28 March Thursday

കോൺക്ലേവ്‌ ജാള്യം മറയ്ക്കാൻ ‘ധൂർത്ത്‌’ തള്ള്‌

പ്രത്യേക ലേഖകൻUpdated: Tuesday Aug 2, 2022


തിരുവനന്തപുരം  
തൃശൂരിൽ സംഘടിപ്പിച്ച കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ്‌ സർക്കാരിനും ലഭിച്ച അംഗീകാരത്തിൽ വിറളിപിടിച്ച്‌ മനോരമ. വടികൊടുത്ത്‌ അടി മേടിച്ചതിന്റെ ജാള്യം മറയ്ക്കാനാണ്‌ സർക്കാരിനെതിരെ ധൂർത്ത്‌ തള്ളുമായി രംഗത്തെത്തിയത്‌. സിൽവർ ലൈൻ, ദേശീയപാത, കെ–- ഫോൺ തുടങ്ങി സർക്കാരിന്റെ സുപ്രധാന വികസന പദ്ധതികളെയെല്ലാം തുരങ്കംവയ്ക്കുന്ന യുഡിഎഫ്‌ അനുകൂല പത്രമാണ്‌ പൂർത്തിയായ പദ്ധതികളെ ‘ധൂർത്ത്‌’ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. പ്രകൃതിക്ഷോഭസമയത്ത്‌ ‘രക്ഷാസംവിധാനങ്ങൾ എവിടെ?’ എന്ന്‌ ചോദിച്ച്‌ പരമ്പര ചെയ്തവർതന്നെ രക്ഷാഹെലികോപ്റ്റർ ധൂർത്താക്കി. ഹെലികോപ്റ്റർ ചുമ്മാ ഓടിച്ച്‌ ചെലവ്‌ വർധിപ്പിക്കാത്തതിലും കണ്ണീർവാർക്കുന്നു.  മനോരമയുടെ ‘പിടിവിട്ട’ അവസ്ഥ ഇതിൽ വ്യക്തം.

സർക്കാരിനെതിരെ നിരന്തരം നിരത്തിയ ഇല്ലാക്കഥകളും നുണക്കണക്കുമാണ്‌  സ്വന്തം കോൺക്ലേവിൽ കുമിളകൾപോലെ പൊട്ടിപ്പോയത്‌. താൻ മാതൃകയാക്കുന്ന, ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിയെ വിശേഷിപ്പിച്ചത്‌.  എന്നാൽ, സ്വന്തം ചടങ്ങിലെ ആ പ്രസംഗഭാഗം  മനോരമ റിപ്പോർട്ട്‌ ചെയ്‌തില്ല. കോൺക്ലേവുണ്ടാക്കിയ ക്ഷീണം മറയ്ക്കാൻ സർക്കാരിനെതിരായ വാർത്തയും പരമ്പരയും കുത്തിനിറച്ച്‌ തിങ്കളാഴ്‌ച ഈ യുഡിഎഫ്‌ അനുകൂല പത്രം ഇറങ്ങിയത്‌. അതിലാവട്ടെ വിരോധാഭാസങ്ങളുടെ പ്രളയവും. സാമ്പത്തിക പ്രതിസന്ധിയാൽ ഏതെങ്കിലും സാമൂഹ്യ പദ്ധതികളോ ക്ഷേമപ്രവർത്തനങ്ങളോ വികസനമോ നിർത്തിവയ്ക്കുമെന്ന്‌ സർക്കാർ പറഞ്ഞിട്ടില്ല. പ്രഖ്യാപിച്ച ഒട്ടനവധി വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ പ്രയാസങ്ങളാണ്‌ സർക്കാർ പറയുന്നത്‌. അത്‌ അർഹമായ വിഹിതവും സഹായവും കേന്ദ്ര സർക്കാർ നിഷേധിക്കുന്നതുകൊണ്ടാണെന്നും വ്യക്തം.

ധൂർത്തായി വിശേഷിപ്പിക്കുന്ന നീന്തൽക്കുളമുൾപ്പെടെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയ വികസനപദ്ധതികളാണെല്ലാം. ഉമ്മൻചാണ്ടിക്കാലത്ത്‌ പ്രഖ്യാപിച്ച നീന്തൽ‘ക്കുള’ങ്ങളുടെ അവസ്ഥ മറന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top