25 April Thursday

പ്രൗഢം, ഗംഭീരം 
കേരളപ്പിറവിയാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2022


തൃശൂർ
മുന്നോട്ടുള്ള വഴികളിലേക്ക്‌ ഊർജമായി   ചരിത്രവാതിൽ വീണ്ടും തുറന്നു.   ഐക്യകേരള പ്രസ്ഥാനവും  ആറരപ്പതിറ്റാണ്ടിന്റെ കുതിപ്പും  വീണ്ടും ചിന്താധാരകളിലേക്ക്‌ പടർന്നു. ഒപ്പം  കേരളപ്പിറവിയുടെ ആഘോഷപ്പകിട്ട്‌.  പൊരുതുന്ന ജനതയുടെ ജിഹ്വയായ  ദേശാഭിമാനി 80–-ാം വാർഷികം  സാംസ്‌കാരിക നഗരിയിൽ പ്രൗഢഗംഭീരമായി.

‘ഐക്യകേരള പ്രസ്ഥാനവും കേരളം പിന്നിട്ട ആറരപ്പതിറ്റാണ്ടും’എന്ന വിഷയത്തിൽ നടത്തിയ ഗൗരവമേറിയ സെമിനാറിന്‌ നന്ദനം കൺവൻഷൻ സെന്ററിൽ ഒഴുകിയെത്തിയത്‌ ആയിരങ്ങൾ.  ‘ഇനി നമുക്ക്‌ ഇടിമിന്നലായി പിളർത്താം ഇരുട്ടിന്റെ കോട്ടകൊത്തളങ്ങൾ’ എന്ന ഏങ്ങണ്ടിയൂർ കാർത്തികേയന്റെ മാർക്സിന്റെ ചിത്രം വരച്ചുകൊണ്ടുള്ള ഗാനാലാപനത്തോടെയാണ്‌ ചടങ്ങ്‌ തുടങ്ങിയത്‌.  തുടർന്ന്‌   ദേശാഭിമാനിയുടെ മുദ്രാഗാനത്തിന്റെ പശ്ചാത്തലത്തിൽ കേരള കലാമണ്ഡലത്തിലെ 14 വിദ്യാർഥികൾ ചേർന്ന്‌   ആവിഷ്‌കരിച്ച നൃത്തശിൽപ്പം. 

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു.   ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി.   ദേവസ്വം മന്ത്രി  കെ രാധാകൃഷ്‌ണൻ മുഖ്യാതിഥിയായി.  സംഘാടക സമിതി ചെയർമാൻ  എം എം വർഗീസ്‌ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ എൻ സനിൽ നന്ദിയും പറഞ്ഞു. 

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി ജോൺ, എ സി മൊയ്‌തീൻ എംഎൽഎ, എൻ ആർ ബാലൻ, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ, ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌ തുടങ്ങിയവർ പങ്കെടുത്തു.  ‘ഐക്യകേരള പ്രസ്ഥാനവും കമ്യൂണിസ്‌റ്റ്‌ പാർടിയും’ വിഷയത്തിൽ ഡോ. കെ എൻ ഗണേഷ്‌, ‘ലിംഗനീതിയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം’    വിഷയത്തിൽ അഡ്വ. ടി ഗീനാകുമാരി, ‘വലതുപക്ഷവൽക്കരണ ശ്രമം കേരളത്തിൽ’    വിഷയത്തിൽ പ്രൊഫ. എം എം നാരായണൻ, ‘കേരളബദലിന്റെ ചരിത്രവും ഭാവിയും’    വിഷയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്‌ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  തൃശൂർ ജനനയന അവതരിപ്പിച്ച ‘ഫോക്‌ ഈവ്‌ ’   സംഗീതപരിപാടിയുമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top