02 July Wednesday

ശാസ്‌ത്രാവബോധത്തിലൂന്നിയ പരിസ്ഥിതി സംരക്ഷകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


കൊച്ചി
പരിസ്ഥിതിയെയും വികസനത്തെയും സമന്വയിപ്പിച്ച സുസ്ഥിര വികസനമെന്ന  കാഴ്ചപ്പാടിലേക്ക്‌ നാടിനെ നയിച്ചതിൽ പ്രൊഫ. എം കെ പ്രസാദിന്റെ പങ്ക്‌ ചെറുതല്ല. ശാസ്‌ത്രാവബോധത്തിലൂന്നിയ പരിസ്ഥിതിസംരക്ഷണ പോരാട്ടങ്ങളെ ജനകീയമുന്നേറ്റമാക്കി.

അന്ധവിശ്വാസങ്ങൾക്കും അബദ്ധധാരണകൾക്കുമെതിരായ പോരാട്ടം രക്തത്തിൽ അലിഞ്ഞതായിരുന്നു. ചെറായിയിൽ സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനത്തിൽ പങ്കെടുത്ത കുടുംബമാണ്‌ പ്രസാദിന്റേത്‌. 1917ൽ  നടന്ന മിശ്രഭോജനത്തിൽ സഹോദരൻ അയ്യപ്പനോടൊപ്പം പങ്കെടുത്ത 11 പേരിൽ ഒരാൾ പ്രസാദിന്റെ അച്ഛൻ പെരുമന കോരു വൈദ്യരാണ്‌.

പുലയരോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചതിന്റെ പേരിൽ കുടുംബത്തിന്‌ സമുദായം ഭ്രഷ്ട് കൽപ്പിച്ചു. അപ്പോഴും കോരു വൈദ്യർ ഇളക്കമില്ലാതെ  സഹോദരനോടൊപ്പം ഉറച്ചുനിന്നു. എഴുത്ത്‌,  പഠനം, പ്രഭാഷണം,  പ്രക്ഷോഭം എന്നിവയിലൂടെ പ്രസാദ്‌ ആ പരമ്പരയുടെ  പിന്തുടർച്ചക്കാരനായി. ശാസ്‌ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാനും പരിസ്ഥിതിയെ ഉൾക്കൊണ്ടുള്ള വികസനത്തിന്‌ പ്രചാരം നൽകാനുമായിരുന്നു  പ്രവർത്തനം.

പതിറ്റാണ്ടുകള്‍ക്ക് മുന്പുള്ള ഒരു ചര്‍ച്ചാവേദിയില്‍ പ്രൊഫ. എം കെ പ്രസാദ്   (ഫയല്‍ ചിത്രം)

പതിറ്റാണ്ടുകള്‍ക്ക് മുന്പുള്ള ഒരു ചര്‍ച്ചാവേദിയില്‍ പ്രൊഫ. എം കെ പ്രസാദ് (ഫയല്‍ ചിത്രം)

കോരു വൈദ്യരുടെയും ദേവകിയുടെയും അഞ്ചുമക്കളിൽ രണ്ടാമനാണ്‌. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മെട്രിക്കുലേഷനും സസ്യശാസ്ത്രത്തിൽ ബിരുദവും നേടി. രാജസ്ഥാനിലെ ബിർള കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം.  ചിറ്റൂർ ഗവ. കോളേജിൽ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി.

സൈലന്റ്‌ വാലി നിത്യഹരിത വനംസംരക്ഷണ പ്രക്ഷോഭങ്ങളുടെ  മുന്നിൽനിന്ന കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ഊർജസ്രോതസ്സ്‌ എം കെ പ്രസാദായിരുന്നു. പരിഷത്തിന്റെ ഇന്റഗ്രേറ്റഡ്‌ റൂറൽ ടെക്‌നോളജി സെന്ററിന്റെ (ഐആർടിസി) വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും മുൻനിരയിൽ  ഉണ്ടായിരുന്നു. പ്രാദേശിക ജൈവവൈവിധ്യ രജിസ്‌റ്റർ നിർമാണമെന്ന ബൃഹദ്‌ദൗത്യം ഏറ്റെടുത്തു. ഇൻഫർമേഷൻ കേരള മിഷന്റെ ചെയർമാനായിരിക്കെ പഞ്ചായത്തുകളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കി. ഐക്യരാഷ്‌ട്രസംഘടനയുടെ മില്ലേനിയം ഇക്കോസിസ്റ്റം അസെസ്‌മെന്റ് ബോർഡിൽ  പ്രവർത്തിച്ചു.

എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി,  കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന മാരാരി മാർക്കറ്റിങ് ലിമിറ്റഡ്‌ എന്നിവയുടെ  ചെയർമാനുമായിരുന്നു.  കൊച്ചി ക്യാൻസർ സെന്ററിനും എറണാകുളം മെഡിക്കൽ കോളേജിനുംവേണ്ടിയുള്ള ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റിന്റെയും ഭാഗമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top