23 April Tuesday

ഫുട്ബോളിലെ വർഗസമരം; എം ബി രാജേഷ് എഴുതുന്നു

എം ബി രാജേഷ്Updated: Tuesday Dec 6, 2022

ഖത്തൽ നാഷണൽ മ്യൂസിയത്തിനു മുന്നിലെ നെയ്‌മറുടെ കട്ടൗട്ട്‌

സംഭവബഹുലമായ മൈതാനക്കാഴ്‌ചകളിലെല്ലാം അന്തർലീനമായ ഒരു യാഥാർഥ്യമുണ്ട്. ദാരിദ്ര്യത്തോടും യാതനകളോടും കഠിനമായ ജീവിതയാഥാർഥ്യങ്ങളോടും പടവെട്ടി വളർന്ന കൗമാര യൗവനങ്ങളാണ് കാൽപ്പന്തിൽഎക്കാലത്തുമെന്നപോലെ ഈ ലോകകപ്പിലും നിറഞ്ഞാടുന്നത് എന്നതാണത്.

എം ബി രാജേഷ്

എം ബി രാജേഷ്

ലോകം മുഴുവൻ ഖത്തറിനൊപ്പം ഉറങ്ങുകയും ഉണരുകയും ഖത്തറിലുരുളുന്ന പന്തിനൊപ്പം പായുകയും ചെയ്യുമ്പോഴാണ് ഇതെഴുതുന്നത്. മണലാരണ്യങ്ങളിലെ മനോഹര മൈതാനങ്ങളിൽ കാൽപ്പന്തിന്റെ കളിയഴകും കൊള്ളിയാൻ പ്രകടനങ്ങളും അട്ടിമറികളും സംഭവിച്ചുകൊണ്ടിരിക്കുന്നു. കാൽപ്പന്തിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങൾക്ക് ഞെട്ടലും വൻകരകളുടെ ശാക്തിക ബലാബലത്തെ പിടിച്ചുലയ്ക്കുന്ന അപ്രതീക്ഷിത മുന്നേറ്റങ്ങളുമുണ്ടാകുന്നു.

ഈ സംഭവബഹുലമായ മൈതാനക്കാഴ്ചകളിലെല്ലാം അന്തർലീനമായ ഒരു യാഥാർഥ്യമുണ്ട്.

ദാരിദ്ര്യത്തോടും യാതനകളോടും കഠിനമായ ജീവിതയാഥാർഥ്യങ്ങളോടും പടവെട്ടി വളർന്ന കൗമാര യൗവനങ്ങളാണ് കാൽപ്പന്തിൽ എക്കാലത്തുമെന്നപോലെ ഈ ലോകകപ്പിലും നിറഞ്ഞാടുന്നത് എന്നതാണത്.

വലകുലുക്കി വലൻഷ്യയാണെങ്കിലും കളത്തിലെ കളരിയഭ്യാസിയായ റിചാർലിസണാണെങ്കിലും ഗോൾമുഖത്ത് ഇടിമുഴക്കങ്ങൾ തീർക്കുന്ന നെയ്മറാണെങ്കിലും വികസിതമായ യൂറോപ്പിലെയും അമേരിക്കയിലെയും ടീമുകളുടെ നെടുംതൂണുകളായ മിക്ക കറുത്ത വർഗ കളിക്കാരാണെങ്കിലും പോർവീര്യം തുടിക്കുന്ന ആഫ്രിക്കൻ പ്രതിഭകളാണെങ്കിലുമെല്ലാം ദുരിതം വിളയുന്ന ചേരികളിൽനിന്നും ചൂഷിതരായ മനുഷ്യരുടെ ചെറ്റപ്പുരകളിൽ നിന്നും ഉയർന്നുവന്നവരാണ്.

ബ്യൂണസ് ഐറിസിലെ തെരുവുകളിൽ തുണിപ്പന്ത് തട്ടിവളർന്ന ഡീഗോ മറഡോണയും യൂസേബിയോയും ഗാരിഞ്ചയും റൊണാൾഡോയും റൊണാൾഡിഞ്ഞോയും സിനദിൻ സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും തുടങ്ങി ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ബഹുഭൂരിപക്ഷവും ദുരിതബാല്യങ്ങളുടെ ഏകാന്ത  ഗോൾമുഖങ്ങളിൽ നിന്ന് യാതനകൾ വെട്ടിച്ചുമുന്നേറി ഉദിച്ചുയർന്ന താരകങ്ങളാണ്.

ഒരുപക്ഷേ മറ്റേതൊരു കായികവിനോദത്തെക്കാളും ഫുട്ബോളിൽ ഈ വർഗപരമായ സവിശേഷത കാണാനാവും. ഭൂമിയിലെ മറ്റെല്ലാ കായികവിനോദങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്ന ജനകീയത ഫുട്ബോളിന് നൽകുന്നത് ഈ വർഗപരമായ ഉള്ളടക്കമാണ്.

യഥാർഥത്തിൽ ഫുട്ബോൾ മറ്റ്  പല വിനോദങ്ങളെയുംപോലെ വരേണ്യവർഗത്തിന്റെ കായികവിനോദമെന്ന നിലയിലാണ് ഉത്ഭവിക്കുന്നത്. ബ്രിട്ടനിലെ പ്രഭുവർഗത്തിന്റെ ഒഴിവുവേളകളിലെ ഈ വിനോദോപാധിയെ ക്രൈസ്തവ പൗരുഷം, അച്ചടക്കം, ധാർമികത എന്നിവയിലധിഷ്ഠിതമായ വിക്ടോറിയൻ മൂല്യങ്ങൾ അരക്കിട്ടുറപ്പിക്കാനായാണ് അവർ ഉപയോഗിച്ചത്.

യഥാർഥത്തിൽ ഫുട്ബോൾ മറ്റ്  പല വിനോദങ്ങളെയുംപോലെ വരേണ്യവർഗത്തിന്റെ കായികവിനോദമെന്ന നിലയിലാണ് ഉത്ഭവിക്കുന്നത്. ബ്രിട്ടനിലെ പ്രഭുവർഗത്തിന്റെ ഒഴിവുവേളകളിലെ ഈ വിനോദോപാധിയെ ക്രൈസ്തവ പൗരുഷം, അച്ചടക്കം, ധാർമികത എന്നിവയിലധിഷ്ഠിതമായ വിക്ടോറിയൻ മൂല്യങ്ങൾ അരക്കിട്ടുറപ്പിക്കാനായാണ് അവർ ഉപയോഗിച്ചത്. ബ്രിട്ടനിലെ വരേണ്യ വിദ്യാലയങ്ങളായ പബ്ലിക് സ്‌കൂളുകളായിരുന്നു പ്രധാനമായും ഫുട്ബോളിന്റെ ആദ്യകാല കേന്ദ്രങ്ങൾ.

ഓക്‌സ്‌ഫോർഡ്  സർവകലാശാലയാണ് ഫുട്ബോളിനെ പരിഷ്കരിച്ചതും കളി നിയമങ്ങൾ ക്രോഡീകരിച്ചതും ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും. ആദ്യ ഫുട്ബോൾ ലീഗ് ആരംഭിക്കാൻ മുൻകൈയെടുത്തതും ബ്രിട്ടീഷ് പ്രഭുവർഗം തന്നെ.

എന്നാൽ ഫുട്ബോൾ വരേണ്യ കായികവിനോദമെന്ന നിലയിൽനിന്ന് ജനകീയ കായികവിനോദമെന്ന നിലയിലേക്ക് വളർന്നത് ബ്രിട്ടനിലെ വ്യാവസായിക വിപ്ലവത്തിനും മുതലാളിത്ത വികസനത്തിനുമൊപ്പം തൊഴിലാളിവർഗം വളർന്നുവന്നതോടെയാണ്.

തുണിമിൽ വ്യവസായങ്ങളുടെയും ഖനികൾ, തുറമുഖങ്ങൾ എന്നിവയുടെയും കേന്ദ്രമായ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ തൊഴിലാളികൾ പന്ത് തട്ടിത്തുടങ്ങിയതോടെ ഫുട്ബോളിലെ വരേണ്യാധിപത്യം ഭേദിക്കപ്പെട്ടുതുടങ്ങി. തുണിമിൽ നഗരങ്ങളിൽ തൊഴിലാളികളുടെ ശക്തമായ ടീമുകൾ ഉയർന്നുവന്നു.

പ്രഥമ ലീഗിലെ ആകെയുള്ള 12 ടീമുകളിൽ അഞ്ച് ടീമുകളും മിൽതൊഴിലാളികളുടേതായിരുന്നു. ഫാക്ടറികളിലെ  കൂലിവേലക്കാരായ തൊഴിലാളികളുടെ ടീമായ ബ്ലാക്‌ബേൺ ഒളിമ്പിക്, എഫ്എ കപ്പ് നേടിയതോടെ ഫുട്ബോളിന്റെ, ഒരു കായികവിനോദമെന്ന നിലയിലുള്ള വർഗപരമായ പരിണാമം പൂർണമായി എന്ന് പറയാം.

ഇംഗ്ലണ്ടിലെ വർഗപരമായ മാറ്റങ്ങൾ എങ്ങനെയാണ് ഫുട്ബോൾ അടക്കം സർവ മേഖലകളെയും മാറ്റിയതെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ് The making of English Working Class  എന്ന പുസ്തകത്തിൽ പ്രമുഖ ചരിത്രകാരനായ ഇ പി തോംസൺ നടത്തുന്ന നിരീക്ഷണങ്ങൾ.

അദ്ദേഹം പറയുന്നു,"Everything from their schools to shops and chapels to amusements was battle ground of class’.അതായത് സ്‌കൂളുകൾ മുതൽ ഷോപ്പുകൾ വരെയും കപ്പേളകൾ മുതൽ വിനോദോപാധികൾ വരെയും എല്ലാം വർഗസമരഭൂമിയായി മാറിക്കഴിഞ്ഞിരുന്നുവെന്നാണ് തോംസൺ പറയുന്നത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിന്റെ നിരീക്ഷണത്തിന് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കുതന്നെ ഭേദഗതി വരുത്തേണ്ടവിധം പള്ളിയുടെ സ്വാധീനത്തെ മറികടക്കുന്ന ലഹരിയായി ഫുട്ബോൾ ഇംഗ്ലണ്ടിൽ മാറിക്കഴിഞ്ഞിരുന്നുവെന്ന രസകരമായ നിരീക്ഷണങ്ങളും ചിലർ നടത്തുന്നുണ്ട്.

മതം ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയവും അടിച്ചമർത്തപ്പെട്ട ജനതയുടെ നെടുവീർപ്പുമാണെന്നും കൂടി മാർക്സ് നിരീക്ഷിച്ചിരുന്നു.

ഫുട്ബോളും പണിയെടുക്കുന്ന വർഗത്തിന്റെ, ചൂഷിതജനതയുടെ ആത്മാവിഷ്കാരത്തിന്റെയും ആഹ്ലാദത്തിന്റെയും ലഹരിയായി മാറുകയായിരുന്നു. ആ മാറ്റം ഇംഗ്ലണ്ടിൽ മാത്രമായിരുന്നില്ല.

തുണിത്തരങ്ങൾക്കൊപ്പം ഇംഗ്ലണ്ട് ലോകമാകെ കയറ്റുമതി ചെയ്ത ഉപ ഉല്പന്നമാണ് ഫുട്ബോൾ എന്നൊരു നിരീക്ഷണവുമുണ്ട്. അങ്ങനെ കയറ്റി അയക്കപ്പെട്ട എല്ലാ വൻകരകളിലും ഫുട്ബോൾ അവിടത്തെ ഏറ്റവും ജനകീയമായ കായികവിനോദമായി അതിവേഗം വളരുകയും സാർവദേശീയമായി വ്യാപിക്കുകയും ചെയ്തു.

ബിൽ ഷാൻക്ലി

ബിൽ ഷാൻക്ലി

എന്തായിരിക്കും ഫുട്‌ബോളിന്റെ വർഗാടിത്തറയെ ഭേദിച്ചുവളർന്ന ജനകീയതയുടെ കാരണം? ഒരുപക്ഷേ ബിൽ ഷാൻക്ലി എന്ന ലിവർപൂളിന്റെ വിഖ്യാത മാനേജരുടെ വാക്കുകൾ അതിലേക്ക് ഒരു ഉൾക്കാഴ്ച നൽകുന്നതാണ്. ഇംഗ്ലീഷ് ഫുട്‌ബോളിലെ ഇതിഹാസ വ്യക്തിത്വങ്ങളിലൊരാളായി കണക്കാക്കുന്ന ബിൽ ഷാൻക്ലി ഒരിക്കൽ പറഞ്ഞു, "Team spirit is a form of socialism. It forms a camaradarie and it is a basis for socialism. The Socialism I believe in is everybody working for the same goal and everybody having a share in the rewards. That's how I see football, that's how I see life’..ടീം സ്പിരിറ്റ് സോഷ്യലിസത്തിന്റെ ഒരു രൂപമാണെന്നും അത് സൃഷ്ടിക്കുന്ന സൗഹൃദം  സോഷ്യലിസത്തിന്റെ അടിത്തറയാണെന്നും എല്ലാവരും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുകയും നേട്ടങ്ങളിൽ എല്ലാവർക്കും  പങ്ക് ലഭിക്കുകയും ചെയ്യുന്നതാണ്  സോഷ്യലിസമെന്നും താൻ ഫുട്‌ബോളിനെയും ജീവിതത്തെയും കാണുന്നത് അങ്ങനെയാണെന്നും ഷാൻക്ലി പറയുന്നു.

എൻ എസ് മാധവൻ

എൻ എസ് മാധവൻ

ഇത് തന്നെയല്ലേ പാവപ്പെട്ടവന്റെയും ചൂഷിതവർഗത്തിന്റെയും ആത്മാവിഷ്കാരത്തിന്റെ ഉപാധിയും ഭൂമിയിലെ ഏറ്റവും ജനകീയമായ കായികവിനോദവുമായി ഫുട്‌ബോളിനെ മാറ്റുന്നത്.

ഫുട്ബോളിന്റെ ഈ ജനകീയതയിലും ജനപ്രിയതയിലും മുതലാളിത്തം ലാഭത്തിന്റെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞു. രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത് ' എന്ന പുസ്തകത്തിന്റെ അവതാരികക്ക് എൻ എസ് മാധവൻ നൽകിയ ‘ഫുട്ബോൾ വെറുമൊരു കളിയല്ല' എന്ന ശീർഷകം   അന്വർഥമാണ്.

തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് ഒരു പന്തിനുപിന്നാലെ കുറെപ്പേർ പായുന്നതുകണ്ട് സഹിക്കാതെ എല്ലാവർക്കും ഓരോ പന്ത് വാങ്ങിക്കൊടുത്ത് പ്രശ്നം പരിഹരിക്കാൻ കൊച്ചി രാജാവ് ഉത്തരവിട്ടു എന്നൊരു കഥയുണ്ട്.

രാജീവ്  രാമചന്ദ്രൻ

രാജീവ് രാമചന്ദ്രൻ

ആ  ഫ്യൂഡൽ യുക്തിയല്ല മുതലാളിത്തത്തിന്റെ യുക്തി. ഫുട്ബോൾ വെറുമൊരു കളിയല്ല എന്ന് ആദ്യം തിരിച്ചറിഞ്ഞത് മുതലാളിത്തമാണ്. കളി വളർന്ന് ജനകീയമായപ്പോൾ ജനങ്ങൾക്കാകെ കാണികളായി എത്താമെന്നായി. പ്രഭു വർഗത്തിന്റെ മാത്രം വിനോദമായിരുന്നല്ലോ ഫുട്ബോൾ. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കുമാത്രം പ്രവേശനമുണ്ടായിരുന്നിടത്തേക്കാണ് കാണികളായി എല്ലാവർക്കും പ്രവേശനം ലഭിച്ചത്.

പ്രാദേശികമായ ക്ലബ്ബുകൾ, മിക്കതും തൊഴിലാളികളുടേതും സാധാരണക്കാരുടേതും, രൂപം കൊണ്ടപ്പോൾ പ്രാദേശിക സ്വത്വത്തെ ആസ്പദമാക്കി അവയ്ക്ക് പിന്തുണക്കാരും ആരാധകവൃന്ദങ്ങളുമുണ്ടായി.

അതായത്, കളി ജനകീയമായപ്പോൾ, എണ്ണത്തിൽ കുറവായ അതിഥികളിൽനിന്ന് കാണികളിലേക്കും വിപുലമായ ആരാധകവൃന്ദങ്ങളിലേക്കും വളർന്നു. ഒപ്പം ഫുട്ബോൾ ഒഴിവുവേളയിലെ വിനോദം എന്ന നിലയിൽനിന്ന് ഉപജീവന മാർഗമായും ബിസിനസായും രൂപപ്പെട്ടു.  തുറന്നുകിട്ടിയ പുതിയ മേച്ചിൽപ്പുറത്തിൽ ലാഭം തേടി മൂലധനം വ്യാപരിച്ചു.

മുതലാളിത്തം വികസിക്കുന്നതിനനുസൃതമായി കളി മൈതാനങ്ങളിലേക്ക്, വിശേഷിച്ച് ഏറ്റവും ജനകീയമായ ഫുട്ബോളിലേക്കൊഴുകുന്ന മൂലധനത്തിന്റെ പ്രവാഹം വർധിച്ചുവന്നു.

റീഗണോമിക്സിന്റെയും താച്ചറിസത്തിന്റെയും യന്ത്രച്ചിറകിലേറി കുതിച്ച നവലിബറൽ മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഫുട്ബോളിലേക്ക് അളവറ്റ മൂലധന ഒഴുക്കുണ്ടായി.കളിയും കച്ചവടവും കൂടി കുഴമറിഞ്ഞു. 1985 ൽ ഇംഗ്ലണ്ടിൽ ഒരു ഫുട്ബോൾ ക്ലബ്ബ് ആദ്യമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.

റീഗണോമിക്സിന്റെയും താച്ചറിസത്തിന്റെയും യന്ത്രച്ചിറകിലേറി കുതിച്ച നവലിബറൽ മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഫുട്ബോളിലേക്ക് അളവറ്റ മൂലധന ഒഴുക്കുണ്ടായി.കളിയും കച്ചവടവും കൂടി കുഴമറിഞ്ഞു. 1985 ൽ ഇംഗ്ലണ്ടിൽ ഒരു ഫുട്ബോൾ ക്ലബ്ബ് ആദ്യമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും പെട്രോ ഡോളറും ബാങ്കിങ്, കൺസ്ട്രക്ഷൻ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലെല്ലായിടത്തുനിന്നുമുള്ള മൂലധനത്തിന്റെ കുത്തൊഴുക്ക് ഊഹിക്കാനാവാത്ത വ്യാപ്തിയിൽ ഫുട്ബോളിലുമുണ്ടായി.

ചെൽസി റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച്ചിനെയും പിഎസ്ജി ഖത്തർ ഷേഖിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് അബുദാബി ഷേഖിനെയും പോലുള്ളവർ വിലയ്ക്കുവാങ്ങി. പ്രമുഖ ക്ലബ്ബുകൾ ബഹുരാഷ്ട്ര കമ്പനികളായി.

ഇന്ത്യയിലെ ഐഎസ്എൽ ഉൾപ്പെടെ ലോകരാജ്യങ്ങളിലാകെ പുതിയ ഫുട്ബോൾ ലീഗുകൾ ആവിർഭവിച്ചു. ക്ലബ്ബുകൾ കളിക്കാരെ വിലോഭനീയമായ പ്രതിഫലത്തിന് വിലയ്ക്കെടുക്കാനും കൈമാറാനും തുടങ്ങി. ക്ലബ്ബുകൾ ബഹുരാഷ്ട്ര കമ്പനികളായപ്പോൾ കളിക്കാർ വിൽപ്പനച്ചരക്കുകളും കളി ആഗോള ബിസിനസും കാണികൾ ഉപഭോക്താക്കളുമായിത്തീർന്നു.

ഖത്തറിലെ ലോകകപ്പ്‌ കാഴ്‌ച

ഖത്തറിലെ ലോകകപ്പ്‌ കാഴ്‌ച

ഫുട്ബോളിലെ മൂലധന കുത്തൊഴുക്കിന്റെ വ്യാപ്തി അറിയാൻ ഈ ലോകകപ്പിൽ കളിക്കുന്ന ആറ് പ്രമുഖ ടീമുകളിലെ കളിക്കാരുടെ പ്രതിഫലത്തിന്റെ ആകെ മൂല്യം നോക്കിയാൽ മതി. ഇംഗ്ലണ്ട്, ബ്രസീൽ, ഫ്രാൻസ്, ജർമനി, സ്പെയിൻ, പോർച്ചുഗൽ എന്നീ ടീമുകളുടെ ആകെ മൂല്യം 4.88 ലക്ഷം കോടി രൂപ വരും. കേരളത്തിന്റെ GDP  യുടെ പാതിയോളമാണിത്.

സ്വാഭാവികമായും ഇതിന് ഒരു മറുവശമുണ്ടായി. കളിയിൽ സ്പോൺസർമാരുടെയും സംപ്രേഷണാവകാശം സ്വന്തമാക്കുന്നവരുടെയും താൽപ്പര്യങ്ങൾ പിടിമുറുക്കി.  മൈതാനത്തുമാത്രം കാണാവുന്ന കളിയല്ലാതായി ഫുട്ബോൾ നേരത്തേ മാറിക്കഴിഞ്ഞിരുന്നല്ലോ. ടെലിവിഷൻ സംപ്രേഷണത്തിലൂടെ കളിയുടെ കാഴ്ച ആഗോളവൽക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

സ്റ്റേഡിയത്തിൽ കാണാനാളില്ലാതെയും സംപ്രേഷണാവകാശം വിറ്റ് പണം കണ്ടെത്താമെന്ന പുതിയ പാഠം മുതൽമുടക്കിയവർക്ക് കോവിഡ് കാലം നൽകിയിരുന്നു.

വാണിജ്യവൽക്കരണം ശക്തിപ്പെടുകയും ഒരു ഉൽപ്പന്നമെന്ന നിലയിൽ കളിയുടെ വിപണനം ആകർഷകമാക്കാനുള്ള പരീക്ഷണങ്ങളിൽ സ്റ്റേഡിയങ്ങളുടെ കെട്ടുംമട്ടും മാറി. ആഢംബര സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങൾ നിലവിൽ വന്നു.

സ്വാഭാവികമായും ടിക്കറ്റ് നിരക്കും ഗണ്യമായി കൂടി.ഇതോടെ സാധാരണക്കാരും പാവപ്പെട്ടവരുമായ പരമ്പരാഗത കാണികളും ആരാധകവൃന്ദങ്ങളും സ്റ്റേഡിയങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ടു. വലിയ ടിക്കറ്റ് നിരക്കുകൾ താങ്ങാനാവുന്ന ഉയർന്ന ഇടത്തരക്കാരും ഉപരിവർഗക്കാരും യൂറോപ്പിലെ േസ്റ്റഡിയങ്ങളിൽ സാധാരണ കാണികളെ പകരം വെച്ചു.

2015ൽ ബയേൺ മ്യൂണിക്കും ആഴ്സണലും തമ്മിലുള്ള ഒരു മത്സരത്തിൽ ടിക്കറ്റിന് 64 യൂറോ നിരക്കിനെതിരെ കാണികൾ പ്രതിഷേധിച്ചു. ആദ്യത്തെ അഞ്ച് മിനിറ്റ് അവർ കളി ബഹിഷ്കരിച്ചു. തുടർന്ന് സ്റ്റേഡിയത്തിൽ പ്രവേശിച്ചശേഷം പ്രതിഷേധ ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു. " 64 Euro a ticket, but without fans football is not worth a Penny’. ആരാധകരില്ലാത്ത ഫുട്ബോളിന് ചില്ലിക്കാശിന്റെ വിലയില്ല എന്നർഥം.

വൻകിട മൂലധനം ഫുട്ബോളിൽ പിടിമുറുക്കിയതോടെ പരമാവധി ലാഭം മാത്രം ലക്ഷ്യമാക്കി കളിയുടെ ആത്മാവ് നശിപ്പിക്കുകയാണ് എന്ന അസംതൃപ്തി ശക്തിപ്പെട്ടു.

ടിക്കറ്റെടുത്ത് കളി കാണുന്നത് മാത്രമല്ല സംപ്രേഷണാവകാശം വൻവിലയ്ക്ക് വിൽക്കുന്നതോടെ അത് വിലയ്ക്കുവാങ്ങുന്ന ചാനലിന്റെ വരിക്കാരാവാൻ വലിയ തുക മുടക്കിയാൽ മാത്രമേ ടെലിവിഷനിൽപോലും കളി കാണാനാവൂ എന്ന സ്ഥിതിയായി.

ലോകകപ്പിൽ ഖത്തറിൽ നിന്നുള്ള ദൃശ്യം

ലോകകപ്പിൽ ഖത്തറിൽ നിന്നുള്ള ദൃശ്യം

യൂറോപ്പിലും മറ്റും പബ്ബുകളിൽ പോയി അല്പം മദ്യം വാങ്ങിയാൽ കളി മുഴുവൻ ബിഗ് സ്ക്രീനിൽ കാണാനാവുന്ന സൗകര്യം ആശ്രയിക്കാൻ പാവപ്പെട്ടവർ നിർബന്ധിതരായി. ഒരിക്കൽ േസ്റ്റഡിയത്തിൽ കളികണ്ടിരുന്നവരും പിൻതലമുറകളും  പാർശ്വവൽക്കരിക്കപ്പെട്ടു. ഇത് സൃഷ്ടിച്ച അസംതൃപ്തി പല നിലയിലും പ്രതിഫലിക്കുകയുണ്ടായി.

കഴിഞ്ഞ വർഷം യൂറോപ്പിലെ 12 അതിസമ്പന്നരായ ക്ലബ്ബുകൾ ചേർന്ന് ആസൂത്രണം ചെയ്ത യൂറോപ്യൻ സൂപ്പർ ലീഗ് (ESL) മറ്റു ക്ലബ്ബുകളെയെല്ലാം ഒഴിവാക്കിയുള്ള ഫുട്ബോളിന്റെ കുത്തകവൽക്കരണമാണ് എന്നും അത് കളിയുടെ നീതിക്ക് നിരക്കുന്നതല്ല എന്നും ആരാധകർ തിരിച്ചറിഞ്ഞു. ESL  ഒരു കൂട്ടം അതിസമ്പന്ന ക്ലബ്ബുകൾക്ക് വൻ ലാഭം മാത്രം നേടാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മനസ്സിലാക്കാൻ ഫുട്ബോൾ ആരാധകർക്ക് കഴിഞ്ഞു.

ലോകത്തിലെ ബാങ്കിങ് ഭീമനായ ജെ പി മോർഗൻ 400 കോടി യൂറോയാണ് (ഏകദേശം 33600 കോടി രൂപ)  ESL ന് ആകെ വാഗ്ദാനം ചെയ്തത്. പങ്കെടുക്കുന്ന ഓരോ ടീമിനും 500 ദശലക്ഷം യൂറോയുടെ പ്രതിഫലമായിരുന്നു വാഗ്ദാനം.

വ്യാപകമായ പ്രതിഷേധം ഇഎസ്എല്ലിനെതിരെ പൊട്ടിപ്പുറപ്പെട്ടു. ആരാധകർ അവരുടെ ശക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് സംഘടിത പ്രതിഷേധമുയർത്തിയതോടെ ക്ലബ്ബുകൾ പലതും പിൻമാറി. ലിവർപൂളിലെ പ്രതിഷേധം ബിൽ ഷാൻക്ലിയുടെ പ്രതിമക്കുമുന്നിലായിരുന്നു.

'ചിലർ ഫുട്ബോൾ ജീവന്മരണ പ്രശ്നമാണെന്ന് കരുതുന്നു. അവരോട് ഞാൻ വിയോജിക്കുന്നു. എനിക്ക് അതിലും പ്രധാനപ്പെട്ടതാണ് ഫുട്ബോൾ’ എന്നുപറഞ്ഞ ഷാൻക്ലിയുടെ സ്മരണയിൽ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് ഫുട്ബോൾ കൊള്ളലാഭത്തിനുള്ളതാണെന്ന്‌ കരുതുന്ന കുത്തകകൾക്കെതിരായ സാധാരണ ഫുട്ബോൾ പ്രേമികളുടെ ചെറുത്തുനിൽപ്പ് പ്രചോദനം ആർജിക്കുക? ഫുട്ബോൾ എന്ന, തൊഴിലാളി വർഗത്തിന്റെയും ഭൂമിയിലാകെയുള്ള ചൂഷിത ഭൂരിപക്ഷത്തിന്റെയും ജീവിതാഹ്ലാദങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദോപാധിയും അവരുടെ സാംസ്കാരിക മൂലധനവും എങ്ങനെയാണ് മുതലാളിത്തത്തിന്റെ ലാഭാസക്തികളുടെ പിടിയിലമർന്നത് എന്ന് വ്യക്തമാക്കുന്നതാണീ സംഭവ വികാസങ്ങളെല്ലാം. ഒപ്പം ഫുട്ബോൾ എങ്ങനെ ചരിത്രത്തിലുടനീളം പ്രത്യേകിച്ച് നവലിബറൽ മുതലാളിത്തത്തിന്റെ വർത്തമാനകാലത്ത് മനുഷ്യ സമൂഹത്തിലെ വർഗ വൈരുധ്യങ്ങളെ തീവ്രമായി പ്രതിഫലിപ്പിക്കുന്നുവെന്നും നമുക്ക് കാണാനാവും. 

(ദേശാഭിമാനി വാരികയിൽ നിന്ന്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top