കൽപ്പറ്റ
വയനാടിനെ ജൈവ വൈവിധ്യങ്ങളുടെ നാടായി ആഗോളതലത്തിൽ അടയാളപ്പെടുത്തിയത് എം എസ് സ്വാമിനാഥനാണ്. ഇദ്ദേഹം സ്ഥാപിച്ച എംഎസ് സ്വാമിനാഥൻ ഗവേഷണനിലയം വയനാടിന്റെ കാർഷികമുന്നേറ്റത്തിൽ വിലിയ പങ്കാണ് വഹിച്ചത്. കൽപ്പറ്റ പുത്തൂർവയലിൽ 1997ലാണ് നിലയം സ്ഥാപിക്കുന്നത്. 2001 നവംബർ 24 നായിരുന്നു ഗവേഷണനിലയത്തിന്റെ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്.
ഗവേഷണനിലയം ആരംഭിച്ചതോടെയാണ് പശ്‌ചമിഘട്ട മേഖലയിലെ ജൈവവൈവിധ്യങ്ങളായ സസ്യങ്ങളും മരങ്ങളുമെല്ലാം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമായത്. ഗ്രാമീണ മേഖലയിലും ചെറുകിടകർഷകരിലും ആദിവാസിമേഖലയിലുമെല്ലാം ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ഗവേഷണ വികസനപ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. പരമ്പരാഗതമായി വിളയിക്കപ്പെട്ടതും അമൂല്യവുമായ നെല്ല്, കിഴങ്ങ് വിത്തുകളിൽ ഗവേഷണം നടത്തി അവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തു. ഇത്തരം വിത്തുകളിൽനിന്നും വിളവ് വർധിപ്പിക്കുന്നതിനുള്ള ശാസ്‌ത്രീയ സമീപനങ്ങളും കൈക്കൊണ്ടു.
പശ്‌ചിമഘട്ട മലനിരകളിൽ ഭീഷണിനേരിടുന്ന സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും 40 പുതിയ സസ്യ ഇനങ്ങളെ കണ്ടെത്തിയതുമെല്ലാം ഗവേഷണനിലയത്തെ ശ്രദ്ധേയമാക്കി. 41 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഗവേഷണനിലയത്തിൽ 20 ഏക്കറിൽ ഔഷധസസ്യങ്ങളുടെ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. അത്യുൽപ്പാദനശേഷിയുള്ള വിളകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പ്ലാന്റ് ജിനോം സേവിയർ അവാർഡ് ജില്ലയിലെ കുറിച്യ, കുറുമ വിഭാഗത്തിന് ലഭ്യമാവുന്നത് ഗവേഷണനിലയത്തിന്റെ പ്രവർത്തനത്തിലൂടെയാണ്. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതുവരെ എം എസ് സ്വാമിനാഥൻ വർഷംതോറും ഇവിടെ എത്തി നിർദേശങ്ങൾ നൽകാറുണ്ടായിരുന്നതായി ഗവേഷണനിലയം അധികൃതർ പറഞ്ഞു. 2013ലാണ് ഒടുവിൽ ജില്ലയിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..