26 April Friday

കേരളം 2021

വെബ് ഡെസ്‌ക്‌Updated: Friday Dec 31, 2021

2021നെ കേരളം അടയാളപ്പെടുത്തുക മാറിയ രാഷ്‌ട്രീയസാഹചര്യം വിലയിരുത്തിയാകുമെന്ന കാര്യത്തിൽ സംശയമില്ല. മഹാമാരിയും പ്രകൃതിദുരന്തങ്ങളും വേട്ടയാടിയപ്പോൾ കരുതലോടെ കാത്തതിന്‌ കേരളജനത തിരിച്ചുനൽകിയതാണ്‌ ചരിത്രത്താളുകളിൽ ഇടംപിടിച്ച  തുടർഭരണം. പ്രതിസന്ധികളെ സധൈര്യം നേരിട്ട്‌  വികസനപാതയിൽ നിശ്‌ചയദാർഢ്യത്തോടെ നീങ്ങിയ എൽഡിഎഫ്‌ സർക്കാരിന്‌ രണ്ടാമൂഴം. പതിവു വഴികളിൽനിന്ന്‌ മാറിനടന്ന കേരളത്തിന്റെ മനസ്സ്‌ കൂടുതൽ അംഗീകാരത്തോടെ പിണറായി വിജയൻ സർക്കാരിന്‌ ഭരണത്തുടർച്ച നൽകി. കേരളം വീണ്ടും രാജ്യത്തിന്‌ വഴികാട്ടി. സർവേകളിലും പഠനങ്ങളിലും എന്നും മുന്നിൽ ഈ കൊച്ചു സംസ്ഥാനം. 1957ൽ ബാലറ്റ്‌ പേപ്പറിലൂടെ ആദ്യം അധികാരത്തിലെത്തിയ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ദിശകാട്ടിയ പാതയിലൂടെ മുന്നോട്ടു കുതിക്കുകയാണ്‌ കേരളം

ഉയരേ കേരളം
ബാലറ്റിലൂടെ ഒരു കമ്യൂണിസ്റ്റ്‌ സർക്കാർ ആദ്യമായി അധികാരമേറ്റ അതേ കേരളത്തിന്റെ ചുവന്ന മണ്ണിൽ വീണ്ടും പുതിയ ചരിത്രമെഴുതി. സമാനതകളില്ലാത്ത ജനപിന്തുണയുമായി, ആദ്യമായി ഒരു ഇടതുപക്ഷ സർക്കാർ തുടർഭരണം നേടിയതിന്റെ ഉജ്വലമുഹൂർത്തങ്ങൾക്ക്‌ കഴിഞ്ഞ മേയ്‌ സാക്ഷിയായി. 99 സീറ്റുമായാണ്‌ പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ച നേടിയത്‌.

വന്നൂ, ഗെയിൽ
ഗെയിൽ പദ്ധതി നടപ്പാക്കിയാൽ പിണറായി വിജയൻ ഇച്ഛാശക്തിയുള്ള നേതാവാണെന്ന്‌ സമ്മതിക്കാമെന്ന്‌ വെല്ലുവിളിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാക്കുപാലിച്ചില്ലെങ്കിലും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കി മുഖ്യമന്ത്രി വാക്കുപാലിച്ചു. പൈപ്പ്‌ലൈൻ ജനുവരി അഞ്ചിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനംചെയ്‌തപ്പോൾ അഭിമാനംകൊണ്ടവർക്കെല്ലാം മുൻ യുഡിഎഫ്‌ സർക്കാർ ഒഴിവാക്കിപ്പോയ പദ്ധതിയാണ്‌ ഇതെന്ന്‌ തുറന്നുസമ്മതിക്കേണ്ടിവന്നു.

ആകാശംതൊടുന്ന പാതകൾ
പല വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കുരുക്ക്‌ അഴിച്ച്‌ കേരളം കുതിച്ചതിനും 2021 സാക്ഷിയായി. ജനുവരി 28ന്‌ ആലപ്പുഴ ബൈപാസിലൂടെ വാഹനങ്ങൾ ഓടിയിറങ്ങിയത്‌ കേരളത്തിന്റെ, എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിക്ക്‌ തെളിവായി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ (ജനുവരി ഒമ്പത്‌) തുറന്നതും ദേശീയപാത വികസനത്തിന്റെ കരമന കളിയിക്കാവിള റീച്ച്‌ ഉദ്‌ഘാടനംചെയ്‌തതും (ഫെബ്രുവരി 11) യുഡിഎഫ്‌ സർക്കാർ അഴിമതിയാൽ കെട്ടിപ്പൊക്കിയ പാലാരിവട്ടംപാലം പൊളിച്ച്‌ മാസങ്ങൾകൊണ്ട്‌ പുതുക്കിപ്പണിത്‌ (മാർച്ച്‌ ഏഴിന്‌) ഗതാഗതയോഗ്യമാക്കിയതും ചാക്ക മേൽപ്പാലം തുറന്നതും മലബാർ മേഖലയിൽ സ്ഥലമേറ്റെടുത്ത്‌ ആറുവരിപ്പാത പണി ആരംഭിച്ചതും സമാനതകളില്ലാത്ത നേട്ടമാണ്‌. വർഷങ്ങളായി പണിതീരാതെ നിന്ന പാലക്കാട്‌ –-തൃശൂർ റൂട്ടിലെ കുതിരാൻ തുരങ്കപാത തുറന്നതും ഈ വർഷത്തെ സുവർണനേട്ടം.

അതിവേഗത്തിന്‌ കെ ഫോൺ
കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം ഫെബ്രുവരി 15നു മുഖ്യമന്ത്രി നിർവഹിച്ചു.

സെഞ്ച്വറിയടിച്ച പെട്രോളും ഡീസലും
എണ്ണവില റോക്കറ്റിനേക്കാൾ വേഗത്തിൽ കുതിച്ചുയർന്നതും ഈവർഷം. പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ദിനംപ്രതിയെന്നോണം കമ്പനികൾ വില കൂട്ടി. ജനുവരി ആദ്യം 85ഉം 79ഉം രൂപയുണ്ടായിരുന്ന പെട്രോളും ഡീസലും ഒക്‌ടോബറിൽ സെഞ്ച്വറിയടിച്ചു.

വികസനം ഒഴുകുന്ന പുഴകൾ
കോവളം ബേക്കൽ പശ്ചിമതീര ജലപാത ഫെബ്രുവരി 15നു മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തു. ടൂറിസം മേഖലയിലും ചരക്ക്‌ ഗതാഗതത്തിലും സുപ്രധാന നാഴികക്കല്ലാണ്‌ ഇത്‌.

പവർ ഹൈവേ
രാജ്യത്തെ ആദ്യ എച്ച്‌വിഡിസി ലൈൻ (ഹൈ വോൾട്ടേജ്‌ ഡയറക്ട്‌ കറണ്ട്‌). പ്രസരണനഷ്ടം കുറഞ്ഞ രാജ്യത്തെ ആദ്യ വൈദ്യുത ലൈൻ തമിഴ്‌നാട്ടിലെ പുഗലൂരിൽനിന്ന്‌ മാടക്കത്തറയിലേക്ക്‌ പ്രധാനമന്ത്രി ഉദ്‌ഘാടനംചെയ്‌തു. 2017ൽ ആരംഭിച്ച പവർഗ്രിഡ്‌സ്‌ 320 കെവി 2000 മെഗാവാട്ട്‌ ലൈനും കൂറ്റൻ സ്‌റ്റേഷനുമാണ്‌ 2021 ഫെബ്രുവരി 19നു യാഥാർഥ്യമാക്കിയത്‌.

ഡിജിറ്റൽ സർവകലാശാല
വിജ്ഞാനാധിഷ്‌ഠിത സമൂഹമാകാനുള്ള ചുവടുവയ്‌പിന്‌ ഊർജമേകി കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഡിജിറ്റൽ സയൻസസ്‌ ഇന്നവേഷൻ ആൻഡ്‌ ടെക്‌നോളജി (ഡിജിറ്റൽ സർവകലാശാല) യാഥാർഥ്യമായി. കഴക്കൂട്ടം ടെക്‌നോസിറ്റിയിലാണ്‌ ഫെബ്രുവരി 20നു രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല ആരംഭിച്ച്‌ ഉന്നതവിദ്യാഭ്യാസരംഗത്തിന്‌ പുതിയ ദിശാബോധം പകർന്നത്‌.

ഷാജിയുടെ അനധികൃത സ്വത്തും കൊട്ടാരവീടും
അഴീക്കോട്‌ എംഎൽഎയായിരുന്ന കെ എം ഷാജി സ്‌കൂളിന്‌ പ്ലസ്‌ ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന്‌ ലീഗുകാർ തന്നെ പരാതി നൽകി. അന്വേഷണത്തിൽ ‘ഇഞ്ചി’ക്കൃഷിയിലൂടെ സമ്പാദിച്ച കോടികൾകൊണ്ട്‌ അനുമതിയില്ലാതെ കെട്ടിപ്പൊക്കിയ വീടും ഭൂമികൈയേറ്റവും ഉൾപ്പെടെ വിജിലൻസ്‌ കണ്ടെത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിനെന്ന പേരിൽ ‘പിരിച്ച’ പണവും വീട്ടിലെ കട്ടിലിനടിയിൽ ചാക്കുകെട്ടിൽനിന്ന്‌ പിടിച്ചെടുത്തു.

ജീവനെടുക്കുന്ന പ്രണയപ്പക
ദൃശ്യ, മാനസ, നിതിന … പ്രണയപ്പക മരണത്തിലേക്ക്‌ വലിച്ചിഴച്ച പേരുകൾ തുടരുകയാണ്‌. ഒടുവിലത്തെ ഇര തിക്കോടിയിലെ കൃഷ്ണപ്രിയ. ജൂൺ 17, മലപ്പുറം ഏലംകുളത്ത്‌ വീട്ടിൽ എത്തിയാണ്‌ ഇരുപത്തൊന്നുകാരി ദൃശ്യയെ പ്രതി വിനീഷ് വിനോദ്‌ കുത്തിക്കൊന്നത്‌. ജൂലൈ 30ന്‌ കോതമംഗലത്തെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ ഹൗസ് സർജനായിരുന്ന പി വി മാനസയെ വെടിവച്ചുകൊന്ന്‌ രാഖിൽ ആത്മഹത്യ ചെയ്തു. ഒക്‌ടോബർ ഒന്ന്‌, പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ ക്യാമ്പസിൽ നിതിനാമോളിനെ (22, ദേവു) അഭിഷേക്‌ ബൈജു (20) കഴുത്തുമുറിച്ചുകൊന്നു. ഫുഡ്‌ പ്രോസസിങ്‌ ടെക്‌നോളജി മൂന്നാംവർഷ വിദ്യാർഥികളായിരുന്ന ഇരുവരും. പ്രണയം നിരസിച്ചതിനാണ്‌ തിക്കോടിയിലെ കൃഷ്‌ണപ്രിയയെ നന്ദുകുമാർ തീയിട്ടുകൊന്നതും (ഡിസംബർ 17). തൊട്ടടുത്ത ദിവസം ഇയാളും മരിച്ചു.

വേദനയായി 
വിസ്‌മയമാർ
നാടാകെ മാറിയിട്ടും മനസ്സിൽ ഇത്തിരിപ്പോലും നേരിന്റെ വെളിച്ചം സൂക്ഷിക്കാത്ത ചിലർ ഇപ്പോഴുമുണ്ട്‌ എന്നതിൽപ്പരം നാണക്കേട്‌ കേരളത്തിന്‌ വേറെയില്ല. സ്‌ത്രീധനം പോരാത്തതിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിച്ച വിസ്‌മയയും വീട്ടുകാരെ അറിയിക്കാതെ ഭർതൃപീഡനം സഹിച്ച്‌ മരണത്തിലേക്ക്‌ തൂക്കുകയറിട്ട മൊഫിയ പർവീണും തീരാവേദനകൾതന്നെ. അപ്പോഴും കൊല്ലം അഞ്ചലിൽ ഉത്രയെ മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചുകൊന്ന ഭർത്താവ്‌ സൂരജിന്‌ 17 വർഷം തടവും ഇരട്ട ജീവപര്യന്തവും വിധിച്ചത്‌ സമൂഹത്തിനു സന്ദേശവുമാകുന്നു.

അഭിമാനമായി 
കെഎഎസ്‌
വർഷങ്ങളായുള്ള കേരളത്തിന്റെ സ്വപ്‌നം കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്‌ (കെഎഎസ്) മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 24ന്‌ ഉദ്‌ഘാടനംചെയ്‌തു. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ പരിശീലനത്തിനാണ്‌ തുടക്കമായത്‌.

കോവിഡ്‌ പ്രതിരോധത്തിന്റെ കേരളമാതൃക
കഴിഞ്ഞദിവസം കേരളത്തിൽ എത്തിയ രാഷ്ട്രപതി കേരളത്തെ വാനോളം പുകഴ്‌ത്തിയത്‌ കോവിഡ്‌ പ്രതിരോധത്തിന്റെ പേരിലും കേരളത്തിന്റെ നേട്ടങ്ങളുടെ പേരിലുമായിരുന്നു. 2020 ജനുവരി പതിനാറിനാണ്‌ പ്രധാനമന്ത്രി രാജ്യമാകെ വാക്‌സിനേഷൻ ഉദ്‌ഘാടനം നിർവഹിച്ചത്‌. ഒരു തുള്ളിപോലും പാഴാക്കാതെ കേന്ദ്രത്തിന്റെ എല്ലാ അവഗണനയ്‌ക്കിടയിലും വാക്‌സിനേഷനിൽ ഒന്നാമതാകാൻ കേരളത്തിനായി. മികച്ച പ്രതിരോധപ്രവർത്തനങ്ങളും ചികിത്സയും ധനസഹായവും ഉൾപ്പെടെ നൽകിയത്‌ കേരളമായിരുന്നു. കേരളത്തിലെ ഒരു ആശുപത്രിയും ഒരിക്കലും നിറഞ്ഞില്ലെന്നതും ശ്രദ്ധേയം.

മഴ തന്നെ മഴ
രണ്ട്‌ പ്രളയത്തിനു പിന്നാലെ പെരുമഴക്കാലംതന്നെ പെയ്‌തതോർത്താണ്‌ 2021ഉം കേരളത്തോട്‌ വിടപറഞ്ഞകലുന്നത്‌. 23 ശതമാനം അധിക മഴയാണ്‌ ഇക്കുറി ലഭിച്ചത്‌. ശരാശരി 2923.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണ്‌ 3610.1 മില്ലി മീറ്റർ മഴ പെയ്‌തത്‌. നിരവധി തവണ അണക്കെട്ടുകൾ തുറന്ന്‌ ജലം ഒഴുക്കിവിടേണ്ടിവന്നു. 121 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും 2021 ഒക്ടോബറിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top