09 December Saturday

തോണിയേറി ചരിത്രമങ്ങനെ

വിനോദ്‌ പായംUpdated: Saturday Aug 19, 2023


1943 മാർച്ചിലെ തേജസ്വിനിപ്പുഴ

കയ്യൂർ കേസിലെ പ്രതികൂടിയായ കുതിരുമ്മൽ അയമ്മദാണ്‌ തോണി തുഴയുന്നത്‌. ഉള്ളുകലങ്ങിയിട്ടുണ്ട്‌ തേജസ്വിനിക്ക്‌. അന്നതിന്റെ പേര്‌ കാര്യങ്കോട്‌ പുഴ. തോണിയിൽ കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി പി സി ജോഷി, പി കൃഷ്‌ണപിള്ള, പി സുന്ദരയ്യ, പി സി കാർത്യായനിക്കുട്ടിയമ്മ, കാര്യങ്കോടിന്‌ തേജസ്വിനിയെന്ന്‌ പേരിട്ട കന്നഡ നോവലിസ്റ്റ്‌ നിരഞ്ജന എന്നിവരും. നിറം മങ്ങിയ ചിത്രത്തിലിന്നും ചരിത്രം വജ്രംപോലെ തിളങ്ങി നിൽപ്പുണ്ട്‌.
 
സ്ഥലം: കയ്യൂരിലെ താങ്കൈക്കടവ്‌
കാലം: 1943 മാർച്ച്‌ 29ന്റെ 
തലേന്നാൾ വൈകിട്ട്‌

ചെറുവത്തൂരിൽനിന്ന്‌ തോണിയിൽ കയറിയതുമുതൽ കൃഷ്‌ണപിള്ള ചിന്താഭാരത്തിൽ വലഞ്ഞു. ‘‘അവരെ ആശ്വസിപ്പിക്കണം; വിഷമിക്കാനൊന്നുമില്ലെന്ന്‌ അവരോട്‌ പറയണം’’, അന്നുരാവിലെ കണ്ണൂർ ജയിലിൽ മഠത്തിൽ അപ്പുവും ചിരുകണ്ടനും പൊടോര കുഞ്ഞമ്പുനായരും പള്ളിക്കാൽ അബൂബക്കറും നേതാക്കളോട്‌ പറഞ്ഞയച്ച സന്ദേശമിതാണ്‌. ആ സന്ദേശം വീടിനോടും നാടിനോടും പകരാൻ ത്രാണിയില്ലാതെയാണ്‌ കൃഷ്‌ണപിള്ള അന്ന്‌ ഉച്ചയ്‌ക്കുശേഷം കണ്ണൂർ ജയിലിൽനിന്ന്‌ പുറപ്പെട്ട്‌ കയ്യൂർ താങ്കൈക്കടവിറങ്ങുന്നത്‌. നേതാക്കളെ മുദ്രാവാക്യം വിളികൾ പിന്തുടർന്നു. അത്രമേൽ ചിന്താഭാരമുള്ളവനായി കൃഷ്‌ണപിള്ളയെ ആരും കണ്ടിട്ടില്ല. മലയാളമറിയാത്ത ജോഷിയുടെയും സുന്ദരയ്യയുടെയും പ്രസംഗം മൊഴിമാറ്റാനുള്ള ചുമതലയും കൂടിയുണ്ട്‌ സഖാവിന്‌. എത്രമേൽ കഠിനദുഃഖങ്ങളെയാണ്‌ പരാവർത്തനം ചെയ്യേണ്ടത്‌–- അദ്ദേഹം ചിന്തിച്ചിരിക്കണം.

‘‘... നമ്മുടെ പ്രാചീനനായ ഭൂമിയെ ഇന്നത്തെ കുഴപ്പത്തിൽനിന്ന്‌ രക്ഷിച്ച്‌ ജനകീയ നിവാരണമുണ്ടാക്കുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി ഇന്നുമാത്രമല്ല, നമ്മുടെ കൊടിക്ക്‌ താഴെ അണിനിരന്നതുമുതൽ ഞങ്ങൾ തയ്യാറായിരുന്നു. ഞങ്ങളുടെ ജീവൻ നാടിന്‌ ഉഴിഞ്ഞുവച്ചതാണ്‌. അവർക്കായി മരിക്കുന്നതിൽ ഞങ്ങൾക്ക്‌ വിഷമമില്ല. സ്വാതന്ത്ര്യം നേടിയെടുക്കാൻ, ഞങ്ങളുടെ സ്ഥാനത്ത്‌ പുതിയ യുവാക്കൾ കടന്നുവരുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌...’’ ജയിലിൽനിന്ന്‌ ആ ധീരർ എഴുതിയ കത്ത്‌ കൃഷ്‌ണപിള്ളയുടെ മനസ്സിൽ കിടന്ന്‌ പൊള്ളി.

കയ്യൂരിന്റെ 
തീരത്ത്‌
അബൂബക്കറിന്റെ ഉമ്മയൊഴികെ നാട്ടുകാരെല്ലാവരും നേതാക്കളെ സ്വീകരിക്കാൻ ആ വൈകിട്ട്‌ താങ്കൈക്കടവിലെത്തി. വധശിക്ഷ ഒഴിവാക്കാൻ ബ്രിട്ടീഷ്‌ പാർലമെന്റിലെ ലിബറൽ അംഗങ്ങൾ സമ്മർദം ചെലുത്തുന്നതായി പി സി ജോഷി പറഞ്ഞു. സങ്കടത്താൽ മൊഴിമാറ്റാൻ പറ്റാതെ കൃഷ്‌ണപിള്ള അശക്തനായി. അപ്പീൽ പ്രിവ്യൂ കൗൺസിലിന്റെ വിചാരണയ്‌ക്ക്‌ എത്തിയതും ഇതിനായി ഡി എൻ പ്രിറ്റ്‌ എന്ന അഭിഭാഷകനെ നിയോഗിച്ചതും സഹായിക്കാൻ വി കെ കൃഷ്‌ണമേനോനുള്ളതും ജോഷി വിവരിച്ചു.

സംസാരത്തിനിടെ വിങ്ങിയ ജോഷി അഞ്ചു മിനിറ്റ്‌ പറഞ്ഞുനിർത്തി. മൊഴിമാറ്റിയശേഷവും കൃഷ്‌ണപിള്ള അന്ന്‌ സംസാരിച്ചില്ല. ഇരമ്പുന്ന മൗനത്തിന്റെ സായാഹ്നമായിരുന്നു അത്‌. കുടുംബങ്ങൾക്ക്‌ നൽകാൻ സ്വരൂപിച്ച തുക വിറയ്‌ക്കുന്ന കൈകളാൽ കൃഷ്‌ണപിള്ള കൈമാറി. വീരസന്താനങ്ങളെ പെറ്റ അമ്മമാരെ കണ്ടും ഓർത്തും നേതാക്കൾ വല്ലാതെ വിങ്ങിപ്പോയി. ചടങ്ങിന്‌ എത്താതിരുന്ന അബൂബക്കറിന്റെ ഉമ്മയെ പാലായിയിലെ വീട്ടിലെത്തി കണ്ട്‌ നേതാക്കൾ ആശ്വസിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top