25 April Thursday

മിന്നിമറയുന്ന ഇടിമിന്നൽ

ഫഹദ്‌ മർസൂക്ക്‌Updated: Thursday Jul 2, 2020


കഴിഞ്ഞയാഴ്‌ച ബിഹാറിലും ഉത്തർപ്രദേശിലും ഇടിമിന്നലേറ്റ്‌ നൂറിലധികം പേരാണ്‌ മരിച്ചത്‌. നിരവധിപേർക്ക്‌ പരിക്കേറ്റു. ബിഹാറിലാണ്‌ ഏറ്റവും കൂടുതൽ ജീവഹാനി ഉണ്ടായത്‌. യഥാർഥത്തിൽ ഇന്ത്യയിൽ ഓരോ വർഷവും ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്ന പ്രകൃതിദുരന്തമാണ് ഇടിമിന്നൽ. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം പ്രതിവർഷം ഇന്ത്യയിൽ ഏകദേശം 2500 പേർ ഇടിമിന്നലേറ്റ്‌ മരിക്കുന്നുണ്ട്‌. രാജ്യത്ത്‌ പ്രകൃതിദുരന്തങ്ങളിൽ സംഭവിക്കുന്ന ആകെ മരണത്തിന്റെ 39 ശതമാനവും ഇടിമിന്നൽ മൂലമാണെന്നും  പഠനങ്ങൾ പറയുന്നു. ഓരോ സെക്കൻഡിലും 50 മുതൽ 100 വരെ മിന്നൽ ഭൂമിയിൽ പതിക്കുന്നുണ്ടെന്നാണ് കണക്ക്‌. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതി, മിന്നൽ സാന്ദ്രത (lightning density) എന്നിവയ്‌ക്കു പുറമെ ജനസാന്ദ്രത, സാക്ഷരതാ നിരക്ക്, നഗരവൽക്കരണം, കെട്ടിടത്തിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങൾക്കുകൂടി മിന്നലേറ്റുള്ള മരണങ്ങളിൽ വലിയ പങ്കുണ്ട്.

മഹാരാഷ്‌ട്ര മുന്നിൽ
മഹാരാഷ്ട്രയിലാണ് മിന്നലേറ്റുള്ള മരണത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. ഗ്രാമീണമേഖലകളിലും ഉയരമുള്ള മരങ്ങളുള്ള വനപ്രദേശങ്ങളിലുമാണ് അപകടം കൂടുതലും.  കർഷകരും കർഷകത്തൊഴിലാളികളുമാണ് കാർഷിക രാജ്യമായ ഇന്ത്യയിൽ  മിന്നലേറ്റു മരിക്കുന്നവരിൽ  ഭൂരിപക്ഷവും. വൈദ്യുതശൃഖലയ്‌ക്ക് തകരാറുകൾ ഉണ്ടാക്കുക,  കാട്ടുതീക്ക് കാരണമാകുക, വിമാനങ്ങൾക്കും ആശയവിനിമയ സംവിധാനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുണ്ടാക്കുക, മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനിയുണ്ടാക്കുക തുടങ്ങിയവയാണ്‌ മിന്നൽ മൂലമുണ്ടാകുന്ന അപകടങ്ങൾ. ഇന്ത്യയിൽ പ്രതിദിനം എൺപതിലധികം ഇടിമിന്നൽ ഉണ്ടാകുന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ഒഡിഷ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ആന്ധ്ര പ്രദേശ്, കേരളം  തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ ഇടിമിന്നൽ രേഖപ്പെടുത്തപ്പെടുന്നത്. ജമ്മു കശ്മീരിലെ ചില മേഖലയും ഇക്കൂട്ടത്തിൽപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർധന  ഇടിമിന്നലിന്റെ എണ്ണത്തിലും തീവ്രതയിലും മാറ്റമുണ്ടാക്കുന്നുണ്ട്‌.


 

കേരളത്തിൽ മരണനിരക്ക്‌ കുറവ്‌
ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തി  (NCESS)ന്റെ പഴയ കണക്കുപ്രകാരം കേരളത്തിൽ പ്രതിവർഷം മിന്നലേറ്റ് 71 മരണം സംഭവിക്കുന്നുണ്ട്.
എന്നാൽ, 2010നു ശേഷം കേരളത്തിന്‌ മിന്നലേറ്റുള്ള മരണം ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. 2010 മുതൽ 2014 വരെ റിപ്പോർട്ട് ചെയ്തത് 110 മരണം ആയിരുന്നെങ്കിൽ 2015 മുതൽ 2019 വരെ  ആകെ മരണം 72ൽ എത്തിക്കാൻ കേരളത്തിനായി. 2019 ൽ ആറു പേരാണ് കേരളത്തിൽ മിന്നലേറ്റു മരിച്ചത്. പ്രതിവർഷം 71 മരണത്തിൽനിന്ന് ആറു മരണമെന്ന നിലയിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിനു പിന്നിൽ നിരവധി ഘടകമുണ്ട്. ഉയർന്ന മാനവ വികസന സൂചികകളോടൊപ്പം ശാസ്ത്രീയമായ അറിവുകളുടെയും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അതനുസരിച്ചുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലുമുണ്ടായ  മുന്നേറ്റവും നിർണായകമായി.  

എന്താണ്‌ ഇടിമിന്നൽ
മേഘങ്ങളിൽനിന്ന് താഴെ ഭൂമിയിലേക്കുള്ള ഒരു ഇലക്ട്രിക്‌ ഡിസ്ചാർജാണ്‌ ഇടിമിന്നൽ. വായുവിലൂടെയുള്ള ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും വേഗതയിലുള്ള വ്യത്യാസംകൊണ്ടു തന്നെ ആദ്യം മിന്നൽ കാണുകയും ഏതാനും സെക്കൻഡിനു ശേഷം ഇടിയുടെ ശബ്ദം കേൾക്കുകയും ചെയ്യുന്നു. മിന്നലിനെ പ്രധാനമായും മൂന്നായി  തിരിക്കാം.  ഒരു മേഘത്തിനുള്ളിൽ തന്നെ മേഘത്തിലെ കണികകൾ തമ്മിലുള്ള ഘർഷണത്തിന്റെ ഫലമായി സംഭവിക്കുന്ന Intra- Cloud മിന്നൽ. രണ്ട് മേഘത്തിനിടയിൽ സംഭവിക്കുന്ന ഡിസ്ചാർജ് മൂലമുള്ള മേഘങ്ങൾ തമ്മിലുള്ള Inter Cloud  മിന്നൽ, മേഘങ്ങളിൽനിന്ന് ഭൂമിയിലേക്കുള്ള ഡിസ്ചാർജായ Cloud to Earth.

ഇതിൽ ആദ്യത്തെ രണ്ടു വിഭാഗവും വ്യോമഗതാഗതത്തെ ബാധിക്കാറുണ്ടെങ്കിലും നേരിട്ട് മനുഷ്യരെ ബാധിക്കാറില്ല. പക്ഷേ, മേഘവും ഭൂമിയും തമ്മിലുള്ള ചാർജുകളുടെ ഡിസ്ചാർജാണ് അപകടകാരിയായ ഇടിമിന്നലുകൾ. കുറഞ്ഞ സമയത്ത് അതിതീവ്രമായ  വൈദ്യുതിയാണ് മിന്നലിലൂടെ ഭൂമിയിലേക്ക് പ്രവഹിക്കുക. അതുകൊണ്ടു തന്നെയാണ് മിന്നൽ വലിയ അപകടകാരിയാകുന്നതും. മിന്നൽ പാതയിലൂടെ (Lightning Channel) പ്രവഹിക്കുന്ന വൈദ്യുതിയുടെ ‌ശക്തി 100 ദശലക്ഷം വാട്സ്/ മീറ്ററും ഉയർന്ന താപനില 30,000 ഡിഗ്രി സെൽഷ്യസും വരെയാകും. ഏകദേശം 40,000 ആംപിയർ വൈദ്യുതിയാണ് ശരാശരി ഒരു മിന്നലിലൂടെ ഭൂമിയിൽ കുതിച്ച്‌ എത്തുന്നതെന്ന്‌ അറിയുമ്പോൾ മിന്നലിന്റെ പ്രഹരശേഷി  ഊഹിക്കാവുന്നതിനും അപ്പുറമാണ്‌.

ഉയർന്ന അളവിലുള്ള വൈദ്യുതി ഒറ്റയടിക്ക് ശരീരത്തിലൂടെ ഭൂമിയിലേക്ക്  പ്രവഹിക്കുന്നതു വഴിയാണ് മിന്നൽമൂലമുള്ള മരണം സംഭവിക്കുന്നത്. മിന്നൽ പതിക്കാൻ പോകുന്ന കൃത്യമായ സമയവും സ്ഥലവുമൊക്കെ മുൻകൂട്ടി പ്രവചിക്കുക ഏറെ പ്രായാസകരം. ഈ മേഖലയിൽ  മെച്ചപ്പെട്ട സാങ്കേതികവളർച്ച ലോകം കൈവരിക്കുന്നതേയുള്ളൂ.

ഇടിമിന്നൽ കാലം
ക്യൂമുലോ നിംബസ് (Cumulo Numbus) മേഘങ്ങളാണ് പൊതുവെ ഇടിമിന്നലുകൾ ഉണ്ടാക്കുന്നത്. ഇവ സംവഹന (Convection) പ്രക്രിയയിലൂടെ രൂപംകൊള്ളുന്ന വലിയ കാർമേഘങ്ങളാണ്. ഇത്തരം മേഘങ്ങൾ പൊതുവെ രൂപപ്പെടാറുള്ളത് വേനൽക്കാലത്താണ്. ഇന്ത്യയിൽ മിന്നലുകൾ സജീവമാകുന്ന സീസണുകളിൽ പ്രാദേശികമായി ചില മാറ്റമുണ്ടാകാറുണ്ടെങ്കിലും  മാർച്ച് മുതൽ ജൂൺ വരെ ഇടിമിന്നൽ സജീവമാകുന്ന കാലമാണ്. ഉത്തരേന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തും (ജൂൺ മുതൽ സെപ്തംബർ വരെ) ഇടിമിന്നൽ സജീവമാകാറുണ്ട്. മലനിരകളുടെ സ്വാധീനവും ഇതിൽ ഘടകമാണ്‌. കാറ്റ് വഹിച്ചുകൊണ്ടു വരുന്ന ജലബാഷ്പം  മലകളുടെ തടസ്സംമൂലം ക്യൂമുലോ നിംബസ് മേഘങ്ങൾ ഉണ്ടാകാൻ വഴിയൊരുക്കും. കേരളത്തിന്റെ  സവിശേഷമായ ഭൂപ്രകൃതി ചില മാസത്തിൽ ഇത്തരം മേഘങ്ങളുടെ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമാണ്. പ്രീ -മൺസൂൺ സീസണിലെ ഏപ്രിൽ-–-മെയ് മാസങ്ങളിലും വടക്കുകിഴക്കൻ മൺസൂണിലെ (തുലാവർഷം) ഒക്ടോബർ, നവംബർ മാസങ്ങളിലുമാണ് കേരളത്തിൽ ഇടിമിന്നൽ  സജീവമാകാറുള്ളത് .


 

പ്രതിരോധം എങ്ങനെ ?
മനുഷ്യർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന പ്രകൃതിപ്രതിഭാസമല്ല ഇടിമിന്നൽ. പക്ഷേ, ഇടിമിന്നൽ മൂലമുണ്ടാകുന്ന  അപകടത്തിന്റെ ആഘാതം ലഘൂകരിക്കാനാകും. മിന്നൽ പതിക്കുന്ന ഇടങ്ങളിൽ ലഭ്യമാകുന്ന ആദ്യത്തെ ചാലകം വഴിതന്നെ അത്‌ സഞ്ചരിക്കും. ലോഹങ്ങളെപ്പോലെ  മനുഷ്യശരീരവും മിന്നൽ ചാലകമായി വർത്തിക്കും. തുറസ്സായ സ്ഥലത്താകുമ്പോൾ അതുകൊണ്ടു തന്നെ മിന്നലേൽക്കാനുള്ള സാധ്യതയും വർധിക്കുന്നു. ഇടിമിന്നൽ സാധ്യത മനസ്സിലായാൽ തന്നെ തുറസ്സായ സ്ഥലത്തുനിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിനിൽക്കണം. പാടത്തോ പറമ്പിലോ ആണെങ്കിൽ സൂരക്ഷിത സ്ഥലത്തേക്ക്‌ മാറണം. 

ഇടിമിന്നൽ മുന്നറിയിപ്പുള്ള സമയങ്ങളിൽ പരമാവധി യാത്രകൾ ഒഴിവാക്കണം. ഈ സമയത്ത് ജനലിനടുത്തോ വാതിലിനടുത്തോ നിൽക്കുന്നത് ഒഴിവാക്കുക. ചുവരുകളിൽ സ്പർശിക്കാതെ ഇരിക്കുന്നതാണ് ഉചിതം.  ഫോൺ ഉപയോഗിക്കാതിരിക്കുക. ഇടിമിന്നലുള്ള ഘട്ടത്തിൽ ഷവർ ഉപയോഗിച്ച് കുളിക്കുന്നത് ഒഴിവാക്കുക. ടവറുകൾ, ഉയരമുള്ള കെട്ടിടങ്ങൾ തുടങ്ങിയവയിലൊക്കെ മിന്നൽ പതിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവ  മിന്നൽ രക്ഷാകവചങ്ങൾ സ്ഥാപിച്ചു സംരക്ഷിക്കാം. ഗൃഹോപകരണങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കണം.

ഇത്തരത്തിൽ ഇടിമിന്നലിൽനിന്ന് രക്ഷ നേടാൻ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ https://sdma.kerala.gov.in/lightning-2/ ലിങ്കിൽ ലഭ്യമാണ്.

(കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ ഹസാഡ്‌  അനലിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top