28 May Saturday

വാര്‍ത്താമുറികളിലെ കൊലപാതകങ്ങള്‍; തലക്കെട്ടുകളുടെ രാഷ്‌ട്രീയവും എം സ്വരാജിന്റെ അവതരണവും

ശ്രീജിത്ത് ദിവാകരന്‍Updated: Friday Dec 17, 2021

കൊല്ലപ്പെട്ടത് സിപിഐ എമ്മിന്റെ പ്രവര്‍ത്തകരും നേതാക്കളും സഹയാത്രികരുമാണെങ്കില്‍ മാനേജ്‌മെന്റുകളും എഡിറ്റോറിയലുകളും സവിശേഷമായ വിവേചന ശക്തിയുപയോഗിച്ച് അത് കഴിയുന്നത്ര തമസ്‌കരിക്കും. നോക്കൂ, പി ബി സന്ദീപ്കുമാറിന്റെ കൊടുംകൊലപാതകത്തോട് മാധ്യമങ്ങളെടുത്ത സമീപനം ആദ്യത്തേതല്ല, അവസാനത്തേതുമാകില്ല. രണ്ട് പതിറ്റാണ്ടിലേറെയുള്ള മാധ്യമപ്രവര്‍ത്തനാനുഭവംകൊണ്ട് അത് ഉറപ്പിച്ച് പറയാനാകും. ശ്രീജിത്ത്‌ ദിവാകരൻ എഴുതുന്നു.

മാധ്യമങ്ങളുടെ സമ്പൂര്‍ണ വലതുവത്കരണത്തിന് ശേഷം, ഏകാധിപത്യങ്ങളോടും മുതലാളിത്തത്തിനോടും സമ്പൂര്‍ണമായ കീഴടങ്ങല്‍ വ്യവസ്ഥാപിതമായി തന്നെ നാലാംതൂണ്‍ നടപ്പാക്കിയ കാലത്ത്, ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അത് ഓർമിക്കുന്ന നവമാധ്യമ ഇടപടെലുകളില്‍ പ്രധാനമാണ് സിപിഐ എമ്മിന്റെ യൂട്യൂബ് ചാനല്‍ വഴി മുന്‍ എംഎല്‍എ എം സ്വരാജ് നടത്തുന്ന ‘തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം' എന്ന അവതരണം. സ്വതന്ത്രമെന്നും നിഷ്‌പക്ഷമെന്നും സത്യസന്ധമെന്നും ആണയിട്ടുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകളും വാര്‍ത്താതമസ്‌കരണങ്ങളും ഊതിവീര്‍പ്പിക്കുന്ന വിവാദങ്ങളും അക്കമിട്ട് നിരത്തി സത്യമെന്തായിരുന്നുവെന്ന് ഓർമപ്പെടുത്തുകയാണ് ആ അവതരണത്തിലൂടെ എം സ്വരാജ്.

കഴിഞ്ഞ ലക്കങ്ങളിലൊന്നില്‍ ഈ അവതരണത്തില്‍ എം സ്വരാജ് ചൂണ്ടിക്കാണിക്കുന്ന ശ്രദ്ധേയമായ നിരീക്ഷണം, മാധ്യമങ്ങളുടെ തലക്കെട്ട് പ്രധാനവാര്‍ത്ത തീരുമാനിക്കാനുള്ള അവകാശം യഥാർഥത്തില്‍ പത്ര ഉടമകള്‍ക്കോ അതുമായി ബന്ധപ്പെട്ടവര്‍ക്കോ ഇല്ല എന്നുള്ളതാണ്. മാധ്യമപഠനങ്ങളുടെ ഭാഗമായി ചര്‍ച്ച ചെയ്യേണ്ട അതീവ ഗൗരവവും നീതിയുക്തവുമായ ഒരു നിരീക്ഷണമാണത്. പലപ്പോഴും സർവ മാധ്യമങ്ങളുടേയും തലക്കെട്ട് ഒന്നാകുന്ന ദിവസങ്ങളുണ്ട്. വലിയ വാര്‍ത്തകളുള്ള ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കും. അച്ചടിമാധ്യമങ്ങളില്‍ ഒന്നാം പേജിലെ മുഖ്യവാര്‍ത്ത, ഓൺലൈന്‍ മാധ്യമങ്ങളില്‍ വെബ്‌സൈറ്റുകളില്‍ ഏറ്റവും ആദ്യത്തേതും വലുതുമായ വാര്‍ത്ത, ചാനലുകളില്‍ ഏറ്റവും കൂടുതല്‍ സമയം നീക്കിവയ്‌ക്കുന്നതും ആദ്യം തന്നെ വിശദമായി ഉള്‍ക്കൊള്ളിക്കുന്നതും ഉപവാര്‍ത്തകളുടെ അകമ്പടി ഉള്ളതും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതുമായ വാര്‍ത്തയാണ് നമ്മളീ പറയുന്ന തലക്കെട്ട്, അഥവാ പ്രധാന വാര്‍ത്ത. സമൂഹമാണ് ഇൗ വാര്‍ത്താതെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ചുരുങ്ങിയ പക്ഷം പ്രധാനപ്പെട്ട നാലഞ്ച് വാര്‍ത്തകളുടെ കാര്യത്തിലെങ്കിലും ഏകസ്വഭാവം ഒരു സമൂഹത്തില്‍ ഉണ്ടാകേണ്ടതാണ്. എഡിറ്റോറിയല്‍ ടീമിനോ മാനേജ്‌മെന്റിനോ അത് നിഷേധിക്കാനോ മറച്ച് വയ്‌ക്കാനോ ഉള്ള അവകാശമില്ല.

പക്ഷേ കേരളത്തില്‍, ഇന്ത്യയിലൊട്ടാകെയും വാര്‍ത്താമാനേജ്‌മെന്റുകള്‍ വാശിപിടിക്കുന്നത് അവര്‍ക്ക് സൗകര്യവും താൽപ്പര്യവും ഉള്ള വാര്‍ത്തകളേ തലക്കെട്ടാകൂ എന്നാണ്. ദേശീയതലത്തില്‍ അതിന്റെ ഉദാഹരണങ്ങള്‍  നിത്യേന കാണാം. സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാകണം മാധ്യമങ്ങള്‍ എന്ന ബോധ്യത്തിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നറിയാം. എങ്കിലും കണ്‍മുമ്പിലുള്ള യാഥാർഥ്യങ്ങളെ എത്രമാത്രം തള്ളിക്കളയാനാകും. ഈ ഫാസിസ്റ്റ് കാലത്തിന് മുമ്പ് തന്നെ, സത്യാനന്തര വാര്‍ത്തകളുടെ കാലാരംഭത്തിനും മുന്നേ, കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളോട് കൈക്കൊള്ളുന്ന സമീപനം ഇത് തന്നെയായിരുന്നു. പ്രതിസ്ഥാനത്ത് മുഖ്യധാരാ ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഐ എം വന്നാല്‍ ആഴ്‌ചകളോളം വാര്‍ത്തകളുടെ ആഘോഷം നടക്കും. മുഖ്യവാര്‍ത്തകളും തലക്കെട്ടുകളും അതുതന്നെയാകും.

കൊല്ലപ്പെട്ടത് സംഘപരിവാറിന് വേണ്ടപ്പെട്ട ആരെങ്കിലും ആണെങ്കില്‍ വാര്‍ത്താവാരങ്ങളാകും ആഘോഷം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരിചയക്കാരും സുഹൃത്തുക്കളും വാര്‍ത്തകളില്‍ ഇടംപിടിക്കും. പൊതുമറവിയില്‍നിന്ന് അത് മായാതെ മാധ്യമങ്ങള്‍ കാക്കും. അതേസമയം കൊല്ലപ്പെട്ടത് സിപിഐ എമ്മിന്റെ പ്രവര്‍ത്തകരും നേതാക്കളും സഹയാത്രികരുമാണെങ്കില്‍ മാനേജ്‌മെന്റുകളും എഡിറ്റോറിയലുകളും സവിശേഷമായ വിവേചന ശക്തിയുപയോഗിച്ച് അത് കഴിയുന്നത്ര തമസ്‌കരിക്കും. നോക്കൂ, പി ബി സന്ദീപ്കുമാറിന്റെ കൊടുംകൊലപാതകത്തോട് മാധ്യമങ്ങളെടുത്ത സമീപനം ആദ്യത്തേതല്ല, അവസാനത്തേതുമാകില്ല. രണ്ട് പതിറ്റാണ്ടിലേറെയുള്ള മാധ്യമപ്രവര്‍ത്തനാനുഭവംകൊണ്ട് അത് ഉറപ്പിച്ച് പറയാനാകും.

പി ബി സന്ദീപ്കുമാർ

പി ബി സന്ദീപ്കുമാർ


രണ്ടായിരത്തി ഒരുനൂറിനടുത്താണ് കേരളത്തിന്റെ സിപിഐ എം ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം. ഏതാണ്ട് അഞ്ച് ലക്ഷത്തോളം പാർടിഅംഗങ്ങള്‍ക്കിടയിലെ സുപ്രധാനികളായ രണ്ടായിരം നേതാക്കളിലൊരാളായിരുന്നു പി ബി സന്ദീപ് കുമാര്‍. ഒരു പ്രദേശത്തിന്റെ നേതാവ്. പാർടിയുടെ വളര്‍ച്ചയില്‍, സമൂഹത്തിന്റെ പുരോഗതിയില്‍, പരിസരവാസികളുടെ പൊതുജീവിതത്തില്‍ ഗുണപരമായി ഇടപെട്ടുകൊണ്ട് ചെറിയ രണ്ട് മക്കള്‍ക്കും ഭാര്യയ്‌ക്കും ഒപ്പം ജീവിക്കുന്ന 32 വയസുള്ള ചെറുപ്പക്കാരന്‍. ഒരു രാത്രി നടക്കുന്ന കൊലപാതകത്തില്‍ മുഖ്യപ്രതി ബിജെപിക്കാരാണെന്ന് അറിഞ്ഞിട്ടും പിറ്റേദിവസം രാവിലെ മുതല്‍ മാധ്യമങ്ങള്‍ മത്സരിച്ച് ‘വ്യക്തിവൈരാഗ്യം' കൊണ്ടുള്ള കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കുന്നുണ്ടായിരുന്നു.

പ്രാഥമികമായ അന്വേഷണം പൂര്‍ത്തീകരിക്കാതെ ഒന്നും സ്ഥിരീകരിക്കാന്‍ പറ്റില്ല എന്ന പൊലീസിന്റെ പ്രതികരണമായിരുന്നു ഒരേയൊരു പിടിവള്ളി. രാത്രി നടന്ന കൊലപാതകത്തില്‍ പ്രതികള്‍ ബിജെപിക്കാരാണ് എന്നുള്ളതുകൊണ്ട് മാത്രം ഒരുപക്ഷേ പൊലീസിന് ഒറ്റയടിക്ക് രാഷ്ട്രീയകാരണമാണിത് എന്ന് പറയാന്‍ കഴിയില്ലായിരിക്കാം. അവര്‍ക്ക് തുടര്‍ന്നുള്ള അന്വേഷണവും സ്ഥിരീകരണവും വേണ്ടിവരും. പക്ഷേ മാധ്യമങ്ങളുടെ ഉത്സാഹത്തിന്റെ ഹേതുവെന്ത്?

സന്ദീപിന് അന്ത്യ ചുംബനം നൽകുന്ന ഭാര്യ

സന്ദീപിന് അന്ത്യ ചുംബനം നൽകുന്ന ഭാര്യ

സാധാരണഗതിയില്‍ പൊലീസിന്റെ പ്രതികരണം കൊണ്ട് ചാനലുകള്‍ തൃപ്തിപ്പെടില്ല. സംഭവങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ പൊടിപ്പും തൊങ്ങലും സഹിതം അവതരിപ്പിക്കുക എന്നതാണ് രീതി. പക്ഷേ ഇതില്‍ ‘വ്യക്തിവൈരാഗ്യ' വിശദീകരണത്തില്‍ തൃപ്തരായി. ആര്‍എസ്എസിനേയും സംഘത്തിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സാഹചര്യങ്ങളെ ഒഴിവാക്കുക എന്ന രീതി തുടര്‍ന്നു. മനോരമ ഒരു പടികൂടി പതിവുപോലെ കടന്ന് വൈകുന്നേരം ‘സന്ദീപ് കുമാറിന്റെ മരണത്തിന് ആരാണ് മറുപടി പറയേണ്ടത്' എന്നുവരെ ചര്‍ച്ച ചെയ്തു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ സംഘപരിവാറിന്റേയും കോണ്‍ഗ്രസിന്റെയും മറ്റും ക്രിമിനല്‍ സംഘങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതാണ്. അതില്‍ കൊല്ലപ്പെട്ടവരുടെ കണക്കുണ്ട് ഓരോ മാധ്യമങ്ങളുടെ ഓഫീസുകളിലും. പക്ഷേ എന്നിട്ടും ആരാണ് മറുപടി പറയേണ്ടതെന്ന സംശയത്തിലായിരുന്നു മനോരമ. മറ്റ് ചാനലുകള്‍ മിക്കവരും ഒരു ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ചര്‍ച്ച ചെയ്യേണ്ട വാര്‍ത്തയായി പോലും കണ്ടില്ല. അവഗണന എന്ന ഒറ്റ നിലപാടുകൊണ്ട് ഒരു കൊലപാതകത്തെ അവര്‍ റദ്ദുചെയ്തു. കൊലപാതകത്തെ മാത്രമല്ല, തുടര്‍ച്ചയായ ഭീകരാവസ്ഥയെ, ഒരു കുടുംബത്തിന്റെ ദയനീയമായ അവസ്ഥയെ, അതിക്രൂരമായ രക്തപങ്കിലതയെ. ആ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാനോ, രണ്ട് പൊടിക്കുഞ്ഞുങ്ങളുമായി സ്തംഭിച്ച് നില്‍ക്കുന്ന ഒരു യുവതിയുടെ ജീവിതം കാണാനോ നമ്മുടെ വാര്‍ത്താമുറികള്‍ക്ക് കഴിയുന്നില്ല. അത് വാര്‍ത്താമുറികളില്‍ കൊലയൊളിപ്പിച്ച് വയ്‌ക്കുക എന്ന കുറ്റമാണ്.

 

ആർഎസ്‌എസ്സുകാർ കൊലപ്പെടുത്തിയ പി ബി സന്ദീപ്കുമാറിന്റെ വീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സന്ദർശിച്ചപ്പോൾ

ആർഎസ്‌എസ്സുകാർ കൊലപ്പെടുത്തിയ പി ബി സന്ദീപ്കുമാറിന്റെ വീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സന്ദർശിച്ചപ്പോൾ

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കൊല്ലപ്പെട്ട സന്ദീപിന്റെ വീട് സന്ദര്‍ശിക്കുകയും പൊലീസിനെയും മാധ്യമങ്ങളെയും വിമര്‍ശിക്കുകയും ചെയ്തപ്പോഴാണ് ഈ വിഷയം ചര്‍ച്ച ചെയ്യാം എന്നുള്ള നിഗമനത്തിലേയ്‌ക്ക്‌ പല ചാനലുകളും എത്തിയത്. അപ്പോഴും പൊലീസിനെ വിമര്‍ശിച്ച്, കോണ്‍ഗ്രസിനെയും സംഘപരിവാറിനെയും തലോടിയായിരുന്നു അത് മുന്നോട്ട് പോയത്. കുപ്രസിദ്ധമായ തലശേരി കലാപത്തിനെ ഓർമിപ്പിക്കും വിധം മതവൈരവും കലാപാഹ്വാനവുമായി തെരുവിലിറങ്ങിയ സംഘപരിവാറിന്റെ പ്രതിധിനികളോട് കേരളത്തെ അസ്ഥിരപ്പെടുത്താനുള്ള അവരുടെ നിരന്തര ശ്രമങ്ങളെക്കുറിച്ച് ഒരു ചാനലും ഒന്നും ചോദിച്ചില്ല.

കേരളത്തെ മതവിദ്വേഷത്തിന്റേയും മതവൈരത്തിന്റേയും അവിശ്വാസം നിറഞ്ഞ് നില്‍ക്കുന്ന വിദ്വേഷഭൂമിയാക്കാന്‍ പല ശ്രമങ്ങള്‍, പള്ളിയില്‍ കിടന്നുറങ്ങിയ മൗലവിയുടെ കൊലപാതകം മുതല്‍ ശബരിമലക്കാലത്തെ കലാപശ്രമങ്ങള്‍ വരെ, ഇവിടെ നടന്നിട്ടുണ്ട്. ഡല്‍ഹി കേ ന്ദ്രീകരിച്ച് മാര്‍ക്‌സിസ്റ്റ് പാർടി അംഗങ്ങള്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണ് എന്ന പ്രചാരണം നടത്തി. പക്ഷേ കേരളം കുലുങ്ങിയിട്ടില്ല. അപ്പോഴാണ് കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാർടിയായ, സുശക്തമായ അടിത്തറയുള്ള സിപിഐ എമ്മിന് നേരെ കായികമായ ആക്രമണം നടത്താന്‍ അവര്‍ ശ്രമിക്കുന്നത്. സഹികെട്ടുള്ള ഒരു അനുഭാവിയുടെയെങ്കിലും പ്രതികരണമുണ്ടായാല്‍ കേരളം സമം കലാപം, സിപിഐ എം സമം ഭീകരത എന്ന വാര്‍ത്തകളും ചര്‍ച്ചകളും പ്രചാരണങ്ങളുമായി മാസങ്ങളോളം മാധ്യമലോകം പ്രതികരിച്ചുകൊണ്ടേയിരിക്കും. കണ്ണീരിന്റെയും കദനത്തിന്റെയും കണ്ണീർക്കഥകളില്‍ ചാനലുകള്‍ പായ്‌ക്കപ്പല്‍ പായിക്കും.

സിപിഐ എമ്മിനും കേരളസര്‍ക്കാരിനുമെതിരെയുള്ള നിലപാടാണിത് എന്നതാണ് മാധ്യമങ്ങളുടെ ഭാവം. അതായിരിക്കുമ്പോള്‍ തന്നെ സംഘപരിവാറിനോടുള്ള വിധേയത്വമാണിത്, മറ്റെന്തിനേക്കാള്‍ എന്നുള്ളതാണ് സത്യം. ഭരണവർഗത്തിന്റെ കാവിപ്പതാകയ്‌ക്ക്‌ മുന്നില്‍ ഇഴഞ്ഞ് നില്‍ക്കുന്നതിന്റെ തുടര്‍ച്ചയാണിത്.

************
നാഗാലാൻഡില്‍ 14 ഗ്രാമീണരെ ഇന്ത്യന്‍ കരസേനയുടെ അസം റൈഫിള്‍സ് വിഭാഗം വെടിവെച്ച് കൊന്ന വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങളിലൊന്നിലും വാര്‍ത്തയല്ല. കേരളത്തില്‍ മീഡിയ വണ്‍ ഒഴികെ മറ്റൊരു ചാനലിനും ഇതില്‍ വലിയ താൽപ്പര്യം കണ്ടില്ല.

നാഗാലാൻഡിൽ 14 ഗ്രാമീണരെ ഇന്ത്യൻ കരസേനയുടെ അസം റൈഫിൾസ്‌ വിഭാഗം വെടിവെച്ചുകൊന്നതിനെ  തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ വാഹനങ്ങൾ അഗ്നിക്കിരയാക്കിയപ്പോൾ

നാഗാലാൻഡിൽ 14 ഗ്രാമീണരെ ഇന്ത്യൻ കരസേനയുടെ അസം റൈഫിൾസ്‌ വിഭാഗം വെടിവെച്ചുകൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ വാഹനങ്ങൾ അഗ്നിക്കിരയാക്കിയപ്പോൾ

ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ആക്ട് എന്ന അഫ്‌സ പിൻവലിക്കണമെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കശ്‌മീരും എത്രയോ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. നാഗാലാൻഡിലെ, അതിര്‍ത്തി ജില്ലയായ മോണില്‍ തൊഴില്‍ കഴിഞ്ഞ് കമ്പനി അനുവദിക്കുന്ന പിക്ക്‌അപ്പ്‌ ട്രക്കില്‍ തങ്ങളുടെ വീട്ടിലേക്ക്‌ പോവുകയായിരുന്ന ഖനി തൊഴിലാളികള്‍ക്ക് നേരെയാണ് തിരു ഓട്ടിങ് റോഡില്‍ അസം റൈഫിള്‍സ് വെടിവച്ചത്.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു വെടിവയ്പ് നടന്നതെന്നാണ് സംസ്ഥാന പൊലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട്. ബിജെപി ഭരണത്തില്‍ പങ്കാളികളായ സംസ്ഥാനമാണ് നാഗാലാൻഡ്‌. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവാണ്. എന്നാല്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് പാർലമെന്റില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ഈ വാഹനം പ്രകോപനപരമായി നീങ്ങുകയും സൈന്യവ്യൂഹത്തിന് നേരെ വന്നതുകൊണ്ടുമാണ് വെടിവച്ചത് എന്നായിരുന്നു മറുപടി പറഞ്ഞത്. ബിജെപിയുടെ തന്നെ ഭരണമുള്ള മേഘാലയയുടെ മുഖ്യമന്ത്രിയും അഫ്‌സ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജേണലിസത്തിന്റെ ഏത് അളവുകോലില്‍ നോക്കിയാലും ഇന്ത്യയില്‍ ഈ ദിവസങ്ങളില്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള വാര്‍ത്തകള്‍ കുറവായിരിക്കും. ദേശീയ ചാനലുകള്‍ പ്രധാനമന്ത്രി മോദിയുടെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റേയും കൂടിക്കാഴ്‌ച ദീര്‍ഘസമയം ചര്‍ച്ച ചെയ്യുന്നുണ്ട്. കോവിഡ് കാലത്തൊഴികെ പലവട്ടം കണ്ടിട്ടുള്ള, തങ്ങളുടെ രാജ്യങ്ങളില്‍ അധികാരം സ്ഥാപിക്കാന്‍ പരസ്‌പരം സഹായിക്കുന്ന നേതാക്കളാണിരുവരും. കൂടിക്കാഴ്‌ച നടന്നുവെന്നത് ഒഴിച്ച് പ്രാധാന്യമൊന്നും കല്പിച്ച് നല്‍കാനില്ലാത്ത വാര്‍ത്ത.

കോവിഡ് വാര്‍ത്തകളിലോ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വാര്‍ത്തകളിലോ അതീവപ്രാധാന്യമായ മറ്റൊന്നും അവര്‍ ചര്‍ച്ച ചെയ്യുന്നത് കാണുന്നില്ല.

കേരളത്തിലും ദേശീയ വാര്‍ത്തകളില്‍ മോദി‐പുടിന്‍ കൂടിക്കാഴ്‌ചയല്ലാതെ മറ്റൊന്നും ഇല്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഒരു സംസ്ഥാനത്തെ 14 സാധാരണക്കാരായ മനുഷ്യരെ യാതൊരു പ്രകോപനവുമില്ലാതെ പട്ടാളം വെടിവെച്ച് കൊല്ലുന്നു. ആ സംസ്ഥാനത്ത് അതേതുടര്‍ന്ന് വന്‍ സംഘര്‍ഷങ്ങളും കലാപങ്ങളും നടക്കുന്നു. മോണ്‍ ജില്ലാ ആസ്ഥാനത്ത് പ്രക്ഷോഭകാരികളായ ജനക്കൂട്ടത്തിന് നേരെ വീണ്ടും അസം റൈഫിള്‍സ്‌ നടത്തിയ വെടിവെയ്‌പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എന്തുകൊണ്ടാണ് ഇത് ചര്‍ച്ചയും വാര്‍ത്തയും ആകാത്തത്?

അതില്‍ മുഖ്യപ്രതിപക്ഷത്തിനുള്ള പങ്കും ഇവിടെ പറഞ്ഞ് പോകേണ്ടതാണ്. കാരണം ഇൗ വിഷയം പാർലമെന്റില്‍ ചര്‍ച്ചചെയ്യുമ്പോള്‍ പട്ടാളത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ഇതിന്റെ പേരില്‍ അഫ്‌സ പിൻവലിക്കാന്‍ നില്‍ക്കരുത് എന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് പട്ടാളക്കാര്‍ക്ക് അനുവദിച്ച പ്രത്യേക സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗം അവരുടെ കാലത്തും ധാരാളം നടന്നിട്ടുള്ളതാണ്. മണിപ്പൂരിലെ കുപ്രസിദ്ധമായ താന്‍ജാം മനോരമ എന്ന സ്ത്രീയെ ഇതേ അസം റൈഫിൾസാണ്‌ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത് വെടിവെച്ച് കൊന്നത്. ‘ഇന്ത്യന്‍ ആര്‍മി റേപ് അസ്' എന്ന പോസ്റ്ററും പിടിച്ച് വിവസ്ത്രരായി നിന്ന് പ്രതിഷേധിച്ചത് പ്രക്ഷോഭകാരികളായ സാമൂഹിക പ്രവര്‍ത്തകരല്ല;

ഇന്ത്യൻ സൈന്യത്തിനെതിരെ നഗ്നരായി പ്രതിഷേധിക്കുന്ന മണിപ്പൂരി സ്‌ത്രീകൾ

ഇന്ത്യൻ സൈന്യത്തിനെതിരെ നഗ്നരായി പ്രതിഷേധിക്കുന്ന മണിപ്പൂരി സ്‌ത്രീകൾ

സാധാരണക്കാരായ സ്ത്രീകളാണ്. 2000 മുതൽ 2013 വരെ സൈന്യവും പൊലീസും 1528 പേരെ വെടിവെച്ചു കൊന്നിട്ടുണ്ട്‌ എന്നാണ്‌ കണക്ക്‌.

2013ൽ ഈ കേസുകളിൽ ഇടപെട്ട സുപ്രിം കോടതി റിട്ടയേഡ്‌ സുപ്രിം കോടതി ജഡ്‌ജി സന്തോഷ്‌ ഹെഗ്‌ഡെയെ ഇതേക്കുറിച്ച്‌ അന്വേഷിക്കാനായി നിയമിച്ചു.  ആറ് കേസുകള്‍ പ്രത്യേകമായി അന്വേഷിച്ച ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ ഇതെല്ലാം സുരക്ഷാപൊലീസ് നടത്തിയ കൊലപാതകങ്ങളാണ് എന്നാണ് പറഞ്ഞത്. കമീഷന്‍ പറയുന്ന മറ്റൊരു കാര്യം മണിപ്പൂരില്‍ തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2713 യുഎപിഎ കേസുകളില്‍ 13 എണ്ണത്തില്‍ മാത്രമാണ് വിചാരണ നടക്കുന്നത് എന്നാണ്.

2016ല്‍ അസമിലെ പ്രത്യേക പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായിരുന്ന തൗനാജോം ഹിരോജിത്ത് മാധ്യമങ്ങളോടും സാമൂഹ്യപ്രവര്‍ത്തകരോടും കുറ്റസമ്മതം നടത്തിയത് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം നൂറുപേരിലധികം പേരെ താന്‍തന്നെ കൊന്നിട്ടുണ്ട് എന്നാണ്. ഡയറികളടക്കം കൃത്യമായ തെളിവുകളും അതിന് ഹീരോജിത്ത് നല്‍കി. ഇത്തരം കേസുകളിലെല്ലാം പട്ടാളക്കാരുടെ മനോവീര്യത്തെ കെടുത്തരുതെന്ന നിലപാടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എടുത്തുപോന്നത്.

നാഗാലാൻഡിലോ മണിപ്പൂരിലോ ത്രിപുരയിലോ വിഘടന സ്വഭാവമുള്ള തീവ്രവാദി പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. താഴ്‌വരകളിലെ സമാധാനത്തിന് ഭംഗം വരുന്നത് ഇത്തരം പട്ടാള നീക്കങ്ങളാണ്. ഇത്രയും പ്രാധാന്യവും ചരിത്രവുമുള്ള വിഷയമാണ് മറവികളിലേക്ക്‌ തള്ളിവിടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എത്രമാത്രം നീചമായ, അധമമായ മാധ്യമപ്രവര്‍ത്തനമാണ് ഇത് എന്നുമാത്രം ചൂണ്ടിക്കാണിക്കുന്നു.

അതിനൊപ്പം മറ്റൊന്നു കൂടി പറയാതെ വയ്യ, ധീരവും പലപ്പോഴും ഏകാന്തവുമായി ജീവിതം പണയം വച്ച് ചില ഒറ്റപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ നിതാന്തമായ ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാരുകളും പട്ടാള ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് മറച്ചുവച്ചിരുന്ന ഈ കൊടുംക്രൂരമായ ആക്രമണങ്ങളുടെ കഥകള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും ജേർണലിസം എന്ന വ്യവസായം ഇത്തരം സത്യസന്ധരായ മനുഷ്യരുടെ ത്യാഗത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്  .

(ദേശാഭിമാനി വാരികയിൽ നിന്ന്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top