25 April Thursday
രണ്ടാം പിണറായി സർക്കാരിന്റെ വാർഷിക സമ്മാനം

വെള്ളൂർ പേപ്പറിൽ കാലത്തിന്റെ കെെയൊപ്പ്

എസ്‌ മനോജ്‌Updated: Friday May 20, 2022



വെള്ളൂർ(കോട്ടയം )
തുരുമ്പിച്ച്‌ അടർന്നുപോയേക്കുമായിരുന്ന യന്ത്രങ്ങൾക്ക്‌ മാത്രമല്ല, അവയ്‌ക്കൊപ്പം ജീവിതം ചലിച്ചിരുന്ന ഒരു നാടിനുകൂടിയാണ്‌ പ്രാണൻ തിരികെ കിട്ടിയത്‌. നിശ്‌ചയദാർഢ്യത്തിന്റെ ഒരു വിരൽ അമർന്നപ്പോൾ തൂവെള്ള പേപ്പർറീലുകൾ യന്ത്രഭാഗങ്ങളിലൂടെ ഒഴുകിയെത്തി. ജനസാഗരത്തെ സാക്ഷിയാക്കി ആ വെള്ളക്കടലാസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈയൊപ്പ്‌ ചാർത്തി.

കാലത്തിനുമേൽ ചരിത്രം രചിച്ച ആ കൈയൊപ്പ് എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ മലയാളികൾക്കുള്ള സമ്മാനമായി.  ഇങ്ങനെയൊരു മുഹൂർത്തം രാജ്യത്താദ്യം. ആറുവർഷമായി നഷ്ടത്തിന്റെ പേരിൽ കേന്ദ്രസർക്കാർ പൂട്ടിയിട്ട വെള്ളൂർ എച്ച്‌എൻഎൽ ഏറ്റെടുത്ത്‌ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ (കെപിപിഎൽ) ആയി പുനരുദ്ധരിച്ച്‌ വിജയിപ്പിക്കുന്നതിന്റെ കാൽവയ്‌പുകൂടിയായി ഈ അപൂർവനിമിഷം. രണ്ടാം പിണറായി സർക്കാരിന്റെ  ബദൽവികസന നയംവഴി രാജ്യത്തിന്‌ സമ്മാനിച്ച മറ്റൊരു വികസനപാഠം. 

മൂവാറ്റുപുഴയോരത്തെ എഴുനൂറേക്കർ ഭൂമിയും കോടികളുടെ യന്ത്രങ്ങളും കേന്ദ്രസർക്കാർ വിൽപ്പനയ്‌ക്കുവച്ചപ്പോൾ കിൻഫ്രയിലൂടെയാണ്‌ കേരളം വിലപേശി വാങ്ങിയത്‌. പുതുവർഷദിനത്തിൽ പുനരുദ്ധാരണ ജോലികൾ തുടങ്ങി. പിണറായി സർക്കാരിന്റെ നിശ്‌ചയദാർഢൃത്തിന്റെ പ്രതിഫലനവുമായി നിശ്ചിത സമയത്തിന്‌ മുമ്പേ ഉൽപ്പാദനം തുടങ്ങി. ഇനി 3000 കോടി വിറ്റുവരവിലേക്ക്‌. പ്രതിവർഷം അഞ്ച്‌ ലക്ഷം മെട്രിക്‌ ടൺ  ഉൽപ്പാദനമാണ്‌ ലക്ഷ്യം. 

എൽഡിഎഫിന്റെ മുൻ പ്രഖ്യാപനം ഇച്ഛാശക്തിയോടെ നടപ്പാക്കിയതാണ്‌ വെള്ളൂരിലൂടെ രാജ്യം കണ്ടത്‌. ഇനി ഇവിടെ കേരള റബർ ലിമിറ്റഡും വ്യവസായ പാർക്കും. 46 മാസംകൊണ്ട്‌ നാല്‌ ഘട്ടമായാണ്‌ ഈ ലക്ഷ്യത്തിലെത്തുക. മന്ത്രി പി രാജീവ്‌ അധ്യക്ഷനായി.  മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. ഉമ്മൻചാണ്ടി എംഎൽഎ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top