19 April Friday
ഓർമകൾ ‘സാന്ദ്ര’മായി

കൂട്ടിക്കൽ ഉണർന്നു, പുതുവെളിച്ചത്തിലേക്ക്‌

പി സി പ്രശോഭ്‌Updated: Monday Nov 1, 2021

കൂട്ടിക്കൽ അപകടത്തിൽ മരിച്ച സാന്ദ്രയുടെ സഹപാഠി ആലിയ ഫാത്തിമ പ്രിയസുഹൃത്തിന്റെ ഓർമയിൽ 
വിതുമ്പുന്നു. ഇൻസെറ്റിൽ സാന്ദ്ര. ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ


കൂട്ടിക്കൽ
കടപുഴകിവീണ ഓർമകളുടെ നോവിനുമേൽ പതിയെ അവർ അക്ഷരലോകത്തേക്ക്‌ കാൽവെച്ചു.  സംഹാരതാണ്ഡവമാടിയ പ്രകൃതി തകർത്തെറിഞ്ഞ കൂട്ടിക്കലിൽ പുതിയ പ്രഭാതത്തിനാണ്‌ പ്രവേനോത്സവം തുടക്കമിട്ടത്‌. തകർത്തെറിഞ്ഞതെല്ലാം തിരികെപിടിക്കാൻ കൂട്ടിക്കലൊന്നാകെ സ്‌കൂൾ മുറ്റത്തെത്തി. അപ്പോഴും അവരിലൊരുവിങ്ങൽ ഉരുൾപൊട്ടിയൊഴുകി, ‘സാന്ദ്ര’മൗനമായി നിന്നു. ‘സാന്ദ്ര’മാമോർമയായ അവളെയോ ർത്ത്‌ കൂട്ടുകാരുടെ കണ്ണ്‌ നിറഞ്ഞു.

കഴിഞ്ഞ 16ന്‌ കൂട്ടിക്കലിനെ വിറപ്പിച്ച ഉരുൾപൊട്ടലാണ്‌ കെസിഎം എൽപി സ്‌കൂളിലെ സാന്ദ്ര മാർട്ടിനെ അവരിൽനിന്നകറ്റിയത്‌. സ്‌കൂൾമുറ്റത്ത്‌ പൂത്തുമ്പിയെപ്പോലെ പാറിനടക്കേണ്ടവൾ ഇനിയൊരിക്കലുമുണരാതെ കാവാലി സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ കുടുംബത്തിനൊപ്പമാണിന്ന്‌.
സഹപാഠികളെല്ലാം സാന്ദ്രയെക്കുറിച്ച്‌ ഓർമകൾ പങ്കുവച്ചപ്പോൾ ഉറ്റ കൂട്ടുകാരി ആലിയ ഫാത്തിമ ഒരക്ഷരംപോലും പറയാനാകാതെ വിതുമ്പി. 

സാന്ദ്രയുടെ മാതാപിതാക്കളും സ ഹോദരങ്ങളുമടക്കം മരിച്ചു. " ഉരുൾപൊട്ടലിന്‌ അഞ്ചു മിനിറ്റ്‌ മുമ്പ്‌ വരെ എനിക്ക്‌ വാട്‌സാപ്പിൽ മെസേജ്‌ അയച്ചിരുന്നു.'–- സഹപാഠിയും അയൽവാസിയുമായ നേഹ റോസ്‌ പ്രസൂൺ പറഞ്ഞു. " ഇവിടെ മണ്ണിടിയുന്നുണ്ടെന്ന്‌ പറഞ്ഞു.  വീഡിയോയും അയച്ചുതന്നു. ഞങ്ങളുടെ വീട്ടിലേക്ക്‌ പോരാൻ ഞാൻ പറഞ്ഞതാ. ' പഠിത്തത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം മിടുക്കിയായിരുന്നെന്ന്‌ അധ്യാപികയായ ആൻസമ്മ സെബാസ്‌റ്റ്യൻ ഓർമിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top