12 July Saturday

ആദരവോടെയല്ലാതെ ഓർക്കാനാകില്ല: ഇന്നസെന്റ്‌

●സ്വന്തം ലേഖകൻUpdated: Monday Oct 3, 2022

കോടിയേരിക്കൊപ്പം ഇന്നസെൻറ്. സമീപം ക്യാപ്റ്റൻ രാജു(ഫയൽ ഫോട്ടോ)

കൊച്ചി> രോഗബാധിതനായിരിക്കെ കോടിയേരി ബാലകൃഷ്‌ണനെ കാണാൻ ഭാര്യ ആലീസുമൊന്നിച്ച്‌ തിരുവനന്തപുരത്തെ വസതിയിൽ പോയിരുന്നു. ക്ഷീണിതനായിരുന്നെങ്കിലും മറ്റുള്ളവരിൽ ഊർജം നിറയ്‌ക്കാനുള്ള കഴിവ്‌ ചോർന്നിരുന്നില്ല. എനിക്കും ഇതേ രോഗം വന്നതാണ്‌. അതിജീവിച്ചതുമാണ്‌. ആ ബലത്തിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാമെന്ന്‌ കരുതിയാണ്‌ സന്ദർശിച്ചത്‌. അദ്ദേഹത്തിന്റെ മകൻ ബിനീഷ്‌ എന്റെ അടുത്ത സുഹൃത്തുമാണ്‌. ഇതൊന്നും അത്ര വലിയ രോഗമല്ല, ധൈര്യമായിരിക്കണം എന്നെല്ലാം അദ്ദേഹത്തോട്‌ പറയുകയും ചെയ്തു. രോഗം എന്തെന്ന്‌ അറിയാതെയല്ല അത്‌ പറഞ്ഞത്‌. അദ്ദേഹത്തോടുള്ള ഇഷ്‌ടംകൊണ്ട്‌ മാത്രമാണ്‌. അതിജീവിക്കണം എന്ന ആഗ്രഹത്തോടെയാണ്‌.  

ഞാൻ ഇത്രയേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത മറ്റൊരു നേതാവില്ല. ഇരിങ്ങാലക്കുടയിൽ പാർടി ഓഫീസ്‌ ഉദ്‌ഘാടനത്തിനാണ്‌ ആദ്യമായി കണ്ടത്‌. കോടിയേരി അന്ന്‌ പാർടി സെക്രട്ടറിയാണ്‌. ഞാൻ രാഷ്‌ട്രീയത്തിൽ സജീവമായിട്ടില്ല. പക്ഷേ, എന്നെ കണ്ട്‌ അടുത്തേക്കുവന്നു. കെട്ടിപ്പിടിച്ച്‌ സുഖവിവരങ്ങൾ തിരക്കി. അദ്ദേഹത്തെപ്പോലൊരു നേതാവ്‌ നൽകിയ പരിഗണന എന്നെ അത്ഭുതപ്പെടുത്തി. പിന്നീട്‌ എംപിയായിരിക്കെ പങ്കെടുക്കാമെന്നേറ്റ പരിപാടിയിൽനിന്ന്‌ വിട്ടുനിൽക്കാൻ കോടിയേരി ആവശ്യപ്പെട്ടു. മറ്റു പലരും ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചിരുന്നില്ല. ഏറ്റെടുത്ത പരിപാടിയിൽനിന്ന്‌ ഒഴിയുന്ന ശീലമില്ലായിരുന്നു. തുടർന്നാണ്‌ കോടിയേരി വിളിച്ചത്‌. മനസ്സില്ലാമനസ്സോടെ അത്‌ സമ്മതിച്ചു.

പിന്നീട്‌ മറ്റൊരു വേദിയിൽ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു, താങ്കൾ ആ പരിപാടിക്ക്‌ പോയില്ലല്ലോ എന്ന്‌. ഇല്ല, ഒഴിവാക്കി എന്ന്‌ മറുപടി നൽകി. കോടിയേരിയോടുള്ള ആദരവും ഇഷ്‌ടവുംകൊണ്ടുമാത്രമാണ്‌ അന്നത്‌ അനുസരിച്ചത്‌. അദ്ദേഹത്തിന്‌ പാർടിയോടും പാർടി പ്രവർത്തകരോടുമുള്ള പ്രതിബദ്ധതയും അവർക്ക്‌ നൽകിയിരുന്ന പരിഗണനയുമെല്ലാം അതിശയിപ്പിച്ചിട്ടുണ്ട്‌. ആദരവോടെയല്ലാതെ അദ്ദേഹത്തെ ഓർക്കാനാകില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top