19 April Friday

മഹാത്മാ, നമിക്കുന്നു

സി അനൂപ്‌ canoopmalayalam@gmail.comUpdated: Sunday Oct 2, 2022

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഒന്നാം ട്വന്റി- 20 തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻ ഫീൽഡിൽ നടന്നിട്ട്‌  ദിവസങ്ങളേ ആയിട്ടുള്ളൂ. ഗാന്ധിജിയും ക്രിക്കറ്റും തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ, മറ്റൊരു ബന്ധമുണ്ട്. സമരത്തിന്റെയും സഹിഷ്‌ണുതയുടെയും ആദ്യപാഠം ഗാന്ധിജി ഹൃദിസ്ഥമാക്കിയത് ദക്ഷിണാഫ്രിക്കയിൽനിന്നാണ്. ആ നാട്ടിൽനിന്നാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഇന്ധനം നിറച്ചത്. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യക്കാരൻ മഹാത്മാ ഗാന്ധിയാണ്. നെൽസൺ മണ്ഡേലയ്ക്ക് സമശീർഷനായാണ് അവർ ഗാന്ധിജിയെ കാണുന്നത്. ചിലരെങ്കിലും അതിനുംമേലെ.

ഒരു ദക്ഷിണാഫ്രിക്കൻ യാത്രയിൽ അനുഭവിച്ചറിഞ്ഞതാണ്‌ ഇതൊക്കെ. 

ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തുടങ്ങുമ്പോൾ ഒരുകാര്യം നിശ്ചയിച്ചിരുന്നു, മഹാത്മാഗാന്ധി ഇന്ന്‌ അവിടത്തെ ജനങ്ങളുടെ മനസ്സിൽ എങ്ങനെ നിലനിൽക്കുന്നു; അല്ലെങ്കിൽ അവർ ഗാന്ധിജിയെ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കണം. പരിചയപ്പെട്ട പലരോടും ഗാന്ധിജിയെ അന്വേഷിച്ചു. ഒരാൾക്കും ഗാന്ധിജി അപരിചിതനല്ല. അടുപ്പമുള്ള ഒരാളെന്ന മട്ടിലാണ് പലരും സംസാരിച്ചത്.

ഡർബൻ തുറമുഖത്ത് കപ്പലിറങ്ങിയ സന്ദർഭം ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ’ ഗാന്ധിജി വിവരിക്കുന്നുണ്ട്. 

‘... അവിടെ എന്നെ സ്വീകരിക്കാനായി അബ്ദുള്ള സേട്ട് എത്തിയിരുന്നു. കപ്പൽ തുറമുഖത്തെത്തിയപ്പോൾ ആളുകൾ സ്‌നേഹിതന്മാരെ കാണാനായി കപ്പലിലേക്ക് വരുന്നത് ഞാൻ കണ്ടു. ഇന്ത്യക്കാർ അവിടെ മാന്യരായി കണക്കാക്കപ്പെടുന്നില്ലെന്ന് എനിക്ക് തോന്നി. അബ്ദുള്ള സേട്ടിന്റെ പരിചയക്കാ‍ർ അദ്ദേഹത്തോട് പെരുമാറുന്നതിൽ കാണിച്ച ഒരുതരം മര്യാദക്കുറവും മറ്റും എന്റെ ശ്രദ്ധയിൽപ്പെടാതിരുന്നില്ല. അതെന്നെ വേദനിപ്പിക്കുകയും ചെയ്തു. എന്നെ കുറഞ്ഞൊരു ആശ്ചര്യത്തോടുകൂടിയാണ് എല്ലാവരും നോക്കിയത്. എന്റെ വേഷവിധാനം മറ്റ് ഇന്ത്യക്കാരിൽനിന്നും എന്നെ വേർതിരിച്ചുനിർത്തി. ബംഗാളികളുടേതുപോലെ ഒരു കുറിയ തലപ്പാവും കുപ്പായവുമാണ് ഞാൻ ധരിച്ചിരുന്നത്’.

ദക്ഷിണാഫ്രിക്കയിൽ ചെന്നിറങ്ങിയ നിമിഷംമുതൽ ഗാന്ധിജി കണ്ടത് ഉച്ചനീചത്വങ്ങളുടെ ഘോഷയാത്രയാണ്. അതിലുള്ള പ്രതിഷേധം ഊതിയൂതി കനലിൽനിന്നും അഗ്നിനാളം സൃഷ്ടിക്കാൻ ഗാന്ധിജിക്കായി. അധിനിവേശത്തിലൂടെ വെള്ളക്കാർ മണ്ണിന്റെ ഉടമകളെ അടിമകളാക്കി മാറ്റുന്നതിന്റെ വലിയ ഉദാഹരണങ്ങൾ ഗാന്ധിജിക്ക് നേരിട്ടനുഭവിക്കാനായതും ദക്ഷിണാഫ്രിക്കയിലാണ്. സത്യഗ്രഹമെന്ന പ്രതിരോധമാർഗം ഏറ്റവും സർഗാത്മകമായി പ്രയോഗിക്കാനാകുമെന്ന ആശയം മുന ചിന്തിയെത്തിയതും ദക്ഷിണാഫ്രിക്കൻ ജീവിതകാലത്താണ്.

ഡർബനിൽനിന്നുള്ള തീവണ്ടിയാത്രയിലെ അനുഭവങ്ങൾ ഗാന്ധിജിക്ക് പുതിയ അറിവുകളും തിരിച്ചറിവുകളും നൽകി. നെറ്റാളിന്റെ തലസ്ഥാനമായ മാരിട്‌സ് ബർഗിൽ രാത്രി ഒമ്പതോടെ തീവണ്ടി എത്തി. അവിടെ ഗാന്ധിജി ഒരു വെള്ളക്കാരന്റെ കണ്ണിൽപ്പെട്ടു. വെള്ളക്കാരൻ രണ്ട്‌ ഉദ്യോഗസ്ഥന്മാരെ കൂട്ടിക്കൊണ്ടുവന്ന് കമ്പാർട്ട്‌മെന്റ് മാറിക്കയറണമെന്ന് ശാഠ്യംപിടിച്ചു. പിന്നീട് നടന്നതൊക്കെ ചരിത്രത്തിലെ ഏടുകൾ. (സത്യാന്വേഷണപരീക്ഷണങ്ങളിലെ ‘പ്രിട്ടോറിയയിലേക്കുള്ള വഴിയിൽ’ എന്ന അധ്യായം). പീറ്റർ മാരിട്‌സ് ബർഗിൽവച്ച് തീവണ്ടിയിൽനിന്ന്‌ സായിപ്പ് ഗാന്ധിജിയെ തള്ളിയിട്ട സ്ഥലം മായ്ച്ചാലും മായാത്ത മുദ്രയായി നിൽക്കുന്നു. ഒരു മനുഷ്യനെന്നനിലയിൽ സ്വന്തം അസ്തിത്വത്തെക്കുറിച്ചു മാത്രമല്ല ഗാന്ധി ചിന്തിച്ചത്. ഭൂമിയിൽ വേർതിരിവുകളുടെ മതിൽക്കെട്ട്‌ തീർക്കുന്ന എന്തിനോടും കലഹിക്കുന്നതിനും  സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് എതിരിടുന്നതിനും. എല്ലാത്തിനും ഗാന്ധിജിയെ സജ്ജനാക്കിയത്‌ ദക്ഷിണാഫ്രിക്കൻ ജീവിതമാണ്‌.    

ചാൾസ് ടൗണിൽനിന്ന്‌ ജൊഹാന്നസ് ബർഗിലേക്കുള്ള യാത്ര കുതിരവണ്ടിയിലായിരുന്നു. പാര്‌ദേക്കോഫിൽ എത്തിയപ്പോൾ സഹയാത്രികരായ സായിപ്പന്മാർക്കൊപ്പമിരുന്ന് സഞ്ചരിക്കാൻ വെള്ളക്കാരനായ  ഉദ്യോഗസ്ഥൻ  ഗാന്ധിയെ അനുവദിച്ചില്ല. പിന്നീട് സമ്പന്നനായ ഒരു വെള്ളക്കാരൻ ചാക്കുകഷ്ണം നൽകി ഇരിക്കാൻ ഗാന്ധിജിയോട് ആവശ്യപ്പെട്ടു. സായിപ്പിന് ആസ്വദിച്ചു പുകവലിക്കുന്നതിന് ഗാന്ധിജി ഇരുന്ന സീറ്റുതന്നെ വേണമെന്ന് നിർബന്ധം. അനുവദിച്ചുകൊടുക്കാൻ ഗാന്ധിജി ഒരുക്കമായിരുന്നില്ല. ബലിഷ്ഠകായനായ വെള്ളക്കാരന്റെ ക്രൂരമർദനത്തിന് മോഹൻദാസ് വിധേയനായി. ഈ സംഭവം ഗാന്ധിജിയുടെ ആദ്യ ദക്ഷിണാഫ്രിക്കൻ ജീവിത ദിനങ്ങളിലെ മുറിവായി നിലനിന്നു.

മറ്റൊരിക്കൽ പ്രിട്ടോറിയയിലേക്കുള്ള യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിലെത്തിയ ഗാന്ധിജി ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായിരുന്ന ഹോളണ്ടുകാരനോട്  ഒന്നാംക്ലാസ് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കിട്ടിയ മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു.

‘....ഞാൻ ട്രാൻസ്വോൾക്കാരനല്ല, ഹോളണ്ടുകാരനാണ്. നിങ്ങളുടെ വികാരങ്ങളെ ഞാൻ മാനിക്കുന്നു. എനിക്ക് നിങ്ങളോട് അനുകമ്പയുണ്ട്. ഒരു വ്യവസ്ഥയിൽ ഞാൻ നിങ്ങൾ‍ക്ക് ടിക്കറ്റ് തരാം. തീവണ്ടിയിലെ ഗാർഡ് നിങ്ങളോട് മൂന്നാം ക്ലാസിലേക്ക് മാറാൻ പറഞ്ഞാൽ നിങ്ങൾ എന്നെ ഈ ഇടപാടിൽ കുടുക്കരുത്. എന്നുവച്ചാൽ റെയിൽവേ കമ്പനിക്കെതിരായി നിങ്ങൾ നടപടിയെടുക്കരുത്. സുരക്ഷിതമായ ഒരു യാത്ര ഞാൻ ആശംസിക്കുന്നു. നിങ്ങൾ ഒരു മാന്യനാണെന്ന് എനിക്കറിയാം.’

പ്രിട്ടോറിയയിൽ എത്തുന്നതിനിടയിൽ ടിക്കറ്റ് പരിശോധകനെത്തി മൂന്നാം ക്ലാസിലേക്ക്‌ മാറാൻ ഗാന്ധിജിയോട് ആവശ്യപ്പെട്ടു. ഒന്നാം ക്ലാസിലെ സഹയാത്രികനായ വെള്ളക്കാരന്റെ പിന്തുണ ലഭിച്ചതുകൊണ്ടുമാത്രമാണ് ഗാന്ധിജിക്ക് ഫസ്റ്റ്ക്ലാസ് യാത്ര സാധ്യമായത്. അല്ലെങ്കിൽ നേരത്തെ അനുഭവിച്ചപോലുള്ള ദുരന്തങ്ങൾ നേരിടേണ്ടിവരുമായിരുന്നു. 

ദക്ഷിണാഫ്രിക്കയിൽ പഴയ കാലത്തിന്റെ  കരിനിഴലുകൾ ഇന്നും പടർന്നു കിടപ്പുണ്ട്. അതേക്കുറിച്ചൊക്കെ ഓർത്തെടുക്കുന്നത് പഴയ തലമുറ മാത്രമല്ല,  മുപ്പതും നാല്പതും വയസ്സുള്ളവരിലും ആ കാലം കടന്നുവരാറുണ്ട്. ആ നേരങ്ങളിൽ തിളച്ചുപൊങ്ങുന്ന പക കടിച്ചമർത്തുകയാണെന്നു പറഞ്ഞത് മോസസാണ്. ഫാമുകളിലേക്കു പോകുന്ന സായിപ്പുമാർ തുറന്ന ജീപ്പിൽ പെരുമഴയത്ത് അവരുടെ വളർത്തുനായകളെ നനയാതെ കൊണ്ടുപോകും. പക്ഷേ, കറുത്തവർഗക്കാരെ ഒപ്പമിരുത്തി യാത്ര ചെയ്യുന്നതിനോ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിനോ തയ്യാറാവില്ല. അതിന്റെ തുടർച്ച ഇന്നും നിലനിൽക്കുന്നുണ്ടെന്ന് മോസസ്. ഞങ്ങൾ ജൊഹാന്നസ് ബർഗിൽനിന്നും ഫലബോര്വെയിലെത്തിയശേഷം ഏറെ ദൂരവും സഞ്ചരിച്ചത് മോസസിനൊപ്പമാണ്. 36 വയസ്സുള്ള അയാളാണ് സൗത്താഫ്രിക്കയിലെ ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണിച്ചുതന്നത്. മോസസ് സാമാന്യം നന്നായി മലയാളം സംസാരിച്ചു. കോട്ടയത്തുകാർക്കൊപ്പമുള്ള സഹവാസം മലയാള ഭാഷയുടെ വഴക്കങ്ങൾ അയാളെ ശീലിപ്പിച്ചിരുന്നു.

ഗാന്ധിജി കണ്ടുമുട്ടിയ അറ്റോർണി മിസ്റ്റർ എ ഡബ്ല്യു ബേക്കർ വ്യത്യസ്തനായ കഥാപാത്രമാണ്. റൊട്ടിക്കാരന്റെ വീട്ടിൽ ഗാന്ധിജിക്ക് താമസസൗകര്യമൊരുക്കുന്നതും മാസവാടക നിശ്ചയിക്കുന്നതുമൊക്കെ ബേക്കറാണ്. അറ്റോർണി എന്നതിനുപരി മതപ്രഭാഷകനെന്ന നിലയിലും സ്വന്തമായി  ഒരു പള്ളിയുള്ള ആളെന്നനിലയിലും അയാൾ ആ പ്രദേശത്ത് ഏറെ പ്രശസ്തൻ.  ക്രൈസ്തവവിശ്വാസത്തിലേക്ക് ഗാന്ധിജിയെ ആനയിക്കണമെന്ന ചിന്ത ബേക്കർക്കുണ്ടായിരുന്നു. ഗാന്ധിജി അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒടുവിൽ ബേക്കർ ഗാന്ധിജിയുടെ പ്രിയപ്പെട്ടവനായി മാറി.

സൗത്താഫ്രിക്കയിൽ  ഇന്ത്യക്കാർ അനുഭവിക്കുന്ന ദുരിതക്കയങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വിദ്യാഭ്യാസം, സാമൂഹ്യജീവിതം - ഇവയിൽനിന്നെല്ലാം  ഒഴിച്ചുനിർത്തിയപ്പോഴൊന്നും തങ്ങളെ പാർശ്വവൽക്കരിക്കയാണ് വെള്ളക്കാർ ചെയ്യുന്നതെന്ന് ആഫ്രിക്കക്കാരോ ഇന്ത്യക്കാരോ ചിന്തിച്ചില്ല. അടിമ മനസ്സിന്റെ ഉടമകളായ ജനസഞ്ചയത്തെ സൃഷ്ടിക്കുകയും  സ്വന്തം സുഖഭോഗങ്ങൾ‍ക്കുള്ള കരുക്കൾ മാത്രമായി അവരെ കാണുകയുമായിരുന്നു വെള്ളക്കാർ. ഇതിന്റെ ആഘാതവും മുറിവും നേരിട്ടനുഭവിച്ചപ്പോൾ മുതൽ ഗാന്ധിജി പലതരത്തിൽ പ്രതിഷേധിക്കാൻ ശ്രമിച്ചു. ആദ്യനാളുകളിലൊന്നും ആ പ്രതിരോധത്തിന്റെ ആഴം മനസ്സിലാക്കാൻ സ്വദേശികൾ‍ക്കോ ഇന്ത്യക്കാർക്കോ സാധിച്ചില്ല. ഒരു ബാരിസ്റ്റർ എന്നതിനപ്പുറം ഗാന്ധിജിയിലെ മഹാത്മാവിനെ ദക്ഷിണാഫ്രിക്കൻ ജനതയും ഇന്ത്യക്കാരും പിന്നീട് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് വലിയൊരു വെളിച്ചപ്പെടലിന്റെ പിറവികൂടിയായി മാറി.

സൗത്താഫ്രിക്കയിൽ ഒരു ചൊല്ലുണ്ട്. ‘നിങ്ങൾ ഞങ്ങൾ‍ക്കൊരു ബാരിസ്റ്ററെ തന്നു. ഞങ്ങൾ നിങ്ങൾ‍ക്കൊരു മഹാത്മാവിനെയും;’ സ്വന്തം ജീവിതം പരീക്ഷണശാലയാക്കി പീഡനങ്ങളെ അതിജീവിക്കാനുള്ള കരുത്തും ആർജവവും ഗാന്ധിജി നേടിയത് സൗത്താഫ്രിക്കൻ ജീവിതനാളുകളിലാണ്. അവിടെനിന്നാണ് ഗാന്ധിജിയിൽ സ്വാതന്ത്ര്യത്തിന്റെ ആയിരം ചിറകുകൾ മുളച്ചത്.

ഗാന്ധിജിയെ വെടിവച്ചുകൊന്ന  നാഥുറാം ഗോഡ്‌സെയെയും   ഒരു ദക്ഷിണാഫ്രിക്കൻ ചിത്രകാരന് ഓർമയുണ്ടായിരുന്നു. ‘ഗാന്ധിയുടെ ഘാതകൻ’,  - ‘ഇന്റർനാഷണൽ ഫ്രാഡ്’...  ഇങ്ങനെയാണ് ഗോഡ്സെയെ അദ്ദേഹം വിശേഷിപ്പിച്ചത്. 

ഇന്ത്യയിലെപ്പോലെ ദക്ഷിണാഫ്രിക്കയിൽ ഗോഡ്‌സെ അവതാര പുരുഷനാവില്ലെന്ന് തീർച്ച. ഗാന്ധിജിയുടെ വ്യാജ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവരും ഗാന്ധിജിയെ പൂജിച്ച് പൂജ്യമാക്കാൻ ശ്രമിക്കുന്നവരും ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയ ട്വന്റി- 20 നടത്തുന്നു. - ഇതൊക്കെ സംഭവിക്കുമെന്നറിഞ്ഞെങ്കിൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽത്തന്നെ ശിഷ്ടകാലം ചെലവിട്ട് ആത്മനിർവൃതി നേടിയേനേ. സത്യമേവ ജയതേ ...

(ഞങ്ങൾ,  സുഹൃത്തുക്കളായ സേതു ജി  പിള്ളയും തോമസ് ചാമക്കാലയും നടത്തിയ ദക്ഷിണാഫ്രിക്കൻ യാത്ര ഒരർഥത്തിൽ ഗാന്ധിജിയിലേക്കുള്ള യാത്ര കൂടിയായിരുന്നു.)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top