28 September Thursday

ഗാന്ധിജിയെ ഓർക്കുമ്പോൾ; പുത്തലത്ത് ദിനേശൻ എഴുതുന്നു

പുത്തലത്ത് ദിനേശൻ puthalathdinesan2013@gmail.comUpdated: Sunday Oct 2, 2022

ആധുനിക മുതലാളിത്തത്തിന്റെ വികാസ രീതികളെ ഗാന്ധിജി അംഗീകരിച്ചിരുന്നില്ല. സാമ്രാജ്യത്വത്തെ ഹിംസാത്മകതയും യുദ്ധങ്ങളും കൂട്ടക്കൊലയും വളർത്തുന്ന ഒന്നായാണ് കണ്ടത്. ജീവിതത്തെ അതിനെതിരായുള്ള ഒരു പ്രതിരോധമായി വികസിപ്പിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്‌

ഇതുപോലൊരു മനുഷ്യൻ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാൽ വരും തലമുറ വിശ്വസിക്കില്ലെന്നായിരുന്നു ഗാന്ധിജിയെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്. വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ഒരുപാട് ചിന്തകളും പ്രവൃത്തികളും ആഴത്തിൽ പേറിയ ജീവിതമായിരുന്നു ഗാന്ധിജിയുടേത്. ജനനേതാവായാണ് ഗാന്ധിജിയെ ലെനിൻ കണ്ടത്. സാമൂഹ്യപരിവർത്തനത്തിന് വഴിയൊരുക്കുന്ന സൂക്ഷ്മതല മാറ്റങ്ങൾക്ക് ഗാന്ധിജി രൂപം നൽകിയെന്ന്‌  ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി സെക്രട്ടറിയായിരുന്ന അന്റോണിയോ ഗ്രാംഷി തന്റെ ജയിൽ കുറിപ്പുകളിൽ വ്യക്തമാക്കി. അയിത്തത്തിനെതിരായ ഗാന്ധിജിയുടെ നിലപാടുകൾ ഇന്ത്യൻ സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ട്‌ ഈ പാതയിലൂടെതന്നെ ഇർഫാൻ ഹബീബും സഞ്ചരിച്ചിട്ടുണ്ട്‌. 

വിയറ്റ്‌നാമിൽ തനിക്കുള്ള സ്ഥാനമാണ് ഇന്ത്യയിൽ ഗാന്ധിജിക്കുള്ളതെന്ന്‌ ഹോചിമിൻ എടുത്ത് പറഞ്ഞിട്ടുണ്ട്. 

ഗുജറാത്തിലെ പോർബന്തറിലായിരുന്നു ഗാന്ധിജിയുടെ ജനനം. വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനൊപ്പം അവിടെ പൊതു പ്രവർത്തനത്തിൽ സജീവമായി ഇടപെടാനും ഗാന്ധിജി ശ്രദ്ധിച്ചു. ടോൾസ്റ്റോയിയിൽ നിന്നാണ് തൊഴിലിന്റെ മഹത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്വീകരിച്ചത്. പാശ്ചാത്യ ലിബറൽ ആശയങ്ങൾ ആദ്യഘട്ടത്തിൽ ഗാന്ധിജിയെ സ്വാധീനിച്ചു. ഇതിന്റെ അടിത്തറയിൽ നിന്നുകൊണ്ടുകൂടിയാണ് വർണ വിവേചനങ്ങൾക്കെതിരായുള്ള പോരാട്ടത്തിന്റെ പാതയിലേക്ക് അദ്ദേഹം നീങ്ങിയത്. ഇതിന്റെയൊക്കെ അനുഭവങ്ങളുമായാണ്‌ 45–--ാം വയസ്സിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിജി പ്രവേശിക്കുന്നത്.

ഗോപാലകൃഷ്ണ ഗോഖലെയുടെ ശിഷ്യനായിരുന്ന ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം  ഇന്ത്യയെ മനസ്സിലാക്കാൻ  രാജ്യത്താകമാനം  സഞ്ചരിച്ചു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന കാഴ്ചപ്പാടിൽ  ഗാന്ധിജി എത്തിയത്‌ അതിനുശേഷമാണ്‌. ഇന്ത്യൻ കർഷക ജനതയുമായി വേഷത്തിലുൾപ്പെടെ താദാത്മ്യം പ്രാപിക്കുന്നരീതി  അദ്ദേഹം സ്വീകരിച്ചത്‌ അതിന്റെ ഭാഗമാണ്‌ . പാശ്ചാത്യ ലിബറൽ ആശയത്തിൽനിന്ന്‌ ഇന്ത്യൻ മണ്ണിലേക്കുള്ള വേരിറക്കം കൂടിയായിരുന്നു അത്. -ഗാന്ധിജിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം പുതിയ ഒരു ഘട്ടത്തിന്റെ ആരംഭമായിരുന്നു എന്നാണ് ഇ എം എസ് വിലയിരുത്തിയത്. ഗാന്ധിയും ഗാന്ധിസവുമെന്ന പുസ്തകത്തിൽ ഇ എം എസ് എഴുതി, “ഗാന്ധിയും അക്കാലത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രവർത്തകരും തമ്മിലുള്ള പ്രധാന വ്യത്യാസം മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായി അദ്ദേഹം ബഹുജനങ്ങളും അവരുടെ ജീവിതവും പ്രശ്നങ്ങളും വിചാര വികാരങ്ങളും അഭിലാഷങ്ങളുമായി ബന്ധം പുലർത്തിയിരുന്നുവെന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമെന്നുവച്ചാൽ പണ്ഡിതരായ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ നടത്തുന്ന ഉന്നതതല വാദ പ്രതിവാദങ്ങളായിരുന്നില്ല. അത് ജനങ്ങളുടെ താൽപ്പര്യങ്ങൾക്കുവേണ്ടി ഉറച്ച് നിൽക്കുകയും ജനങ്ങളുടെ എല്ലാ കാര്യങ്ങൾക്കുമായി സാമ്യം പ്രാപിക്കുകയും ചെയ്യുക എന്ന നിസ്വാർഥ സേവനങ്ങളായിരുന്നു.''

സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ജനകീയ മുന്നേറ്റമാക്കി മാറ്റുന്നതിന് ഈ സമീപനം ഇടയാക്കി. അദ്ദേഹം ആദ്യമായി നയിച്ചത്‌ ചമ്പാരൻ സമരമായിരുന്നു. തുടർന്ന് അഹമ്മദാബാദ് നെയ്ത്ത് തൊഴിലാളികളുടെ സമരം.

ഗാന്ധിജിയുടെ ബഹുജന പിന്തുണയും സമര ശേഷിയും ശരിയായ ദിശയിൽ നയിക്കുന്നതിന്‌  ദേശീയ പ്രസ്ഥാനത്തിനുളളിൽ വലിയ പോരാട്ടം നടന്നിട്ടുണ്ട്. പൂർണ സ്വാതന്ത്ര്യത്തിന്‌ വേണ്ടിയുള്ള 1921-ലെ  പ്രമേയത്തെയടക്കം പ്രതിരോധിക്കാൻ  അദ്ദേഹം തയ്യാറായി. എന്നാൽ കമ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള ഇടതുപക്ഷ ധാര നടത്തിയ ശക്തമായ ഇടപെടലാണ് പൂർണ സ്വാതന്ത്ര്യമെന്ന ആശയത്തിലേക്ക് ഗാന്ധിജിയെയും എത്തിച്ചത്. വിവിധ ധാരകളുടെ മഹാപ്രവാഹമായിരുന്നു ദേശീയ പ്രസ്ഥാനം. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലും ഇത്തരം ചില സംഘർഷം ഗാന്ധിജിയുമായി അംബേദ്കർക്കുൾപ്പെടെ നടത്തേണ്ടിവന്നു.

സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത  ഹിന്ദുത്വവാദികൾ ഇപ്പോൾ ദേശീയ വാദികളായി നിറഞ്ഞാടുന്ന കാലമാണിത്. ഇക്കാലത്ത് ഗാന്ധിജിയുടെ സ്മരണ പ്രതിരോധത്തിന്റെ സവിശേഷസ്ഥാനം അടയാളപ്പെടുത്തുന്നു. മത വ്യത്യാസങ്ങളില്ലാത്ത, ഏകോദര സഹോദര ഇന്ത്യൻ ജനത എന്നതായിരുന്നു ഗാന്ധിയൻ കാഴ്ചപ്പാട്. ഇതിനെ വെല്ലുവിളിച്ച്‌ സ്വാതന്ത്ര്യ  സമര ഘട്ടം മുതൽ  ഹിന്ദുരാഷ്ട്രവാദ സിദ്ധാന്തം ഹിന്ദുത്വവാദികൾ മുന്നോട്ടുവച്ചു. അതിന്റെ വികാസമാണ് ബിജെപിയുടെ അധികാരത്തിലേക്കുള്ള വരവ്‌. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുന്ന നടപടികൾ രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്നത് അതുകൊണ്ടാണ്.

ഹിന്ദുരാഷ്ട്രവാദത്തിനെതിരെ സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ശക്തമായി പൊരുതുന്നതിന് ഗാന്ധിജിയും ഒപ്പം നെഹ്റുവും ഉണ്ടായിരുന്നു. ഇ എം എസ് ചൂണ്ടിക്കാണിച്ചതുപോലെ, “അവർ തമ്മിലുള്ള സഹകരണമാണ് ഹിന്ദുരാഷ്ട്രവാദത്തിന് പരിമിതമായെങ്കിലും തടയിടാൻ സാധിച്ചത്. അതുകൊണ്ട് ഹൈന്ദവ വർഗീയവാദികളെപ്പോലുള്ള മത ഭ്രാന്തന്മാർക്കെതിരായ സമരത്തിൽ മഹാത്മാവിന്റെ രക്തസാക്ഷിത്വം മത നിരപേക്ഷ ദേശീയവാദികൾക്ക് ആവേശം നൽകി''.

ഹിന്ദുരാഷ്ട്ര വാദികൾക്ക് വിലങ്ങുതടിയായതിനാലാണ്‌  സംഘപരിവാർ ഇവർക്കെതിരെ രംഗത്ത് വന്നത്. ഗാന്ധിജി കൊല്ലപ്പെട്ടത്‌ ഹിന്ദുത്വവാദിയുടെ വെടിയുണ്ട തുളച്ചുകയറിയാണ്. ജവാഹർലാൽ നെഹ്റുവിന്‌ വ്യക്തിഹത്യയുടെ പരമ്പരതന്നെ ഏറ്റുവാങ്ങേണ്ടി വന്നു. നെഹ്രു പ്രധാനമന്ത്രി പദം ഏറ്റെടുക്കുമ്പോൾ നവഖാലിയിലെ ജനതയുടെ കണ്ണീരൊപ്പാനായിരുന്നു ഗാന്ധിജി നീങ്ങിയത്.

സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം കോൺഗ്രസ്‌  സ്വയം പിരിഞ്ഞുപോകുകയാണ് വേണ്ടതെന്ന് ഗാന്ധിജി നിർദേശിച്ചു. രക്തസാക്ഷിത്വം വരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണത്. രാഷ്ട്രീയാതീതമായി പ്രവർത്തിക്കുന്ന ഒരു ലോക സേവക് സംഘമായി പ്രവർത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. 

തിരിഞ്ഞുനോക്കുമ്പോൾ, ഗാന്ധിജി ഭയപ്പെട്ടതുപോലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെല്ലാം കൈയൊഴിഞ്ഞ്‌ പ്രവർത്തിക്കുന്ന അവസ്ഥയിൽ കോൺഗ്രസ്‌ എത്തി.  കോൺഗ്രസിൽനിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴികളിലേക്ക് നേതൃത്വനിരതന്നെ നീങ്ങുമ്പോൾ ഗാന്ധിജിയുടെ ആ ദീർഘവീക്ഷണത്തെ നമിക്കാതിരിക്കാനാകില്ല. - മതങ്ങൾക്കകത്ത് നിന്നുകൊണ്ട് മതങ്ങളെ പരസ്പരം സൗഹാർദത്തോടെ കൂട്ടിയിണക്കാനുള്ള വഴികളിലൂടെയാണ് ഗാന്ധിജി സഞ്ചരിച്ചത്. എന്നാൽ എല്ലാ മത വിശ്വാസത്തിലും പെട്ടവരെ ജീവിത പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടിയിണക്കി കൊണ്ടുപോകുന്നതിന്‌  സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കഴിയാതെ പോയി. ഈ ദൗർബല്യം കൂടിയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴികൾ വെട്ടിത്തുറക്കുന്നതിന് സഹായമായത്.

ആധുനിക മുതലാളിത്തത്തിന്റെ വികാസ രീതികളെ ഗാന്ധിജി അംഗീകരിച്ചിരുന്നില്ല. സാമ്രാജ്യത്വത്തെ ഹിംസാത്മകതയും യുദ്ധങ്ങളും കൂട്ടക്കൊലയും വളർത്തുന്ന ഒന്നായാണ് കണ്ടത്. ജീവിതത്തെ അതിനെതിരായുള്ള ഒരു പ്രതിരോധമായി വികസിപ്പിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്‌. പ്രാചീന ഇന്ത്യയിലെ ബിംബങ്ങളെ ഉപയോഗപ്പെടുത്തിയായിരുന്നു അത്‌. ഗ്രാമസ്വരാജും രാമരാജ്യവുമെല്ലാം ഈ കാഴ്ചപ്പാടിന്റെ സൃഷ്ടിയായിരുന്നു. ഇന്ത്യൻ പാരമ്പര്യങ്ങളെ വ്യത്യസ്‌ത വഴികളിലൂടെ നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഭഗവദ്ഗീതയിൽ അഹിംസയായിരുന്നു ഗാന്ധിജി കണ്ടത്. രാമനിൽ മനുഷ്യ മൂല്യങ്ങളെയും.  ഖുറാനിൽ സമാധാനത്തിന്റെയും ബൈബിളിൽ താൻ വിഭാവനം ചെയ്യുന്ന ലോകത്തെയും വായിച്ചെടുക്കുകയായിരുന്നു അദ്ദേഹം.

മാർക്സിസം ചരിത്രപരമായാണ് മുതലാളിത്തത്തെ കാണുന്നത്. അതിന്റെ നേട്ടങ്ങളെയും ദൗർബല്യങ്ങളെയും അതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. മുതലാളിത്ത വ്യവസ്ഥ മണ്ണിനെയും മനുഷ്യനെയും ചൂഷണം ചെയ്യുംവിധം അതിന്റെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയാണെന്ന കാര്യം മൂലധനത്തിൽ മാർക്സ് എടുത്തു പറഞ്ഞു. നാടിന് ചേർന്ന സാങ്കേതികവിദ്യയുടെ വികാസമാണ് ഇതിലൂടെ മാർക്‌സ്‌ ലക്ഷ്യംവച്ചത്. ഇത്തരം വികാസത്തിന് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക പ്രധാനമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യൻ ഗ്രാമീണ വ്യവസ്ഥകളെ ഉപയോഗപ്പെടുത്തി മുതലാളിത്തത്തിന്റെ ചൂഷണ സംവിധാനത്തെ അതിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രതിരോധിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ടാണ് ചർക്ക പ്രതിരോധത്തിന്റെ ചിഹ്നമായത്.

ഹിന്ദുത്വം രാജ്യത്തെ ദുർബലപ്പെടുത്തുന്ന ഘട്ടത്തിൽ പ്രതിരോധത്തിന്റെ നാനാവഴികളിൽ ഈടുവയ്‌പായി ഗാന്ധിസത്തിനും സ്ഥാനമുണ്ട്. ഒരു രാജ്യത്തെ എല്ലാവരും ഒരു മതത്തിന്റെ വിശ്വാസിയായാൽപ്പോലും രാഷ്ട്രത്തിന് മതം പാടില്ല എന്ന നിരീക്ഷണമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. മതത്തെ ആചാരങ്ങളായി കാണുന്നതിന് പകരം മൂല്യങ്ങളായി കാണുന്ന നവോത്ഥാന കാഴ്ചകളിലേക്ക് വികസിച്ചുവരുന്നതായിരുന്നു ഗാന്ധിജിയുടെ ചിന്തകൾ. വൈക്കം സത്യഗ്രഹത്തിന്റെ വഴികളിലേക്ക് അദ്ദേഹമെത്തിയത് അതുകൊണ്ടായിരുന്നു. 1948-ൽ  കൊൽക്കത്തയിൽ നടത്തിയ പ്രസംഗത്തിൽ മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർതിരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. മതരാഷ്ട്രവാദത്തിന്റെ അപകടത്തെ ഏറ്റവും ഗൗരവകരമായി കണ്ട നേതാവുകൂടിയായിരുന്നു ഗാന്ധിജി. വർഗീയതയ്ക്കെതിരായ സമരത്തിൽ മതവിശ്വാസികളുടെ സ്ഥാനം അടയാളപ്പെടുത്തുന്നത് കൂടിയാണ് ഗാന്ധിജിയുടെ ജീവിതം.

മുതലാളിത്തത്തിന്റെ ലാഭേച്ഛ ഓസോൺ പാളികളിലെ തുളകളായും കാലാവസ്ഥാ വ്യതിയാനമായും നമുക്ക് മുമ്പിലുണ്ട്. ഭൂമിയിൽ ആവശ്യത്തിനുള്ളത് നമുക്കുണ്ട്‌, അത്യാഗ്രഹത്തിനുള്ളതില്ല  എന്ന ഗാന്ധിജിയുടെ വാക്കുകൾ ഇപ്പോൾ ഏറെ പ്രസക്തമായിത്തീരുന്നു.ഞ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top