07 February Tuesday

മൊറാഴയിൽനിന്ന്‌ ദേശീയ രാഷ്‌ട്രീയത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2022


തിരുവനന്തപുരം  
കർക്കശക്കാരനായ അധ്യാപകൻ, സൗമ്യനായ പൊതുപ്രവർത്തകൻ, അച്ചടക്കത്തിന്റെയും ലാളിത്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മറുപേര്‌.  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായ എം വി ഗോവിന്ദനെ വിശേഷിപ്പിക്കാൻ വാക്കുകൾ പോര. 1969ൽ സിപിഐ എം അംഗമായ എം വി ഗോവിന്ദൻ അഞ്ചുപതിറ്റാണ്ടിന്റെ പൊതുപ്രവർത്തന മികവുമായാണ്‌ പിബി അംഗമാകുന്നത്‌. 2018ലാണ് കേന്ദ്രകമ്മിറ്റിയിലെത്തിയത്‌. 

ജനപ്രതിനിധിയായും ഭരണാധികാരിയായും ജനതയെ ആകർഷിച്ച രാഷ്‌ട്രീയ ജീവിതത്തിന്റെ തുടക്കം കർഷകപ്പോരാട്ടങ്ങളുടെ നാടായ മൊറാഴയിൽനിന്നാണ്‌.  സഹജീവി സ്‌നേഹവും നിസ്വന്റെ ദുഃഖം തന്റെയും ദുഃഖമെന്ന മൂല്യബോധത്തിലൂന്നിയ കമ്യൂണിസ്റ്റ്‌ കാഴ്‌ചപ്പാടാണ്‌ എം വി ഗോവിന്ദന്റെ അമൂല്യ കൈമുതൽ. പരേതരായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനായി 1953 ഏപ്രിൽ 23ന്‌ ജനിച്ചു. ദേശാഭിമാനി ബാലസംഘത്തിലൂടെ പൊതുജീവിതത്തിൽ സജീവമായി. തളിപ്പറമ്പ്‌ പരിയാരം ഇരിങ്ങൽ യുപി സ്‌കൂളിൽ കായികാധ്യാപകനായിരിക്കെ സ്വയം വിരമിച്ച്‌ പൂർണസമയ രാഷ്‌ട്രീയ പ്രവർത്തകനായി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. ഭരണകൂട ഭീകരതയെ നട്ടെല്ലുയർത്തിനിന്ന്‌ എതിർത്തു.  അടിയന്തരാവസ്ഥയിൽ ജയിലിലടയ്‌ക്കപ്പെട്ടു. കടുത്ത പൊലീസ്‌ വേട്ടയ്‌ക്ക്‌ ഇരയായി.

സിപിഐ എം കാസർകോട്‌ ഏരിയ സെക്രട്ടറിയായും കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ്‌ പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. കണ്ണൂർ ജില്ലാ റെഡ്‌ വളന്റിയർ സേനയുടെ ക്യാപ്‌റ്റനുമായിരുന്നു. കണ്ണൂർ തളിപ്പറമ്പിൽനിന്ന്‌ 1996ലും 2001ലും 2021ലും നിയമസഭയിലെത്തി. മൂന്നാംതവണ മന്ത്രിയായി.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിലും ശോഭിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ ആർജിച്ചെടുത്ത അതിവിപുലമായ വായനശീലം തുടരുന്നു.  വായനാനുഭവങ്ങൾ ലളിതഭാഷയിൽ പകർന്നുനൽകുന്ന അധ്യാപകന്റെയും പ്രഭാഷകന്റെയും ചുമതലയും മികവുറ്റതാക്കുന്നു. ദേശാഭിമാനി ദിനപത്രം, മാർക്‌സിസ്റ്റ്‌ സംവാദം ചീഫ്‌ എഡിറ്ററായിരുന്നു. കർഷകത്തൊഴിലാളി മാസികയുടെ ചീഫ്‌ എഡിറ്ററാണ്‌. 1986ൽ മോസ്‌കോയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തു.  വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെപ്പറ്റി, ചൈന ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷകത്തൊഴിലാളി യൂണിയൻ ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നീ പുസ്തകങ്ങൾ രചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top