25 April Thursday

ഒപ്പം നിന്ന്‌ ജനഹൃദയം കീഴടക്കിയ കമ്യൂണിസ്‌റ്റ്‌ പോരാളി

ജയകൃഷ്‌ണൻ നരിക്കുട്ടിUpdated: Sunday Oct 2, 2022


കോഴിക്കോട്
ജനങ്ങൾക്കൊപ്പംനിന്നും പ്രവർത്തകർക്ക്‌ ആവേശമായും തെറ്റുപറ്റുന്നവരെ തിരുത്തിയും വ്യക്തിപരമായ വൈഷമ്യങ്ങൾ പാർടി പ്രവർത്തനത്തിനിടെ പാടേ മറന്നുമാണ്‌ കോടിയേരിയെന്ന കമ്യൂണിസ്‌റ്റ്‌ പോരാളി ജനഹൃദയങ്ങൾ കീഴടക്കിയത്‌. വടകരയിലും നാദാപുരത്തും നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ തന്റെ രോഗാവസ്ഥ ജനങ്ങളുമായി പങ്കുവച്ചപ്പോഴും വാക്കുകളിൽ തളർച്ചയായിരുന്നില്ല.  വ്യക്തിപരമായ പ്രയാസങ്ങൾ മാറ്റിവച്ച്‌  രാഷ്‌ട്രീയപോരാട്ടത്തിന്‌ രംഗത്തിറങ്ങണമെന്നായിരുന്നു അഭ്യർഥന. മുഖ്യമന്ത്രിയെ വിമാനയാത്രയ്ക്കിടെ യൂത്ത്‌ കോൺഗ്രസുകാർ വധിക്കാൻ ശ്രമിച്ചതറിഞ്ഞ്‌  ‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചാൽ പാർടി തീപ്പന്തമാകു’മെന്ന്‌ അദ്ദേഹം രോഷംകൊണ്ടു.

ലോക്-സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ തിരുവനന്തപുരത്തുനിന്ന്‌ തൃശൂർവരെ കോടിയേരി നയിച്ച കേരള സംരക്ഷണയാത്ര കൊല്ലത്ത്‌ എത്തിയപ്പോഴായിരുന്നു കാസർകോട്‌ പെരിയയിൽ രണ്ട്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടത്‌.  അപ്പോൾത്തന്നെ യാത്ര നിർത്തി. രണ്ടാംദിവസം പുനരാരംഭിച്ചപ്പോൾ ഒരോ വേദിയിലും അദ്ദേഹം പെരിയയിലെ അനിഷ്ടസംഭവത്തെ തള്ളിപ്പറഞ്ഞു. ‘പ്രവർത്തകരെ കൊലപ്പെടുത്തി ഏതെങ്കിലും പാർടിയെ തകർക്കാമെങ്കിൽ ആദ്യം തകരേണ്ടിയിരുന്നത്‌ നമ്മുടെ പാർടിയാണ്‌. സംഘപരിവാരങ്ങളും കോൺഗ്രസുകാരും അത്രമാത്രം സഖാക്കളുടെ ജീവനെടുത്തിട്ടുണ്ട്‌.  ഇത്തരം അക്രമം നടത്തുന്നവർക്ക്‌ പാർടിയുടെ  ഒരു പിന്തുണയുമുണ്ടാകില്ല’–- കോടിയേരി പറഞ്ഞു. സംഭവത്തിന്റെ മറവിൽ കോൺഗ്രസ്‌ പ്രവർത്തകർ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടുമ്പോഴായിരുന്നു ഈ ഓർമപ്പെടുത്തൽ.  തുടർന്നുള്ള വാർത്താസമ്മേളനത്തിലും അദ്ദേഹം അതാവർത്തിച്ചു. നേതാവിന്റെ വാക്കുകളിൽ പിടിച്ച്‌ പാർടിയെ കടിച്ചുകീറാൻ നിന്ന മാധ്യമപ്രവർത്തകർക്കുപോലും ആദരവുതോന്നിയ നിമിഷം.

മൈക്കിനുമുന്നിൽ ഭാവചേഷ്‌ടകളോ കേൾവിക്കാരെ ആവേശത്തിന്റെ കൊടുമുടികയറ്റലോ ഇല്ലാതെ, പറയേണ്ടകാര്യം  കൃത്യതയോടെയും സത്യസന്ധമായും അവതരിപ്പിച്ച അധ്യാപകനായിരുന്നു കോടിയേരി. അതിനാവശ്യമായ വിവരങ്ങൾ മുഴുവൻ ശേഖരിക്കും. തന്റേതുമാത്രമായ ചില നർമങ്ങളുടെ മേമ്പൊടിയും ചേർക്കും. എതിരാളികളെ രൂക്ഷമായി വിമർശിക്കുമ്പോഴും വികാരത്തിന്‌ കീഴ്‌പ്പെടില്ല. വ്യക്തിപരമായ പരാമർശങ്ങളമുണ്ടാകില്ല. പതിരുകളില്ലാത്ത ഈ ശൈലിയിലൂടെയാണ്‌ കോടിയേരി ജനപഥങ്ങൾ ഇളക്കിമറിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top