29 March Friday

ചമയങ്ങളില്ലാത്ത ചിരി പടർത്തിയ പടന്നയിൽ

എം എസ്‌ അശോകൻUpdated: Friday Jul 23, 2021



കൊച്ചി> പരിചയങ്ങളോടെല്ലാം ചിരിച്ച്‌, പഴയ റാലി സൈക്കിൾ ഓടിച്ച്‌ എപ്പോഴും നഗരത്തിലുണ്ടായിരുന്നു നടൻ എം എസ്‌ തൃപ്പൂണിത്തുറ. സിനിമയൊഴിഞ്ഞ ഇടവേളകളിൽ സർബത്ത്‌ കൂട്ടിയും അടയ്‌ക്ക വെട്ടിയും കണ്ണൻകുളങ്ങരയിലെ മുറുക്കാൻകടയിൽ ഉണ്ടാകുമായിരുന്നു നടൻ കെ ടി എസ്‌ പടന്നയിൽ. നഗരംതൊടാതെ ബൈപാസ്‌ വഴി ഗാന്ധി സ്‌ക്വയറിലേക്ക്‌ വണ്ടി തിരിക്കുന്നവർക്ക്‌ ആ കുടുസ്സുമുറി കടയും കച്ചവടക്കാരനും കൗതുകക്കാഴ്‌ചയായിരുന്നു. ഇനിയേതാ സിനിമ എന്നു കുശലം ചോദിക്കുന്നവരോട്‌, ഒടുവിൽ അഭിനയിച്ച സിനിമയുടെ പേരുമാത്രം പറഞ്ഞ്‌ അവസാനിപ്പിക്കുന്നതായിരുന്നു കച്ചവടക്കാരന്റെ വേഷമിടുമ്പോൾ പടന്നയിലിന്‌ സിനിമയുമായുള്ള ബന്ധം. എങ്കിലും ഒരു ഫോൺവിളിയുടെ അകലത്തിൽ പുതിയ സെറ്റിലേക്ക്‌ യാത്രയാകാൻ കടയിൽ എപ്പോഴും ഒരു ജോടി ഉടുപ്പ്‌ കരുതിയിരുന്നു പടന്നയിൽ.

പേരെടുത്ത നാടകട്രൂപ്പുകളുടെയെല്ലാം ഭാഗമായി അഞ്ചുപതിറ്റാണ്ടിലേറെ വേദിയിൽ നിറഞ്ഞുനിന്നെങ്കിലും സിനിമയാണ്‌ പടന്നയിലിനെ പ്രശസ്‌തനാക്കിയത്‌. കാൽനൂറ്റാണ്ടുമുമ്പായിരുന്നു ആദ്യസിനിമ. രാജസേനന്റെ അനിയൻബാവ ചേട്ടൻബാവ. നാടകവേദിയുടെ കാമ്പായിരുന്നു സിനിമയിലും കരുത്ത്‌. രംഗത്തുണ്ടെങ്കിൽ അഭിനയിച്ച്‌ നിറയുന്ന തനതുശൈലി  സിനിമയിലും പാളിയില്ല. അൽപ്പമൊന്നു കൂനിയ കുഞ്ഞുശരീരത്തിന്റെ ഓതിരം കടകവും മിഴിവോടെ വിടരുന്ന കണ്ണും മുഖവും ഡയലോഗ്‌ ഡെലിവറിയുടെ മുഴക്കവും ഹാസ്യത്തിലെ പടന്നയിൽശൈലിയായി. പടന്നയിൽ പയറ്റിപ്പടരുന്ന രംഗങ്ങളിൽ  പലപ്പോഴും നായകവേഷങ്ങളും അപ്രസക്തരായി. പല്ലില്ലാത്ത മോണ കാണിച്ചുള്ള ഒറ്റച്ചിരിയിൽ രംഗം പിടിച്ച പടന്നയിൽ, തൊണ്ണൂറുകളിൽ തരംഗമായ ചിരിയിൽ ചാലിച്ച കുടുംബചിത്രങ്ങളുടെ അവിഭാജ്യഘടകമായി. അത്തരം വേഷങ്ങളിൽ പതിവായി കാസ്‌റ്റ്‌ ചെയ്‌തവർക്ക്‌ മടുത്തില്ലെങ്കിലും പടന്നയിലിന്‌ മടുത്തിരുന്നു. അതുപക്ഷേ, ക്യാമറയ്‌ക്കുമുന്നിൽ പ്രകടിപ്പിച്ചില്ല.  കിട്ടിയ വേഷങ്ങളെല്ലാം പ്രായത്തെ വെല്ലുന്ന ഊർജം പ്രസരിപ്പിച്ച്‌ അവിസ്‌മരണീയമാക്കി. അതുകൊണ്ടുകൂടിയാകണം സിൽക്ക്‌ ജൂബയും സ്വർണ ഫ്രെയിം കണ്ണടയും ധരിച്ച്‌ കണ്ണൻകുളങ്ങരയിലെ മുറുക്കാൻപീടികയിലിരിക്കുന്ന പടന്നയിലിനുനേരെ സിനിമാപ്രേമികൾ എപ്പോഴും കൗതുകനോട്ടം എറിഞ്ഞിരുന്നത്‌.

നാടകത്തോടും അഭിനയത്തോടുമുള്ള അഭിനിവേശമല്ലാതെ ഒന്നും കൈമുതലായുണ്ടായിരുന്നില്ല. കുടുംബത്തിലെ ഇല്ലായ്‌മകൾമൂലം വിദ്യാഭ്യാസം സ്‌കൂൾതലത്തിൽ അവസാനിച്ചു. കൂലിപ്പണിക്കാരനായി. വിവാഹദല്ലാൾ എന്ന നാടകം സംവിധാനം ചെയ്‌ത്‌ പ്രധാന വേഷത്തിൽ അഭിനയിച്ചാണ്‌ നാടകപ്രവേശം. അമച്വർ നാടകങ്ങളിലൂടെ പ്രധാന ട്രൂപ്പുകളുടെ ഭാഗമായി. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന എന്നിവ അതിൽ ചിലത്‌. എണ്ണമില്ലാത്തത്ര നാടകങ്ങളിൽ വേഷമിട്ടു. ഇതിനിടെ തിരുവനന്തപുരത്ത്‌ നാടകം അവതരിപ്പിക്കുമ്പോൾ സംവിധായകൻ രാജസേനന്റെ കണ്ണിലുടക്കി, സിനിമയിലേക്ക്‌. നരേന്ദ്രപ്രസാദും രാജൻ പി ദേവും ജയറാമും തകർത്താടിയ അനിയൻബാവ ചേട്ടൻബാവയിൽ പടന്നയിലിന്റെ മുത്തച്ഛൻവേഷം ശ്രദ്ധനേടി. അവന്റെ മകനാണിവൻ, ഇവന്റെ മകനാണവൻ എന്ന ഡയലോഗിലൂടെ പടന്നയിൽ മിമിക്രിവേദികളിലും മുഴങ്ങിത്തുടങ്ങി. തുടർന്നിങ്ങോട്ട്‌ സിനിമാതിരക്ക്‌. വൃദ്ധൻമാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ നൂറ്റിനാൽപ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ. ഒടുവിൽ വേഷമിട്ട മാനം തെളിഞ്ഞു, അവരുടെ വീട്, ജമീലാന്റെ പൂവൻകോഴി തുടങ്ങിയ ചിത്രങ്ങൾ റിലീസ്‌ ചെയ്യാനുണ്ട്‌. ഏതാനും സീരിയലുകളിലും വേഷമിട്ടിരുന്നു.

സിനിമയിൽ നല്ല തിരക്കുള്ള കാലത്തും ഇടവേളകളിൽ കണ്ണൻകുളങ്ങരയിലെ പീടികയിൽ പടന്നയിൽ ഉണ്ടാകുമായിരുന്നു. അടുപ്പമുള്ളവരോട്‌ ഇപ്പോൾ  സിനിമയില്ല എന്നു പറയുന്നതിൽ ഒരു കുറവും കണ്ടില്ല. അഭിനയവും സിനിമയും തന്റെ വഴിയാണെന്നും അത്‌ ജീവിതവും സൗകര്യങ്ങളും നൽകിയെന്നും പടന്നയിൽ മറയില്ലാതെ പറയും. അപ്പോഴും പിന്നിട്ട ജീവിതപ്പാതകളുടെ കാഠിന്യമാകണം ചമയങ്ങളില്ലാതെ മുറുക്കാൻകടയിലേക്ക്‌ പടന്നയിലിനെ വഴിനടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top