27 April Saturday

സാങ്കേതിക സർവകലാശാല ; അറിവിനൊപ്പം സുരക്ഷയും കരുതലും

സ്വന്തം ലേഖികUpdated: Wednesday Nov 2, 2022


തിരുവനന്തപുരം
പഠനവും പാഠ്യേതരവും മാത്രമല്ല, തളരുമ്പോൾ താങ്ങുമാണ്‌ എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല (കെടിയു). രോഗബാധിതരാകുന്ന വിദ്യാർഥികൾക്കും മരിച്ച കുട്ടികളുടെ കുടുംബത്തിനും ധനസഹായം നൽകുന്ന  സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ‘സുര​ക്ഷ’, സാങ്കേതിക സർവകലാശാലയുടെ കീഴിലെ കലാലയങ്ങളുടെ പ്രത്യേകതയാണ്. അപകടത്തിലും കോവിഡിലും മരിച്ചവരുടെ അച്ഛനമ്മമാർക്ക്‌ ഇതുവഴി ധനസഹായം നൽകി.

കോവിഡ് കാലത്ത് ആയിരത്തോളം ലാപ്‌ടോപ് വിതരണം, ഭിന്നശേഷി വിദ്യാർഥികൾക്കായി ആമസോണിന്റെ തൊഴിൽ മേള, പോർട്ടൽ വഴി പരാതി പരിഹരിക്കുന്ന സുതാര്യം പദ്ധതി എന്നിവയെല്ലാം സർവകലാശാലയ്ക്ക് സ്വന്തം. അവസാന സെമസ്റ്റർ പരീക്ഷാഫലത്തിനൊപ്പം പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകളും പോർട്ടൽ വഴി ലഭ്യമാക്കുന്നുണ്ട്‌.

സർക്കാരിനൊപ്പം
ഐടി മിഷന്റെ ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്, തീരദേശ ഹൈവേ വികസന ഡിപിആർ തയ്യാറാക്കുന്ന ട്രാഫിക് സർവേകൾ, കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സംവിധാനം എന്നിവയ്ക്ക് പിന്തുണയുണ്ട്‌. നിഷിനായി ഡിസൈൻ ഓഫ് ആർഗുമെന്റേറ്റീവ് ആൻഡ് അസിസ്റ്റീവ് കമ്യൂണിക്കേഷൻ ഉപകരണം വികസിപ്പിച്ചു. ലാപ്‌ടോപ്പുകൾ, പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തുടങ്ങിയവ നന്നാക്കാൻ സാങ്കേതിക സഹായവും നൽകുന്നു.

പുതുയു​ഗ പഠനം
ബിടെക്കിനൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദവും നൽകുന്ന "മൈനർ ഇൻ എൻജിനിയറിങ്’ നടപ്പാക്കി. ആദ്യ ബാച്ച് 2023-ൽ പുറത്തിറങ്ങും. ‌തൊഴിൽ ഉന്നതിക്ക് ഇൻഡസ്ട്രി എലെക്റ്റിവ് കോഴ്സുകൾ ഉൾപ്പെടുത്തി എംടെക് സിലബസ് നവീകരിച്ചു. വിദേശ സർവകലാശാലകളുമായുള്ള ട്വിന്നിങ് പ്രോഗ്രാമുകളാണ് മറ്റൊന്ന്‌. അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകാൻ യുജിസി അക്കാദമിക് സ്റ്റാഫ് കോളേജുകളുടെ മാതൃകയിൽ മനുഷ്യവിഭവശേഷി വികാസ കേന്ദ്രവുമുണ്ട്‌.

മികവിന്റെ കേന്ദ്രങ്ങൾ
ഗവേഷണങ്ങൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള മൂന്ന് മികവിന്റെ കേന്ദ്രം ആരംഭിച്ചു. 2022–-- 23 വർഷത്തെ ബജറ്റിൽ 30 കോടി രൂപ വകയിരുത്തി. കോളേജുകളിൽ അഞ്ചുകോടിയോളം രൂപയുടെ ഗവേഷണ സംവിധാനങ്ങൾ ആരംഭിച്ചു. ഉന്നത ശാസ്ത്രഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന എൽസെവിയറിന്റെ സാങ്കേതികസേവനം കോളേജുകൾക്കുണ്ട്‌. കോഴ്സുകൾ കൂടുതൽ വൈവിധ്യവൽക്കരിക്കാനും വ്യവസായബന്ധിതമാക്കാനും ‘ബോർഡ് ഓഫ് സ്കിൽസ്’ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top