29 March Friday

മയ്യഴിയുടെ കഥാകാരന്‌ എൺപതാം പിറന്നാൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 10, 2022


തലശേരി  
മലയാളസാഹിത്യത്തെ വിശ്വത്തോളം ഉയർത്തിയ മയ്യഴിയുടെ കഥാകാരന്‌ ശനിയാഴ്‌ച എൺപതാം പിറന്നാൾ. മയ്യഴിയെന്ന ദേശത്തെ മലയാളിയുടെ ഹൃദയത്തോട്‌ ചേർത്തുനിർത്തിയ എം മുകുന്ദന്‌ ജന്മദിനവും സാധാരണപോലെ കടന്നുപോകും. പള്ളൂരിലെ മണിയമ്പത്ത്‌ വീട്ടിൽ പ്രത്യേക ആഘോഷങ്ങളില്ല. കഴിഞ്ഞ വർഷം ഊരാളുങ്കൽ സൊസൈറ്റിയിലായിരുന്നു പിറന്നാൾ. ഇത്തവണ പിറന്നാൾദിനത്തിലും യാത്രയിലാണ്‌.

ഫ്രഞ്ച്‌ അധീന മയ്യഴിയിൽ 1942 സെപ്‌തംബർ 10നാണ്‌ ജനനം. രോഗപീഡകൾ നിറഞ്ഞ കുട്ടിക്കാലത്തെ ഏകാന്തതയിലാണ്‌ അക്ഷരങ്ങളെ സ്വപ്‌നം കാണാൻ തുടങ്ങിയത്‌. 1962ൽ ഡൽഹിയിൽ എത്തിയശേഷം ആദ്യകഥ ‘നിരത്ത്‌’ അച്ചടിമഷി പുരണ്ടു. പിന്നീട്‌ നിരവധി ചെറുകഥകളും നോവലുകളും. ആധുനികതയുടെ വരവറിയിച്ച സൃഷ്‌ടികളിലൂടെ മലയാള സാഹിത്യത്തിൽ ഇടംനേടിയ ഈ എഴുത്തുകാരന്റെ മനസ്സുനിറയെ ഇപ്പോഴും കഥയും കഥാപാത്രങ്ങളുമാണ്‌. ലളിതസുന്ദര വാക്കുകളിലൂടെ കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും സൃഷ്‌ടിച്ചു.  ഓരോ രചനയിലും പുതുമ നിലനിർത്തുന്ന വൈഭവം. പതിറ്റാണ്ടുകൾ നീണ്ട ഡൽഹി ജീവിതകാലത്തും മുകുന്ദൻ സർഗാത്മകതയുടെ ഊർജം തേടിയത്‌ മയ്യഴിപ്പുഴയുടെ തീരങ്ങളിൽനിന്നാണ്‌.

ഡൽഹി ജീവിതവും സാഹിത്യസൃഷ്‌ടികൾക്ക്‌ ഊർജമായി. ‘ഡൽഹി ഗാഥകൾ’ താൻ ജീവിച്ച, അടുത്തറിഞ്ഞ ഡൽഹിയുടെ കഥയാണ്‌. ഫ്രഞ്ച്‌ എംബസിയിൽനിന്ന്‌ ഡെപ്യൂട്ടി കൾച്ചറൽ അറ്റാഷേയായി 2004ൽ വിരമിച്ചു. ഭാര്യ: ശ്രീജ. മക്കൾ:  പ്രീതിഷ്, ഭാവന. ഇരുവരും വിദേശത്ത്‌. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്‌, എഴുത്തച്ഛൻ പുരസ്‌കാരം, പ്രഥമ ക്രോസ്‌ വേഡ്‌ അവാർഡ്‌, ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയർ ബഹുമതി ഉൾപ്പെടെള്ളവ മുകുന്ദനെ തേടിയെത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top