08 December Wednesday

മമ്മൂട്ടിയും ഞാനും...മഹാരാജാസിലെ മമ്മൂട്ടിയെയൊർത്തെടുത്ത്‌ കഥാകൃത്ത്‌ ഗ്രേസി

ഗ്രേസിUpdated: Friday Oct 1, 2021

മമ്മൂട്ടി

മമ്മൂട്ടി ഒന്നുരണ്ട് നാടകങ്ങളില്‍ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു മരബഞ്ച്, ഡസ്‌ക്‌, പാതിയും ആരോ ഉരിഞ്ഞെടുത്ത ഒരു പഴക്കുല ഇത്യാദി കഥാപാത്രങ്ങളോടൊപ്പം മമ്മൂട്ടി അരങ്ങില്‍ നില്‍ക്കുന്ന ഒരോര്‍മ്മ അണയാതെ മനസ്സിലുണ്ട്. അഭിനയക്കമ്പക്കാരനാണ് എന്ന്‌ മനസ്സിലായെങ്കിലും ആവക നാടകങ്ങളിലൊന്നും മമ്മൂട്ടിയുടെ ആഭിനയ പ്രതിഭ മറനീക്കുന്നത് കണ്ടില്ല.

റണാകുളം മഹാരാജാസില്‍ ഞാന്‍ മലയാളം എം എയ്‌ക്ക്‌ ചേരുമ്പോള്‍ മമ്മൂട്ടി ഇസ്ലാമിക ചരിത്രം ബി എ മൂന്നാം വര്‍ഷത്തില്‍ അഭിനയിക്കുകയായിരുന്നു. ജനയുഗം വാരികയിലും ചില സമാന പ്രസിദ്ധീകരണങ്ങളിലുമൊക്കെ കഥയെഴുതി ഒരെഴുത്തുകാരിയുടെ ഗൗരവത്തില്‍ നടന്ന എന്നെ മമ്മൂട്ടി പൊട്ടിച്ചിരിപ്പിച്ചു. മമ്മൂട്ടി അവതരിപ്പിച്ച മിമിക്രി എന്ന കലാരൂപം ഒരു പട്ടിക്കാട്ടുകാരിയായ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. മമ്മൂട്ടിയുടെ ചങ്ങാതിയായ ഒരു സഹപാഠിയോട് എനിക്ക് മമ്മൂട്ടിയെ ഇഷ്ടമായി എന്ന് ഞാന്‍ പറയുകയും ചെയ്തു. അതിനുശേഷമാണ് മമ്മൂട്ടി ഇടയ്‌ക്കിടെ മലയാളം എം എ ക്ലാസ്സില്‍ തലയിടാന്‍ തുടങ്ങിയത്.

മഹാരാജാസ്‌ കോളേജ്‌

മഹാരാജാസ്‌ കോളേജ്‌

ആദ്യം ക്ലാസ്സിന്റെ വരാന്തയില്‍ ഉടല്‍ മറച്ച് മുഖത്തിന്റെ ഒരു തുണ്ടായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക. പിന്നെപ്പിന്നെ ഒരു കോമാളിച്ചിരിയില്‍ വികസിച്ച് മുഖം മുഴുവനായി വെളിപ്പെട്ടുവരും. അന്നേരം ഞങ്ങളുടെ കൂട്ടച്ചിരിയാണ് മമ്മൂട്ടിയെ എതിരേല്‍ക്കുക. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾ തമ്മിലൊരു സൗഹൃദംപോലും ഉരുവമെടുത്തില്ല.

പലതരം വിക്രിയകളുമായി മമ്മൂട്ടി എപ്പോഴും തിരക്കിലായിരുന്നുതാനും. കാണാന്‍കൊള്ളാവുന്ന പെണ്‍കുട്ടികളുടെ പിന്നാലെ കണ്ണേ! പൊന്നേ! പൊരുളേ! എന്നൊക്കെ വിളിച്ചുനടക്കുന്നതിലായിരുന്നു മമ്മൂട്ടിയുടെ സഹൃദയത്വം എറ്റവും പ്രകടമായത്. മമ്മൂട്ടി ഒന്നുരണ്ട് നാടകങ്ങളില്‍ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു മരബഞ്ച്, ഡസ്‌ക്‌, പാതിയും ആരോ ഉരിഞ്ഞെടുത്ത ഒരു പഴക്കുല ഇത്യാദി കഥാപാത്രങ്ങളോടൊപ്പം മമ്മൂട്ടി അരങ്ങില്‍ നില്‍ക്കുന്ന ഒരോര്‍മ്മ അണയാതെ മനസ്സിലുണ്ട്. അഭിനയക്കമ്പക്കാരനാണ് എന്ന്‌ മനസ്സിലായെങ്കിലും ആവക നാടകങ്ങളിലൊന്നും മമ്മൂട്ടിയുടെ ആഭിനയ പ്രതിഭ മറനീക്കുന്നത് കണ്ടില്ല.

മമ്മൂട്ടി ആദ്യമായി ഒരു സിനിമയിലഭിനയിച്ചതറിഞ്ഞ് ഞങ്ങള്‍ ആവശത്തോടെ കാണാന്‍ പോയി. പ്രേംനസീറിന് പകരം ഒരു ദിവസത്തേക്ക് കടത്തുവള്ളമൂന്നുന്ന രംഗത്തിലാണ് നൂലനായ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. വള്ളമൂന്നുന്ന നീളന്‍ മുളയും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു എന്ന് ഞാന്‍ വിലയിരുത്തുകുയും ചെയ്തു. കാലചക്രം എന്ന സിനിമയായിരുന്നു അത്. സത്യന്റെ ഒടുവിലത്തെ സിനിമയായ അനുഭവങ്ങള്‍ പാളിച്ചകളിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചതെന്ന് ചിലര്‍ ഒരു കണ്ടുപിടിത്തം നടത്തിയിട്ടുണ്ട്. ദേ! എന്റെ തല! എന്ന് പറയാന്‍ തുടങ്ങിമ്പോഴേയ്‌ക്കും മാഞ്ഞുപോകുന്ന ഒരാള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നതൊന്നും കണക്കിലെടുക്കേണ്ടതില്ല.

ചിറകുമുറ്റി പറന്നുപോകുന്ന കിളികളെപ്പോലെ മഹാരാജാസില്‍നിന്ന് ഞങ്ങള്‍ പലവഴി പിരിഞ്ഞുപോയി. ഏറെക്കാലം കഴിഞ്ഞ് കെ ജി ജോര്‍ജിന്റെ മേളയിലും എം ടി തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത തൃഷ്‌ണയിലുമൊക്കെ മമ്മൂട്ടിയെ കണ്ട് ഞാന്‍ അതിശയിച്ചു.

നമ്മള്‍ തീവ്രമായി ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന് ആരോ പറഞ്ഞത് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളമെങ്കിലും സത്യമായല്ലോ എന്ന് സന്തോഷിക്കുകയും ചെയ്തു. പക്ഷേ, അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി അപ്പോഴും അത്യുത്സാഹിയായ ഒരു വിദ്യാർഥി മാത്രമായിരുന്നു. മഹാരാജാസിലെ അഴകൊഴമ്പന്‍ മമ്മൂട്ടി സുമുഖനായ ഒരു യുവാവായി മാറിയിരുന്നെങ്കിലും ശരീരത്തിലെങ്ങനെയാണ് ഒരു മുറുക്കം വന്നുകയറിയതെന്ന് എനിക്ക് മനസ്സിലായില്ല. പ്രണയരംഗങ്ങളിലായിരുന്നു അത് ഏറ്റവും പ്രകടമായത്.

എന്നാല്‍ പിന്നാലെ വന്ന ചില സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ആ മുറുക്കം സവിശേഷമായൊരു ഗാംഭീര്യമണയ്‌ക്കുന്നത് കണ്ടപ്പോഴാണ് അതൊരു അതിജീവനമാണെന്ന് ഞാന്‍ തിരച്ചറിഞ്ഞത്. അസാധാരണമായ മെയ്്‌വഴക്കമുള്ള ചില നടന്മാരെക്കാള്‍ തലയെടുപ്പോടെ നില്‍ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞത് അങ്ങനെയാണ്.

‘അംബേദ്‌കർ’

‘അംബേദ്‌കർ’

ബുദ്ധിപൂർവം ആ വഴി തിരഞ്ഞെടുത്തതുകൊണ്ടാണ് ഡോ. അംബേദ്കര്‍ മമ്മൂട്ടിയില്‍ പാകമായ പരകായപ്രവേശം നടത്തിയത്. അച്ചടിമാധ്യമങ്ങളില്‍ നമ്മള്‍ ഏറ്റവുമധികം കണ്ടിട്ടുള്ള അംബേദ്കര്‍ ചിത്രത്തിലേക്ക് പകരാന്‍ പറ്റിയ ഒരു മുഖവും മമ്മൂട്ടിയെ തുണച്ചു.

ബുദ്ധി മാത്രമല്ല ഭാഗ്യവും തുണച്ച ഒരു നടനാണ് മമ്മൂട്ടി. സിനിമാലോകത്ത് മമ്മൂട്ടിയുടെ പ്രതിഛായ എപ്പോഴൊക്കെ മങ്ങിപ്പോയിട്ടുണ്ടോ അപ്പോഴൊക്കെയും അത് തേച്ചുമിനുക്കിയെടുക്കാനുതകുന്ന ഒരു ചിത്രം അദ്ദേഹത്തെ തേടിവന്നു. തീര്‍ച്ചയായും മമ്മൂട്ടിയുടെ അഭിനയശൈലിയില്‍ നാടകീയതയുടെ ഒരംശം കലര്‍ന്നിട്ടുണ്ട്. എങ്കില്‍പ്പോലും മറ്റ് നടന്മാരെ അപേക്ഷിച്ച് വൈവിധ്യവും ഗാംഭീര്യവുമുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടിയെയാണ് തേടിയെത്തുന്നത്. അതാണ് ആ അതിജിവനതന്ത്രത്തിന്റെ ഫലശ്രുതി. അഭിനയത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവും കൊണ്ടാണ് മമ്മൂട്ടിക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിച്ചത് എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ.

മമ്മൂട്ടി ചെറുപ്പകാലത്ത്‌

മമ്മൂട്ടി ചെറുപ്പകാലത്ത്‌

മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രം പൊന്തന്‍മാട തന്നെയാണ്. മഷിയിട്ട് നോക്കിയാല്‍ പോലും മാടയില്‍ മമ്മൂട്ടിയെ കാണാനാവില്ല. വിധേയന്‍, വടക്കൻ വീരഗാഥ, മതിലുകള്‍, മൃഗയ, സൂര്യമാനസം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ നിന്ന് മമ്മൂട്ടിയെ മായ്ച്ചുകളയാന്‍ ഈ നടന്‍ തീവ്രശ്രമം നടത്തിയിട്ടുണ്ട്. പുതിയ സിനിമകളില്‍ തലയെടുപ്പുള്ള കഥാപാത്രങ്ങളെ നമുക്ക് കാണാന്‍ കഴിയുകയില്ല.

തികച്ചും സാധാരണമായ ജീവിതങ്ങളെയും അതീവസാധാരണമായ മുഹൂര്‍ത്തങ്ങളെയും സവിശേഷമായൊരു രീതിയില്‍ പരിചരിക്കുന്ന സിനിമകളാണ് ഏറെയും. അങ്ങനെയൊരു സാഹചര്യത്തില്‍ തലമുതിര്‍ന്ന നടന്മാര്‍ തങ്ങളുടെ സാന്നിധ്യം എങ്ങനെയാണ് അടയാളപ്പെടുത്താന്‍ പോകുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഒരു നടന്റെ ഏറ്റവും വിലയേറിയ ഉപകരണം സ്വന്തം ശരീരം തന്നെയാണ്. അത് കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേതുനടനെക്കാളും മമ്മൂട്ടി ജാഗ്രത പുലര്‍ത്തുന്നുണ്ട്. പക്ഷേ, കാലത്തിന്റെ ക്രൂരമായ നിസ്സംഗതയില്‍ നിന്ന് മനുഷ്യന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ഈയിടെ പുറത്തുവരുന്നുണ്ട്.

മഹാരാജാസ് ഒരു പൊതുവികാരമായിരുന്ന കാലം കഴിഞ്ഞുപോയോ എന്നൊരു ശങ്ക എന്നെ അലട്ടാന്‍ തുടങ്ങിയിട്ടുണ്ട്. മഹാരാജാസില്‍ പ്രജകള്‍ തമ്മില്‍ ആദൃശ്യമായ ഒരു ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നൊരു സങ്കല്‍പ്പവും ഉണ്ടായിരുന്നു. സങ്കല്‍പ്പങ്ങള്‍ക്ക് പലപ്പോഴും അനന്യമായൊരു ചാരുതയുണ്ട്. അത് ചോർന്നുപോകരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് ഞാന്‍ മമ്മൂട്ടിയില്‍ നിന്ന് എപ്പോഴും അകന്നുനിന്നു.

രവി കുറ്റിക്കാട് മഹാരാജാസിനെക്കുറിച്ചെഴുതിയ പുസ്തകം പ്രകാശിപ്പിക്കാനെത്തിയ മമ്മൂട്ടിയെ ഞാന്‍ സദസ്സിന്റെ ഒരു മൂലയിരുന്ന്‌ കൗതുകപൂർവം നോക്കിക്കണ്ടതേയുള്ളൂ. ആ പുസ്തകത്തില്‍ ഒരു ചെറുകുറിപ്പെഴുതിയ എനിക്ക് പഴയ ഓര്‍മ്മകളും പഴയ നാണയങ്ങളും ഒരുപോലെയാണെന്ന തിരിച്ചറിവുണ്ടായിരുന്നു. മഹാരാജാസിലെ പൂർവ വിദ്യാർഥി സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ മമ്മൂട്ടി എത്തിയപ്പോഴും ആ തിരിച്ചറിവ് എന്നെ കൈവിട്ടിരുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മകന്റെ വിവാഹസല്‍ക്കാര ചടങ്ങില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയെ ആരാധകര്‍ വളഞ്ഞപ്പോഴും മാറിനിന്ന് കറുമുറെ നോക്കിയതിന്റെ കാരണവും മറ്റൊന്നല്ല!.

("ദേശാഭിമാനി' വാരികയിൽനിന്ന്‌).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top