27 April Saturday

അഭിമാനകേരളം

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2022


തിരുവനന്തപുരം
‘ചെയ്യുന്നതേ പറയൂ, പറഞ്ഞത്‌ ചെയ്യും’ എന്ന്‌ തെളിയിച്ച ഒന്നാം പിണറായി സർക്കാരിന്‌ കേരളം നൽകിയ അംഗീകാരമാണ്‌ തുടർഭരണം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ 600 വാഗ്‌ദാനം അടങ്ങിയ പ്രകടനപത്രികയാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവച്ചത്‌. അതിൽ 580 വാഗ്‌ദാനവും നടപ്പാക്കിയാണ്‌ കാലാവധി പൂർത്തിയാക്കിയത്‌. 2021ൽ 900 വാഗ്‌ദാനം അടങ്ങിയ പ്രകടനപത്രിക അവതരിപ്പിച്ചു. ആദ്യ വർഷംതന്നെ ഇതിൽ 758 എണ്ണത്തിന്‌ നടപടി ആരംഭിച്ചു. അതിന്റെ പ്രോഗ്രസ്‌ റിപ്പോർട്ടാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്‌.

ഒരിക്കലും നടപ്പാകില്ലെന്നു കരുതിയ പദ്ധതികളടക്കം നടപ്പാക്കിയാണ്‌ ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കിയത്‌. 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 1600 ആക്കി. അഞ്ചു വർഷവും 13 ഇനം നിത്യോപയോഗ സാധനത്തിന്‌ വില കൂട്ടില്ലെന്ന വാഗ്‌ദാനവും പാലിച്ചു. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ ലൈൻ, ഇടമൺ കൊച്ചി പവർ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയവയും യാഥാർഥ്യമാക്കി. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌ നൽകുന്ന കെ–- ഫോൺ പദ്ധതി  യാഥാർഥ്യമാകുമെന്ന്‌ പലരും വിശ്വസിച്ചില്ല. എന്നാൽ, ആദ്യഘട്ടത്തിൽത്തന്നെ 14,000 വീട്ടിലേക്ക്‌ ഇന്റർനെറ്റ്‌ എത്തി. ദേശീയ ജലപാത, മലയോര–-തീരദേശ ഹൈവേ എന്നിവയും യാഥാർഥ്യമാകുന്നു. നടപ്പാകില്ലെന്നു കരുതി ഉപേക്ഷിച്ച ശബരി റെയിൽ പാതയ്‌ക്ക്‌ ജീവൻവയ്‌ക്കുന്നതാണ്‌ ഒടുവിലത്തെ കാഴ്‌ച. മുഖ്യമന്ത്രിയുടെ നിരന്തര ഇടപെടലിനെത്തുടർന്ന്‌ കേന്ദ്രത്തിൽനിന്ന്‌ അനുകൂല പ്രതികരണമുണ്ടായി. എയിംസ്‌ എന്ന സ്വപ്‌നത്തിനും ചിറക്‌ മുളയ്‌ക്കുന്നു. പറഞ്ഞ വാക്ക്‌ പാലിക്കുമെന്നതിന്റെ തുടർച്ചയാണ്‌ രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച പ്രോഗ്രസ്‌ റിപ്പോർട്ട്‌.

അഭിമാനകേരളം
● നിതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ തുടർച്ചയായി നാലാം വർഷവും ഒന്നാമത്‌
● പബ്ലിക്‌ അഫയേഴ്‌സ്‌ ഇൻഡക്‌സ്‌ 2021ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്‌ചവച്ച സംസ്ഥാനം
● ദാരിദ്ര്യ നിർമാർജനത്തിലും നമ്പർ വൺ (നിതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചികയിൽ കുറവ്‌ ദാരിദ്ര്യം, 0.71 ശതമാനം)
● കോവിഡിൽ മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കി (ആന്വൽ സ്‌റ്റാറ്റസ്‌ ഓഫ്‌ എഡ്യൂക്കേഷൻ റിപ്പോർട്ട്‌ പ്രകാരം മുന്നിൽ. ഗ്രാമങ്ങളിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം)
● കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാംസ്ഥാനം
● അഴിമതി വിമുക്ത പൊലീസ്‌ സേവനത്തിൽ ഒന്നാമത്‌
● ആരോഗ്യമേഖലയിൽ ദേശീയ പുരസ്‌കാരങ്ങൾ
● രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര പുരസ്‌കാരം
● ഏറ്റവും കൂടുതൽ സൗജന്യചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള പുരസ്‌കാരം കോട്ടയം സർക്കാർ മെഡിക്കൽ കോളേജിന്‌
● രാജ്യത്തെ മികച്ച കോവിഡ്‌ വാക്‌സിനേഷൻ ഡ്രൈവിന്‌ ഇന്ത്യ ടുഡേയുടെ ഹെൽത്ത്‌ ഗിരി അവാർഡ്‌
● അയ്‌മനം മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമപദ്ധതിക്ക്‌ വേൾഡ്‌ ട്രാവൽ മാർക്കറ്റ്‌ ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം വൺ ടു വാച്ച്‌ അന്താരാഷ്ട്ര പുരസ്‌കാരം
● മീൻപിടിത്തമേഖലയിലെ ഏറ്റവും മികച്ച അർധസർക്കാർ സ്ഥാപനമായി മത്സ്യഫെഡിനെ നാഷണൽ ഫിഷറസീസ്‌ ഡെവലപ്‌മെന്റ്‌ ബോർഡ്‌ തെരഞ്ഞെടുത്തു
● കേന്ദ്ര സർക്കാരിന്റെ വയോശ്രേഷ്‌ഠ പുരസ്‌കാരം
● കേന്ദ്ര ഭവന നഗരമന്ത്രാലയത്തിന്റെ സിറ്റി വിത്ത്‌ ദി മോസ്റ്റ്‌ സസ്‌റ്റൈനബിൾ ട്രാൻസ്‌പോർട്ട്‌ സിസ്റ്റം പുരസ്‌കാരം
● ക്രിസിലിന്റെ പട്ടികയിൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്‌ എ പ്ലസ്‌ സ്‌റ്റേബിൾ
● പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‌ നാറ്റ്‌ വെസ്റ്റ്‌ എർത്ത്‌ ഗാർഡിയൻ പുരസ്‌കാരം
● ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ രണ്ടാംസ്ഥാനം
● നാഷണൽ എൻക്യുഎഎസ്‌ അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യകേന്ദ്ര വിഭാഗത്തിൽ കേരളം ഒന്നാമത്‌. ഗ്രാമ പ്രാഥമിക ആരോഗ്യകേന്ദ്ര വിഭാഗത്തിൽ റണ്ണർ അപ്‌
● നിതി ആയോഗ്‌ നഗര സുസ്ഥിര വികസന സൂചികയിൽ തിരുവനന്തപുരം, കൊച്ചി എന്നിവ മികച്ച നഗരങ്ങളുടെ പട്ടികയിൽ


കുടുംബശ്രീ വായ്‌പ 
20,000 കോടിയായി ഉയർത്തും
കുടുംബശ്രീ വഴിയുള്ള വായ്‌പ പന്ത്രണ്ടായിരത്തിൽനിന്ന്‌ 20,000 കോടി രൂപയാക്കും. ഒരു വർഷത്തിനിടെ  ലൈവ്‌ ലിങ്കേജ്‌ വായ്‌പ 12,000 കോടിയിൽനിന്ന്‌  15475. 34 കോടി രൂപയാക്കി. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്തുകളിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ സമ്പൂർണ വിവരം ശേഖരിക്കും. കുടുംബശ്രീയുടെ ബജറ്റ്‌ വിഹിതം 500 കോടി രൂപയാക്കും.

കൊടുത്തു; മാറ്റിവച്ച ശമ്പളവും കുടിശ്ശികയും
കോവിഡ്‌കാലത്ത്‌ മാറ്റിവച്ച ശമ്പളവും ജൂലൈ 2019 വരെയുള്ള ഡിഎ കുടിശ്ശികയും കൊടുത്തുതീർത്തു. ശമ്പള പരിഷ്‌കരണ കുടിശ്ശിക 2023–-24, 24–-25ൽ നൽകും. ശമ്പള പരിഷ്‌കരണ കമീഷൻ റിപ്പോർട്ടിലെ അനോമലി സംബന്ധിച്ച പരാതി പരിഹാരത്തിനുള്ള അനോമിലി കമ്മിറ്റി റിപ്പോർട്ട്‌ ധനവകുപ്പ്‌ പരിശോധിക്കുന്നു. പങ്കാളിത്ത പെൻഷൻ റിപ്പോർട്ടും പരിശോധിക്കുന്നു.

● നോൺ ബാങ്കിങ് മേഖലയിൽ മിനിമം വേതനം നിശ്ചയിച്ച്‌ ഉത്തരവായി. സ്‌റ്റേ നീക്കാൻ നടപടി
● തൊഴിൽവകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോർഡുകളെ പതിനൊന്നാക്കാൻ നിയമനിർമാണം. ലേബർ കമീഷണർതലത്തിൽ തുടർനടപടി.
● ഗാർഹികത്തൊഴിലാളികൾക്ക്‌ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വമെടുക്കാൻ പ്രത്യേക ക്യാമ്പ്‌. നിയമനിർമാണവും പരിശോധനയിൽ
● തൊഴിൽ ശ്രേഷ്‌ഠാ പുരസ്‌കാരം 15ൽനിന്ന്‌ 17 മേഖലയിലേക്ക്‌ വ്യാപിപ്പിച്ചു
● മികച്ച തൊഴിലാളി– -തൊഴിലുടമാ ബന്ധം പുലർത്തുന്ന സ്ഥാപനങ്ങൾക്ക്‌ സിഎം എക്‌സലൻസ്‌ പുരസ്‌കാരം
● ചുമട്ടുതൊഴിലാളി മേഖലകളിലെ പ്രശ്‌നങ്ങളിൽ പരാതി നൽകാനും കൂലിനിരക്ക്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാനും ‘തൊഴിൽ സേവ ആപ്‌’
● തൊഴിൽജന്യ രോഗനിർണയ സർവേയും മെഡിക്കൽ ക്യാമ്പുകളും
● നാല് ലേബർ കോഡിൽ സംസ്ഥാനം ചട്ടങ്ങളും പ്രാഥമിക വിജ്ഞാപനവും പുറപ്പെടുവിച്ചു  
● 2019 മുതൽ 2021 വരെ 29 വിവിധ തൊഴിൽ മേഖലകളിലെ മിനിമംകൂലി നിശ്ചയിച്ച്‌ വിജ്ഞാപനം ഇറക്കി
● വേതനം നിശ്ചയിക്കുമ്പോൾ ലിംഗസമത്വം
● അതിഥിത്തൊഴിലാളികൾക്ക്‌ ആവാസ്‌ ഇൻഷുറൻസ്‌
● അതിഥിത്തൊഴിലാളികൾക്ക്‌ അപ്‌നാ ഘർ പദ്ധതി പ്രകാരം കോഴിക്കോട്‌ കിനാലൂരിൽ 15,760 ചതുരശ്ര വിസ്‌തീർണത്തിൽ ഹോസ്റ്റലുകൾ. കളമശേരിയിൽ 540 കിടക്കയുള്ള ഹോസ്റ്റലിന്‌ തറക്കല്ലിട്ടു. കുറഞ്ഞ വാടകയിൽ കുടുംബ സമേതം താമസിക്കാൻ ആലയ്‌ പദ്ധതി.




വെള്ളത്തിലും കുതിക്കുന്നു കേരളം
തിരുവനന്തപുരം ചിമ കനാൽ ശൃംഖലയുടെ ഒന്നാംഘട്ടം പൂർത്തിയായി. മാഹി–-വളപട്ടണം 26 കിലോമീറ്റർ കനാലുകൾ പുതുതായി നിർമിക്കുകയാണ്‌. കനാൽ വീതികൂട്ടുന്ന പ്രവർത്തനം 2022ൽ പൂർത്തീകരിക്കും. മാഹി–- വളപട്ടണം കനാൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 650 കോടി രൂപ ചെലവിടാൻ അനുമതിയായി.  മാഹി–- എരഞ്ഞോളി നദികൾക്കിടയിൽ സർവേ നടത്തി. അലൈൻമെന്റ്‌ പൂർത്തിയാക്കി അതിർത്തിക്കല്ലുകൾ പാകി. എരഞ്ഞോളി–-ധർമടം രണ്ടാംഘട്ടത്തിൽ കൃത്രിമ കനാൽ നിർമിക്കും. മെയിൻ കനാലിനു പുറമെ ആയിരത്തിലധികം കിലോമീറ്റർ ഫീഡർ കനാലുകളുടെ നവീകരണവും  പദ്ധതിയിലുൾപ്പെടുത്തും.

കനാൽ ഗതാഗതയോഗ്യമാക്കുന്ന താൽക്കാലിക പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. ഇത്‌ പൂർണതോതിൽ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലുണ്ടാകും.  കൊച്ചി വാട്ടർ മെട്രോയുടെ 19 ബോട്ട്‌ ജെട്ടിയുടെ ഒന്നാംഘട്ടം പൂർത്തിയായി. 19 എണ്ണം ഈ വർഷം പൂർത്തീകരിക്കും. മൂന്ന്‌ ടെർമിനലിന്റെ നിർമാണവും പൂർത്തിയാക്കി. ബാക്കിയുള്ള ആറെണ്ണത്തിന്റെ നിർമാണം ദ്രുതഗതിയിലാണ്‌.





കരുത്തുപകർന്ന്‌ കിഫ്‌ബി
കേരള വികസനവേഗത്തിന്‌ ഇന്ധനംപകരാൻ ഒന്നാം പിണറായി സർക്കാർ രൂപംനൽകിയ കിഫ്ബിയിലൂടെ 43,250 കോടി രൂപയുടെ 889 പദ്ധതിക്കാണ്‌ അംഗീകാരം നൽകിയത്‌. ഇതിനുപുറമെ വ്യവസായ പാർക്കുകൾക്കും മറ്റാവശ്യങ്ങൾക്കുമായി 20,601 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. 18,994 കോടി രൂപയുടെ 435 പദ്ധതി പണി തുടങ്ങുകയോ അനുവദിക്കുകയോ ചെയ്‌തു.  അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്‌ ഈ പദ്ധതിയെല്ലാം. 

50,792 കോടി രൂപയുടെ അംഗീകാരമായ 955 പദ്ധതിയുണ്ട്‌. ഇതിൽ 25,637 കോടി രൂപയുടെ 563 പദ്ധതി ടെൻഡർ ചെയ്‌തു. 22,949 കോടിയുടെ 512 എണ്ണം  നിർമാണമാരംഭിച്ചു. ആകെ 19,202 കോടി പദ്ധതികൾക്കായി ചെലവിട്ടു. ഭൂമി ഏറ്റെടുക്കലുൾപ്പെടെ കിഫ്‌ബി അംഗീകരിച്ച 962 പദ്ധതിയുടെ ആകെത്തുക 70.762 കോടി രൂപയാണ്‌.

ഇതിൽ പൊതുമരാമത്ത്‌ മേഖലയിലെ 389 റോഡ്‌, പാലം, ഓവർബ്രിഡ്ജുകൾ, കെട്ടിടങ്ങൾ തുടങ്ങിയ 18,043 കോടി രൂപയുടെ പദ്ധതികളുണ്ട്‌. 67 റെയിൽ ഓവർ ബ്രിഡ്‌ജുണ്ട്‌. ഇവ വേഗത്തിൽ തീർക്കാൻ  1215  പാലം പാക്കേജായാണ്‌ ടെൻഡർ വിളിക്കുന്നത്‌. പ്രീ ഫാബ്രിക്കേറ്റഡ്‌ റോഡുകൾ നവീനനിർമാണ രീതിയിലാണ്‌. കിഫ്‌ബി പ്രവൃത്തികളിൽ 37 റോഡും നാല്‌ പാലവും പൂർത്തിയാക്കി. 79 റോഡും 32 പാലവും പുരോഗമിക്കുകയാണ്‌. 24 റോഡ്‌ പ്രവൃത്തിയുടെയും 28 പാലത്തിന്റെയും സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. 62 റോഡിന്റെയും 14 പാലത്തിന്റെയും ഡിപിആർ തയ്യാറാക്കുകയാണ്‌.

● മലയോര ഹൈവേക്ക്‌ പുതിയ വേഗം
മലയോര ഹൈവേയുടെ 559. 34 കിലോമീറ്ററിന്‌ കിഫ്‌ബി സാമ്പത്തികാനുമതി ലഭിച്ചു. 311 കിലോമീറ്റർ പ്രവൃത്തിയാരംഭിച്ചു. 93.68 കിലോമീറ്റർ പൂർത്തിയാക്കി. തീരദേശ ഹൈവേയുടെ ഡിപിആർ തയ്യാറാക്കൽ അന്തിമഘട്ടത്തിലാണ്‌. സ്ഥലമേറ്റെടുക്കലിന്‌ തുടക്കമായിട്ടുണ്ട്‌. 21 കിലോമീറ്ററിലെ മൂന്ന്‌ സ്ട്രെച്ചിൽ പ്രവൃത്തിയാരംഭിച്ചു. സാങ്കേതികാനുമതി ലഭിച്ച 22 കിലോമീറ്ററിലെ നാല്‌ സ്ട്രെച്ച്‌ ടെൻഡർ നടപടിയിലേക്ക്‌ കടന്നു. 72.24 കിലോമീറ്റർ ഉൾപ്പെടുന്ന 11 സ്ട്രെച്ചിനും അംഗീകാരമായി.

● ആരോഗ്യമേഖലയിൽ 4240 കോടി
ആരോഗ്യമേഖലയിൽ 4240 കോടി രൂപയുടെ 57 പദ്ധതിയാണ്‌ കിഫ്‌ബി വഴി നടപ്പാക്കുന്നത്‌.  44 ഡയാലിസിസ്‌ യൂണിറ്റും അഞ്ച്‌ കാത്തുലാബും പൂർത്തിയാക്കി. അടിസ്ഥാനസൗകര്യ വികസനത്തിനായി ജനറൽ, ജില്ല, താലൂക്ക്‌ ആശുപത്രികൾ ഉൾപ്പെടുന്ന 70 പദ്ധതിക്കായി 4177 കോടി രൂപയ്‌ക്കുള്ള ഭരണാനുമതി നൽകി. 2226 കോടിയുടെ സാമ്പത്തികാനുമതിയുമായി.

● മികവാർന്ന്‌ 972 സ്കൂൾ
സംസ്ഥാനത്ത്‌ 972 സ്‌കൂളാണ്‌ മികവിന്റെ കേന്ദ്രങ്ങളാക്കുന്നത്‌. 226 സ്കൂളിന്റെ നിർമാണം  പൂർത്തിയാക്കി. 229 എണ്ണം നിർമാണ  ഘട്ടത്തിലാണ്‌. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1096 കോടിയുടെ 50 പദ്ധതി  അംഗീകരിച്ചു. 51 ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജും ആറ്‌ എൻജിനിയറിങ്‌ കോളേജും എട്ട്‌ പോളിടെക്നിക്കും അഞ്ച്‌ ഹെറിറ്റേജ്‌ കോളേജും അഞ്ച്‌ സർവകലാശാലയുടെയും നിർമാണം ഇതിലുൾപ്പെടും.

● ഐടി മേഖലയ്‌ക്ക്‌ 105 കോടി
വിവരവിനിമയ മേഖലയിൽ 5.5 ലക്ഷം ചതുരശ്രയടി പാർക്കുകളാണ്‌ നിർമിക്കുന്നത്‌. 351 കോടി രൂപയാണ്‌ നീക്കിവച്ചത്‌. 1061 കോടി ചെലവിൽ നടപ്പാക്കുന്ന കെ–-ഫോൺ  സുപ്രധാന പദ്ധതിയാണ്‌. ഇത്‌ അന്തിമഘട്ടത്തിലാണ്‌. ഐടി മേഖലയിൽ 105 കോടി കിഫ്‌ബി ഫണ്ടോടെ രണ്ടുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയാക്കി.

പൊതുവിതരണ സമ്പ്രദായം 
ശക്തിപ്പെടുത്തി
● 2,14,274 പുതിയ റേഷൻ കാർഡ്‌ വിതരണം ചെയ്‌തു. അർഹർക്ക്‌ നൽകിയ 2,53,242 മുൻഗണനാ കാർഡിന്‌ പുറമെയാണ് ഇത്‌. സറണ്ടർ ചെയ്‌ത മുൻഗണനാ കാർഡുകളിൽ 1,53,242 കാർഡ്‌ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്‌തു. ട്രാൻസ്‌ ജെൻഡർ വിഭാഗത്തിന്‌ റേഷൻകാർഡ്‌ നൽകി. ആദിവാസി ഊരുകളിലും തോട്ടമേഖലയിലും മൊബൈൽ റേഷൻകട വഴി റേഷൻ വിതരണം. എടിഎം മാതൃകയിൽ റേഷൻ കാർഡ്‌ വിതരണം ആരംഭിച്ചു. റേഷൻകട പരിശോധനയ്‌ക്ക്‌ മൊബൈൽ ആപ്‌.
● പൊതുകമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിൽത്താൻ സപ്ലൈകോ വഴി 13 ഇനം അവശ്യസാധനങ്ങൾ 2016ലെ വിലയ്‌ക്ക്‌
● പുതിയതും നവീകരിച്ചതുമായ 58 സപ്ലൈകോ വിൽപ്പനശാല ആരംഭിച്ചു

ശബരി പാതയ്‌ക്ക്‌ 2000 കോടി 
കിഫ്‌ബി സഹായം
ശബരിപാത നിർമാണത്തിന്‌ 2000 കോടി രൂപ കിഫ്‌ബി സഹായം.  കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഈ പാതക്കുവേണ്ടി കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ തുക ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. അങ്കമാലി ശബരി റെയിൽ പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കും. റെയിൽവേ നിർദേശമനുസരിച്ച്‌ പദ്ധതി ഡിപിആർ നൽകാനുള്ള നടപടികളാകുന്നു. 3421.17 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ്‌ മാർച്ചിൽ റെയിൽവേ മന്ത്രാലയത്തിന്‌ നൽകി.

നിലമ്പൂർ –- നഞ്ചങ്കോട്‌ പാത
കെആർഡിസി മുഖാന്തരം തലശേരി –- മൈസൂരു, നിലമ്പൂർ –- നഞ്ചൻകോട്‌ റെയിൽവേ ലൈനുകൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സർക്കാർ. തലശേരി –- മൈസൂരു പദ്ധതിയുടെ ഡിപിആർ കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കുകയാണ്‌. സർവേ പുരോഗമിക്കുന്നു. നിലമ്പൂർ  –- നഞ്ചങ്കോട്‌  പദ്ധതി സർവേ പൂർത്തിയാക്കി ഡിപിആർ അന്തിമഘട്ടത്തിലാണ്‌.

100 ലക്ഷം ചതുരശ്രയടികൂടി 
പുതുക്കിപ്പണിയും  
സ്‌കൂൾ കെട്ടിടങ്ങൾ ആധുനികമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌ മുന്നേറുകയാണ്‌. 100 ലക്ഷം ചതുരശ്രയടി സ്‌കൂൾ കെട്ടിടങ്ങൾകൂടി പുതുക്കിപ്പണിയും.കോവിഡ്‌ പശ്ചാത്തലത്തിലും ക്ലാസുകൾ ഓൺലൈനിൽ മുടക്കമില്ലാതെ നടത്തി. 1,51,132 ഡിജിറ്റൽ ഉപകരണം നൽകി.  146 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. 73 കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി. 41 സ്‌കൂൾ ലാബും നവീകരിച്ചു. ലാബ്‌ നവീകരണത്തിന്‌ 17 കോടി വകയിരുത്തി. സ്‌കൂൾ പ്രവർത്തന മാന്വൽ തയ്യാറാക്കി. അധ്യാപകർക്ക്‌ റസിഡൻഷ്യൽ പരിശീലനം ആരംഭിച്ചു.

പ്രധാന നടപടികൾ
● മാതൃഭാഷാപഠനം ശക്തിപ്പെടുത്താൻ പാഠപുസ്‌തകത്തിൽ അക്ഷരമാല
● പ്രീപ്രൈമറി ക്ലാസ്‌ മുറികൾ ശിശുസൗഹൃദം
● ഓൺലൈൻ ക്ലാസിന്‌ ‘ജി സ്യൂട്ട്‌’ പ്ലാറ്റ്‌ഫോം
● മുഴുവൻ വൊക്കേഷണൽ ഹയർ സെക്കൻഡറിയും എൻഎസ്‌ക്യുഎഫിലേക്ക്‌
● മാസ്റ്റർ പ്ലാനുകൾ പുതുക്കാൻ നടപടി
● പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ തുടക്കം
● സാക്ഷരതാ മിഷൻ തുല്യതാപരീക്ഷ ശക്തിപ്പെടുത്തി
● പാചകത്തൊഴിലാളി വേതനം വർധിപ്പിച്ചു

ഒരു വർഷം 
850 സ്റ്റാർട്ടപ്
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷത്തിൽ 850 സ്റ്റാർട്ടപ്പാണ്‌ പുതുതായി ആരംഭിച്ചത്‌. അഞ്ചു വർഷത്തിൽ 15,000 സ്റ്റാർട്ടപ് ആരംഭിക്കാനും ഒരു ലക്ഷം പേർക്ക്‌ തൊഴിൽ നൽകാനുമാണ്‌ ലക്ഷ്യമിടുന്നത്‌. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി ഇന്നൊവേഷൻ ചലഞ്ച്‌ ആരംഭിച്ചു. നൂതന ആശയങ്ങൾക്ക്‌ സംരംഭങ്ങൾ ആരംഭിക്കാൻ സാമ്പത്തികസഹായം നൽകും. കെഎസ്‌ഐഡിസി ഈവർഷം 7.5 കോടി വകയിരുത്തി. കേരള ഏഞ്ചൽ ഫണ്ട്‌ എന്ന സെബി അക്രെഡിറ്റേഷനുള്ള ഇൻവെസ്റ്റ്‌മെന്റ്‌ ഫണ്ട്‌ രൂപീകരിക്കാൻ നടപടി ആരംഭിച്ചു. 4200 കോടിയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ്‌ സാധ്യമാക്കി.

കാർഷിക മൂല്യവർധന: 
6 പാർക്ക്‌
കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധന ലക്ഷ്യമിട്ട്‌ സംസ്ഥാനത്ത്‌ ആറ്‌ പാർക്കിന്‌ വ്യവസായവകുപ്പ്‌ തുടക്കമിട്ടു. പാലക്കാട്‌ മെഗാ ഫുഡ്‌ പാർക്ക്‌ പ്രവർത്തനം ആരംഭിച്ചു. ചേർത്തലയിൽ നിർമാണം പൂർത്തിയാക്കി. പാലക്കാട്‌ സംയോജിത റൈസ്‌ ടെക്‌നോളജി പാർക്കിന്‌ വിശദ പദ്ധതിരേഖയാക്കി നിർമാണം ആരംഭിച്ചു. വയനാട്‌ കോഫി പാർക്കിന്‌ ഭൂമി ഏറ്റെടുക്കൽ തുടങ്ങി. 12.5 കോടി മുതൽമുടക്കിൽ ഇടുക്കി മുട്ടത്ത്‌ സ്‌പൈസസ്‌ പാർക്ക്‌ നിർമാണം പുരോഗമിക്കുന്നു.

അർബുദ മരുന്നും നിർമിക്കും
കെഎസ്‌ഡിപിയെ വൻകിട മരുന്നുനിർമാണ സ്ഥാപനമാക്കാൻ നോൺ ബീറ്റ ലാക്ടം മരുന്നുനിർമാണ പ്ലാന്റ്‌ പൂർത്തിയാക്കി വ്യാവസായിക ഉൽപ്പാദനം തുടങ്ങി. അർബുദ മരുന്നുനിർമാണം ആരംഭിക്കാൻ 102 കോടിയുടെ പദ്ധതിക്ക്‌ തത്വത്തിൽ ഭരണാനുമതിയായി. തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കിൽ അഡ്‌മിൻ ബയോടെക്‌ ലാബ്‌ നിർമാണം പൂർത്തിയാക്കി. മെഡിക്കൽ ഡിവൈസ്‌ പാർക്കിന്‌ പ്രാരംഭ നടപടിയായി. ഡയഗണോസ്റ്റിങ്‌ ടെസ്റ്റിങ്‌ ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top