29 March Friday

‘പോയിവരാം, 
ലാൽസലാം'

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

ആഗസ്ത്‌ ഇരുപത്തൊമ്പതിനാണ്‌ എ കെ ജി സെന്ററിന്‌ എതിർവശത്തുള്ള ചിന്ത ഫ്ലാറ്റിൽനിന്ന്‌ 
കോടിയേരി ബാലകൃഷ്‌ണനെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌ കൊണ്ടുപോയത്

തിരുവനന്തപുരം
"ആരോഗ്യം വീണ്ടെടുത്ത്‌ തിരിച്ചെത്തുമ്പോൾ നമുക്കിവിടെ കാണാം'–-പ്രിയപ്പെട്ട സഖാവ്‌ കോടിയേരിയെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക്‌ അയക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ്‌ ഇത്‌. "പോയിവരാം, ലാൽസലാം' രോഗം തളർത്തിയിട്ടും കരുത്തോടെ കോടിയേരിയുടെ മറുപടി. എന്നാൽ, 33 ദിവസത്തിനുശേഷം കാണാനായത്‌ ചേതനയറ്റ കോടിയേരി ബാലകൃഷ്‌ണനെ. അവസാന കൂടിക്കാഴ്ചയിൽ പറഞ്ഞതുപോലെ തിരുവനന്തപുരത്തായിരുന്നില്ല, കണ്ണൂരിൽ. 

ആഗസ്ത്‌ ഇരുപത്തൊമ്പതിനാണ്‌ എ കെ ജി സെന്ററിന്‌ എതിർവശത്തുള്ള ചിന്ത ഫ്ലാറ്റിൽനിന്ന്‌ കോടിയേരി ബാലകൃഷ്‌ണനെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌ കൊണ്ടുപോയത്‌. അവിടെനിന്ന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക്‌ എയർ ഷിഫ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഫ്ലാറ്റിൽനിന്ന്‌ ആംബുലൻസിലേക്ക്‌ കയറുന്നതിനുമുമ്പാണ്‌ മുഖ്യമന്ത്രി തന്റെ സ്‌നേഹം അറിയിച്ചത്‌. പാർടിയുടെ കരുത്തുറ്റ നേതാവ്‌ ഊർജസ്വലനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അത്‌. അവിടെ കൂടിയവരുടെ കണ്ണ്‌ നനയിച്ച രംഗം.

ആംബുലൻസിൽ കയറുന്നതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിയുടെ ഡോക്ടർകൂടിയായ ബോബൻ തോമസിനോട്‌ പറഞ്ഞത്‌ "ഡോക്ടറെ അപ്പോൾ എല്ലാം പറഞ്ഞതുപോലെ' എന്നായിരുന്നു. ആ വാക്കുകളിൽ താനടക്കമുള്ള മെഡിക്കൽ സംഘത്തിൽ അർപ്പിച്ച ഉത്തരവാദിത്വം മുഴുവൻ പ്രകടമായിരുന്നു. സഖാവിനെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതെ അപ്പോളോയിൽ എത്തിക്കണമെന്ന വലിയ ഉത്തരവാദിത്വമായിരുന്നു മുഖ്യമന്ത്രി ഏൽപ്പിച്ചതെന്നും ഡോ. ബോബൻ ഓർക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top