08 December Friday
കോടിയേരി ദിനം ഇന്ന്‌

കരളുറപ്പിന്റെ പേരേ... നിൻ വെളിച്ചമെന്നും

പ്രത്യേക ലേഖകൻUpdated: Saturday Sep 30, 2023

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഞായറാഴ്ച അനാച്ഛാദനം ചെയ്യുന്ന 
കണ്ണൂർ പയ്യാമ്പലത്തെ കോടിയേരി ബാലകൃഷ്ണൻ സ്മൃതി മണ്ഡപം


കണ്ണൂർ
വർഷമൊന്നു കടന്നുപോകുമ്പോഴും ജനമനസ്സുകളിൽ അണയാത്ത ഓർമയായി കോടിയേരി. കമ്യൂണിസ്‌റ്റ്‌ സാഹോദര്യത്തിന്റെ ഏറ്റവും വലിയ മാതൃകയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ. തീരാനോവിന്റെ സങ്കടക്കടലിലും ആ സൗഹൃദ പൂമരത്തണലിലാണ്‌ നാട്‌.

കരളുറപ്പുള്ള നേതാവ്‌ എന്നതിലുപരി വറ്റാത്ത സ്‌നേഹസാന്നിധ്യവുമായിരുന്നു ജനങ്ങൾക്ക്‌ അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ കടന്നാക്രമണങ്ങളെയും അപവാദപ്രചാരണങ്ങളെയും നേരിടുമ്പോഴും ആ പുഞ്ചിരി മാഞ്ഞില്ല. കമ്യൂണിസ്റ്റുകാരന്റെ  ദൃഢനിശ്ചയവും നേതൃപാടവവും കണിശതയും സൗമ്യമായ ഇടപെടലും കൊണ്ട്‌ അദ്ദേഹം ഏവർക്കും പ്രിയങ്കരനായി. കോടിയേരി നൽകിയ സ്‌നേഹം ജനം തിരിച്ചുനൽകുന്ന അനുഭവങ്ങൾക്കാണ്‌ ഇപ്പോൾ നാട്‌ സാക്ഷ്യം വഹിക്കുന്നത്‌. ഗ്രന്ഥശാലകളും പുസ്‌തകങ്ങളും മ്യൂസിയവും  ഡോക്യുമെന്ററികളുമായി ആ ഓർമകളെ അവർ അനശ്വരമാക്കുന്നു.

കോടിയേരിയുടെ ഓർമയുമായി ഇതിനകം പുറത്തിറങ്ങിയത്‌ അരഡസൻ പുസ്‌തകം. പുറത്തിറങ്ങാൻ ഇനിയുമേറെ. കോടിയേരി സ്‌മരണികയും പണിപ്പുരയിലാണ്‌. തലശേരി പ്രസ്‌ഫോറം തലശേരി ടൗൺ സർവീസ്‌ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക അവാർഡ്‌ ഏർപ്പെടുത്തി. ജിത്തു കോളയാട്‌ സംവിധാനം ചെയ്‌ത ‘കോടിയേരി ഒരു ദേശം, ഒരു കാലം’ ഡോക്യുമെന്ററി ചരമദിനത്തിൽ പുറത്തിറക്കും. തലശ്ശേരിയിലെ വീട്ടിലാണ്‌ ഓർമകൾ നിറയുന്ന മ്യൂസിയം. 

അനുസ്‌മരണ ദിനമായ ഞായറാഴ്‌ച  പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്യും. തുടർന്ന്‌ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ പങ്കെടുക്കും. രാവിലെ 8.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽനിന്ന് പ്രകടനമായാണ്‌ നേതാക്കളും പ്രവർത്തകരും പയ്യാമ്പലത്തെത്തുക. 

വൈകിട്ട്‌ അഞ്ചിന്‌ തലശേരിയിലും തളിപ്പറമ്പിലും അനുസ്‌മരണ സമ്മേളനം ചേരും. തലശേരി പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിൽ എം വി ഗോവിന്ദൻ  ഉദ്ഘാടനംചെയ്യും.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർടി ഘടകങ്ങളുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ നടക്കും. ചീഫ്‌ എഡിറ്ററായിരുന്ന കോടിയേരിയുടെ ഛായാചിത്രം ദേശാഭിമാനി ആസ്ഥാനത്ത്‌ ജനറൽ മാനേജർ കെ ജെ തോമസ്‌  അനാഛാദനം ചെയ്യും.

"ഓർമകളിൽ കോടിയേരി' 
പ്രകാശിപ്പിച്ചു
തലശേരി പ്രസ്‌ഫോറവും പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറിയും ചേർന്ന്‌ പ്രസിദ്ധീകരിച്ച ‘ഓർമകളിൽ കോടിയേരി’ പുസ്‌തകം ഡോ. വി ശിവദാസൻ എംപി പ്രകാശിപ്പിച്ചു.  സജീവ്‌ മാറോളി ആദ്യ പ്രതി ഏറ്റുവാങ്ങി. നവാസ്‌ മേത്തർ അധ്യക്ഷനായി. പി കെ കൃഷ്‌ണദാസ്‌  അനുസ്‌മരണ പ്രഭാഷണം നടത്തി. കാത്താണ്ടി റസാഖ്‌, എം പി അരവിന്ദാക്ഷൻ, സി പി ഷൈജൻ, അഡ്വ.  കെ എ ലത്തീഫ്‌, മുകുന്ദൻ മഠത്തിൽ, അനീഷ്‌ പാതിരിയാട്‌, നവീൻ മാധവ്‌, കെ പി ഷീജിത്ത്‌, പി ദിനേശൻ എന്നിവർ സംസാരിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, കെ പി മോഹനൻ എംഎൽഎ, ഇ വത്സരാജ്‌, എം വി ശ്രേയാംസ്‌കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി കുഞ്ഞിരാമൻ, പി പി ശശീന്ദ്രൻ, കെ ബാലകൃഷ്‌ണൻ, ദേശാഭിമാനി ചീഫ്‌ ന്യൂസ്‌ എഡിറ്റർ മനോഹരൻ മോറായി, സീനിയർ ന്യൂസ്‌ എഡിറ്റർ കെ ടി ശശി, ബിനീഷ്‌ കോടിയേരി എന്നിവരടക്കം 32 പേർ വ്യത്യസ്‌ത വീക്ഷണകോണിലൂടെ കോടിയേരിയെ അടയാളപ്പെടുത്തുന്നു. ‘മാധ്യമങ്ങളും മൂല്യബോധവും’ എന്ന കോടിയേരിയുടെ ലേഖനവും പുസ്‌തകത്തിലുണ്ട്‌.

കോടിയേരി ഫോട്ടോപ്രദർശനം തുടങ്ങി
സെൽവൻ മേലൂരിന്റെ  കോടിയേരി ഫോട്ടോഗ്രാഫി പ്രദർശനം സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറി ലളിതകലാ അക്കാദമി ഹാളിൽ ഡോ. വി ശിവദാസൻ എംപി  ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ എം ജമുനാ റാണി അധ്യക്ഷയായി. സി എൻ ചന്ദ്രൻ, പി കെ കൃഷ്ണദാസ്, വി എ നാരായണൻ, കാരായി ചന്ദ്രശേഖരൻ, അഡ്വ. കെ വിശ്വൻ, അഡ്വ. കെ എ ലത്തീഫ്, പ്രദീപ് ചൊക്ലി എന്നിവർ സംസാരിച്ചു. ദീപക് ധർമടം ചിത്രപരിചയം നടത്തി. ബ്രോഷറും എംപി പ്രകാശിപ്പിച്ചു. കെ സുരേന്ദ്രൻ സ്വാഗതവും സി പി  ദിലീപ് കുമാർ നന്ദിയും പറഞ്ഞു. പ്രദർശനം  നാലിന് സമാപിക്കും.  കോടിയേരിയുടെ പൊതുജീവിതത്തിൽനിന്നുള്ള മുഹൂർത്തങ്ങളടങ്ങിതാണ്‌ ഫോട്ടോകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top