29 March Friday

കേരളത്തിന് ഇനി സ്വന്തം നെറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2022


തിരുവനന്തപുരം
സ്വകാര്യ ഇന്റർനെറ്റ്‌ സേവന ദാതാക്കൾക്ക്‌ ബദലായി ഇനി കേരളത്തിന്റെ സ്വന്തം കെ  ഫോൺ. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിനെ (കെ -ഫോൺ) ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ ചെലവ്‌ കുറഞ്ഞ അതിവേഗ ഇന്റർനെറ്റ്‌ സേവനം നൽകാൻ കെ ഫോണിനാകും.

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്‌പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് വ്യാഴാഴ്‌ച ഉത്തരവിറക്കി. ഇതോടെ ഐഎസ്‌പി ലൈസൻസുള്ള ഏക സംസ്ഥാനമായി കേരളം. ഡയറക്ടർ ഓഫ്‌ ടെക്‌നോളജി സി എൻ  സായ്‌ ശ്രവണനും കെ ഫോൺ എംഡി സന്തോഷ്‌ ബാബുവും കൊച്ചിയിൽ ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു.

അടിസ്ഥാന സൗകര്യ സേവനം നൽകുന്നതിനുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. 30,000 സർക്കാർ ഓഫീസിൽ കെ -ഫോൺ വഴി ഇന്റർനെറ്റ്‌ സേവനം നൽകാനുള്ള നടപടി പൂർത്തീകരിച്ചു.

ഇവിടങ്ങളിൽ ഇനിമുതൽ സർക്കാർ സേവനങ്ങൾ നൽകുന്നത് പേപ്പർരഹിതമാകും. 140 മണ്ഡലത്തിലും ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള 100 പേർക്ക്‌ വീതം സൗജന്യ കണക്‌ഷൻ നൽകും. മിതമായ  നിരക്കിൽ മറ്റുള്ളവർക്കും കണക്‌ഷൻ നൽകും. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച എൽഡിഎഫ്സർക്കാർ കേരളത്തിന് നൽകുന്ന വലിയ ഉറപ്പ് കൂടിയായിരുന്നു കെ ഫോൺ പദ്ധതിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെലികോം മേഖലയിലെ കോർപറേറ്റ്‌ ആധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽകൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top