24 April Wednesday
മന്ത്രി എം വി ഗോവിന്ദൻ ഇടപ്പെട്ടു

വിമലയ്‌ക്കും മകനും പുതിയ ‘ലൈഫ്‌’

സ്വന്തം ലേഖകൻUpdated: Thursday Sep 16, 2021

വിമലയും മകൻ സനലും താമസിച്ചിരുന്ന വീട് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു


തിരുവനന്തപുരം
വിമലയ്‌ക്കും മകൻ സനലിനും ഇനി പാറപ്പുറത്ത്‌ കഴിയേണ്ട. ലൈഫിൽ സർക്കാർ വീടൊരുക്കും. ഇടുക്കി മൂന്നാർ ചിന്നക്കനാൽ 301 കോളനിയിലെ അമ്മയ്‌ക്കും മകനുമാണ്‌ ഈ കരുതൽ. കാട്ടാനയെ ഭയന്ന്‌ പാറയുടെ പുറത്ത്‌ ടാർപോളിൻ ഷീറ്റുകൊണ്ട്‌ ഷെഡ്‌ ഉണ്ടാക്കി താമസിച്ചിരുന്ന വിമലയുടെയും ഓട്ടിസം ബാധിച്ച മകൻ സനലിന്റെയും ദൈന്യത മാധ്യമങ്ങളിലൂടെ അറിഞ്ഞ മന്ത്രി എം വി ഗോവിന്ദന്റെ ഇടപെടലാണ്‌ ഇവർക്ക്‌ തുണയായത്‌. താമസിച്ചിരുന്ന വീട് കാട്ടാന നശിപ്പിച്ചതിനെതുടർന്നാണ്‌ അമ്മയും മകനും പാറയ്‌ക്കു മുകളിൽ അഭയം പ്രാപിച്ചത്‌. സനലിന്റെ  ചികിത്സയും മുടങ്ങിയിരുന്നു. വിമല വൃക്കരോഗിയുമാണ്‌.

കുടുംബത്തിന്‌ വീടും സ്ഥലവും നൽകാനുള്ള ഇടപെടലായിരുന്നു മന്ത്രിയുടേത്‌. മന്ത്രിയുടെ നിർദേശപ്രകാരം പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം പി അജിത് കുമാർ തിരുവനന്തപുരത്തുനിന്ന്‌ ചിന്നക്കനാലിലെത്തി കുടുംബത്തെ കണ്ടു. എ രാജ എംഎൽഎയും ചിന്നക്കനാൽ പഞ്ചായത്ത് അധികൃതരും  കോളനിയിൽ എത്തി. വിമലയെയും മകനെയും താൽക്കാലികമായി മറ്റൊരു വീട്ടിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. കട്ടിലും കിടക്കയും പുതുവസ്ത്രങ്ങളും വാങ്ങി നൽകി. 

2001ൽ വിമലയ്‌ക്ക് പട്ടയഭൂമി ലഭിച്ചിരുന്നെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാൽ അവിടെ താമസിക്കാനായില്ല. ലൈഫ് പദ്ധതിയിൽ സ്ഥലവും വീടും നൽകുന്നതിനൊപ്പം സനലിന്റെ ചികിത്സ ഉൾപ്പെടെയുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പുതിയ വീട്ടിൽ ആനപ്പേടിയില്ലാതെ കഴിയാമെന്ന ആശ്വാസത്തിലാണ്   വിമലയും മകനും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top