20 April Saturday

അന്തരീക്ഷച്ചുഴി ; ചങ്ങലയും മഴയും

ഡോ. ശംഭു കുടുക്കശേരിUpdated: Sunday Sep 11, 2022


തെക്ക്‌ പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുംമുമ്പ്‌ കേരളമടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ്‌ ലഭിക്കുന്നത്‌. മലയോരമേഖലകളിൽ ഉരുൾപൊട്ടലിനും നാശനഷ്ടങ്ങൾക്കും ഇത്‌ കാരണമായി. ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും. ഐടി നഗരമായ ബംഗളൂരുവിൽ വെള്ളപ്പൊക്കം ജനജീവിതം സ്‌തംഭിപ്പിച്ചു. ദക്ഷിണേന്ത്യക്കു മുകളിലായി നിലകൊണ്ട ശക്തമായ ചുഴിപ്രവാഹമാണ്‌ കനത്ത മഴയ്‌ക്ക്‌ കാരണമായത്‌. ദക്ഷിണാർഥ ഗോളത്തിൽനിന്നും ബംഗാൾ ഉൾക്കടലിൽനിന്നും മധ്യ ഇന്ത്യയിൽനിന്നുമുള്ള ശക്തമായ വായുപ്രവാഹങ്ങൾ ഇതിന്‌ കരുത്തു പകർന്നു. ആഗസ്‌ത്‌ 23ന് ശ്രീലങ്കയുടെ കിഴക്കൻതീരത്ത്‌ രൂപപ്പെട്ട ചക്രവാത അന്തരീക്ഷച്ചുഴി 26ന്‌ ശക്തിപ്രാപിക്കുകയും  സെപ്തംബർ രണ്ടിന്‌ അറബിക്കടലിൽ എത്തുകയും ചെയ്‌തു. ഇത്‌ പടിഞ്ഞാറൻ തരംഗ ‘അന്തരീക്ഷച്ചുഴി ചങ്ങല’യായി നിലകൊള്ളുകയായിരുന്നു. ഇതുമൂലമാണ്‌ 23 മുതൽ കേരളത്തിൽ മഴ കടുത്തത്‌.


 

അതിനിടെ പാകിസ്ഥാനിൽ ഉണ്ടായ പ്രളയവും ശ്രദ്ധിക്കണം.  ആയിരത്തിലധികം പേരാണ്‌ മരിച്ചത്‌.   മാസ ശരാശരിയേക്കാൾ 243 ശതമാനം അധിക മഴയാണ്‌ കഴിഞ്ഞ മാസം അവിടെ ലഭിച്ചത്‌. മൺസൂൺകാലത്ത് (ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ) അവിടെ  ലഭിക്കേണ്ട ആകെ മഴയുടെ 37 ശതമാനത്തിലുമധികം. പാകിസ്ഥാന്റെ തെക്കുള്ള സിന്ധ്‌ ബലൂചിസ്ഥാൻ പ്രവിശ്യകളിൽ മഴയളവ് ശരാശരിയിൽനിന്ന്‌ യഥാക്രമം 726 ശതമാനവും 590 ശതമാനവും അധികം രേഖപ്പെടുത്തി.   
മൺസൂൺ ന്യൂനമർദപ്പാത്തിയിൽ ഉടലെടുക്കുന്ന അന്തരീക്ഷച്ചുഴികളുടെ ബംഗാൾ ഉൾക്കടൽമുതൽ മധ്യേന്ത്യ വഴി രാജസ്ഥാൻ മേഖലകളിലൂടെ പാകിസ്ഥാൻവരെ സഞ്ചരിച്ചെത്തുന്ന ചുഴിപ്രയാണ പരമ്പരകളാണ് പ്രളയ കാരണമായത്‌. ഇന്ത്യൻ ഭൂവിഭാഗം പൂർണമായി ഇടവപ്പാതിക്കാലത്ത്‌ എത്തിക്കഴിയുമ്പോൾ കൃത്യതയോടെ ഉടലെടുക്കുന്ന മൺസൂൺ ന്യൂനമർദപ്പാത്തിയെന്ന പ്രതിഭാസം നമ്മുടെ മഴയളവിനെ സാരമായി ബാധിക്കുന്നു. പാകിസ്ഥാൻ ഭാഗങ്ങളിൽ നിലകൊള്ളുന്ന താപജന്യ ന്യൂനമർദ പ്രദേശംമുതൽ ബംഗാൾ ഉൾക്കടലിലെ  ന്യൂനമർദ പ്രദേശംവരെ നീണ്ട പ്രതിഭാസമാണ്‌ മൺസൂൺ ന്യൂനമർദപ്പാത്തി. ഇതിനു മുകളിൽ ഏതാണ്ട് മൂന്നു കിലോമീറ്റർവരെയുള്ള ഉയരത്തിൽ ഒന്നിലേറെ ചക്രവാത (ഘടികാരദിശയ്ക്കു വിപരീത ദിശയിൽ ചുറ്റിക്കറങ്ങുന്ന കാറ്റിന്റെ വ്യൂഹം) അന്തരീക്ഷച്ചുഴികളുടെ ചങ്ങലയും രൂപംകൊള്ളുന്നു.

ആഗസ്‌ത്‌ 18ന് രൂപംകൊണ്ട ഒറ്റപ്പെട്ട ചക്രവാത അന്തരീക്ഷച്ചുഴി അതിതീവ്ര റെക്കാഡ് മഴയ്ക്കും വൻ പ്രളയത്തിന് കാരണമായി. ഇപ്പോൾ നിലനിൽക്കുന്ന ട്രിപ്പിൾ ഡിപ്‌ ലാനിന പ്രതിഭാസമാണ് പാകിസ്ഥാനിൽ ഇത്തരത്തിലുള്ള കാലാവസ്ഥാ മാറ്റത്തിന്‌ കാരണമെന്ന് ഒരു വിഭാഗം അന്തരീക്ഷ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top