഴാം തീയതിയിലെ മനോരമയുടെ ഏഴാം പേജില്‍ ''സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകള്‍ പരിശോധനയില്‍ പരാജയപ്പെടുന്നു.'മരുന്നിനുപോലുമില്ല' ഗുണനിലവാരം'' എന്നാരൈറ്റം'' നല്‍കീറ്റുണ്ട്. ഗുണനിലവാരം 'മരുന്നിനുപോലും' ഉണ്ടാകലല്ല, മെച്ചപ്പെടലാണ് വേണ്ടത് എന്നതില്‍ സംശയമില്ല.

എന്നാല്‍ ഇങ്ങനെയെരു പ്രമാദമായ റിപ്പോര്‍ട്ട് നല്‍കുന്നതില്‍, അത് ഈ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ മനോരമയ്ക്ക് ഒരു ഒളി അജന്‍ഡയുണ്ട്  പൊതുമേഖലയെയും പൊതു ആരോഗ്യസംവിധാനത്തെയും തകര്‍ക്കലും സ്വകാര്യമേഖലയ്ക്ക് തടിച്ചുകൊഴുക്കാന്‍ അരങ്ങൊരുക്കലും. പൊതുആരോഗ്യ സംവിധാനത്തെയും പൊതുമേഖലാ കമ്പനികളെയുംകാള്‍ മെച്ചമല്ലല്ലോ സ്വകാര്യ ചികിത്സാ കച്ചവടസ്ഥാപനങ്ങള്‍. അക്കാര്യത്തിനു നേരെയാണ് മനോരമ കണ്ണടയ്ക്കുന്നത്.

പതിനൊന്നാം തീയതിയിലെ മനോരമയില്‍ ഒൻപതാം പേജില്‍ ''കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണം. വീറോടെ പോരാട്ടം'' എന്നൊരിനം വലുതായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് എട്ടാം തീയതിയിലെ മനോരമയുടെ പതിനൊന്നാം പേജിലെ ''കോണ്‍ഗ്രസ് വോട്ടര്‍പട്ടിക: വിലാസമില്ലാതെ 3267 പേര്‍'' എന്ന വാര്‍ത്ത.

കോണ്‍ഗ്രസിനൊരു സ്ഥിരം അധ്യക്ഷനെ കണ്ടെത്താന്‍ പൊരിഞ്ഞ പോരാട്ടം ഖാര്‍ഗെയും തരൂരും തമ്മില്‍ നടക്കുന്നു. ഇതില്‍ മനോരമ കണ്ണടയ്ക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. അതിലൊന്ന് മത്സരം സമനിരപ്പില്‍ നിന്നല്ലയെന്നത്. രണ്ടാമത്തേത് വോട്ടര്‍മാരുടെ ജനാധിപത്യസ്വഭാവം സംബന്ധിച്ചാണ്.

ഖാര്‍ഗെ മത്സരിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അതായത് കുടുംബത്തിന്റെ, സ്ഥാനാര്‍ഥിയായാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാല്‍ സോണിയാജി, രാഹുല്‍ജി, പ്രിയങ്കാജി ആദിയായ കുടുംബത്തിന്റെ റബര്‍ സ്റ്റാമ്പായിരിക്കും.

കുടുംബത്തിന്റെയും കുടുംബഭക്തരുടെയും അകമഴിഞ്ഞ പിന്തുണ ഖാര്‍ഗെയ്ക്കുണ്ടെന്നതുതന്നെ മത്സരത്തെ സമനിരപ്പിലുള്ളതല്ലാതാക്കുന്നു.

പോരെങ്കില്‍ പിസിസികളും ഭാരവാഹികളും ഞാന്‍ മുന്‍പേന്നു പറഞ്ഞ് ഖാര്‍ഗെയെ പിന്തുണയ്ക്കാന്‍ ചാടിവീഴുകയുമാണ്. അപ്പോള്‍ വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് പേരും ഊരും വേണമെന്നില്ല. കാക്കത്തൊള്ളായിരംപേരുടെ ചുമ്മാ ഒരു പട്ടികയുണ്ടാക്കി തരൂരിനും കൊടുത്ത് മത്സരിച്ചോ മോനേന്ന് പറഞ്ഞ് സോണിയാജി- രാഹുല്‍ജി ടീംസ് പറഞ്ഞുവിട്ടാല്‍ അതാകുമോ ജനാധിപത്യം? ഒപ്പം ചേര്‍ത്തു പരിശോധിക്കേണ്ടതാണ് വോട്ടര്‍പട്ടികയിലുള്ളവരുടെ ജനാധിപത്യസ്വഭാവം.

ഇവര്‍ ആരെങ്കിലും താഴെതട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണോ? അല്ലല്ലോ. പിന്നെങ്ങനെയാ? ഹൈക്കമാന്‍ഡ് അതായത് കുടുംബവും ശിങ്കിടികളും ചേര്‍ന്ന്, ലോകമാന്‍ഡുകളിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഭക്തര്‍! എന്തൊരു ജനാധിപത്യമാണെന്നു നോക്കണേ!

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top