29 March Friday

ജീവനക്കാർ കൈകോർത്തു: പൂർത്തിയായത്‌ 8 വീട്‌

ജി രാജേഷ്‌ കുമാർUpdated: Friday Aug 21, 2020


തിരുവനന്തപുരം
സംഘടനാപ്രവർത്തനത്തിന്‌‌ നീക്കിവച്ച തുകകൊണ്ട്‌‌ തലസ്ഥാനത്ത്‌ കേരള എൻജിഓ യൂണിയൻ വീടൊരുക്കിയത്‌‌ എട്ടുകുടംബങ്ങൾക്ക്‌. ലൈഫ്‌ മിഷനിൽ സന്നദ്ധ സംഭാവന സർക്കാർ ഉറപ്പാക്കുന്നത്‌ എങ്ങനെയെന്നതിന്‌‌  ഉത്തമ ഉദാഹരണമാണിത്‌. മണ്ണന്തലയിൽ സർക്കാർ പ്രസിന്റെ സ്ഥലത്തോടുചേർന്ന്‌ ഇടയിലക്കോണത്താണ്‌‌ വീടുകൾ‌. രണ്ടു കിടപ്പുമുറിയും അടുക്കളയും തീൻമുറിയും കുളിമുറിയുമുള്ള കൊച്ചുവീട്‌. സെപ്‌തംബർ ഏഴിന്‌ ഓൺലൈനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ  താക്കോൽ കൈമാറുമെന്ന് ജനറൽ സെക്രട്ടറി ടി സി മാത്തുകുട്ടി പറഞ്ഞു. 

ലൈഫ്‌ മിഷൻ പദ്ധതിയിൽ പൊതുസംഭാവനയ്‌ക്കുള്ള സർക്കാർ അഭ്യർഥന 2018ലെ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഏറ്റെടുത്തിരുന്നു. പ്രവർത്തന ഫണ്ടിൽനിന്നുള്ള ചെലവുകൾ പരിമിതപ്പെടുത്തി ഒരു കോടി രൂപ നീക്കിവച്ചു. സർക്കാരിനെ സന്നദ്ധത അറിയിക്കുകയും സംഘടനയുടെ കത്ത്‌  ലൈഫ്‌ മിഷൻ പരിഗണിക്കുകയും ചെയ്തു. സ്ഥലം കണ്ടെത്താൻ തിരുവനന്തപുരം കോർപറേഷനോട്‌ നിർദേശിച്ചു.‌ മണ്ണന്തലയിലെ കോർപറേഷൻ വക   സ്ഥലത്ത്‌ വീട്‌ നിർമാണത്തിന്‌ അനുമതി നൽകാൻ കൗൺസിൽ തീരുമാനിച്ചു. യൂണിയൻ സമർപ്പിച്ച പ്ലാനും അടങ്കലും അംഗീകരിച്ചു. യൂണിയനുമായുള്ള ധാരണപത്രത്തിൽ സുരക്ഷ ഉറപ്പാക്കാൻ കോർപറേഷൻ എൻജിനിയറിങ്‌ വിഭാഗം നിർമാണ മേൽനോട്ടം വഹിക്കുമെന്ന്‌ കോർപറേഷൻ വ്യവസ്ഥവച്ചു.

ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതും കോർപറേഷനായിരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സംഘവും യുണിയനുമായാണ്‌ നിർമാണ കരാർ. നിർമാണ കാര്യങ്ങളിലെല്ലാം  ഈ രണ്ടുകക്ഷികൾക്കുമാത്രമാണ്‌ ബാധ്യത. സർക്കാരിനോ കോർപറേഷനോ കരാറിൽ ഒരു ബാധ്യതയുമില്ല. നഗരസഭ എൻജിനിയറിങ്‌ വിഭാഗം നിർമാണത്തിലെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്‌. താക്കോൽ കൈമാറുന്നതോടെ എട്ടുകുടുംബങ്ങൾ കൂടി ലൈഫിന്റെ സുരക്ഷിതത്വത്തിലേക്ക്‌ ചേക്കേറും.


 

ലൈഫ്‌: ദുർബലർക്ക്‌ നൽകി 45,450 വീട്‌
സംസ്ഥാനത്ത്‌ നാലു വർഷംകൊണ്ട്‌ ദുർബലവിഭാഗത്തിൽപ്പെട്ട 45,450 കുടുംബത്തിന്‌ ലൈഫ്‌ പദ്ധതിയുടെ ഭാഗമായി വീട്‌ നൽകി‌. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 26,380  കുടുംബത്തിനും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 19,070 കുടുംബത്തിനുമാണ്‌ വീട്‌ ലഭിച്ചത്‌. ലൈഫ്‌ പദ്ധതിയുടെ ഭാഗമായി മൂന്ന്‌ ഘട്ടത്തിൽ  2,24,286 വീടാണ്‌ നാല്‌ വർഷത്തിനിടെ നിർമിച്ച്‌ നൽകിയത്‌.  

എസ്‌സി വിഭാഗത്തിൽ ഒന്നാം ഘട്ടത്തിൽ 19,077 വീടും രണ്ടാംഘട്ടത്തിൽ 7303 വീടുമാണ്‌ നിർമിച്ച്‌ നൽകിയത്‌. ഒന്നാംഘട്ടത്തിൽ 495 വീടും രണ്ടാംഘട്ടത്തിൽ 4248 വീടും നിർമാണം വിവിധ ഘട്ടങ്ങളിലാണ്‌. പട്ടികവർഗ വിഭാഗത്തിൽ ഒന്നാംഘട്ടത്തിൽ 17,213 വീടും രണ്ടാംഘട്ടത്തിൽ 1857 വീടും നിർമിച്ചു. ഒന്നാംഘട്ടത്തിൽ 997 വീടും രണ്ടാംഘട്ടത്തിൽ 2034 വീടുമാണ്‌ പൂർത്തീകരിക്കാനുള്ളത്‌. ഇതിൽ ഒന്നാംഘട്ടത്തിൽ ബാക്കിയുള്ളത്‌ സാങ്കേതിക പ്രശ്‌നങ്ങളിൽപ്പെട്ടവയാണ്‌. 

വകുപ്പ്‌ നൽകി  25,169 വീട്‌
ലൈഫ്‌ പദ്ധതിയുടെ ഭാഗമായി എസ്‌സി, എസ്‌ടി, ഫിഷറീസ്‌ വകുപ്പുകൾ നേരിട്ടും വീടുകൾ നിർമിച്ചു നൽകി. 25,169 വീടാണ്‌ ഇങ്ങനെ നിർമിച്ച്‌ നൽകിയത്‌. ഇതിൽ എസ്‌സി വകുപ്പ്‌ 19,247 വീടും എസ്‌ടി വകുപ്പ്‌ 1745 വീടും നിർമിച്ചു നൽകി. 4177 വീട്‌ ഫിഷറീസ്‌ വകുപ്പ്‌ നിർമിച്ച്‌ നൽകിയവയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top