24 April Wednesday
സഖാക്കളും പാർടി ഓഫീസുകളും ആക്രമിക്കപ്പെടുമ്പോഴെല്ലാം കോടിയേരി ഓടിയെത്തി

"മനുഷ്യരുടെ ഉള്ളറിഞ്ഞാണ് കോടിയേരി വളർന്നത്. 
അവരുടെ വേദന കണ്ടും കേട്ടും സഖാവായി..."

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി കോളേജിനുള്ളിൽ വിദ്യാർഥികളെ ക്രൂരമായി വേട്ടയാടിയ പൊലീസ്‌ പടയെ ഗേറ്റിനു പുറത്താക്കിയശേഷം, പ്രിൻസിപ്പലിനോട്‌ ഉച്ചത്തിൽ കയർക്കുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പഴയ ദൃശ്യങ്ങൾ പറയും സമരസഖാക്കളോടുള്ള കരുതൽ. പ്രക്ഷോഭങ്ങളിൽ വിദ്യാർഥികളെയും യുവജനങ്ങളെയും പൊലീസ്‌ ആക്രമിക്കുമ്പോഴും പാർടി ഓഫീസുകൾക്കും പ്രവർത്തകർക്കുംനേരെ രാഷ്ട്രീയ എതിരാളികൾ അക്രമം അഴിച്ചുവിടുമ്പോഴും ആദ്യം ഓടിയെത്തുന്ന നേതാക്കളിലൊരാൾ കോടിയേരിയായിരുന്നു. അതിക്രമം കാട്ടിയ പൊലീസുകാരും എതിരാളികളും പലപ്പോഴും ആ നാവിന്റെ ചൂടറിഞ്ഞു. അടിയന്തരാവസ്ഥയിൽ വിദ്യാർഥി പ്രസ്ഥാനത്തെ ചങ്കുറപ്പോടെ നയിച്ച പോരാട്ടവീര്യമായിരുന്നു കോടിയേരിയെ എന്നും നയിച്ചത്‌.

പാർടി പ്രവർത്തകർ എതിരാളികളുടെ കൊലക്കത്തിക്ക്‌ ഇരയായ വേളകളിൽ ഓടിയെത്തിയ അദ്ദേഹം ഉറ്റവരെ ചേർത്തുനിർത്തി സാന്ത്വനമേകി. കണ്ണുനിറഞ്ഞ്‌ കണ്‌ഠമിടറി നിൽക്കുന്ന പ്രിയ നേതാവിനെയാണ്‌ അവിടങ്ങളിൽ കണ്ടത്‌. ഓരോ നാട്ടിലെത്തുമ്പോഴും രക്തസാക്ഷികളുടെ വീടുകളിലെത്താൻ പ്രത്യേകം ശ്രദ്ധിച്ചു.

വെഞ്ഞാറമൂട്ടിൽ തിരുവോണനാളിൽ കോൺഗ്രസ്‌ കൊലക്കത്തിക്ക്‌ ഇരയായ ഹഖ്‌ മുഹമ്മദിന്റെ കൈക്കുഞ്ഞിനെ എടുത്ത്‌ കണ്ണീരണിഞ്ഞുനിൽക്കുന്ന കോടിയേരിയുടെ ചിത്രം ജനമനസ്സിൽ മായില്ല. തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഐ എം ലോക്കൽ  സെക്രട്ടറി സന്ദീപിന്റെ കുഞ്ഞിനെ വാരിപ്പുണർന്നത്‌ കണ്ടുനിന്നവരെയും കണ്ണീരണിയിച്ചിരുന്നു.    സാധാരണക്കാരന്റെ വിഷമതകൾ കേൾക്കാൻ എപ്പോഴും ചെവികൊടുത്ത അദ്ദേഹം പ്രശ്‌നപരിഹാരത്തിനും മുന്നിട്ടിറങ്ങി. വലുപ്പച്ചെറുപ്പമില്ലാതെ പാർടി പ്രവർത്തകരോടും സാധാരണക്കാരോടുമുള്ള കരുതലായിരുന്നു കോടിയേരിയുടെ മുഖമുദ്ര. പാവങ്ങൾക്ക്‌ കിടപ്പാടമൊരുക്കാൻ പാർടി സജീവമായി രംഗത്തിറങ്ങിയത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ആയിരങ്ങൾക്കാണ്‌ പാർടി ഘടകങ്ങളും ബഹുജന സംഘടനകളും ഇക്കാലയളവിൽ വീടു നിർമിച്ച്‌ കൈമാറിയത്‌. ഈ ചടങ്ങുകളിൽ കഴിവതും എത്താനും അദ്ദേഹം സമയം കണ്ടെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top