26 April Friday

കൊടുങ്ങല്ലൂരിന്‌ പുതു ‘ലൈഫ്‌’ ; ആയിരം കുടുംബങ്ങൾക്ക്‌ വീട്‌

പി വി ബിമൽകുമാർUpdated: Friday Aug 28, 2020


കൊടുങ്ങല്ലൂർ
തലചായ്ക്കാൻ സുരക്ഷിതമായ കൂരപോലുമില്ലാതെ  മഴയും വെയിലും കൊണ്ട്‌ നരകിച്ച ആയിരം കുടുംബങ്ങൾക്ക്‌ വീടൊരുക്കി നൽകി കൊടുങ്ങല്ലൂർ നഗരസഭ. ലൈഫ് മിഷൻ പദ്ധതിയിലാണ്‌  ചരിത്ര നേട്ടം‌. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പിഎംഎവൈ ലൈഫ് പദ്ധതി പ്രകാരമാണ്‌ വീടൊരുക്കിയത്‌.  വീടുകൾ നിർമിച്ച് നൽകിയതിന്റെ പ്രഖ്യാപനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാർ ധനസഹായത്തിന് പുറമേ 3.54 കോടി രൂപ ബാങ്ക് വായ്പ എടുത്താണ് നഗരസഭ പണി പൂർത്തീകരിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട ശേഷിക്കുന്ന 127 വീടുകളുടെ പണിയും പുരോഗമിക്കുകയാണ്.

2019ൽ ലൈഫ് മിഷന്റെ ഭാഗമായി ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചു നൽകിയ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം കൊടുങ്ങല്ലൂർ നഗരസഭയ്ക്കായിരുന്നു. സർക്കാരിന്റെ പല പദ്ധതികളിലായി നിർമാണം പൂർത്തിയാക്കാതിരുന്ന വീടുകളിൽ നൂറ് ശതമാനം പൂർത്തീകരിച്ചതിനും അവാർഡ് ലഭിച്ചു. കൂടാതെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വഴി ഭവനനിർമാണത്തിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയ സംസ്ഥാനത്തെ ഒന്നാമത്തെ തദ്ദേശ സ്ഥാപനവും ഈ നഗരസഭയായി. രണ്ട് ലക്ഷം തൊഴിലവസരങ്ങളാണ് ലൈഫ് പദ്ധതി വഴി കൊടുങ്ങല്ലൂർ നഗരസഭ  സൃഷ്ടിച്ചത്. പിഎംഎവൈ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി നഗരസഭ ഏർപ്പെടുത്തിയ ടെലി കൗൺസിലിങ്ങിനും ദേശീയ പുരസ്‌കാരവും ലഭിച്ചു. കാവിൽക്കടവിൽ 12 പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിക്കുന്ന പണിയും പുരോഗതിയിലാണ്. നഗരസഭയുടെ ഭവന നിർമാണ പദ്ധതിക്ക് നേരത്തേ കേന്ദ്ര സംഘത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു.

പുതിയ കെട്ടിടം നിർമിക്കുന്നവർ കെട്ടിടത്തോടൊപ്പം മരവും വച്ചു പിടിപ്പിക്കണമെന്ന നഗരസഭ നിബന്ധന വച്ചിട്ടുണ്ട്‌. ഈ മാതൃക മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടത്തിൽ തന്നെ സർക്കാർ കൂട്ടിച്ചേർത്തു.  നഗരസഭയിലെ നഗര ഉപജീവന മിഷനുമായി ചേർന്ന് വീടും തൊഴിലും എന്ന പേരിൽ നൂതന പദ്ധതിയും നടപ്പാക്കുന്നുണ്ട്. നഗരസഭ നിർമിച്ചു നൽകുന്ന വീടുകളിലെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top