24 April Wednesday

കുങ്കികൾ കാട്ടിലെ പൊലീസ്‌

എം എസ്‌ അശോകൻUpdated: Sunday Jan 22, 2023

കുങ്കിയാനകൾ (ഫയൽച്ചിത്രം)


കൊച്ചി
ചങ്ങലയ്‌ക്കിട്ട കാട്ടാന എന്ന വിശേഷണമാകും കുങ്കിയാനകൾക്ക്‌ ഇണങ്ങുക. ഒറ്റക്കാലിൽ കൊരുത്ത ചങ്ങല വലിച്ച്‌ കാടുകയറുന്ന കുങ്കി, ഒറ്റ വിളിയിൽത്തന്നെ ചട്ടത്തിന്‌ കീഴ്‌പ്പെട്ട്‌ കാടിറങ്ങും. ഇടിച്ചോ, അടിച്ചോ, കുത്തിയോ, ഭയപ്പെടുത്തിയോ എതിരാളിയെ തുരത്തും.

രണ്ടുവർഷംവരെയുള്ള കടുത്ത പരിശീലനത്തിലൂടെയാണ്‌ ലക്ഷണമൊത്ത കുങ്കി രൂപപ്പെടുക. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കൽ മുതൽ നാട്ടിലിറങ്ങി ഭീതിവിതയ്‌ക്കുന്നവയെ തുരത്തലും വളഞ്ഞുപിടിച്ച്‌ കൂട്ടിലടയ്‌ക്കലും ഉൾപ്പെടെ  ചുമതലയിൽപ്പെടും. ഏത്‌ ആജ്ഞയും ഏറ്റെടുക്കാൻ പ്രാപ്‌തമാക്കുംവിധം തുമ്പിയിൽ പിടിച്ച മണികിലുക്കൽ, മുട്ടുകുത്തൽ, തുമ്പിക്കും കാലിനും വടംപിടിക്കൽ, രണ്ടുകാലിൽ നിൽപ്പ്‌, വളഞ്ഞുവച്ച ആനയെ കൊട്ടിലിലേക്ക്‌ ആനയിക്കൽ, സ്വയം വണ്ടിയിൽ കയറൽ, തടിപ്പണി എന്നിവയാണ്‌ പരിശീലനപാഠങ്ങൾ. നാട്ടാനകൾക്ക്‌ ചട്ടംവയ്‌ക്കുന്നതുപോലെ കൊടിയ ഉപദ്രവമില്ല. അനുനയവും നല്ല ഭക്ഷണവും സ്വാതന്ത്ര്യവും പ്രധാനം. കുങ്കികളെ പകൽ കാടുകളിലേക്ക്‌ വിടുമെങ്കിലും ഒറ്റക്കാലിൽ ചങ്ങലനീട്ടിയിട്ടിരിക്കും. എന്നെന്നേക്കുമായി കാടുകയറിപ്പോയ കുങ്കികളുമുണ്ട്‌. പിഎം 2നെ പൂട്ടാൻ കൊണ്ടുവന്ന ‘പ്രമുഖ’എന്ന കുങ്കി കാട്ടാനയുമായി കാടുകയറിയത്‌ സമീപകാല സംഭവം.

മൂന്നുവർഷംമുമ്പ്‌ മുത്തങ്ങയിലാണ്‌ കേരളത്തിലെ ആദ്യ കുങ്കിയാന പരിശീലനകേന്ദ്രം തുടങ്ങിയത്‌. എങ്കിലും തമിഴ്‌നാട് വനംവകുപ്പിനുകീഴിലെ ആനമല സങ്കേതംതന്നെ ഇപ്പോഴും പ്രധാന പരിശീലനകേന്ദ്രം. പി ടി 7 ദൗത്യത്തിലുണ്ടായിരുന്ന കോന്നി സുരേന്ദ്രൻ ഇവിടെയാണ്‌ പരിശീലനം നേടിയത്‌. ഇപ്പോൾ മുത്തങ്ങയിലുള്ള കോടനാട്ടെ നീലകണ്‌ഠനൊപ്പം. പെരിയാറിലെ ഒഴുക്കിൽപ്പെട്ട്‌ വന്ന കുട്ടിയാനയാണ്‌ നീലകണ്‌ഠൻ. തള്ളയാന കൊല്ലപ്പെട്ടപ്പോൾ വനംവകുപ്പ്‌ പുനരധിവസിപ്പിച്ച കുട്ടിയാനയാണ്‌ കോന്നി സുരേന്ദ്രൻ. ബത്തേരിയിൽ കൂട്ടിലായ പി എം 2 (പന്തല്ലൂർ മെക്കാന 2)വിനെ കുങ്കി പരിശീലനത്തിനയക്കാനാണ്‌ തീരുമാനം. കുങ്കികളിലെ താരമാണ്‌ ആനമല സങ്കേതത്തിലെ കലീം. ഇപ്പോൾ 58 വയസ്സ്‌. പേപ്പാറ വനമേഖലയെ വിറപ്പിച്ച കൊലകൊല്ലിയെ തളച്ചത്‌ കലീമാണ്‌. 30 വർഷത്തിനിടെ നൂറിലേറെ ദൗത്യങ്ങൾക്കിറങ്ങിയ കലീം വിരമിക്കാനുള്ള ഒരുക്കത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top