19 October Monday

VIDEO - എങ്ങനെയുണ്ടാശാനെ...!; പച്ചമണ്ണിൽ കാലൂന്നി നടക്കുന്ന രണ്ട്‌ മനുഷ്യർ

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Sep 20, 2020

വൈദ്യുതി മന്ത്രി എം എം മണിയും ഇന്ദ്രൻസും

പച്ചമണ്ണിൽ കാലൂന്നി നടക്കുന്ന രണ്ട്‌ മനുഷ്യർ. അവരുടെ സംഭാഷണമാണിത്‌‌. കോവിഡ്‌ കാലത്തെ വീട്ടുവാസത്തിനിടയിൽ, സിനിമാ തിരക്കൊഴിഞ്ഞ നടൻ ഇന്ദ്രൻസ്‌, വൈദ്യുതി മന്ത്രി എം എം മണിയെ കാണാനെത്തി. വഴുതക്കാട്ടെ മന്ത്രിയുടെ ഔദ്യോഗിക വസതി  ‘സാനഡു’വിന്റെ മുറ്റത്തിരുന്ന്‌ അവർ സംസാരിച്ചു. സിനിമ, രാഷ്ട്രീയം, ജീവിതം അങ്ങനെയങ്ങനെ... ‘ദി കേരള ഒബ്‌സർവർ’ യുട്യൂബ്‌ ചാനലിൽ ഹിറ്റായ ആ സംസാരത്തിലെ ചില ഭാഗങ്ങൾ

 
ഇന്ദ്രൻസ്‌: ഞാൻ എങ്ങനെ വിളിക്കണം. സാർ എന്നോ ആശാൻ എന്നോ...!
 
എം എം മണി: എങ്ങനെ വേണങ്കിലും വിളിച്ചോളൂ. എന്റെ പേര്‌ മണി, മണിയാശാൻ, മണി, സഖാവെ എന്നെല്ലാം വിളിക്കുന്നവരുണ്ട്‌.
 
ഇന്ദ്രൻസ്‌: എനിക്കും ഒരുപാട്‌ കാര്യങ്ങളിൽ ആശാനാണ്‌... അതോണ്ട്‌ ഞാൻ ആശാൻ എന്ന്‌ വിളിക്കാം.
 
എം എം മണി: എങ്ങനിണ്ടിപ്പം സിനിമാ ഷൂട്ടിങ്ങൊന്നുമില്ലല്ലേ!
 
ഇന്ദ്രൻസ്‌: ഇപ്പോ ഷൂട്ടിങ്‌‌ ചെയ്യാനും പേടി, ചെയ്‌താൽ കാണാനും ആളില്ല...!
 
എം എം മണി: എനിക്കൊക്കെ ആണെങ്കിൽ ആകെയുള്ള നേരമ്പോക്ക്‌ എന്നു പറഞ്ഞാ സിനിമയായിരുന്നു. എല്ലാ സിനിമയും കാണും. അത്‌ ഇവിടുള്ള മുഴുവൻ തീയറ്ററിലും പോയി കാണും. ഇപ്പോ അതെല്ലാം പോയി. ഇപ്പോ ചാനൽ സിനിമകൾ കാണും‌; നേരമ്പോക്ക്‌ വേണ്ടേ. എപ്പോഴും രാഷ്ട്രീയ പ്രവർത്തനം, പ്രസംഗം, ഭരണം, ഓഫീസ്‌ തുടങ്ങിയ ഏർപ്പാട്‌ മാത്രം  മതിയോ? മനുഷ്യനാകുമ്പോ ഇത്തിരി നേരമ്പോക്കൊക്കെ വേണ്ടേ? എനിക്ക്‌ എല്ലാ കലയും ഭയങ്കര ഇഷ്ടവാ..
 
ഇന്ദ്രൻസ്‌: നമ്മളൊരു പടത്തിൽ അഭിനയിച്ചിട്ടുമുണ്ട്‌.. ഒരുമിച്ച്‌ സീനില്ലെന്നേയുള്ളൂ.
 
എം എം മണി: അതെ; ഞാനൊരു പടത്തിലഭിനയിച്ചിട്ടുണ്ട്‌. കലാഭവൻ മണിയായിരുന്നു നായകൻ. പ്രായം ചെന്ന ഒരാശാനായിട്ടായിരുന്നു എന്റെ വേഷം.
 
ഇന്ദ്രൻസ്‌: ഞാനും അതിലൊരു കുഞ്ഞു സീനിൽ അഭിനയിച്ചു. മണിയുടെ കൂടെയുള്ള ഒരു ചുമട്ടുകാരനായിട്ട്‌.
 
എം എം മണി: ഞാൻ നന്നായി അഭിനയിച്ചു അതില്‌. നന്നായി പറഞ്ഞു തന്നാല്‌ ഞാൻ അതിനനുസരിച്ചങ്ങ്‌ ചെയ്യും. നാളെ ഇന്ദ്രൻസാകണമെന്ന്‌ എന്നോട്‌ പറഞ്ഞാ, ഞാൻ ആകും. അങ്ങനാണ്‌!
 
പിന്നെ, കൊറോണയാണല്ലോ ഇപ്പഴത്തെ പ്രശ്‌നം. അതിനെ നമ്മൾ നേരിട്ടത്‌ എങ്ങനെയാണ്‌ എന്ന്‌ നമ്മൾ കാണണം. ലോകത്തിലെ വമ്പന്മാരെല്ലാം കൊമ്പുകുത്തി. അമേരിക്കൻ പ്രസിഡന്റ്‌ പറയുന്നത്‌ രണ്ടര ലക്ഷം പേർ മരിക്കുമെന്നാണ്‌. ഇവിടെ നമ്മൾ തുടക്കം മുതൽ തന്നെ നേരിട്ടു. ആദ്യം വന്നപ്പോൾ തന്നെ മുൻകരുതലെടുത്തു. ഫലപ്രദമായല്ലെ നമ്മൾ രോഗത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്‌. എന്നു മാത്രമല്ല, ജീവജാലങ്ങളുടെ ആകെ കാര്യം നമ്മൾ പരിഗണിച്ചു. തെരുവുനായ മുതൽ ആനയുടെ കാര്യം വരെ. ഒന്നുമില്ലാത്തവർക്ക്‌ 1000 രൂപവച്ച്‌ കൊടുത്തു.  തുടർച്ചയായി സൗജന്യ ഭക്ഷണക്കിറ്റുകൊടുക്കുവാണ്‌.
 
മെഡിക്കൽ കോളേജിൽ എന്നെ ചികിത്സിച്ച ഡോക്ടർമാർ വരെ പറഞ്ഞു, ഞങ്ങൾക്കും കിട്ടിയെന്ന്‌. നല്ല വിലയുള്ള നിലവാരമുള്ള കിറ്റ്‌.
 
പക്ഷേ ഇതുകൊണ്ടൊന്നുമായില്ല. എല്ലായിടത്തും രോഗം പടരുകയാണ്‌. പ്രധാനമന്ത്രി ഇടയ്‌ക്കിടക്ക്‌ പറയും, എല്ലാം ഭംഗിയായി നേരിട്ടു എന്നൊക്കെ, പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ അങ്ങനൊന്നുമില്ല. നമ്മളാണ്‌ ഇന്ത്യയിൽ നന്നായി നേരിട്ടുകൊണ്ടിരിക്കുന്നത്‌. എത്ര പേർ മരിച്ചെന്ന കണക്കുപോലും യുപിയിലും മറ്റുമില്ല.
 
ഭീഷണമായ നമ്മുടെ ഭാവിയെ നേരിടാൻ എല്ലാത്തരത്തിലുമുള്ള ഭക്ഷ്യ ഉൽപ്പാദനവും നടത്തണമെന്നാണ്‌ ഞങ്ങൾ കണ്ടിട്ടുള്ളത്‌. ഞാനീ വീട്ടിൽ വരുമ്പോൾ, പണ്ടിവിടെ താമസിച്ചവർ വച്ച ചക്കയും മാങ്ങയും എല്ലാം പറിച്ചു തിന്നു. അപ്പോൾ നമ്മൾ എന്തു ചെയ്യണം; അടുത്ത്‌ വരുന്നവർക്കായി കൃഷി ചെയ്യാൻ തീരുമാനിച്ചു.
 
ഇന്ദ്രൻസ്‌: ഇനി വരുന്നവർ കഴിക്കട്ടെ.. അല്ലെ?
 
എം എം മണി: അതെ പത്തുനൂറ്‌ വാഴ വച്ചു; ഇനിയും വയ്‌ക്കണം.‌ ഭാവിയിൽ വരുന്നവർക്കും ഗുണം കിട്ടും. എത്ര മഹാരഥന്മാർ താമസിച്ച വീടാ എന്നറിയോ? ആദ്യ മന്ത്രിസഭയിലെ ഗൗരിയമ്മ മുതൽ... 90 വർഷമെങ്കിലും പഴക്കം കാണും.
 
ഇന്ദ്രൻസ്‌: ഇവിടന്നല്ലെ, ഗൗരിയമ്മയ്‌ക്ക്‌ ടി വി തോമസിന്റെ വീട്ടിലേക്കൊരു വഴിയുണ്ടായിരുന്നു എന്ന്‌ പറഞ്ഞത്‌.
 
എം എം മണി: ആ.. അത്‌ ശരിയാ, ഒരു വഴിയുണ്ട്‌. ടി വി തോമസ്‌ താമസിച്ച റോസ്‌ ഹൗസ്‌. അവിടെയിപ്പോ കടന്നപ്പള്ളി മന്ത്രിയാ
 
ഇന്ദ്രൻസ്‌: അതേ, ഒരുദിവസം അദ്ദേഹം തന്നെ എനിക്കാ വഴികാണിച്ചു തന്നു.
 
എം എം മണി: അതൊക്കെ ഒരു ചരിത്രം. എങ്ങനെയെല്ലാമാണെങ്കിലും മാനവരാശി കുതിപ്പ്‌ തുടരും. രോഗം മൂലം കൊറേപേർ മരിക്കും. പക്ഷെ മാനവരാശി മുന്നോട്ട്‌‌ പോകുക തന്നെ ചെയ്യും. അങ്ങനെയാണ്‌ ചരിത്രം.
 
ഇന്ദ്രൻസ്‌: എനിക്ക്‌ ഇതുവരെ സിനിമയിൽ അഭിനയിച്ച്‌ കൊതി തീർന്നിട്ടില്ല. ഒരു പാട്‌ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ്‌. അതിന്‌ മുമ്പ്‌ കൊറോണ വന്ന്‌ തട്ടി പോകുമോ എന്തോ..!
 
എം എം മണി: യേയ്‌! സൂക്ഷിച്ചാ മതിയന്നേ. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മറ്റും പറയുന്നത്‌ നമ്മള്‌ പാലിച്ചാ മതി.
 
ഇന്ദ്രൻസ്‌: അതേ; കൊറോണ വരുംമുമ്പേ ആശാൻ പാലിച്ച ചില കാര്യങ്ങൾ ഇപ്പോൾ എല്ലാവരും ചെയ്യുന്നു... (ചിരി) ഏതാണെന്ന്‌ പറയാമോ?
 
എം എം മണി: എനിക്കറിയത്തില്ല
 
ഇന്ദ്രൻസ്‌: എന്നാൽ ഞാൻ പറയട്ടെ... (ആശാന്റെ സ്വതസിദ്ധമായ കൈ തിരുമ്മൽ ‌‌ കാണിക്കുന്നു; ചിരി തുടരുന്നു)
 
എം എം മണി: അതേ... അതെങ്ങനാന്ന്‌ അറിയത്തില്ല, ഇങ്ങനിരിക്കുമ്പോ സ്വാഭാവികമായി ഇങ്ങനെ കൈകൾ കൂട്ടിത്തിരുമ്മും. പ്രസംഗിക്കുമ്പോ അറിയാതെ അങ്ങിനെ കൂടും. അറിയാതെ വന്നുപോകുന്നതാ
 
ഇന്ദ്രൻസ്‌: ഞാൻ ആട്‌ 2 എന്ന സിനിമയിൽ ആശാനെ അനുകരിച്ചിട്ടുണ്ട്‌. വിഗ്ഗ്‌ ഒക്കെയിട്ട്‌ സംവിധായകൻ പറഞ്ഞു തന്ന ഡയലോഗ്‌ പറയുമ്പോ എനിക്ക്‌ പേടിയായി തുടങ്ങി. അവിടത്തെ സഖാക്കളാണ്‌ ഷൂട്ടിങ്ങിനുള്ള സൗകര്യമൊക്കെ ചെയ്‌ത്‌ തന്നത്‌. എന്റെ ഡയലോഗ്‌ അവർ കേട്ടാ അപ്പോ തന്നെ അവര്‌ ഓടിക്കും. ഞാൻ ശബ്ദമില്ലാതെ ചുണ്ടനക്കി മാത്രം അഭിനയിച്ചു. ഡബ്ബിങ്‌‌ സമയത്ത്‌ ശരിയാക്കാമെന്ന്‌ സംവിധായകനും പറഞ്ഞു. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോൾ എനിക്ക്‌ പിന്നെയങ്ങോട്ട്‌ പേടി തുടങ്ങി. ആശാൻ കാണുമോ എന്നൊക്കെ വിചാരിച്ച്‌.
 
അതിനിടയ്‌ക്ക്‌ കട്ടപ്പനയിലുള്ള ഒരു ക്ലബ്‌, എനിക്കൊരു അവാർഡ്‌ പ്രഖ്യാപിച്ചു. നോട്ടീസ്‌ കിട്ടിയപ്പോഴാണ്‌ അറിയുന്നത്‌, അവാർഡ്‌ നൽകുന്നത്‌ ആശാനാണെന്ന്‌! എനിക്ക്‌ പേടിയായി. ഞാൻ സംഘാടകരോട്‌ പറഞ്ഞു, വരുന്നില്ലെന്ന്‌! പക്ഷേ അവര്‌ നിർബന്ധിച്ച്‌ കൊണ്ടുപോയി. സ്റ്റേജിൽ ഞാൻ ആശാനെ ദൂരെ നിന്ന്‌ നോക്കി. ദേഷ്യമൊന്നും കണ്ടില്ല!
 
എം എം മണി: യേയ്‌.. എനിക്കങ്ങനെ ദേഷ്യമൊന്നും തോന്നുകേല, എനിക്ക്‌ നിങ്ങളെ വലിയ ഇഷ്ടവാ; എല്ലാവരേയും അതേ എസ്‌ പി പിള്ള, അടൂർഭാസി, കുതിരവട്ടം പപ്പു, ബഹദൂർ.. അങ്ങനെ എല്ലാവരെയും ഇഷ്ടവാ..
 
ഇന്ദ്രൻസ്‌: അപ്പോ ഇനി ഒരവസരം കിട്ടിയാലും അഭിനയിക്കും.
 
എം എം മണി: അത്‌ പറ്റുകേല; എന്താന്നറിയോ. അന്ന്‌ അഭിനയിച്ച ശേഷം എനിക്ക്‌ ചെറിയ റോളാക്കെ വന്നു. അപ്പോപിന്നെ പാർടി സംസ്ഥാന കമ്മിറ്റി പറഞ്ഞു. ഇനി അഭിനയിക്കാൻ പോകരുതെന്ന്. കാരണമെന്താന്ന്‌ അറിയോ? ഞാൻ ജില്ലാ സെക്രട്ടറിയാണ്‌ അന്നവിടെ, അങ്ങനെ നമ്മുടെ കലാജീവിതം അവസാനിച്ചു.
 
ഇന്ദ്രൻസ്‌: ഇനിയിപ്പോ ആട്‌ 3 സിനിമയിലേക്ക്‌ വിളിച്ചിട്ടുണ്ട്‌. പോകാല്ലോ അല്ലേ?
 
എം എം മണി: പിന്നെ; പോണം, നിങ്ങൾക്കിനി ഒരുപാട്‌ കാര്യങ്ങൾ ചെയ്യാനുണ്ട്‌. നിങ്ങളുടെ എല്ലാ കഥാപാത്രങ്ങളെയും എനിക്കിഷ്ടമാണ്‌. ഞാനതെല്ലാം ഇഷ്ടത്തോടെ ഓർത്തിരിക്കുന്ന ആളാ
 
ഇന്ദ്രൻസ്‌: ഞാനും ആശാനെ നന്നായി അനുകരിക്കുന്ന ആളാണ്‌; അഭിനയത്തിലും മറ്റും. ഞാൻ ക്യാമറയിൽ നോക്കൂല; മറ്റുകാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചാണ്‌ എന്റെ അഭിനയം. ഭയങ്കര തന്മയത്തമുണ്ടതിന്‌. അത്‌ ഞാൻ ആശാനെ നിരീക്ഷിച്ചപ്പോൾ കിട്ടിയതാ.
ഇപ്പോ ഇടമലക്കുടിയിലൊക്കെ വൈദ്യുതി ‌ കൊടുത്ത വാർത്തയൊക്കെ അറിഞ്ഞു. ഇനി അവിടൊക്കെ വൈദ്യുതി കൊടുത്തതിനാലാണോ എന്തോ; നമ്മുടെ ബില്ലിൽ ഇത്തിരി കേറ്റം വന്നില്ലേന്നൊരു സംശയം?
 
എം എം മണി: നമുക്കാവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുള്ളൂ കേട്ടോ. ബാക്കി പുറത്തുനിന്ന്‌ വാങ്ങുന്നു. അതിവിടെ എത്തുമ്പോൾ ആറര രൂപ വരെയാകും യൂണിറ്റിന്‌. പിന്നെ, ലോക്‌ഡൗണിൽ എല്ലാവരും വീട്ടിലിരിപ്പല്ലെ. 24 മണിക്കൂറും കറന്റ്‌ ഉപയോഗിച്ചു. അങ്ങനെ ബില്ല്‌ കൂടി. എന്നാൽ പരാതിയുണ്ടായാൽ പരിശോധിക്കാൻ ഏർപ്പാടാക്കി. മുഖ്യമന്ത്രി ഞങ്ങളെ വിളിച്ച്‌ സംസാരിച്ചു. ബില്ല് കുറയ്‌ക്കണമെന്ന്‌ പറഞ്ഞു; കാര്യമായി കുറച്ചു. ബോർഡിന്‌ 500 കോടിയുടെ ബാധ്യത വന്നു.
 
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്താണ്‌ നാവിൽ ഇൻക്വിലാബ്‌ സിന്ദാബാദ്‌ എന്ന വാക്യം വരുന്നത്‌. സ്‌കൂള്‌ വിട്ടുവരുന്ന വഴിക്ക്‌ ഒരു ജാഥ പോകുന്നു.   വീടുവരെ മുദ്രാവാക്യം വിളിച്ചോണ്ട്‌ പോയി. പിറ്റേ ദിവസം മാഷ്‌ എന്തിനാടാ ജാഥയിൽ ചേർന്നേന്ന്‌ പറഞ്ഞ്‌ ബഞ്ചിൽ നിർത്തി 12 അടിയും തന്നു.
 
ഇന്ദ്രൻസ്‌: പിന്നെ മാഷ്‌ തിരിച്ചറിഞ്ഞില്ലെ?
 
എം എം മണി: അതെ ഞാൻ നേതാവായപ്പോൾ മാഷുണ്ട്‌. ജനങ്ങളുടെ എന്ത്‌ പ്രശ്‌നം കണ്ടാലും അതിലിടപെടണം, അവരെ സഹായിക്കണം എന്ന മനോഭാവം പണ്ടേ ഉണ്ടായിരുന്നു. അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ്‌ ഇടുക്കിയിലേക്കുള്ള വീട്ടുകാരുടെ കുടിയേറ്റം. അച്ഛൻ, അമ്മ ഞങ്ങൾ പത്തു മക്കൾ;‌ ഞാൻ മൂത്തവൻ. ഇടുക്കിയിൽ പോയിട്ട്‌ ചെയ്യാത്ത ജോലിയില്ല. തോട്ടംപണി, ചുമട്‌, കൂലിപ്പണി.. അക്കാലം മുതലേ കോൺഗ്രസ്‌ പ്രമാണിമാർ, ഞങ്ങളെ കുടിയിറക്കാൻ നോക്കുവാ. അതിനെ പ്രതിരോധിക്കാനാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയിൽ സജീവമായത്‌. ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാർ മുതൽ പാവപ്പെട്ടവർക്ക്‌ പട്ടയം കൊടുത്തു തുടങ്ങി.
 
ഇന്ദ്രൻസ്‌: പാർടി പ്രവർത്തനകാലത്തും മറ്റും ഒരുപാട്‌ ഉപദ്രവിച്ച പൊലീസുകാര്‌ പിന്നീട്‌ സല്യൂട്ട്‌ അടിച്ചു കാണില്ലെ? അപ്പോൾ സന്തോഷം തോന്നിയോ? ഈ സിനിമയിലൊക്കെ കാണുന്ന പോലെ!
 
എം എം മണി: യേയ്‌.. അങ്ങനെയൊന്നുമില്ല. ഞാൻ എത്ര കേസിൽ പ്രതിയായെന്ന്‌ എനിക്ക്‌ തന്നെയറിയില്ല. പണ്ടൊരിക്കൽ തോട്ടം തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ 22 കേസുണ്ടായി. അന്ന്‌ ഞാൻ രാജാക്കാട്‌ ലോക്കൽ സെക്രട്ടറി. സ്ഥലത്തില്ലായിരുന്ന ഞാൻ ഈ 22 കേസിലും പ്രതി. എല്ലാം കള്ളക്കേസ്‌. അടിയന്തരാവസ്ഥ കാലത്ത്‌ പൊലീസ്‌ വഴിക്ക്‌ വച്ചാ പിടിച്ചേ. മുണ്ട്‌ അഴിച്ചെടുത്തു. അണ്ടർവെയർ മാത്രമെയുള്ളൂ. അടിമാലി സ്റ്റേഷനിൽ കൊണ്ടുപോയി മുണ്ട്‌ കൊണ്ട്‌ കൈ കസേരയുടെ കാലിന്‌ കെട്ടി 14 ദിവസമിട്ടു. കോടതിയിൽ ഹാജരാക്കിയില്ല. അവിടെ കുറച്ച്‌ കാലം കിടന്നു. പിന്നെ ഉടുമ്പഞ്ചോല, പീരുമേട്‌ തുടങ്ങിയ ജയിലുകളിൽ പിന്നാലെ കിടന്നു.
 
പ്രസംഗിച്ചൂന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ എനിക്കെതിരെ കേസെടുത്തല്ലോ? പീരുമേട്‌ സബ്‌ജയിലിൽ 46 ദിവസം കിടത്തി. ഒമ്പത്‌ മാസം ഇടുക്കി ജില്ലയിൽ പ്രവേശിപ്പിച്ചില്ല. യുഡിഎഫ്‌ നിയമിച്ച സർക്കാർ വക്കീൽ ഓടി നടന്ന്‌ എനിക്കെതിരെ കോടതിയിൽ ഹാജരാകുവായിരുന്നു. ജയിലിൽ എന്നെ കാണാൻ എല്ലാവരും വന്നു. വിഎസ്‌, പിണറായി, കോടിയേരി, എം എ ബേബി അടക്കമുള്ള സഖാക്കൾ. അവിടെ പിണറായിയെ പത്രക്കാർ വളഞ്ഞു. അദ്ദേഹം കൃത്യമായി പറഞ്ഞു. വിലങ്ങണിയിച്ചവരെ ഞങ്ങള്‌ സല്യൂട്ടടിപ്പിക്കും എന്ന്‌.
 
എന്നെ അറസ്റ്റുചെയ്‌ത ഐജി വന്ന്‌ സല്യൂട്ട്‌ ചെയ്‌തപ്പോൾ എനിക്ക്‌ സഹതാപമാണ്‌ തോന്നിയത്‌. ഞാൻ മന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചതല്ല. മന്ത്രിയാകണമെന്ന്‌ പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ടിരുന്നുപോയി. വൈദ്യുതി വകുപ്പ്‌ നോക്കാൻ മുഖ്യമന്ത്രിയാ പറഞ്ഞത്‌. മണി സഖാവിന്‌ നല്ലത്‌ വൈദ്യുതി വകുപ്പായിരിക്കും എന്ന്‌. ഏറ്റാൽ പിന്ന ബാക്കി ചെയ്യുമല്ലോ; നമ്മളെ ഏൽപ്പിച്ച ജോലി സത്യസന്ധമായി ഇപ്പഴും തുടരുന്നു.
 
എം എം മണി: സഖാവിന്റെ കുടുംബമൊക്കെ
 
ഇന്ദ്രൻസ്‌: ഭാര്യ ശാന്തകുമാരി വീട്ടമ്മയാണ്‌. മക്കൾ മഹിത, മഹീന്ദ്രൻ; മോൾക്ക്‌ രണ്ടുമക്കൾ
 
എം എം മണി: എനിക്ക്‌ അഞ്ച്‌ പെൺകുട്ടികളാ.  അവരെയെല്ലാം കല്യാണം കഴിച്ചയച്ചു.‌ ഒമ്പത്‌ കൊച്ചു മക്കളുണ്ട്‌.
 
ഇന്ദ്രൻസ്‌: ഇനിയിപ്പോ തെരഞ്ഞെടുപ്പ്‌ അടുത്തല്ലോ.. ഞാൻ ആശാന്റെ വേഷമിട്ട്‌ അപരനായിട്ടൊക്കെ വന്നാല്‌..
 
എം എം മണി: സന്തോഷം. നമുക്ക്‌ നന്നായി ആളെക്കൂട്ടാം; അടുത്ത തവണ ഞാൻ മത്സരിക്കുന്ന കാര്യമൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ഞാനില്ലേലും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനൊക്കെ വരണം.
 
ഇന്ദ്രൻസ്‌: ഞാൻ കറുത്ത്‌ മെലിഞ്ഞ ആളായതിനാൽ ‘കൊടക്കമ്പി’ എന്നൊക്കെ പണ്ട്‌ ആൾക്കാർ വിളിച്ചിരുന്നു. അതുപോലെ ഗ്ലാമർ കുറഞ്ഞ ആശാനെ ആരെങ്കിലും കളിയാക്കിയിരുന്നോ?
 
എം എം മണി: എന്നെയൊ.. യേയ്‌. എന്നെ ആരും കളിയാക്കുകേം ഒന്നുമില്ല. നിങ്ങളൊരു കലാകാരനാണ്‌. നിങ്ങളുടെ തടിമിടുക്കൊന്നുമല്ല കാര്യം. നിങ്ങളെ കാണുമ്പോൾ തന്നെ ആൾക്കാർക്ക്‌ ഇഷ്ടമാണ്‌‌. അതിലാണ്‌ കാര്യം.
 
ഇന്ദ്രൻസ്‌: അപ്പോൾ ഞാൻ ചിന്തിച്ചത്‌ തന്നെ കാര്യം; സൗന്ദര്യത്തിലും നിറത്തിലും ഒന്നുമല്ല കാര്യം അല്ലേ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top