28 March Thursday

‘ കേരളപ്പെരുമ’ ഉയർത്തിയ 
കോടിയേരി സ്റ്റൈൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022


തിരുവനന്തപുരം
ടൂറിസംമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഭരണമികവിൽ ഉയർന്നത്‌ ‘കേരളപ്പെരുമ’. ഭരണ തന്ത്രജ്ഞതയും പുത്തനാശയങ്ങളും പ്രായോഗികതയും ഒത്തിണങ്ങിയ കോടിയേരി ‘സ്‌റ്റൈൽ’ ടൂറിസംമേഖലയ്‌ക്ക്‌ പുതിയ മുഖം സമ്മാനിച്ചു.  നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ  ലഭിച്ചു.

‘‘അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത്‌ കേരളത്തിന്റെ സ്ഥാനം ഉറപ്പിച്ചത്‌ കോടിയേരിയാണ്‌’’–- അഡീഷണൽ ചീഫ്‌ സെക്രട്ടറി വി വേണു പറഞ്ഞു.  കോടിയേരി ടൂറിസംമന്ത്രി ആയിരുന്നപ്പോൾ വേണു ടൂറിസം സെക്രട്ടറിയായിരുന്നു. ‘‘രാജ്യത്താദ്യമായി ഉത്തരവാദിത്വ ടൂറിസം നടപ്പാക്കിയത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌. തദ്ദേശീയർക്കും സാധാരണക്കാർക്കും ടൂറിസത്തിന്റെ ഗുണം ലഭിക്കണമെന്ന ചിന്തയുടെ ഫലമായിരുന്നു അത്‌.   സുനാമി തകർത്തെറിഞ്ഞ തീരദേശത്ത്‌ ഏറ്റവും കൂടുതൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കിയതും അക്കാലത്ത്‌. രാഷ്ട്രീയവേർതിരിവില്ല, നേട്ടങ്ങൾ നിരവധി’’– -വേണു പറഞ്ഞു.

തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള അനന്തമായ ടൂറിസം സാധ്യതകളിൽ  കോടിയേരിയുടെ കണ്ണെത്തി. വിദേശത്തുള്ള മലയാളികളെ കേരളത്തിന്റെ ബ്രാൻഡ്‌ അംബാസഡർമാരാക്കിയത്‌ കൈയടിനേടിയ ഐഡിയകളിലൊന്ന്‌. ചരിത്രത്തിലാദ്യമായി കെടിഡിസി ലാഭത്തിലാക്കി. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുക്കി. തലസ്ഥാനത്ത്‌ പൈതൃക മ്യൂസിയം സജ്ജീകരിച്ചു. തലശേരി പൈതൃക സർക്യൂട്ട്‌,  കൊച്ചി മുസിരിസ്‌ ബിനാലെ, കായംകുളം അമ്പലപ്പുഴ ടൂറിസം സർക്യൂട്ട്‌, കാസർകോട്‌ റാണിപുരം, കണ്ണൂർ പൈതൽമല, മുഴപ്പിലങ്ങാട്‌ ബീച്ച്‌, സരോവരം ബയോപാർക്ക്‌, ബേക്കൽ പദ്ധതി, വടകര സാൻഡ്‌ബാങ്ക്‌സ്‌, പാതിരാമണൽ ബയോപാർക്ക്‌, ആക്കുളം കൺവൻഷൻ സെന്റർ, മംഗലം, പീച്ചി, വാഴാനി, നെയ്യാർ ഡാമുകളോട്‌ ചേർന്നുള്ള പാർക്കുകൾ തുടങ്ങിയവ മുതൽക്കൂട്ടായി.
കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം, നാഗരികത, ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാനും സവിശേഷ ശ്രദ്ധയുണ്ടായി. ആ നടപടി മുസിരിസ്‌ പൈതൃക സംരക്ഷണ പദ്ധതിയും സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top