29 March Friday

ദേശചരിത്രവും നാടോടിവിജ്ഞാനവും തേടി

പി പി കരുണാകരൻUpdated: Sunday May 8, 2022

ഡോ. എ എം ശ്രീധരൻ

കണ്ണൂർ സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം മേധാവിയായി വിരമിച്ച എ എം ശ്രീധരൻ 40 വർഷമായി നിരന്തര പഠനഗവേഷണ പ്രവർത്തനങ്ങളി ലാണ്‌. തുളുനാടിന്റെ വിസ്‌മൃതിയിലാണ്ട ദേശചരിത്രത്തെയും സംസ്‌കാര ത്തെയും നാടോടി വിജ്ഞാനങ്ങളെയും ഭാഷയെയും പുതിയ കാലത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിലാണ്‌   അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ.

ലിപിയും സാഹിത്യവുമില്ലെന്ന ആക്ഷേപം കേൾക്കുന്ന പല ഭാഷയിലും ശ്രേഷ്‌ഠമായ സൃഷ്ടികൾ പിറവിയെടുക്കുന്നുണ്ട്‌. അത്യുത്തര കേരളത്തിലെ ബ്യാരി, തുളു ഭാഷകൾ ചെറുന്യൂനപക്ഷത്തിന്റെ വ്യവഹാരഭാഷയാണ്. ഏറെ അവഗണന  നേരിട്ട  ഭാഷകൾ. ഇവ സംസാരിക്കുന്നവരിൽനിന്ന് ഗവേഷണ സാമർഥ്യമുള്ളവരും ഭാഷാപണ്ഡിതരും കാര്യമായി ഉയർന്നുവന്നില്ലെന്നതും ഈ അവഗണനയ്‌ക്ക്‌ ഹേതുവാണ്‌. തുളുനാടിന്റെ പ്രാദേശിക ഭാഷയെയും സംസ്‌കാരത്തെയും വീണ്ടെടുക്കാൻ നിരന്തര പരിശ്രമം നടത്തിയ അധ്യാപകനാണ് ഡോ. എ എം ശ്രീധരൻ.
 
കണ്ണൂർ സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മേധാവിയായി വിരമിച്ച എ എം ശ്രീധരൻ 40 വർഷമായി നടത്തിയ നിരന്തര പഠനഗവേഷണ പ്രവർത്തനങ്ങളാണ്‌ ഈ വീണ്ടെടുപ്പ് സാധ്യമാക്കിയത്. ഫോക്‌ലോർ  പണ്ഡിതൻ, പ്രാദേശിക ചരിത്രകാരൻ,  വിവർത്തകൻ,  അധ്യാപകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്‌തനായ ഡോ. എ എം ശ്രീധരൻ കാസർകോട് ഉദിനൂർ സ്വദേശിയാണ്‌. കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ്‌ ആൻഡ് സയൻസ് കോളേജ്, കണ്ണൂർ സർവകലാശാലാ മലയാള വിഭാഗം എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പഠിപ്പിച്ചത്‌. വിസ്‌മൃതിയിലാണ്ട ദേശചരിത്രത്തെയും സംസ്‌കാരത്തെയും നാടോടിവിജ്ഞാനങ്ങളെയും ഭാഷയെയും പുതിയ കാലത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിലായിരുന്നു ശ്രീധരൻ മുഖ്യമായും ശ്രദ്ധിച്ചത്.
 
ഇത്രയും ഭാഷ സംസാരിക്കുന്ന ജനത അധിവസിക്കുന്ന മറ്റൊരു പ്രദേശം കേരളത്തിൽ വേറെയില്ല. ആ ഭാഷാവൈവിധ്യവും സംസ്‌കാരവും സാഹിത്യ പ്രവർത്തനങ്ങളും കണ്ടെടുത്തും വീണ്ടെടുത്തും സഹൃദയ സമക്ഷം അവതരിപ്പിക്കാനുള്ള പ്രവർത്തനം ഏറെ ക്ലേശപൂർണമായിരുന്നു. ലിപി ഇല്ലാത്ത ബ്യാരി ഭാഷയെ നിഘണ്ടു നിർമാണത്തിലൂടെ സാംസ്‌കാരിക ലോകത്തിന്റെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതും നാശോന്മുഖമായ തുളുഭാഷയ്‌ക്ക്‌ മലയാളത്തിൽ ആദ്യമായി നിഘണ്ടു നിർമിച്ചതുംവഴി ഈ സാഹസിക പ്രവർത്തനത്തിന് തുടക്കമിട്ടത് ഡോ. ശ്രീധരനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. എ എം  ശ്രീധരന്റെ ‘തുളു: പാരമ്പര്യവും വീണ്ടെടുപ്പും’ എന്ന കൃതി തുളുനാടിന്റെ  പ്രാദേശിക ചരിത്രത്തെക്കുറിച്ചുള്ള സമഗ്ര പ്രാദേശിക ചരിത്രഗ്രന്ഥമാണ്. അഞ്ച് ഭാഗമുള്ള  കൃതിയിൽ പ്രാദേശിക ചരിത്രം, ഫോക്‌ലോർ നിഘണ്ടു, തുളു ഫോക്‌ലോർ, പാഡ്ദണെകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ചരിത്രാന്വേഷികൾക്ക് വിലപ്പെട്ട  സഹായക ഗ്രന്ഥമാണ് ഈ കൃതി. തുളുനാട്ടിലെ മുപ്പതിൽപ്പരം നാടോടിപ്പാട്ട്‌ മലയാളത്തിലേക്ക് മൊഴിമാറ്റി ദൂജി കെമ്മരെ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുനാടിന്റെ 500 വർഷത്തെ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന മിത്തബയൽ യമുനക്ക (ഡി കെ ചൗട്ട)യെന്ന നോവലും തുളുഭാഷയിലെ ആദ്യ നോവലായ സതി കമലയും ശ്രീധരൻ വിവർത്തനം ചെയ്‌തിട്ടുണ്ട്. കഥാകദികെ: തുളു കഥയുടെ ഒരു നൂറ്റാണ്ട് എന്നപേരിൽ 100 വർഷത്തെ കഥകളുടെ സമാഹാരവും താമസിയാതെ പുറത്തിറങ്ങും.
 
സാഹിത്യവിമർശനം, താരതമ്യ സാഹിത്യം, വിവർത്തന സാഹിത്യം, മാധ്യമം, വ്യാകരണം  മേഖലകളിൽ പതിനെട്ടോളം കൃതി വേറെയും ശ്രീധരന്റെ സംഭാവനയായി മലയാളത്തിനു ലഭിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെ പുരസ്‌കരിച്ച് 20 ഗവേഷകർ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി, കേരള സാഹിത്യ അക്കാദമി, കർണാടക ബ്യാരി സാഹിത്യ അക്കാദമി എന്നിങ്ങനെ സർക്കാർ സ്ഥാപനങ്ങൾ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ ജസ്റ്റിസ് വി ആർ  കൃഷ്‌ണയ്യർ പുരസ്‌കാരം, ടി കെ കെ നായർ പുരസ്‌കാരം, എം കെ കെ നായർ പുരസ്‌കാരം, പ്രൊഫ. വെങ്കടരാമയ്യ ഭാഷാശാസ്‌ത്ര പുരസ്‌കാരം, പുസ്‌തകലോകം റിസർച്ച്ഫൗണ്ടേഷൻ പുരസ്‌കാരം തുടങ്ങിയവയും ഡോ. ശ്രീധരന് കിട്ടിയിട്ടുണ്ട്. യുജിസിയുടെ രണ്ട് മേജർ റിസർച്ച് അവാർഡിനും അർഹനാണ്‌.
 
ഡോ. ശ്രീധരന്റെ നേതൃത്വത്തിൽ നടന്ന ദേശീയ-, അന്തർദേശീയ പ്രാധാന്യമുള്ള സെമിനാറുകളും ശിൽപ്പശാലകളും പ്രഭാഷണങ്ങളും അക്കാദമിക് സമൂഹത്തെ  സ്വാധീനിച്ചു.  ഫോക്‌ലോർ പഠനവും സംരക്ഷണവം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഫോസിൽസ്, ഫോക്‌ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റ് തുടങ്ങിയ സംഘടനകളിലെ അംഗംകൂടിയാണ് ഡോ. ശ്രീധരൻ.
 
തുളുനാട്ടിൽ പ്രചാരത്തിലുള്ള കാദ്യനാടയെന്ന സർപ്പാരാധനയെക്കുറിച്ചുള്ള കൃതിയുടെ രചനാവേളയിലാണ് രണസിരിയെന്ന നാടോടി രാമായണം കണ്ടെടുക്കാനിടയായത്. സീതോൽപ്പത്തി മുതൽ സീതാസ്വയംവരം വരെയുളള കഥയാണ് രണസിരിയിൽ പരാമർശിച്ചിട്ടുള്ളത്. മലയാള ഭാഷയുടെ പ്രാക്തനതയെക്കുറിച്ചുള്ള ചർച്ചയിൽ ഇടംപിടിക്കാതെ പോയ പഞ്ച ദ്രാവിഡ ഭാഷകളിലൊന്നായ തുളുവിന്റെ പ്രാധാന്യത്തെ ഭാഷാവിദഗ്ധരെക്കൊണ്ട് ലോക തുളു സമ്മേളനവേദിയിൽ  അംഗീകരിപ്പിക്കാൻ സാധിച്ചത് ഡോ. ശ്രീധരന് എന്നും അഭിമാനത്തിന് വക നൽകുന്നു.
 
മലയാള ഭാഷോൽപ്പത്തിയെക്കുറിച്ചുള്ള പരമ്പരാഗത ചർച്ചകൾ പുതിയ കാലത്തും തുടരുന്നതിലെ അശാസ്‌ത്രീയതയാണ് ഇതിലൂടെ വെളിപ്പെടുന്നത്‌.  തുളുഭാഷയുടെയും സംസ്‌കാരത്തിന്റെയും വളക്കൂറുള്ള മണ്ണ് മലയാള ഭാഷയ്‌ക്കും കേരള സംസ്‌കാരത്തിനും എന്നും ജൈവോർജമായിട്ടുണ്ടെന്ന്‌   ഈ ഗവേഷകൻ വിളിച്ചുപറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top