25 April Thursday

കേരളത്തെ അപമാനിച്ച്‌ ‘മാധ്യമം’; ഗൾഫിൽ മുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020


മലപ്പുറം
കോവിഡ്‌ പ്രതിരോധത്തിൽ ലോകത്തിന്‌ മാതൃകയായ കേരളത്തെ അപമാനിച്ച്‌ ‘മാധ്യമം’ ദിനപത്രം. ഗൾഫിലടക്കം മലയാളികളുടെ മരണത്തിന്‌ കാരണം സംസ്ഥാന സർക്കാരാണെന്നാണ്‌ പത്രം വരികൾക്കിടയിൽ പറഞ്ഞുവയ്‌ക്കുന്നത്‌.  വിദേശത്തുമരിച്ച ‌ ഇരുന്നൂറിലധികം മലയാളികളുടെ ചിത്രവുമായാണ്‌  ജമാഅത്തെ ഇസ്ലാമിയുടെ പത്രം ബുധനാഴ്‌ച ഇറങ്ങിയത്‌. അതേസമയം ഗൾഫ്‌ രാജ്യങ്ങളിൽ ഇറങ്ങുന്ന ‘ഗൾഫ്‌ മാധ്യമ’ത്തിൽ വാർത്തയും ചിത്രവും മുക്കി. സംസ്ഥാന സർക്കാർ വിരുദ്ധ പ്രചാരണമാണ്‌ ലക്ഷ്യമെന്ന്‌ ഇതിൽ വ്യക്തം. ഗൾഫ്‌ നാടുകളിൽ ചികിത്സയും പരിചരണവുമില്ലാത്തതിനാലാണ്‌ മരണം സംഭവിച്ചതെന്ന പരോക്ഷമായ അർഥവും വാർത്തയ്‌ക്കുണ്ട്‌.

സംസ്ഥാന സർക്കാരാണ്‌ വിദേശ മലയാളികൾ മരിക്കാൻ കാരണമെന്ന്‌ സ്ഥാപിക്കാനാണ്‌ ശ്രമം. അതിനായി അതി വൈകാരികത നിറച്ച വാക്കുകളും പ്രയോഗങ്ങളുമാണുള്ളത്‌.  സർക്കാരിന്റെ അവഗണനയിൽ ഹൃദയധമനികൾ പൊട്ടിയാണ്‌ പ്രവാസികൾ മരിച്ചുവീഴുന്നതെന്നുവരെ എഴുതി. സർക്കാരിനെതിരെ ബഹുജനരോഷം ഉയരണമെന്ന്‌ ആഹ്വാനം ചെയ്യാനും മടിക്കുന്നില്ല.

വിദേശ മലയാളികളിൽ വലിയവിഭാഗം മരിച്ചത്‌ ലോക്ക്‌ ഡൗൺ കാരണം വിമാന സർവീസ്‌ പൂർണമായി നിലച്ച ഘട്ടത്തിലാണ്‌. വിമാന സർവീസ്‌ പുനരാരംഭിക്കുന്നതിന്‌ സംസ്ഥാനം ഒരിക്കലും എതിരുനിന്നിട്ടില്ല. നാട്ടിലെത്തുന്ന പ്രവാസികൾക്ക്‌ മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു. ഇതുവരെ പ്രവാസികൾ വരുന്നതിന്‌ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ഇതൊക്കെ ബോധപൂർവം മറച്ചുവച്ച്‌, രോഗവ്യാപനം തടയാൻ ലക്ഷ്യമിട്ട നിർദേശങ്ങളെ മറയാക്കിയാണ്‌ പത്രം സർക്കാരിനെ കുറ്റപ്പെടുത്തുന്നത്‌. സംസ്ഥാനം പ്രവാസികളെ നാട്ടിലെത്തിക്കാതെ മരണത്തിന്‌ വിട്ടുകൊടുത്തുവെന്ന്‌ വരുത്തി യുഡിഎഫിന്‌ രാഷ്‌ട്രീയലാഭമുണ്ടാക്കാനാണ്‌  ‘മുതലക്കണ്ണീർ’‌. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശമാണുയരുന്നത്‌.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടിയുമായി യുഡിഎഫ്‌ സഖ്യചർച്ച പുരോഗമിക്കുന്നതിനിടെയിലാണ്‌ മാധ്യമത്തിന്റെ സർക്കാർ വിരുദ്ധ കുത്തിത്തിരിപ്പെന്നതും ശ്രദ്ധേയം‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top