04 October Wednesday

മാമുക്കോയ ; പ്രതിസന്ധികളെ പച്ചജീവിതം കൊണ്ട് നേരിട്ടയാൾ

വി ടി മുരളിUpdated: Wednesday Apr 26, 2023

വര- എ ബാലകൃഷ്ണൻ

കോഴിക്കോടിന്റെ നന്മകളെക്കുറിച്ചെല്ലാരും പറയാറുണ്ട്. ആ നന്മയുടെ പ്രതീകമാണ് മാമുക്കോയ. ഇങ്ങനെ ചിലരും കൂടി അവശേഷിക്കുന്നതുകൊണ്ടാണ് കോഴിക്കോടിന് ചില  നന്മകളുണ്ടെന്നിപ്പോഴും ആളുകള്‍ പറയുന്നത് ദേശാഭിമാനി ഓണപ്പതിപ്പിൽ മാമുക്കോയയെ കുറിച്ച് വി ടി മുരളി എഴുതിയ ലേഖനം

വി ടി മുരളി

വി ടി മുരളി

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മാമുക്കോയ എന്റെ സുഹൃത്താണോ? അതോ സഹോദരനോ? അദ്ദേഹത്തിന് ഞാനാരാണ്? എന്തു തിരക്കിലായാലും ഫോണിന്റെ അങ്ങേയറ്റത്തു നിന്നുള്ള 'മുരളീ' എന്ന വിളി കേള്‍ക്കാനെനിക്കെന്തിഷ്ടമാണെന്നോ. എന്നോട് സ്നേഹത്തോടെ വിവരങ്ങള്‍ തിരക്കുന്ന സുഹൃത്ത്. ബഹുമാനം എന്നത് അങ്ങോട്ടുമിങ്ങോട്ടും കൊടുക്കാനും വാങ്ങാനുമുള്ളതാണെന്ന് വിശ്വസിക്കുന്ന വലിയ മനുഷ്യന്‍.
 
കോഴിക്കോടിന്റെ നന്മകളെക്കുറിച്ചെല്ലാരും പറയാറുണ്ട്. ആ നന്മയുടെ പ്രതീകമാണ് മാമുക്കോയ. ഇങ്ങനെ ചിലരുംകൂടി അവശേഷിക്കുന്നതുകൊണ്ടാണ് കോഴിക്കോടിന് ചില നന്മകളുണ്ടെന്നിപ്പോഴും ആളുകള്‍ പറയുന്നത്. ഇവര്‍ കൂടിയില്ലെങ്കില്‍ പിന്നെ കോഴിക്കോടിനും മറ്റു പ്രദേശങ്ങള്‍ക്കും തമ്മിലെന്ത് വ്യത്യാസം? മാമുക്കോയയുമായി സംസാരിച്ചിരുന്നാല്‍ കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രം നമ്മുടെ മുന്നില്‍ തുറക്കുകയായി. അതില്‍ നാടകമുണ്ട്, സിനിമയുണ്ട്, കല്ലായിപ്പുഴയുണ്ട്, രാഷ്ട്രീയമുണ്ട്, തടിവ്യവസായമുണ്ട്, സൌഹൃദമുണ്ട്, മതമുണ്ട്, സംഗീതമുണ്ട്, സാഹിത്യമുണ്ട്, സ്പോര്‍ട്സ് അങ്ങനെ എല്ലാമുണ്ട്. ഒരു തമാശക്കാരനാണോ ഇതൊക്കെപ്പറയുന്നത് എന്നാശ്ചര്യം തോന്നും. വലിയ വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും ലഭിക്കാത്ത നിരീക്ഷണങ്ങള്‍ ഈ സംസാരത്തിലുടനീളം ഉണ്ടാവും. ഓരോ സംഭവത്തെക്കുറിച്ചും അദ്ദേഹത്തിന്റേതു മാത്രമായ നിരീക്ഷണങ്ങള്‍.
 
താഹ മാടായി എഴുതിയ 'മാമുക്കോയ' എന്ന പുസ്തകം അദ്ദേഹത്തിന്റെ ചിന്തകളുടെയും ഓര്‍മകളുടെയും സമീപനങ്ങളുടെയും ഫലിതങ്ങളുടെയും ഉല്‍ക്കണ്ഠകളുടെയും സൌഹൃദത്തിന്റെയും ഒക്കെ തെളിഞ്ഞ ചിത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. പുസ്തകം വായിച്ചുപോകുമ്പോള്‍ ഇതൊരെഴുത്തല്ല, മാമുക്ക നമ്മളോരോരുത്തരോടും നേരിട്ട് കാര്യങ്ങള്‍ പറയുകയാണെന്ന് തോന്നും. ആ ശബ്ദവും രൂപവുമൊക്കെ പുസ്തകം കേള്‍പ്പിക്കുകയും കാണിക്കുകയും ചെയ്യുന്നു. എന്റെ കാലത്ത് ജീവിക്കുന്ന, എനിക്ക് നേരിട്ട് പരിചയമുള്ള ഒരു പച്ച മനുഷ്യനെ താഹ അവതരിപ്പിച്ചിരിക്കുന്നു. വായിക്കുന്നവരൊക്കെ മാമുക്കോയയെക്കുറിച്ച് എനിക്കും എന്തൊക്കെയോ പറയാനില്ലേ എന്ന് വിചാരിച്ചുപോകുന്നു. അത്തരം ഒരു തോന്നലാണ് സത്യത്തില്‍ ഈ കുറിപ്പിനും ആധാരം.

ചില വ്യക്തിത്വങ്ങള്‍ അങ്ങനെയാണ്. അവര്‍ എല്ലാവരുടെയും സുഹൃത്തായിരിക്കും. എന്റെ മാത്രം സുഹൃത്താണെന്ന് ഓരോരുത്തരും കരുതുകയും ചെയ്യും. മറ്റുള്ളവര്‍ അവരെക്കുറിച്ചു അഭിമാനത്തോടെ, ആവേശത്തോടെ സംസാരിക്കുമ്പോള്‍ നമ്മുടെ മനസ്സു പറയും ഇയാളെക്കാളും അടുപ്പം എനിക്കല്ലേ എന്ന്. പ്രാദേശിക തലത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് പോലും കഴിയാത്ത ഒരവസ്ഥയാണിത്. എല്ലാവരെയും ആകര്‍ഷിക്കുക. എല്ലാവരുടെയും സുഹൃത്തായിരിക്കുക. എല്ലാവരുടെയും ഉള്ളില്‍ കയറുക. എത്രപേര്‍ക്ക് കഴിയും? കഴിഞ്ഞിട്ടുണ്ട്? നമ്മള്‍ എത്രയോ ഇഷ്ടപ്പെടുന്ന കലാകാരനായാലും രാഷ്ട്രീയക്കാരനായാലും അവര്‍ നമ്മില്‍ നിന്നും ഒരു ദൂരം എപ്പോഴും സൂക്ഷിക്കുന്നു. വലിയ എഴുത്തുകാര്‍ പോലും അവരുടെ ആരാധകരില്‍ നിന്നും എത്രയോ അകലെയാണ് നില്‍ക്കുന്നത്. അവരോടു സംസാരിക്കാന്‍ പോലും ഭയപ്പെടുന്നു. എന്റെ സുഹൃത്ത് രാജേന്ദ്രന്‍ എടത്തുംകര പറയാറുണ്ട് നാമെന്തിനവരെയൊക്കെ ഭയപ്പെടണം? അവരെ ഒരു പരിപാടിയില്‍

പങ്കെടുക്കാമോ എന്ന് ചോദിക്കാനല്ലേ നാം വിളിക്കുന്നത്. പതിനായിരം രൂപ കടം ചോദിക്കാനല്ലല്ലോ എന്ന്. മാമുക്കോയയെ നമുക്കെപ്പോഴും വിളിക്കാം, സംസാരിക്കാം. ഓരോരുത്തരെയും ഓരോ രീതിയില്‍ത്തന്നെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനറിയാം. അവര്‍ ആവശ്യപ്പെടുന്നത് നിഷേധിക്കുമ്പോഴും വിളിച്ചയാള്‍ക്ക് മുഷിച്ചലില്ലാതെ കൈകാര്യം ചെയ്യപ്പെടുന്നു.

കോഴിക്കോട് എന്ന നഗരത്തിന് നമ്മുടെ കലാചരിത്രത്തില്‍ എപ്പോഴും സ്ഥാനമുണ്ട്. മാമുക്ക പറയുന്നതിങ്ങനെയാണ്.
 
'കലാവാസനയുള്ള ഒരു ചെറുപ്പക്കാരനെപ്പോലെയായിരുന്നു അന്ന് കോഴിക്കോട്''. വലിയ വലിയ പരിപാടികളെക്കുറിച്ച് എവിടെ വച്ച് ആലോചിക്കുമ്പോഴും അത് കോഴിക്കോട്ടായാലോ എന്നാണാദ്യം മനസില്‍ വരുന്നത്. ഒരു നഗരവുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന കലാപാരമ്പര്യം മറ്റേതെങ്കിലും നഗരത്തിനുണ്ടെങ്കില്‍ ഒരുപക്ഷേ, അത് കൊച്ചിക്കായിരിക്കും എന്നുതോന്നുന്നു.

ഇക്കഴിഞ്ഞ മുഹമ്മദ് റഫി ചരമദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ മുപ്പതിലധികം പരിപാടികള്‍ നടന്നുവെന്നത് ഒരത്ഭുതമല്ല. സംഗീതത്തെയും നാടകത്തെയും സിനിമയെയും സാഹിത്യത്തെയും ഫുട്ബോളിനെയുമെല്ലാം നെഞ്ചിലേറ്റുന്ന ഒരു ജനത. അതിന്റെ നിഷ്ക്കളങ്കരൂപം ഇപ്പോള്‍ ഒരു ചരിത്രം മാത്രമല്ല എന്ന് ഞാനും സംശയിച്ചുപോവാറുണ്ട്.

മാമുക്കോയ തന്റെ പ്രസംഗങ്ങളിലും സംസാരത്തിലുമൊക്കെ വരച്ചുകാട്ടുന്ന കോഴിക്കോടിന്റെ നിഷ്ക്കളങ്കവും ആശയപരവുമായ അവസ്ഥ ഇന്നതിനുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നത് വെറുതെയല്ല. അദ്ദേഹവുമായി ബന്ധപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മകള്‍ പലപ്പോഴായി പ്രസംഗവേദികളില്‍ ഞാന്‍ കേട്ടിട്ടുള്ളതാണ്. സരസമായി കാര്യങ്ങള്‍ പറയുന്നതിനെക്കുറിച്ച് എം ആര്‍ രാഘവവാര്യര്‍ ഒരു യാത്രക്കിടയില്‍ എന്നോടു പറയുകയുണ്ടായി. കോഴിക്കോടന്‍ നാടകവേദിയെക്കുറിച്ച് ഈ തമാശക്കാരനെന്ത് പറയാന്‍ എന്ന ഭാവത്തിലാണ് അദ്ദേഹം മാമുക്കയുടെ പ്രസംഗം കേട്ടുതുടങ്ങിയതത്രെ. പക്ഷേ, പ്രസംഗത്തിന്റെ ഉള്ളടക്കം അതിഗംഭീരമായിരുന്നു എന്നദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. അവതരിപ്പിക്കുന്നത് നര്‍മം കലര്‍ത്തിയാണെങ്കിലും അതിന്റെയുള്ളില്‍ ഒരുപാട് പഠിക്കാനും ചിന്തിക്കാനും ഉണ്ടാകും.
 
എന്റെയൊരു പുസ്തകത്തിന്റെ പ്രകാശനത്തിനായി ഞാന്‍ ജോലി ചെയ്തിരുന്ന വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ഒരിക്കല്‍ മാമുക്ക വരികയുണ്ടായി. 'സംഗീതത്തിന്റെ കേരളീയ പാഠങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടദ്ദേഹം ചെയ്ത പ്രസംഗം ജീവനക്കാര്‍ക്കത്ര രസിച്ചില്ല. അവരില്‍ പലരും എന്നോടു പരാതി പറഞ്ഞു. തമാശ തീരെയില്ലാതെ പോയി എന്ന്. ഞാന്‍ പറഞ്ഞു. ഓരോ വിഷയത്തിനെക്കുറിച്ചല്ലേ സംസാരിക്കുക. ഞാനൊരു തമാശ പറയാം എന്നു പറഞ്ഞാരെങ്കിലും തമാശ പറയുമോ? അദ്ദേഹം തന്നെ തന്റെയൊരനുഭവം വിവരിക്കുന്നത് നോക്കുക. ഒരു യോഗം കഴിഞ്ഞപ്പോള്‍ ഭാരവാഹികള്‍ ഇങ്ങനെ പറഞ്ഞു:
'സാറില്‍നിന്ന് എല്ലാവരും ഒരു തമാശപ്രസംഗമാണ് പ്രതീക്ഷിച്ചത്. പ്രസംഗം സീരിയസ്സായിപ്പോയി.''

അപ്പോള്‍ മാമുക്കോയ  പറഞ്ഞ മറുപടി ഇങ്ങനെയാണ്.

'അങ്ങനെയാണെങ്കില് നമ്മള്‍ ഭീമന്‍ രഘുവിനെയോ ടി ജി രവിയേയോ പരിപാടിക്ക് ക്ഷണിച്ചാല് നിങ്ങള് സ്റ്റേജില് വെച്ച് ബലാല്‍സംഗം ചെയ്തു കാണിക്കാന്‍ പറയ്വോ''.
അവരുടെ ഉത്തരം മുട്ടിപ്പോയി. തുടര്‍ന്നദ്ദേഹം പറയുകയാണ്.
 
'ചിലരുടെ ഉത്തരം മുട്ടിക്കാന്‍ എനിക്കറിയാം. അതിന് ബുദ്ധിയും ഡിഗ്രിയുമൊന്നും വേണ്ട. ജീവിതം മതി. പച്ചജീവിതം''.
ഈ പച്ച ജീവിതം കൊണ്ടാണദ്ദേഹം ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളെയും നേരിട്ടത്.ഖത്തര്‍ ഐസിആര്‍സിയില്‍ ഞാന്‍ ഒന്ന് രണ്ട് മാസക്കാലം സംഗീതാധ്യാപകനായി ഉണ്ടായിരുന്നു. പഴയ ഇറാനിയന്‍ സ്കൂളിലാണ് ഐസിആര്‍സി പ്രവര്‍ത്തിച്ചിരുന്നത്. എല്ലാ സൌകര്യങ്ങളുമുള്ള കെട്ടിടം. താമസിക്കാന്‍ മുറികള്‍. ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ അങ്ങനെ എല്ലാ സൌകര്യങ്ങളും. ആ കാലത്ത് സ്ഥാപനത്തിന്റെ ചെയര്‍മാനായ എസ്എഎം ബഷീര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഓഫീസ് കാര്യങ്ങള്‍കൂടി ഞാനാണ് നോക്കിയിരുന്നത്.

ആ കാലഘട്ടത്തില്‍ നടന്ന ഒരു കോമഡി ഷോവില്‍ അതിഥിയായി മാമുക്കോയയും പങ്കെടുത്തിരുന്നു. കെ എസ് പ്രസാദിന്റെ സംഘമാണ് ഷോ അവതരിപ്പിച്ചിരുന്നത്. റിഹേഴ്സലിനായി വന്ന മാമുക്ക സംഘാടകര്‍ക്കൊപ്പം ഓഫീസിലിരിക്കുന്ന എന്നെ ശ്രദ്ധിക്കാതെ നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി. പെട്ടെന്നുതന്നെ പോയപോലെ തിരിച്ച് ഓഫീസിലേക്ക് കയറിവന്നു. ഓഡിറ്റോറിയത്തിലെത്തിയപ്പോള്‍ ആരോ പറഞ്ഞു ഓഫീസിലിരിക്കുന്നത് ഞാനാണെന്ന്. 'അതു ശരി. നമ്മളെ ഓത്തുപള്ളി'' എന്നു പറഞ്ഞുടനെ മടങ്ങിയതാണ്. റിഹേഴ്സല്‍ തുടങ്ങുന്നതുവരെ എന്റെയടുത്തിരുന്നു സംസാരിച്ചു.

സംഘാടകര്‍ക്കെല്ലാം അത്ഭുതം. ഇങ്ങനെയൊരു സിനിമാ നടനോ? ആരപ്പാ ഈ മുരളി, മാമുക്കോയ ഇറങ്ങിവന്നു സംസാരിക്കാന്‍ മാത്രം. സിനിമയിലെ തമാശക്കാരനായ നടന്‍ മാമുക്കോയയെ മാത്രമേ അവര്‍ക്കറിയൂ. അവര്‍ പരിചയിച്ച സിനിമക്കാര്‍ക്കെല്ലാം ഉള്ള  ഒരകല്‍ച്ച മാമുക്കയില്‍ അവര്‍ കണ്ടതുമില്ല. സൌഹൃദബന്ധങ്ങള്‍ക്കദ്ദേഹം കൊടുക്കുന്ന വിലയെത്രയെന്ന് അവര്‍ക്കറിയില്ലല്ലോ. മുറിയില്‍ ചോദിക്കാതെ കയറിവന്ന ആരാധകനെ ആട്ടിയിറക്കുന്ന സിനിമാക്കാരനെയും ഞാന്‍ കണ്ടിട്ടുണ്ട് ഗള്‍ഫില്‍നിന്നുതന്നെ.

വളരെ വേദനയോടെ, അപമാനഭാരത്തോടെ അയാള്‍ ഇറങ്ങിപ്പോകുന്ന കാഴ്ചയുടെ ഓര്‍മ ഇപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ പാടിയ സിനിമയിലെ നായകനെ (ആ നായകന് വേണ്ടിയാണ് ഞാന്‍ പാടിയത്) വളരെ ആവേശത്തോടെ പരിചയപ്പെടാന്‍ ചെന്നതും അയാള്‍ വല്ലാതെ അവഗണിച്ചതും എനിക്ക് മറക്കാന്‍ കഴിയുമോ? 'താഴ്മതാനഭ്യുന്നതി' എന്ന് നമ്മള്‍ പഠിച്ചിട്ടില്ലേ. അതാണ് മാമുക്കോയ. മറ്റേത്, നേരത്തെ സൂചിപ്പിച്ച ബുദ്ധിയും ഡിഗ്രിയുമുള്ളയാള്‍. പക്ഷേ, ജീവിതം പച്ചയല്ല.
 
കോഴിക്കോടിന്റെ ജീവിതവുമായി, കലയുമായി മാമുക്കോയ പുലര്‍ത്തിവരുന്ന ബന്ധം– ഒരുപക്ഷേ, ആ ഓര്‍മകളിലാണദ്ദേഹം ഇപ്പോഴും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ബഷീറും പൊറ്റെക്കാടും എംടിയും ബാബുരാജും അബ്ദുള്‍ഖാദറും നെല്ലിക്കോട് ഭാസ്കരനും വാസു പ്രദീപും തിക്കോടിയനും കെ ടിയും ശാന്താദേവിയും മരത്തൊഴിലാളികളും കവി മാഷും കുതിരവട്ടം പപ്പുവും എല്ലാം തന്റെ ജീവിതത്തിന്റെ പാഠപുസ്തകങ്ങള്‍ തന്നെ. ഇവരെല്ലാം ചേര്‍ന്നൊരു ലോകം. ആലോചിച്ചു നോക്കൂ. അതിനിടയില്‍ ഇവരുടെയെല്ലാം ദോസ്തായി മാമുക്കോയയും. ഇതില്‍ പലരുടെയും ചരമദിനങ്ങള്‍ കോഴിക്കോടും പരിസരത്തും ആചരിക്കുമ്പോള്‍ അവിടെയെല്ലാം മാമുക്കോയയുടെ സാന്നിധ്യം ഉണ്ടാകും. അവരെക്കുറിച്ചൊക്കെ അദ്ദേഹത്തിന് ഒരുപാട് കഥകള്‍ പറയാനുമുണ്ടാവും.

എത്ര ഉന്നതമായ മേഖലയില്‍ എത്തിയാലും താന്‍ പഴയ കല്ലായിലെ മരങ്ങള്‍ക്ക് നമ്പറിടുന്ന മാമുക്കയാണെന്ന ബോധമാണ്

അദ്ദേഹത്തില്‍ മുന്നിട്ടു നിന്നത്. അഴീക്കോടു മാഷും സമദാനിയും പ്രസംഗിക്കുന്ന വേദിയില്‍ തന്റെ വര്‍ത്തമാനത്തിനല്ല കാതോര്‍ക്കേണ്ടതെന്നും എന്നാല്‍ താന്‍ തമാശ പറയുമെന്ന് കരുതി മാഷേപ്പോലുള്ളവരെ അവഗണിക്കുന്നത് വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു. അത്തരം വേദികളില്‍ താന്‍ പോകുന്നതുപോലും അഴീക്കോടു മാഷെ കേള്‍ക്കാനാണ് എന്ന് അദ്ദേഹം തുറന്നുപറയുന്നു. വിദ്യാസമ്പന്നര്‍പോലും ഇങ്ങനെ പെരുമാറുമ്പോള്‍ മാമുക്കോയ പ്രഗത്ഭമതികളുടെ പ്രഭാഷണങ്ങള്‍ക്കായി കാതോര്‍ക്കുന്നു.

ഇ എം എസിന്റെ കൂടെ യാത്ര ചെയ്തത് അദ്ദേഹം അനുസ്മരിക്കുന്നതിങ്ങനെയാണ്. 'ബോംബെയില്‍ എന്തോ പരിപാടിക്ക് പോയതായിരുന്നു മൂപ്പര്‍. സംഘാടകര്‍ എന്നോടു പറഞ്ഞു.
കോയക്ക തിരുവനന്തപുരത്തേക്കാണല്ലോ. ഇയെമ്മിനെ ഒന്നു ശ്രദ്ധിക്കണേ.''
 
ഈ പൊതുമുതല് കേടുവരുത്താണ്ട് ഞാന്‍ കൊണ്ടുപോയ്ക്കൊള്ളാം എന്നാണ് മാമുക്കയുടെ മറുപടി. ഇ എം എസ് ഒരു പൊതുമുതലാണെന്ന് പറയാന്‍ അദ്ദേഹത്തിനേ കഴിയൂ; അങ്ങനെയൊരു വാക്കുപയോഗിക്കാനും.
ഇ എം എസ്

ഇ എം എസ്മതം എന്നത് ധാര്‍മികതക്കപ്പുറം മാമുക്കയ്ക്കൊന്നുമല്ല. അതിന്റെ അനാവശ്യമായ ആര്‍ഭാടങ്ങളിലോ ആചാരങ്ങളിലോ താല്‍പ്പര്യമില്ല. കലയോടുള്ള  മതത്തിന്റെ ആദ്യകാല സമീപനങ്ങളെ ശക്തിയായിത്തന്നെ എതിര്‍ത്തിട്ടുണ്ട് അദ്ദേഹം. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകങ്ങളാണ് അധികവും കളിച്ചിട്ടുള്ളത്. കലയ്ക്ക് എതിര് നില്‍ക്കുന്ന മതത്തെ തനിക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞിട്ടുണ്ട്. കലയെ എതിര്‍ക്കുന്നത് മതത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണെന്ന് അദ്ദേഹം വാദിക്കുന്നു. 'മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കള്ളികള്‍ക്ക് പുറത്താണ് കലാകാരന്‍. കലാകാരന് കുടുസ്സായി ചിന്തിക്കാന്‍ കഴിയില്ല. അവരുടെ ലോകം വിശാലമാണ്, ആയിരിക്കണം.'' ഇതാണദ്ദേഹത്തിന്റെ നിലപാട്.

നജീബ് കാന്തപുരം രചിച്ച് ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച 'പാടുക നിലാവെ' എന്ന സിഡിയുടെ പ്രകാശനകര്‍മം നിര്‍വഹിച്ചത് എംടി യായിരുന്നു. ചടങ്ങില്‍ മാമുക്കയും സംബന്ധിച്ചു. എംടിയുടെ പ്രൌഢമായ പ്രസംഗത്തിനുശേഷം മാമുക്ക മുസ്ളിംചെറുപ്പക്കാര്‍ കലാരംഗത്ത് വരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ആയിടക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒരു കലാകാരനോടു കാണിച്ച നടപടിയെക്കുറിച്ച് മാമുക്ക പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കല മനുഷ്യനൊപ്പമുള്ളതാണെന്നും ബാക്കിയെല്ലാം നാം സ്വീകരിച്ചതാണെന്നും അങ്ങനെയെങ്കില്‍ ഏറ്റവും ദൈവികമായത് കല മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതു മതമായാലും കലയ്ക്കും കലാകാരനും എതിരെ നില്‍ക്കുന്നത് ദൈവനിഷേധമാണെന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ട് എല്ലാ ചെറുപ്പക്കാരും ഇത് മനസ്സിലാക്കണമെന്നും കല വളര്‍ത്തണമെന്നും കലയുള്ളിടത്ത് കലാപമുണ്ടാവില്ലെന്നും അദ്ദേഹം നിര്‍ഭയം പ്രഖ്യാപിച്ചു. കോഴിക്കോട് അബ്ദുള്‍ഖാദര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ സത്യജിത്തും നജ്മല്‍ബാബുവും ഖാദര്‍ക്കയുടെ ബന്ധുക്കളായ ക്രിസ്ത്യാനികളും ചേര്‍ന്നാണ് മയ്യത്തുകട്ടില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. 'ഖാദര്‍ക്കാ ഒരു വിശ്വപൌരനാണെ''ന്ന് മാമുക്ക പറയുന്നു.

2008 ലാണ് സിനിമാ അവാര്‍ഡില്‍ ആദ്യമായി നല്ല ഹാസ്യനടനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മുന്‍കമ്മിറ്റിയുടെ  റിപ്പോര്‍ട്ട് പ്രകാരമായിരിക്കണം സര്‍ക്കാര്‍ അങ്ങനെയൊരു   തീരുമാനമെടുത്തത്. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ആ കമ്മിറ്റിയില്‍ ഞാനും അംഗമായിരുന്നു. സണ്ണി ജോസഫ്, ഒ വി ഉഷ, പ്രിയനന്ദനന്‍, ബി എം സുഹ്റ, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരായിരുന്നു മറ്റംഗങ്ങള്‍. ഡോ. ശ്രീകുമാര്‍ മെമ്പര്‍ സെക്രട്ടറി. ഹാസ്യനടന്‍ എന്ന വിഭാഗത്തില്‍ ജഗതി, ഇന്നസെന്റ, മാമുക്കോയ, ഇന്ദ്രന്‍സ്, സുരാജ്  ഇങ്ങനെ കുറച്ചുപേരെ മാത്രമേ പരിഗണിക്കാനുള്ളൂ. ഇങ്ങനെയൊരവാര്‍ഡ് ആ വര്‍ഷം ഏര്‍പ്പെടുത്തിയ വിവരം മാമുക്കോയക്ക് അറിവില്ലായിരുന്നു.
 
തീരുമാനമെടുക്കാന്‍ വേണ്ടി ഞങ്ങള്‍ കോളവത്ത് യോഗം ചേര്‍ന്നപ്പോള്‍ എല്ലാവരോടും ഓരോ വിഭാഗത്തെക്കുറിച്ചും അഭിപ്രായം പറയാന്‍ പറഞ്ഞു. സംഗീതം, ഗായിക, ഗായകന്‍, ഗാനരചന തുടങ്ങിയ കാര്യങ്ങളിലൊന്നും അന്യഭാഷക്കാരനായ ചെയര്‍മാന്‍ അഭിപ്രായം ഒന്നും പറഞ്ഞില്ല. സംഗീത വിഭാഗത്തിന്റെ കാര്യം ഞാന്‍ പറയട്ടെ എന്നദ്ദേഹം പറഞ്ഞു. രചന തുടങ്ങിയ കാര്യങ്ങള്‍ ഉഷച്ചേച്ചി, സുഹ്റത്ത എന്നിവരോട് ചോദിച്ചു. എല്ലാവരും അഭിപ്രായം പറയുമെങ്കിലും തീരുമാനം ഏകകണ്ഠമായി എടുക്കുകയായിരുന്നു.

ആരും ഒരു വിയോജിപ്പും രേഖപ്പെടുത്തിയില്ല. നല്ല ഹാസ്യനടന്‍ എന്ന ഇനത്തിലെത്തിയപ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്തൊരങ്കലാപ്പ്. മാമുക്കയ്ക്ക് കിട്ടുമോ? ഇത്രയും സിനിമക്കാരുടെ ഇടയ്ക്ക് എനിക്ക് കേറി ആദ്യം അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ? പരസ്പരം നേരത്തെ ആരും ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല. ഒരാള്‍പോലു എതിരില്ലാതെ മാമുക്കയുടെ പേരുപറഞ്ഞപ്പോ എനിക്ക് സന്തോഷമായി. ചെയര്‍മാന്റെ അഭിപ്രായം കേള്‍ക്കാന്‍ കാത്തിരിക്കയാണ് ഞങ്ങള്‍.
അദ്ദേഹം പറഞ്ഞു.
''Mamukkoya is not acting.
He is behaving''
സിനിമാഭിനയം എന്നാലതാണ് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്കെല്ലാം സന്തോഷമായി. ഗിരീഷ് കാസറവള്ളി

ഗിരീഷ് കാസറവള്ളി

ഗിരീഷ് കാസറവള്ളി

പറഞ്ഞ അഭിപ്രായം നാട്ടിലെത്തിയപ്പോള്‍ ഞാന്‍ മാമുക്കയോട് പറഞ്ഞു. അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയതിലും സന്തോഷം ഗിരീഷ് കാസറവള്ളിയുടെ പരാമര്‍ശങ്ങളായിരുന്നു. ജീവിതത്തിലും അഭിനയമില്ല. നാടകത്തിലും അഭിനയമില്ല. സിനിമയിലും അഭിനയമില്ല. എല്ലായിടത്തും കഥാപാത്രമായി പെരുമാറുകയായിരുന്നു മാമുക്കോയ.

താഹയുടെ പുസ്തകത്തില്‍ മാമുക്കോയ ഇങ്ങനെ പറയുന്നു.
'ജീവിതം തന്നെ നാടകം. അല്ലെങ്കില്‍ നാടകം തന്നെ ജീവിതം. നമ്മള് ജീവിക്കുന്നത് തന്നെയാണ് അഭിനയിക്കുന്നതും. ജീവിതത്തിനെന്തിനാണൊരു സര്‍ട്ടിഫിക്കറ്റ്?''
സ്കൂള്‍ ഓഫ് ഡ്രാമയെക്കുറിച്ചുകൂടി പറഞ്ഞതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറഞ്ഞത്.

പല വേദികളിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഏത് വിഷയമായാലും അതിലൊക്കെ ബാബുക്കയും ഖാദര്‍ക്കയും കടന്നുവരും. പാട്ടുകളെ, സംഗീതത്തെ അത്രക്കിഷ്ടപ്പെടുന്നു അദ്ദേഹം. തന്റെ പരുക്കന്‍ ശബ്ദത്തില്‍ പഴയ മാപ്പിള്ളപ്പാട്ടുകളൊക്കെ പാടും. കൈരളി ചാനലിന്റെ പട്ടുറുമാലിലും അതുപോലെത്തന്നെയുള്ള  മറ്റു മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലും അതിഥിയായി ഞങ്ങള്‍ വിധികര്‍ത്താക്കളൊപ്പം അദ്ദേഹം ഇരിക്കാറുണ്ട്. അപ്പോഴൊക്കെ പാട്ടുകളുടെ ആര്‍ക്കും അറിഞ്ഞുകൂടാത്ത ചില പശ്ചാത്തലങ്ങളെക്കുറിച്ചദ്ദേഹം പറയുന്നത് ഞങ്ങളെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കും.

കല്ലായിയും കുറ്റിച്ചിറയുമൊക്കെയാണ് അദ്ദേഹത്തിന്റെ വലിയ ലോകം. 'കല്ലായിപ്പുഴയുടെ അക്കരെയും ഇക്കരെയുമുള്ള തീരങ്ങളിലാണ് അക്കാലത്തെ കലാപ്രവര്‍ത്തനങ്ങളൊക്കെ നടന്നിരുന്നത്. 'ഇന്ന് കല്ലായിപ്പുഴ ആളുകള്‍ക്ക് ചവറു കൊണ്ടിടാനുള്ള ഒരു ചെളിക്കുണ്ട്''. വേദനയോടെ അദ്ദേഹം പറയുന്നു. മുമ്പ് കോഴിക്കോട്ടുകാരുടെ ജീവിതം കല്ലായിപ്പുഴയെ ചുറ്റിപ്പറ്റിയായിരുന്നു എന്ന് തനിക്ക് ശേഷം വന്നവരെ അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ചരിത്രത്തെയും   നാടകത്തെയും നാടിനെയും എല്ലാം ചുറ്റിപ്പറ്റി ഒരു നടന്‍. കലാകാരന് ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട് എന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു.
'സ്നേഹമില്ലെങ്കില്‍ മനുഷ്യനെന്തിനു കൊള്ളും'' എന്നതാണദ്ദേഹത്തിന്റെ ആശയം. മതാതീതമായ ഒരു മതനിരപേക്ഷതയാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. 'ഓത്തുപളളി' എന്നു ഞാന്‍ പാടിയ പാട്ടിനെക്കുറിച്ചു പുറത്തിറങ്ങിയ 'ഓത്തുപള്ളി – ഓര്‍മയിലെ തേന്‍തുള്ളി' എന്ന പുസ്തകത്തില്‍ മാമുക്കയുടെ ഒരു ലേഖനമുണ്ട്. ആ ലേഖനത്തിലും അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

'കലാകാരന്മാര്‍ നാടിന്റെ സ്വത്താണ്. ജാതിമതചിന്തകളൊന്നും കലാകാരന്മാരുടെ മനസ്സിലുണ്ടാകില്ല. മനുഷ്യമനസ്സിന്റെ പല മുറിവുകളും പല കാലത്തും ഉണക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദേശവും രാജ്യവും അതിര്‍വരമ്പുകളൊന്നും കലാകാരനെ ബാധിക്കുന്നില്ല. കലാകാരന്റെ ശക്തി വലുതാണ്. അത് കെട്ടുപോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്' എന്നുപറയുമ്പോള്‍ സമൂഹത്തോട്  ബാധ്യതയുളള സാമൂഹ്യചിന്തകളുള്ള, സമൂഹത്തിന്റെ അസ്വസ്ഥതകള്‍ തന്റെകൂടി അസ്വസ്ഥതകളാണെന്ന് തിരിച്ചറിയുന്ന കലാകാരനെക്കുറിച്ചാണദ്ദേഹം സൂചിപ്പിക്കുന്നത്. പഴയ കല്ലായിയുടെ പ്രതാപം പോയി. കല്ലായി കലയുടെ പ്രതാപവും പോയി. കലയിലൂടെയുള്ള സ്നേഹത്തിന്റെ പ്രസരണം കെട്ടടങ്ങി. അതിപ്പോള്‍ പുതിയ കല്ലായിപ്പുഴപോലെ ചവറുകളെല്ലാം കൊണ്ടിടുന്ന ചെളിക്കുണ്ടായോ?...  .
 
(ദേശാഭിമാനി വാരികയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top